10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

February 8, 2024
January 21, 2024
January 21, 2024
January 18, 2024
January 13, 2024
January 11, 2024
January 1, 2024
December 27, 2023
December 26, 2023
December 26, 2023

രാമക്ഷേത്ര ഉദ്ഘാടനം വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാന്‍: ബിനോയ് വിശ്വം

സ്വന്തം ലേഖകന്‍
കൊല്ലം
January 1, 2024 10:14 pm

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം വര്‍ഗീയ ധ്രുവീകരണത്തിന്റെ വേലിയേറ്റമുണ്ടാക്കാനുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും പദ്ധതിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. തൊഴിലില്ലായ്മ, വിലവര്‍ധന, ദാരിദ്ര്യം, കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍ എന്നിവയൊന്നും തെര‍ഞ്ഞെടുപ്പ് വിഷയങ്ങളായി ഉയര്‍ത്തിക്കാട്ടാതെ ശ്രീരാമക്ഷേത്രത്തെ മുഖ്യവിഷയമായി മാറ്റുന്നതിന് പിന്നില്‍ വോട്ട് പിടിക്കാനുള്ള സംഘ്പരിവാറിന്റെ കൗശലമാണെന്നും കൊല്ലം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദി പ്രസ് ’ പരിപാടിയില്‍ ബിനോയ് വിശ്വം പറഞ്ഞു. 

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം അയോധ്യയിലെ ശിലാന്യാസത്തിനായി രാജ്യത്തെ ഓരോ ഗ്രാമത്തില്‍ നിന്നും ക്ഷേത്രം നിര്‍മ്മിക്കാനുള്ള ഇഷ്ടിക പൂജിച്ച് അയയ്ക്കാനുള്ള കാമ്പയിന്‍ ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പൂജിക്കപ്പെട്ട ആ ശിലകള്‍ മഴയും വെയിലുമേറ്റ് കിടക്കുകയാണ്. കോര്‍പറേറ്റുകള്‍ സ്പോണ്‍സര്‍ ചെയ്ത വിലകൂടിയ കല്ലുകളാണ് ക്ഷേത്രനിര്‍മ്മാണത്തിനുപയോഗിച്ചിട്ടുള്ളത്. രാമായണത്തിന്റെ മഹത്വം മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമറിയാം. വാത്മീകി പറഞ്ഞ രാമന്‍ സര്‍വസംഗ പരിത്യാഗിയാണ്. പള്ളി പൊളിച്ച് അമ്പലം പണിയാന്‍ കല്പിക്കുന്ന രാമനെ ഇന്ത്യക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മതേതര മൂല്യങ്ങളെയും ഇന്ത്യയുടെ ജനാധിപത്യ അടിത്തറയേയും ഫെഡറല്‍ തത്വങ്ങളേയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള കാഴ്ചപ്പാടാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ കാതല്‍. എന്നാല്‍ ഇവയെല്ലാം മറക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിയുടെ ഹിന്ദുത്വവാദം കടം കൊണ്ടുകൊണ്ട് കോണ്‍ഗ്രസ് കളിച്ച കള്ളക്കളിയാണ് ആ പാര്‍ട്ടി മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുള്ള മുഖ്യകാരണം.

സ്വതന്ത്രഭാരതത്തിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ പഞ്ചവത്സര പദ്ധതിയും അതിന്റെ ഊര്‍ജം ധനകാര്യകമ്മിഷനുമായിരുന്നു. നിതി ആയോഗിന്റെ ആദ്യചെയര്‍മാനായ അരവിന്ദ് പനഗരിയയെ ധനകാര്യകമ്മിഷന്‍ ചെയര്‍മാനാക്കിയതോടെ ഫെഡറല്‍ തത്വങ്ങളുടെ മരണമണി മുഴങ്ങുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഡിയുമായി ല‍ഞ്ച് കഴിഞ്ഞ് മടങ്ങിവന്നിട്ടെങ്കിലും അഭിവന്ദ്യബിഷപ്പുമാര്‍ ആര്‍എസ്എസിന്റെ ‘വിചാരധാര’ വായിക്കുന്നത് നല്ലതായിരിക്കുമെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു. മണിപ്പൂരില്‍ മൂന്നുതവണ സന്ദര്‍ശനം നടത്തിയപ്പോള്‍ തകര്‍ക്കപ്പെട്ട നിരവധി പള്ളികളും ആക്രമിക്കപ്പെട്ട മഠങ്ങളും മുറിവേറ്റ സഹോദരിമാരെയും കണ്ടയാളാണ് താന്‍. അവരുടെ കണ്ണീരൊപ്പാന്‍ ഒന്നും ചെയ്യാത്ത കേന്ദ്രസര്‍ക്കാരിനെതിരെ ബിഷപ്പുമാര്‍ പ്രതികരിക്കാത്തത് ഭൂരിപക്ഷം വിശ്വാസികളുടെയും മനസില്‍ നൊമ്പരമുണ്ടാക്കിയെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാലും ഒപ്പമുണ്ടായിരുന്നു. 

Eng­lish Summary;Ram tem­ple inau­gu­ra­tion to inten­si­fy com­mu­nal polar­iza­tion: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.