27 April 2024, Saturday

ഇപിഎഫ് പെന്‍ഷനില്‍ സുപ്രീം കോടതി വിധി: ഭാഗിക ആശ്വാസം

റെജി കുര്യന്‍
ന്യൂഡല്‍ഹി
November 4, 2022 11:35 pm

ഇപിഎഫ് പെന്‍ഷന്‍ പദ്ധതി ഭേദഗതിയിലെ ചില വ്യവസ്ഥകള്‍ റദ്ദാക്കി 2014 ലെ പിഎഫ് പെന്‍ഷന്‍ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. കേരളം, രാജസ്ഥാന്‍, ഡല്‍ഹി ഹൈക്കോടതി വിധികള്‍ ഭാഗികമായി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി നിര്‍ണായകമായ ഉത്തരവു പുറപ്പെടുവിച്ചത്.
സംഘടിത മേഖലയില്‍ പെന്‍ഷനായി അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കണം. ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി വേണം പെന്‍ഷന്‍ കണക്കാക്കാനെന്ന ഹൈക്കോടതി വിധി ഭാഗികമായി ശരിവയ്ക്കുന്ന തീരുമാനമാണിത്. പെന്‍ഷന്‍ ലഭിക്കാന്‍ ഉയര്‍ന്ന ശമ്പള പരിധി 15,000 രൂപയെന്ന ഭേദഗതി വ്യവസ്ഥയും സുപ്രീം കോടതി റദ്ദാക്കി. ഇതിനു പുറമെ 15,000 രൂപയ്ക്കു മേല്‍ ശമ്പളമുള്ള തൊഴിലാളികള്‍ ഉയര്‍ന്ന ശമ്പളത്തിന്റെ 1.16 ശതമാനം പെന്‍ഷന്‍ വിഹിതമായി നല്‍കണമെന്ന വ്യവസ്ഥയും കോടതി റദ്ദാക്കി.
ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേരളാ, രാജസ്ഥാന്‍, ഡല്‍ഹി ഹൈക്കോടതികള്‍ പെന്‍ഷന്‍ ഭേദഗതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യംചെയ്ത് കേന്ദ്ര തൊഴില്‍ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

കട്ട് ഓഫ് ഡേറ്റിനു മുമ്പ് പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ കഴിയാതെ പോയ തൊഴിലാളികള്‍ക്ക് അതില്‍ ചേരാന്‍ നാലുമാസത്തെ സമയം സുപ്രീം കോടതി നീട്ടി നല്‍കി. ഭരണഘടനാ ആര്‍ട്ടിക്കിള്‍ 142 പ്രകാരം കോടതിയുടെ വിശേഷാധികാരം ഉപയോഗിച്ചാണ് സമയ പരിധി നീട്ടിയിരിക്കുന്നത്. ഉയര്‍ന്ന ശമ്പളമുള്ള തൊഴിലാളികള്‍ 1.16 ശതമാനം നല്‍കണമെന്ന ചട്ടം റദ്ദാക്കിയെങ്കിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ അധിക ധനസമാഹരണത്തിന് അധികൃതര്‍ക്ക് സമയം നല്‍കാനായി ആറുമാസത്തേക്ക് ഉത്തരവ് മരവിപ്പിച്ചിട്ടുണ്ട്.

2014 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് വിരമിച്ച, പുതിയ പദ്ധതിയില്‍ ചേരാത്ത തൊഴിലാളികള്‍ക്ക് ഭേദഗതിക്ക് മുമ്പുള്ള പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ 2014 ലാണ് ഇപിഎഫ് പെന്‍ഷന്‍ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നത്. പെന്‍ഷന്‍ കണക്കാക്കാനുള്ള പരമാവധി ശമ്പള പരിധി 6500 രൂപയില്‍ നിന്നും 15,000 ആയി ഉയര്‍ത്തി. ഇതിനു മുകളില്‍ ശമ്പളമുള്ളവര്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നിബന്ധനവച്ചു.
അതേസമയം ഇന്നലത്തെ കോടതി വിധിയില്‍ ഉയര്‍ന്ന വരുമാനത്തിന് ആനുപാതികമായി പെന്‍ഷന്‍ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
കൂടുതല്‍ പോരാട്ടം വേണ്ടിവരും: ബിനോയ് വിശ്വം എംപി

ന്യൂഡല്‍ഹി: ഇപിഎഫ് പെന്‍ഷന്‍ സംബന്ധിച്ച സുപ്രീം കോടതി വിധി താല്കാലിക ആശ്വാസമാണെന്നും പന്ത് ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ കൈയിലാണെന്നും ബിനോയ് വിശ്വം എംപി. സാധാരണക്കാരെ ശിക്ഷിച്ചുകൊണ്ട് പിഎഫ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രം ഇനിയും നടത്തിയേക്കാം. അതിനാല്‍ തന്നെ കേന്ദ്രത്തിനെതിരായ കൂടുതല്‍ പോരാട്ടത്തിന് തൊഴിലാളികള്‍ തയാറാകേണ്ടതുണ്ട്. കോര്‍പറേറ്റുകള്‍ക്ക് നല്‍കാന്‍ കേന്ദ്രത്തിന്റെ കൈയില്‍ പണമുണ്ട്, തൊഴിലാളികള്‍ക്ക് നല്‍കാനില്ലെന്നും ബിനോയ് വിശ്വം ട്വീറ്റില്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Supreme Court Ver­dict on EPF Pen­sion: Par­tial Relief

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.