28 April 2024, Sunday

Related news

April 17, 2024
April 15, 2024
April 3, 2024
April 3, 2024
March 27, 2024
February 28, 2024
February 26, 2024
February 23, 2024
February 21, 2024
February 20, 2024

ഹരിത നേതാക്കൾക്ക് പിന്തുണ; എംഎസ്എഫില്‍ പ്രതിഷേധം, സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് 12 ജില്ലാ കമ്മിറ്റികൾ

Janayugom Webdesk
മലപ്പുറം
August 18, 2021 10:50 am

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റികൾ. ഹരിത നേതാക്കൾക്ക് പിന്തുണയറിയിച്ച് 12 ജില്ലാ കമ്മിറ്റികളാണ് രംഗത്ത് എത്തിയത്. സംഭവത്തിൽ കർശന നടപടി വേണമെന്ന് മുസ്ലിംലീഗ് നേതൃത്വത്തിന് കത്ത് നല്‍കി. വനിതാ കമ്മീഷന് ഹരിത പരാതി നൽകിയതിന് തൊട്ടടുത്ത ദിവസമാണ് നടപടി ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ കത്ത് അയച്ചത്.

അതേസമയം, എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനം മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയച്ചതിനെത്തുടർന്നാണ് ഹരിതയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചത്. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ കണ്ടെത്തൽ. ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളായ പി കെ നവാസ്, കബീർ മുതുപറമ്പ്, വി എ നവാസ് എന്നിവരോട് വിശദീകരണം തേടാനും ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിർദേശം ഹരിത നേതാക്കൾ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിക്കാൻ തീരുമാനിച്ചത്. ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാർട്ടി നേതൃത്വത്തിന് പരാതി നൽകി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹരിത നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചത്.

എന്നാൽ പാർട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പ്രശ്നത്തിൽ ഇടപെട്ട് അനുനയ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഹരിത നേതാക്കൾ പരാതിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. പി കെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിൻവലിക്കില്ലെന്നാണ് ഇവരുടെ നിലപാട്. ഇതിനെ തുടർന്നാണ് ഹരിതയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ മുസ്ലിംലീഗ് നേതൃത്വം നിർദ്ദേശിച്ചത്.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.