27 April 2024, Saturday

തീര്‍പ്പുകല്പിക്കാതെ രണ്ടര ലക്ഷത്തിലേറെ വിവരാവകാശ അപേക്ഷകൾ

Janayugom Webdesk
ന്യൂഡല്‍ഹി
October 22, 2021 9:17 pm

വിവരാവകാശ അപേക്ഷകളിലും പരാതികളിലും തീര്‍പ്പുകല്പിക്കാതെ വിവരാവകാശ കമ്മിഷനുകള്‍. രാജ്യത്തെ 26 വിവരാവകാശ കമ്മിഷനുകളിലായി 2,55,602 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. വിവരാവകാശ നിയമത്തിന്റെ പതിനാറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന അവസരത്തില്‍ ജനകീയ കൂട്ടായ്മയായ സര്‍കാര്‍ക് നാഗ്രിക് സംഘതന്‍ വിവരാവകാശ കമ്മിഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്തി നടത്തിയ റിപ്പോര്‍ട്ട് കാര്‍ഡിലാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. 

രാജ്യത്തെ 29 വിവരാവകാശ കമ്മിഷനുകളും അവ രജിസ്റ്റർ ചെയ്ത് തീർപ്പാക്കിയ അപേക്ഷകളും പരാതികളും തീർപ്പുകല്പിക്കാത്ത കേസുകളുടെ എണ്ണം, ഓരോ കമ്മിഷനിലും സമർപ്പിച്ചിരിക്കുന്ന അപേക്ഷ/പരാതിയുടെ തീർപ്പാക്കലിനായുള്ള സമയം, പ്രവർത്തനത്തിലെ സുതാര്യത എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 2019 മാർച്ച് 31 വരെയുള്ള 2,18,347പരാതികളില്‍ തീർപ്പുകല്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മുഖ്യ വിവരാവകാശ കമ്മിഷണർ (സിഐസി) ഉൾപ്പെടെയുള്ള കമ്മിഷണർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ നിരവധി കമ്മിഷനുകള്‍ പൂര്‍ണമായോ ഭാഗികമായോ പ്രവര്‍ത്തന രഹിതമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഝാര്‍ഖണ്ഡ്, ത്രിപുര, മേഘാലയ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കമ്മിഷണര്‍ തസ്കിക ഒഴിഞ്ഞു കിടക്കുകയാണ്. 2019 മുതല്‍ ഝാര്‍ഖണ്ഡ് വിവരാവകാശ കമ്മിഷണറുടെ തസ്തികയില്‍ നിയമനം നടന്നിട്ടില്ല. നാഗാലാന്‍ഡ്, മണിപ്പൂര്‍ മേഘാലയ എന്നീ സംസ്ഥാനങ്ങളിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറില്ലാതെയാണ് പ്രവര്‍ത്തനം നടക്കുന്നത്. 

അപേക്ഷകളില്‍ തീര്‍പ്പു കല്പിക്കാന്‍ ഒഡിഷ കമ്മിഷന് ആറ് വർഷവും എട്ടുമാസവും സമയം വേണം. 2021 ജൂലൈ ഒന്നിന് ഫയൽ ചെയ്ത ഒരു കേസ് നിലവിലെ സാഹചര്യത്തില്‍ 2028 ലാണ് തീർപ്പാക്കപ്പെടുന്നത്. ഗോവയ്ക്ക് ‍അഞ്ച് വർഷവും 11 മാസവും കേരളത്തിന് നാല് വര്‍ഷവും പത്തുമാസവും പശ്ചിമ ബംഗാളിന് നാല് വർഷവും ഏഴ് മാസവുമാണ് തീര്‍പ്പു കല്പിക്കാനുള്ള സമയകാലാവധി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് (41,978).ഉത്തര്‍പ്രദേശും (19,781),കേന്ദ്ര വിവരാവകാശ കമ്മിഷനുമാണ് (18,298) പിന്നില്‍. സാധാരണക്കാര്‍ക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് എന്തെങ്കിലും പ്രതീക്ഷയുണ്ടെങ്കിൽ, അവർക്ക് പ്രസക്തമായ വിവരങ്ങൾ ലഭ്യമാക്കണം. അതിനുവേണ്ടി വിവരാവകാശ കമ്മിഷനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനം നടത്തുന്നതിനായി സംസ്ഥാന, കേന്ദ്ര വിവര കമ്മിഷനുകളിൽ 156 അപേക്ഷകൾ സമർപ്പിച്ചു. കൂടാതെ വെബ്‌സൈറ്റുകളിൽ നിന്നും കമ്മിഷനുകളുടെ വാർഷിക റിപ്പോർട്ടുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
eng­lish summary;More than 2.5 lakh RTI requests pending
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.