ലോകവ്യാപാര സംഘടനയുടെ നിബന്ധനകൾക്ക് വിധേയമായി കാർഷിക രംഗത്തെ സ്വകാര്യവല്ക്കരണവും ആഗോളവല്ക്കരണവും വേഗത്തിലാക്കുന്നതിന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടത്, ഒരു വർഷം നീണ്ടുനിന്ന കർഷക പോരാട്ടങ്ങൾക്കൊടുവിലാണ്. വിവാദ നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം; ഉല്പാദനച്ചെലവ് കണക്കാക്കിയുള്ള താങ്ങുവില നിയമം വഴി സംരക്ഷിക്കണമെന്ന ആവശ്യം പരിശോധിക്കുന്നതിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുമെന്നുള്ള ഉറപ്പുകൂടി നേടിയതിനു ശേഷമാണ് കർഷകർ സമരം അവസാനിപ്പിച്ചത്. നിരന്തര സമ്മർദ്ദങ്ങൾക്കൊടുവിൽ എട്ട് മാസങ്ങൾക്കുശേഷമാണ്, കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ മുൻസെക്രട്ടറി അധ്യക്ഷനായ സമിതിയെ കേന്ദ്ര സർക്കാർ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. താങ്ങുവില സമ്പ്രദായം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള പൊതു ശുപാർശകൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. സീറോബജറ്റ് കൃഷിയുടെയും വിള വൈവിധ്യവല്ക്കരണത്തിന്റെയും സാധ്യതകളും സമിതി ഇതോടൊപ്പം പരിശോധിക്കും. എന്നാൽ, താങ്ങുവിലയ്ക്ക് നിയമസാധുത നല്കണമെന്നുള്ള കർഷകരുടെ ആവശ്യം സമിതിയുടെ പ്രധാന പരിഗണനാവിഷയമല്ല. വാഗ്ദാന ലംഘനം ചൂണ്ടിക്കാട്ടി, കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. കർഷകവിരുദ്ധ നിയമങ്ങൾ ആവിഷ്കരിക്കുന്നതിനു നേതൃത്വം നല്കിയവർക്കും താങ്ങുവില പദ്ധതിയെ തള്ളിപ്പറയുന്നവർക്കും മുൻതൂക്കമുള്ള സമിതിയിലേക്ക് തങ്ങൾ പ്രതിനിധികളെ നിർദ്ദേശിക്കുന്നില്ലെന്നും കർഷകസംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കാർഷികോല്പന്നങ്ങൾക്ക് താങ്ങുവില ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം ആദ്യമായുണ്ടാകുന്നത് 1960 ൽ ആണ്. പഞ്ചാബിലെയും ഹരിയാനയിലെയും നെൽ — ഗോതമ്പ് കർഷകർക്കുള്ള പ്രോത്സാഹനമെന്ന നിലയിലാണ് താങ്ങുവില നിലവിൽ വന്നത്. ഹരിതവിപ്ലവത്തെ വിജയപാതയിലേക്ക് നയിക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുകയും ചെയ്തു. 23 വിളകളാണ് ഇപ്പോൾ പദ്ധതിയുടെ കീഴിൽ വരുന്നത്. നെല്ല്, ഗോതമ്പ്, ചോളം, അരിച്ചോളം, ബാർലി തുടങ്ങിയ ഏഴിനം ധാന്യങ്ങളും പയർ, തുവരപ്പരിപ്പ്, ഉഴുന്ന് തുടങ്ങിയ അഞ്ചിനം പയറിനങ്ങളും കപ്പലണ്ടി, എള്ള്, സൂര്യകാന്തി, സോയാപയർ തുടങ്ങിയ ഏഴിനം എണ്ണക്കുരുക്കളും വാണിജ്യവിളകളായി നിർവചിക്കപ്പെട്ടിട്ടുള്ള കൊപ്ര, കരിമ്പ്, പരുത്തി, ചണം എന്നിവയുമാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഫുഡ് കോർപറേഷന്‍ ഓഫ് ഇന്ത്യയാണ് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്. കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കാർഷികോല്പന്ന ചെലവ്-വില നിർണയ കമ്മിഷനാണ് 23 വിളകൾക്കുമുള്ള ഓരോ വർഷത്തെയും താങ്ങുവില സംബന്ധിച്ച ശുപാർശ നൽകുന്നത്. ധനകാര്യവിഭാഗം ക്യാബിനറ്റ് കമ്മിറ്റി ഇത് പരിശോധിക്കുകയും തുടർന്ന് കേന്ദ്ര സർക്കാർ താങ്ങുവില സംബന്ധിച്ച പ്രഖ്യാപനം നടത്തുകയുമാണ് ചെയ്യുന്നത്. കാർഷികോല്പന്ന ചെലവ്-വില നിർണയ കമ്മിഷന് സ്വയംഭരണ പദവി നൽകണമെന്ന നിർദ്ദേശം 2005 ൽ തന്നെ ഉയർന്നു വന്നിരുന്നുവെങ്കിലും ഉപദേശക റോൾ മാത്രമാണ് കമ്മിഷന് ഇപ്പോഴുമുള്ളത്. 23 വിളകളിൽ കരിമ്പിനു മാത്രമാണ് നേരിട്ടല്ലെങ്കിലും മിനിമം വില നിയമപരമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളത്. 1966 ലെ ഷുഗർകെയിൻ (കൺട്രോൾ) ഓർഡർ പ്രകാരമാണ് ഇത് സാധ്യമായിട്ടുള്ളത്. കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരുകളോ കരിമ്പ് നേരിട്ട് സംഭരിക്കുന്നില്ലെങ്കിലും, സംഭരണം നടത്തുന്ന പഞ്ചസാര മില്ലുകൾ കർഷകർക്ക് സർക്കാർ നിശ്ചയിക്കുന്ന വില നൽകണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
താങ്ങുവില സംഭരണം നടപ്പിലാക്കുന്നതിൽ നിരവധി അപാകതകൾ നിലവിൽ പ്രകടമാണ്. താങ്ങുവില ബാധകമായിട്ടുള്ള 23 ഉല്പന്നങ്ങൾ ഇന്ത്യയുടെ മൊത്തം കാർഷികോല്പാദനത്തിന്റെ ഏതാണ്ട് മൂന്നിലൊന്നു മാത്രമാണ്. രാജ്യത്തെ കർഷകരിൽ വെറും ആറ് ശതമാനത്തിനു മാത്രമാണ് സംഭരണത്തിന്റെ പ്രയോജനം ലഭ്യമാകുന്നത്. താങ്ങുവില നിശ്ചയിക്കുന്നതിന് പിന്തുടരുന്ന മാനദണ്ഡങ്ങള്‍ അശാസ്ത്രീയവും കർഷകവിരുദ്ധവുമാണ്. മാത്രവുമല്ല, നെല്ലിന്റെയും ഗോതമ്പിന്റെയും സംഭരണത്തിനു മാത്രമാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതിക്കുവേണ്ടിയുള്ള സംഭരണം ഒഴിവാക്കാനാകാത്തതുകൊണ്ടാണ് ഇപ്പോഴത്തെ നിലയിലെങ്കിലും പദ്ധതി സാധ്യമാകുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ തുല്യനീതി ലഭ്യമാകുന്നുമില്ല. ഗോതമ്പ് സംഭരണത്തിന്റെ 85 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്. എന്നാൽ മൊത്തം ഉല്പാദനത്തിന്റെ 46 ശതമാനം മാത്രമാണ് ഈ മൂന്ന് സംസ്ഥാനങ്ങളുടെ സംഭാവന. നെല്ല് സംഭരണത്തിൽ മുക്കാൽപങ്കും; ഉല്പാദനത്തിൽ 40 ശതമാനം മാത്രംവരുന്ന പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ്. കേന്ദ്രസർക്കാർ സംഭരിക്കുന്ന 23 ഉല്പന്നങ്ങളിൽ നെല്ലും കൊപ്രയും മാത്രമാണ്, കേരളത്തിന് അല്പമെങ്കിലും ഗുണകരമായുള്ളത്. നമുക്ക് പ്രാമുഖ്യമുള്ള ഹോർട്ടിക്കൾച്ചർ വിളകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
എം എസ് സ്വാമിനാഥൻ അധ്യക്ഷനായുള്ള ദേശീയ കാർഷിക കമ്മിഷൻ 2006 ൽ ശുപാർശ ചെയ്‌തതു പ്രകാരമുള്ള ഉയർന്ന താങ്ങുവില ലഭ്യമാക്കണമെന്നാണ് കർഷകരുടെ ദീർഘനാളത്തെ ആവശ്യം. ആഗോളവല്ക്കരണത്തിന്റെയും അന്താരാഷ്ട്ര വിപണി നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ ഉല്പന്നങ്ങൾക്കുള്ള കുറഞ്ഞ വിപണിവില നിയമംവഴി ഉറപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. “വിശക്കുന്നവന് അന്നമാണ് ദൈവം” എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ദേശീയ കാർഷിക കമ്മിഷൻ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ, ചൂണ്ടിക്കാട്ടിയത് സിവിൽ സർവീസ് മേഖലയിൽ തൊഴിലെടുക്കുന്നവർക്കുള്ള അതേ വരുമാനം നാടിനെ അന്നമൂട്ടുന്ന കർഷകർക്കും ഉറപ്പാക്കേണ്ടതുണ്ടെന്നാണ്. നേരിട്ടുള്ള ഉല്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കുമ്പോൾ കൃഷിഭൂമിയുടെ വിലയോ പാട്ടത്തുകയോ പരിഗണിക്കപ്പെടുന്നില്ല. ഇത് കൂട്ടിച്ചേർത്തുള്ള ഉല്പാദനച്ചെലവും; ഒപ്പം 50 ശതമാനം തുക അധികമായി വകയിരുത്തിയും താങ്ങുവില നിശ്ചയിക്കണമെന്നാണ് എം എസ് സ്വാമിനാഥൻ ശുപാർശ ചെയ്തിട്ടുള്ളത്.
എന്നാൽ, താങ്ങുവില നിയമപരമായ ബാധ്യതയാക്കി മാറ്റണമെന്ന ആവശ്യം തീർത്തും അപ്രായോഗികമാണെന്ന വാദമാണ് കേന്ദ്രസർക്കാർ ഉയർത്തുന്നത്. ലോകവ്യാപാര സംഘടന നിഷ്കർഷിക്കുന്ന നിബന്ധനകൾ മറികടന്ന് കാർഷിക സബ്സിഡി വർധിപ്പിച്ചാൽ ലോകരാഷ്ട്രങ്ങളുടെ വലിയ എതിർപ്പിനെ നേരിടേണ്ടിവരുമെന്നും സർക്കാർ ഭയപ്പെടുന്നു. കാർഷിക ധനതത്വശാസ്ത്രജ്ഞൻ രമേഷ്ചന്ദ് തയാറാക്കി, നിതി ആയോഗ് പ്രസിദ്ധീകരിച്ച നയരേഖയിൽ നിരവധി വാദമുഖങ്ങളാണ് ഇക്കാര്യത്തിൽ ഉയർത്തിയിട്ടുള്ളത്. താങ്ങുവില നിയമപരമായ ബാധ്യതയായി മാറിയാൽ ഖജനാവിൽ നിന്നും വലിയ തുക എല്ലാവർഷവും മാറ്റിവയ്ക്കേണ്ടി വരും. മാത്രവുമല്ല, അത്തരമൊരു സാഹചര്യത്തിൽ നിലവിലുള്ള 23 ഉല്പന്നങ്ങൾക്കു പുറമെ പഴം-പച്ചക്കറി വിളകളെയും മറ്റ് ഹോർട്ടിക്കൾച്ചർ വിളകളെയും പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ മുറവിളി ഉയരും. ഉയർന്ന താങ്ങുവില നിശ്ചയിക്കപ്പെടുന്നതുമൂലം സ്വകാര്യ ഏജൻസികൾ കർഷകരിൽ നിന്നും ഉല്പന്നങ്ങൾ വാങ്ങുവാൻ തയാറാകാതെ വന്നാൽ മുഴുവൻ ബാധ്യതയും സർക്കാരിന് ഏറ്റെടുക്കേണ്ടിയും വരും. കരിമ്പ് സംഭരണം ഇപ്പോൾ നിയമ വിധേയമായിട്ടും കർഷകരുടെ കുടിശിക യഥാസമയം കൊടുത്തു തീർക്കുവാൻ സ്വകാര്യ മില്ലുടമകൾ തയാറാകുന്നില്ല. മഹാരാഷ്ട്ര സർക്കാർ 2018 ൽ, താങ്ങുവിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വകാര്യ ഏജൻസികൾ ഉല്പന്നങ്ങൾ വാങ്ങുന്നത് നിയമ വിരുദ്ധമാക്കിയപ്പോൾ, സ്വകാര്യ കച്ചവടക്കാർ വിപണിയിൽ നിന്ന് പൂർണമായി പിൻവാങ്ങുകയും തുടർന്ന് സർക്കാരിന് തീരുമാനം പിൻവലിക്കേണ്ടി വരുകയും ചെയ്തു. മുഴുവൻ ഉല്പന്നങ്ങളും നേരിട്ട് വാങ്ങുവാൻ സർക്കാർ നിർബന്ധിതമാകുന്ന സാഹചര്യം വലിയതോതിലുള്ള പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകും. രാജ്യത്തെ കുറഞ്ഞ ഉല്പന്നവില അന്താരാഷ്ട്ര വിപണിയിലേതിനേക്കാൾ ഉയർന്നാൽ ഇന്ത്യയിൽ നിന്നുള്ള കാർഷികോല്പന്ന കയറ്റുമതിയെയും അത് സാരമായി ബാധിക്കും. ഇത്തരം ആശങ്കകളാണ് നിതി ആയോഗ് പ്രകടിപ്പിക്കുന്നത്.
പൂർണതോതിലുള്ള സംഭരണം ചെറുകിട‑നാമമാത്ര കർഷകരിലേക്ക് മാത്രമായി ചുരുക്കുകയും മറ്റുള്ളവരിൽ നിന്നുള്ള സംഭരണത്തിന് പരിധി നിശ്ചയിക്കുകയും വേണമെന്നാണ് കാർഷികോല്പന്ന ചെലവ്-വില നിർണയ കമ്മിഷൻ ഇപ്പോൾത്തന്നെ വാദിക്കുന്നത്. താങ്ങുവില ബാധകമാക്കിയിട്ടുള്ള 23 വിളകളുടെ മൊത്തം മൂല്യം, ഇപ്പോഴത്തെ നിരക്കിൽ ഏതാണ്ട് 12 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 75 ശതമാനം സംഭരിക്കേണ്ടിവന്നാൽത്തന്നെ അതിന്റെ മൂല്യം ഒന്‍പത് ലക്ഷം കോടിയാണ്. നിലവിൽ സംഭരണത്തിന് സർക്കാർ ചെലവഴിക്കുന്ന തുക ഏതാണ്ട് 3.8 ലക്ഷം കോടി മാത്രമാണ്. 23 വിളകളുടെയും സംഭരണം നിയമപരമായ ബാധ്യതയായി മാറിയാൽ സർക്കാർ ഏതാണ്ട് അഞ്ച് ലക്ഷം കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരുമത്രെ. സംഭരണ വിലയ്ക്കു പുറമെ, അവ ശേഖരിച്ചുവയ്ക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി വലിയ തുക ചെലവഴിക്കേണ്ടിവരുമെന്ന വാദവുമുണ്ട്.
എന്നാൽ, ഈ വാദമുഖങ്ങളെയെല്ലാം പാടെ തള്ളുകയാണ് കർഷകരും കർഷക സംഘടനകളും. സാമ്പത്തിക ബാധ്യത സംബന്ധിച്ച ഊതിവീർപ്പിച്ച കണക്കുകൾ നിരവധി വിദഗ്ധരും തള്ളിക്കളയുന്നുണ്ട്. ഉല്പന്നങ്ങളുടെ വിപണിവിലകൂടി ചേർത്തുള്ള കണക്കുകളാണ് ബാധ്യതയായി അവതരിപ്പിക്കപ്പെടുന്നത്. താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ള 23 വിളകളിൽനിന്നും കമ്പോളത്തിലെത്തുന്ന ഉല്പന്നങ്ങളുടെ സംഭരണ മൂല്യം ഏഴ് ലക്ഷം കോടിയിൽ അധികരിക്കില്ല. പരമാവധി ഉല്പന്നങ്ങൾ സംഭരിച്ചാൽപ്പോലും, താങ്ങുവിലയ്ക്ക് വിപണിവിലയിൽ നിന്നുള്ള വ്യത്യാസം കണക്കിലെടുക്കുമ്പോൾ, സർക്കാരിനുള്ള യഥാർത്ഥ ബാധ്യത 50,000 കോടി രൂപയിൽ താഴെയായിരിക്കും. ഇത് ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ പ്രതിവർഷ ബജറ്റിനെക്കാൾ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എം എസ് സ്വാമിനാഥൻ കമ്മിഷൻ ശുപാർശചെയ്ത, സമഗ്ര ഉല്പാദനച്ചിലവ് അടിസ്ഥാനപ്പെടുത്തിയുള്ള ഉയർന്ന താങ്ങുവില കണക്കിലെടുത്താൽപ്പോലും, പ്രതിവർഷ ബാധ്യത 2,30,000 കോടിയിൽ അധികരിക്കില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാജ്യത്ത് ഉല്പാദിപ്പിക്കുന്ന മുഴുവൻ കാർഷികോല്പന്നങ്ങളും സർക്കാർ നേരിട്ട് സംഭരിക്കണം എന്ന ആവശ്യം പ്രായോഗികമല്ലെന്നു തന്നെ പറയേണ്ടിവരും. അതിനാൽ സംഭരണ ചുമതല പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് വാശി പിടിക്കേണ്ടതില്ല. അതേസമയം, സർക്കാർ ഏജൻസികൾ ഉൾപ്പെടെ കർഷകരിൽ നിന്നും ഉല്പന്നങ്ങൾ വാങ്ങുമ്പോൾ കർഷകർക്ക് മിനിമം വില ഉറപ്പാക്കുന്നതിനുള്ള നിർബന്ധിത മാനദണ്ഡമായി താങ്ങുവില മാറേണ്ടതുണ്ട്. അതിനാൽ താങ്ങുവിലയ്ക്ക് നിയമപരമായ പിൻബലം വേണമെന്നുള്ള കർഷകരുടെ വാദം അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. സർക്കാർ സംഭരണത്തിന് പുറമെ, അംഗീകൃത ഏജൻസികൾ വഴി ഉല്പന്നങ്ങൾ സംഭരിക്കുമ്പോൾ, വിപണിവിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളോട് കർഷകർ മുഖം തിരിക്കുമെന്നു കരുതേണ്ടതില്ല. ചൈനയും അമേരിക്കയും കർഷകരുടെ ഉല്പന്നങ്ങൾക്കു ന്യായവില ഉറപ്പിക്കുന്നത് ഈ വിധത്തിലാണ്. കേരള സർക്കാർ ആരംഭിച്ച പഴം-പച്ചക്കറി വിളകളുടെ സംഭരണം ഇതിനേറ്റവും നല്ല ഉദാഹരണവുമാണ്. ഇത്തരം പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും വ്യാപിപ്പിക്കുന്നതിനും സംസ്ഥാന സർക്കാരുകൾക്ക് വലിയ തോതിൽ കേന്ദ്രസഹായം ആവശ്യമാണ്.
ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ നടത്തുന്ന ഒരു പൊതു നിക്ഷേപവും വെറും “ചെലവ്” മാത്രമായി പരിഗണിക്കാനാകില്ല. ഇത്തരം നിക്ഷേപങ്ങൾ സൃഷ്ടിക്കുന്ന തൊഴിലും വരുമാന വർധനവുമൊക്കെയാണ് ഏതൊരു രാജ്യത്തിന്റെയും സമ്പദ്ഘടനയെ മുന്നോട്ടു നയിക്കുന്നത്. കാർഷിക വൃത്തിയിലൂടെ ഉപജീവനം കണ്ടെത്തുന്ന 60 ശതമാനം ജനങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്ത്, കർഷകരെ അവഗണിച്ചുകൊണ്ടുള്ള ക്ഷേമരാഷ്ട്ര സങ്കല്പങ്ങളെല്ലാം അസംഭവ്യമാണ്. അതിലുപരി, കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങും ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ കർഷകർക്ക് സംരക്ഷണം ഒരുക്കേണ്ടത്. ഏതൊരു സർക്കാരിന്റെയും കടമയാണ്. ഒപ്പം, മൂന്നാം ലോക രാഷ്ട്രങ്ങളുടെ ആഭ്യന്തര വിപണികൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു രൂപ്പെടുത്തുന്നതിന് മുതലാളിത്ത രാഷ്ട്രങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കു മുൻപിൽ മുട്ടുമടക്കേണ്ട ബാധ്യതയും നമുക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.