26 January 2025, Sunday
KSFE Galaxy Chits Banner 2

ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് വിടുക

Janayugom Webdesk
December 3, 2021 5:05 am

സംസ്ഥാനത്തെ പള്ളികളെ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളായി ഉപയോഗിക്കുവാനുള്ള മുസ്ലിം ലീഗ് തീരുമാനം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്‍വലിച്ചിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്ന ആരോപണവുമായാണ് വെള്ളിയാഴ്ച പള്ളികളില്‍ ഇതിനെതിരെ പ്രചരണം നടത്തുമെന്നും പ്രഭാഷണം സംഘടിപ്പിക്കുമെന്നും പറഞ്ഞ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്തുവന്നത്. വിവിധ സാമുദായിക സംഘടനകളുടെ യോഗവും ഇതോടനുബന്ധിച്ച് ചേരുകയുണ്ടായി. ലീഗ് നേതൃയോഗവും നടന്നു. സമസ്ത എന്ന പ്രസ്ഥാനത്തിലെ ലീഗ് അനുകൂലികളായ നേതാക്കളുടെയും ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെയും കൂട്ടുചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കുവാനായിരുന്നു നീക്കം നടത്തിയത്. എസ്ഡിപിഐ പോലുള്ള വര്‍ഗീയ സംഘടനകള്‍ തീര്‍ച്ചയായും ഇതിനൊപ്പം നില്ക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ സമുദായത്തെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചരണം നടത്തി രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നത് പകല്‍പോലെ വ്യക്തമാണ്. ഈ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നു. ചില സംഘടനകള്‍ പ്രതിഷേധം ഒഴിവാക്കണമെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുമെന്ന ഘട്ടത്തിലാണ് പ്രസ്തുത സമരപരിപാടി ഉപേക്ഷിക്കുവാന്‍ തയാറായത്. സമരപ്രഖ്യാപനം നടത്തിയ ഘട്ടത്തില്‍തന്നെ വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി. അതിനര്‍ത്ഥം തങ്ങളുടെ മുന്നില്‍ നിയമപോരാട്ടത്തിന്റെ വഴി ഉണ്ടെന്ന് ലീഗിന് ധാരണയുണ്ടെന്നാണ്. എന്നിട്ടും പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്തുമെന്ന പ്രഖ്യാപനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു നീക്കം കേരളത്തിന്റെ സാഹചര്യത്തില്‍ സംഘര്‍ഷസാധ്യത സൃഷ്ടിക്കുമെന്ന് ലീഗിന് അറിയാതെയായിരുന്നില്ല. ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ പള്ളികളില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നത് ഏതെങ്കിലും രാഷ്ട്രീയ നിലപാടുള്ളവര്‍ മാത്രമല്ല.


ഇതുകൂടി വായിക്കാം; ബംഗ്ലാദേശിലെ സംഭവവികാസങ്ങളും വര്‍ഗീയ രാഷ്ട്രീയ വിപത്തും


എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉള്‍പ്പെട്ട വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്താറുണ്ട്. തീര്‍ച്ചയായും സംസ്ഥാന സര്‍ക്കാരിനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രചരണമോ പ്രസംഗമോ നടന്നാല്‍ പോലും അത് വിശ്വാസികള്‍ തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയുണ്ടാക്കും. അതൊരുപക്ഷേ അനിഷ്ട സംഭവങ്ങളിലേക്ക് നീങ്ങിയെന്നും വരാം. അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുവാനുള്ള ഗൂഢോദ്ദേശ്യമാണ് പൊളിഞ്ഞുപോയത്. ഇപ്പോഴത്തെ പ്രശ്‌നം വഖഫ് ബോര്‍ഡിനെ സുതാര്യവും സ്വതന്ത്രവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണ്. ഇത് ഇത്രയധികം ലീഗിനെ പ്രകോപിപ്പിക്കുന്നത് മറ്റ് താല്പര്യങ്ങള്‍കൊണ്ടാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. കാരണം വഖഫ് ബോര്‍ഡ് അധികാരങ്ങള്‍ കയ്യില്‍വച്ച് നടത്തിയ പല ക്രമക്കേടുകളുടെയും വിരല്‍ ചൂണ്ടപ്പെടുന്നത് ലീഗിനുനേര്‍ക്കാണ്. ഭൂമിയുടെയും മറ്റ് സ്വത്തുക്കളുടെയും കൈകാര്യം ചെയ്യല്‍ (ചിലപ്പോഴൊക്കെ കയ്യേറ്റവും), ആജ്ഞാനുവര്‍ത്തികള്‍ക്കുള്ള ജോലി ഉറപ്പാക്കല്‍ എന്നിവയെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനംമൂലം തടയപ്പെടുമോയെന്ന ആശങ്കയാണ് മറിച്ച് മതതാല്പര്യമല്ല ഇത്തരമൊരു നീക്കത്തിന് ലീഗിനെ പ്രേരിപ്പിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. സമുദായത്തിലെ പല സംഘടനകളും അനുകൂലിക്കുമ്പോഴും ചില സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുവാന്‍ പ്രേരിപ്പിക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലുമാണെന്ന് കരുതാനാവില്ല. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ലീഗിന്റെ നിലപാടുകള്‍ സംഘപരിവാര്‍ പലപ്പോഴും ഉയര്‍ത്തുകയും നടത്തുകയും ചെയ്യുന്ന വിഷയങ്ങളെയും പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുകയും എണ്ണയൊഴിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്, വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമങ്ങളും അതുവഴിയുള്ള നേട്ടങ്ങളുമാണ് ബിജെപി പലപ്പോഴും വഴിയായി സ്വീകരിക്കാറുള്ളത്. കേരളത്തില്‍ അത് ഉദ്ദേശിച്ചത്രയും ഫലപ്രദമാകാത്തത് ഇവിടെയുള്ള ജനങ്ങളുടെ പ്രബുദ്ധത കൊണ്ടുമാത്രമാണ്. ഉത്തരേന്ത്യയിലേതുപോലെ ആരാധനാലയങ്ങളുടെ മറവില്‍ വിഭാഗീയതയും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനുള്ള നീക്കം വിജയിക്കാതെ പോകുന്നത് അതിനാല്‍ കൂടിയാണ്. ഏതുമതത്തിന്റെ പേരിലായാലും അത് നിരാകരിച്ച നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്. ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിങ്ങനെ ചില ക്രൈസ്തവ പുരോഹിതര്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ഉയര്‍ത്താന്‍ ശ്രമിച്ച വിവാദങ്ങള്‍ അതേ സമുദായങ്ങളില്‍ നിന്നുതന്നെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയതും നാം കണ്ടതാണ്. ഈ പശ്ചാത്തലം മനസിലാക്കി ആരാധനാലയങ്ങളെ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം കൈക്കൊള്ളുവാന്‍ തയാറാകുന്നില്ലെങ്കില്‍ സമുദായം പൂര്‍ണമായും കയ്യൊഴിയുന്ന സാഹചര്യത്തിലേക്കാണ് ലീഗും കൂടെ നില്ക്കുന്നവരും എത്തിപ്പെടുക. കേരളം ഇത്തരം കുത്സിത ശ്രമങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന് മനസിലാക്കുന്നത് നല്ലത്. അതുകൊണ്ടാണ് തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്നതെന്ന് ഭാവി പരിപാടികള്‍ നിശ്ചയിക്കുമ്പോള്‍ ഓര്‍മയുണ്ടായിരിക്കണം.

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.