23 November 2024, Saturday
KSFE Galaxy Chits Banner 2

ഉള്ളിക്ക് തീവില; തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയം

Janayugom Webdesk
ഛണ്ഡീഗഢ്
October 31, 2023 11:00 pm

ഉള്ളിവില വര്‍ധന തെരഞ്ഞെടുപ്പ് രംഗത്ത് പുതിയ ആയുധമാകുന്നു. ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്ളിവില വര്‍ധനയെ ന്യായീകരിക്കുകയും അതേസമയം പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളില്‍ പരസ്പരം പഴിക്കുകയും ചെയ്യുന്ന നയമാണ് കോണ്‍ഗ്രസും ബിജെപിയും സ്വീകരിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പടുത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉള്ളിവില ആയുധമാക്കിയാണ് പ്രചാരണം. ഉള്ളി എല്ലാവരേയും കണ്ണീരിലാഴ്ത്തുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് പരിഹസിച്ചു. മധ്യപ്രദേശില്‍ ഉള്ളി ബിജെപിക്കെതിരെയുള്ള ആയുധമായി മാറിയപ്പോള്‍ രാജസ്ഥാനില്‍ ഭരണപക്ഷത്തുള്ള കോണ്‍ഗ്രസിനെതിരെ ബിജെപി ഉള്ളിവില വര്‍ധന ഉപയോഗിക്കുകയാണ്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഉള്ളിവില ഉയര്‍ന്ന നിലയിലാണ്. 

ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമായ ലാസല്‍ഗാവില്‍ നിന്നുള്ള റിപ്പോട്ടനുസരിച്ച് കൃഷിയിറക്കിയതിലെ കുറവ് മൂലം ഒക്ടോബര്‍ രണ്ടാം പാദത്തില്‍ മൊത്തവില മഹാരാഷ്ട്ര കാർഷിക ഉല്പന്ന വിപണന കമ്മിറ്റി നിശ്ചയിച്ചതിനെക്കാള്‍ 50 ശതമാനം അധികമാണ്. ലാസല്‍ഗാവില്‍ കഴിഞ്ഞ ആഴ്ച ഉള്ളിയുടെ ശരാശരി വില കിലോക്ക് 38 രൂപയായിരുന്നു. രണ്ടാഴ്ച മുമ്പത്തെ വിലയായ 24 രൂപയെക്കാള്‍ 58 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഡല്‍ഹിയിലും ഛണ്ഡീഗഢിലുമുള്‍പ്പെടെ ചില്ലറ വിപണിയില്‍ ഉള്ളി കിലോക്ക് 70 മുതല്‍ 80 രൂപ നിരക്കിലാണ് വില്‍ക്കുന്നത്.
എന്നാല്‍ രാജ്യത്താകെയുള്ള വിലയുടെ ശരാശരി കണക്കാക്കിയാല്‍ ഇത് 50നും 60നും ഇടയില്‍ വരും. വൻകിട നഗരങ്ങളില്‍ കിലോക്ക് 80 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ടണ്ണിന് 800 ഡോളര്‍ തറവില നിശ്ചയിച്ചത്. കയറ്റുമതി നിയന്ത്രണങ്ങൾ നടപ്പാവുന്നതോടെ വിപണിയില്‍ ഉള്ളി ലഭ്യമാകുകയും വിലക്കയറ്റം പിടിച്ചു നിർത്താനാകുമെന്നുള്ള കണക്കു കൂട്ടലിലാണിത്. ടണ്ണിന് 800 ഡോളര്‍ എന്നാല്‍ കിലോക്ക് 67 രൂപ എന്നതാണ് വില. 

150 ലേക്ക് ഉയരും

ബംഗളുരു: നവംബറിൽ ഉള്ളിയുടെ വില കിലോയ്ക്ക് 150 രൂപയിലെത്തുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ആറുമാസം മുമ്പ് കിലോയ്ക്ക് 5–10 രൂപയായിരുന്നു സവാള വില.
ഉള്ളിയുടെ വലിയ രണ്ടാമത്തെ ഉല്പാദക രാജ്യമാണ് ഇന്ത്യ. റാബി, ഖാരിഫ് സീസണുകളിലായി രണ്ടുതവണ ഇന്ത്യയില്‍ ഉള്ളി വിളവെടുക്കാറുണ്ട്. റാബി സീസണിലെ വിളയുടെ വരവോടെ മാത്രമേ വില താഴൂ എന്നാണ് വിലയിരുത്തല്‍. അതേസമയം വിലക്കയറ്റത്തിന്റെ ഗുണം ഇടനിലക്കാര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് കര്‍ഷകരും പരാതിപ്പെടുന്നു. നിലവില്‍ 40 രൂപ വരെയാണ് കിലോഗ്രാമിന് വില ലഭിക്കുന്നതെന്ന് യശ്വന്ത്പൂര്‍ എപിഎംസി വിപണിയിലെത്തിയ കര്‍ഷകന്‍ പറഞ്ഞു.
രാജ്യാന്തര വിപണിയിൽ ഉള്ളിയുടെ വില്പന കുറയ്ക്കുന്നതിനായി 40 ശതമാനം കയറ്റുമതി നികുതി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഉള്ളിക്ക് കയറ്റുമതി നികുതി ഇല്ലായിരുന്നു. ഉള്ളി കയറ്റുമതിക്ക് ടണ്ണിന് 66,730 രൂപ കേന്ദ്രം മിനിമം കയറ്റുമതി വിലയും നിശ്ചയിച്ചിട്ടുണ്ട്. നാഫെഡിന്റെ ബഫർ സ്റ്റോക്കിൽ സൂക്ഷിച്ചിരിക്കുന്ന 2.5 ലക്ഷം ടൺ ഉള്ളി പ്രാദേശിക വിപണിയിൽ കിലോയ്ക്ക് 25 മുതൽ 30 രൂപ വരെ നിരക്കിൽ വിറ്റഴിച്ച് വില പിടിച്ചുനിര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്.

Eng­lish Sum­ma­ry: Onions are expen­sive; The main top­ic of dis­cus­sion in the election

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.