21 December 2024, Saturday
KSFE Galaxy Chits Banner 2

വലിയ അപകടത്തിന്റെ സൂചനകള്‍

അബ്ദുൾ ഗഫൂർ
January 16, 2022 7:33 am

പഞ്ചാബിലെ ഒരു മേല്‍പ്പാലത്തില്‍ ഇരുപതു മിനിറ്റോളം ഇന്ത്യയുടെ പ്രധാനമന്ത്രി കുടുങ്ങിയത് സംബന്ധിച്ച് ദേശീയ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഒന്നിലധികം ചിന്താര്‍ഹമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായത് പ്രേം ശങ്കര്‍ ഝായുടേതും ഹരീഷ് ഖരേയുടേതുമാണ്. ഫിറോസ്‌പൂരിലേയ്ക്കുള്ള യാത്രാമധ്യേ പിയാരിയാന എന്ന സ്ഥലത്തെ മേല്‍പ്പാലത്തില്‍ നരേന്ദ്ര മോഡി കുടുങ്ങിയ സംഭവം വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തുമ്പോഴും അതിന്റെ പിന്നിലെ ദുരൂഹതകളും പിന്നീട് രാഷ്ട്രീയമായി അതിനെ ഉപയോഗിക്കുന്നതിനായി നടന്ന കുത്സിത ശ്രമങ്ങളും നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഝായുടെയും ഖരേയുടെയും ലേഖനങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നത്. ഝായുടെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ വിപുലമായ അര്‍ത്ഥവും വ്യാഖ്യാന സാധ്യതകളും ഉള്ളതാണ്. നിലം നഷ്ടപ്പെടുമ്പോള്‍ മോഡി കൂടുതല്‍ അപകടകാരിയാകുന്നു എന്നായിരുന്നു പ്രസ്തുത തലക്കെട്ട്. ഖരേയുടെ ലേഖനത്തിന്റെ തലക്കെട്ട് പ്രധാനമന്ത്രി മോഡിയുടെ വിവരണാതീതമായ ഈ പരിഭ്രാന്തി വലിയ അപകടത്തിന്റെ സൂചനയാണെന്നായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിലെത്തിയില്ലായിരുന്നുവെങ്കില്‍ മോഡി ആരാകുമായിരുന്നുവെന്ന ചോദ്യമുന്നയിച്ച് നല്ലൊരു നാടകനടന്‍ ആകുമായിരുന്നുവെന്ന ഉത്തരം കുറിച്ചാണ് ഝായുടെ ലേഖനം ആരംഭിക്കുന്നതുതന്നെ. തെരഞ്ഞെടുപ്പ് തീയതികള്‍ പൊടുന്നനെ പ്രഖ്യാപിച്ചതും യുപിയിലെ ബിജെപിയില്‍ ഉണ്ടായിരിക്കുന്ന കൂട്ടക്കൊഴിഞ്ഞുപോക്കും പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയ സംഭവത്തെകുറിച്ച് സുപ്രീം കോടതി നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതും മോഡി നടത്താന്‍ തീരുമാനിച്ച നാടകത്തെ തകര്‍ത്തെറിയുകയായിരുന്നു. സുരക്ഷാ വീഴ്ച നേരിട്ട ആദ്യ പ്രധാനമന്ത്രി ആയിരുന്നില്ല നരേന്ദ്രമോഡി. അതുകൊണ്ടുമാത്രം ഈ സംഭവം ലഘൂകരിക്കപ്പെടേണ്ടതില്ലെങ്കിലും. പക്ഷേ ഈ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുവാനുള്ള ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും ശ്രമങ്ങളാണ് അപലപിക്കപ്പെടേണ്ടത്. അതിനുള്ള തെളിവായി, മേല്‍പ്പാലത്തില്‍ കുടുങ്ങിയതിനുശേഷം പൊതുപരിപാടി റദ്ദാക്കിയ മോഡി ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ തിരികെയെത്തിയശേഷം പഞ്ചാബിലെ ഉന്നത ഉദ്യോഗസ്ഥനോട് പറഞ്ഞ വാക്കുകള്‍ മാത്രം മതി. “ഭട്ടിന്‍ഡ എയര്‍പോര്‍ട്ട് വരെ എനിക്ക് ജീവനോടെ തിരിച്ചെത്താനായതില്‍ താങ്കളുടെ മുഖ്യമന്ത്രിയോട് നന്ദി പറയുക” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇവിടെ നാം ഓര്‍ക്കേണ്ട മറ്റൊരു സന്ദര്‍ഭമുണ്ട്. അത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കുനേരെ കൊളംബോയില്‍ നടന്ന അക്രമമായിരുന്നു. 1987 ജൂലൈയില്‍ ഇന്തോ — ശ്രീലങ്ക സമാധാനക്കരാറില്‍ ഒപ്പുവയ്ക്കുന്നതിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിനു നേരെ അക്രമമുണ്ടായത്. പരേഡില്‍ സല്യൂട്ട് സ്വീകരിച്ചശേഷം ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ പരിശോധിക്കുന്നതിനിടെ തോക്കുകൊണ്ട് ആക്രമിക്കപ്പെടുകയായിരുന്നു. ശ്രീലങ്കയിലെ തമിഴ് പ്രശ്നത്തോട് സ്വീകരിച്ച സമീപനത്തിന്റെ പേരില്‍ നാലുവര്‍ഷങ്ങള്‍ക്കുശേഷം 1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീ പെരുംപുത്തൂരില്‍ മനുഷ്യബോംബിന്റെ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. 1987ല്‍ പ്രസിഡന്റ് ജയവര്‍ധനെയുമായി സമാധാനക്കരാര്‍ ഒപ്പിട്ട ശേഷം നടന്ന അക്രമത്തെ തുടര്‍ന്ന് അവിടത്തെ ഭരണാധികളോട് തനിക്ക് ജീവനോടെ തിരിച്ചുപോകാന്‍ കഴിഞ്ഞതിന് നന്ദി പറയുകയായിരുന്നില്ല രാജീവ് ചെയ്തത്. ഇവിടെയാണ് ഝാ എഴുതിയതുപോലെ നിലം നഷ്ടപ്പെടുമ്പോള്‍ അപകടകാരിയാകുന്ന ഒരു രാഷ്ട്രീയനേതാവിനെ നരേന്ദ്ര മോഡിയില്‍ കാണുവാനാകുന്നത്. പ്രധാനമന്ത്രിക്ക് വഴിതെറ്റിപ്പോയ സംഭവങ്ങളും ഇതിന് മുമ്പ് പലതും ഉണ്ടായിട്ടുണ്ട്. അവയെ കുറിച്ച് അന്വേഷിച്ച് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയെന്ന രീതിയാണ് സ്വീകരിച്ചുപോന്നിരുന്നത്. പക്ഷേ പഞ്ചാബില്‍ മോഡി മേല്‍പ്പാലത്തില്‍ കുടുങ്ങിയത് വലിയ വിവാദവും രാഷ്ട്രീയ ആയുധവുമാക്കി മാറ്റി. തിരക്കഥപോലെയാണ് സംഭവങ്ങള്‍ പുരോഗമിച്ചതെന്ന് അതിന്റെ ഗതി പരിശോധിച്ചാല്‍ വ്യക്തമാണ്. പഞ്ചാബിനെ കുറിച്ച് ബിജെപിക്ക് ഒട്ടേറെ മുന്‍ധാരണകളും അവരുടെ ഭാഗത്തുനിന്ന് നിരവധി കുപ്രചരണങ്ങളുമുണ്ട്. അതിന്റെ പ്രധാനകാരണം ബിജെപിയല്ല അവിടെ ഭരിക്കുന്നത് എന്നതായിരുന്നു. മോഡിയുടെ രാഷ്ട്രീയ രഥയാത്രയെ പിടിച്ചുകുലുക്കിയ കര്‍ഷക സമരത്തിന്റെ പ്രഭവകേന്ദ്രം പഞ്ചാബായിരുന്നുവെന്നതാണ് മറ്റൊന്ന്. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ചുകാലമായി സിക്ക് ഭീകരവാദത്തെയും ഖലിസ്ഥാന്‍ വിഘടനവാദത്തെയും അവര്‍ ചര്‍ച്ചയുടെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ കാരണങ്ങളാല്‍ തന്നെ പഞ്ചാബിലേയ്ക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയുടെ സുരക്ഷാ റിസ്ക് (ഉത്തരവാദിത്തം) കൂടുതലാണ്. കേന്ദ്ര ഏജന്‍സികള്‍ നേരത്തെ തന്നെ സംസ്ഥാനത്തെത്തി സുരക്ഷാ സജ്ജീകരണങ്ങള്‍ പരിശോധിക്കണം. ഡല്‍ഹിയില്‍ നടന്നുവന്ന കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ചുവെങ്കിലും വാഗ്ദാനലംഘനത്തിനെതിരെ പിന്നീട് പഞ്ചാബിലും യുപിയിലെ ചില ഭാഗങ്ങളിലും കര്‍ഷക പ്രക്ഷോഭം പുനരാരംഭിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം; വികേന്ദ്രീകൃത ജനാധിപത്യവും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും


പ്രധാനമന്ത്രിയുടെ സന്ദര്‍ശന ദിവസം പ്രതിഷേധമുണ്ടാകുമെന്ന് കര്‍ഷക സംഘടനകള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നതുമാണ്. അത്തരമൊരു സാഹചര്യവും മോശം കാലാവസ്ഥയും പരിഗണിച്ച് മതിയായ സമയം നല്കാതെ പ്രധാനമന്ത്രിയുടെ യാത്ര റോഡുമാര്‍ഗമാക്കിയത് ആരുടെ വീഴ്ചയാണെന്നതുള്‍പ്പെടെ പരമോന്നത കോടതി അന്വേഷിച്ചു കണ്ടെത്തുമായിരിക്കും. പക്ഷേ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കാണ് പ്രാഥമിക ചുമതലയെന്നു കണ്ടെത്തുവാന്‍ വലിയ പരിശോധനയൊന്നും ആവശ്യമില്ല. ലാഘവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ അത് കൈകാര്യം ചെയ്തതെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. പിയാരിയാന മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനം കുടുങ്ങിയപ്പോള്‍ അഭിവാദ്യങ്ങളുമായി പാര്‍ട്ടി പതാകകളുമേന്തി ബിജെപിക്കാരെത്തിയതും യാദൃച്ഛികമാണെന്ന് കരുതുക വയ്യ. അതിനുള്ള ബിജെപിയുടെ വിശദീകരണം പ്രധാനമന്ത്രിയുടെ പരിപാടിക്കുപോകുന്നവര്‍ വണ്ടിനിര്‍ത്തിയിറങ്ങി മുദ്രാവാക്യം വിളിച്ചുവെന്നാണ്. അതും വിശ്വസനീയമല്ല. കാരണം 30 കിലോമീറ്റര്‍ അകലെ നടക്കുന്ന പരിപാടിയിലേയ്ക്ക് ഹെലികോപ്റ്ററില്‍ പോകാന്‍ തീരുമാനിച്ച പ്രധാനമന്ത്രി കാലാവസ്ഥ മോശമായതിനാല്‍ അരമണിക്കൂര്‍ വൈകിയാണ് റോഡുമാര്‍ഗം യാത്ര തിരിക്കുന്നത്. അതുകഴിഞ്ഞ് 20 മിനിറ്റ് നേരം മേല്‍പ്പാലത്തില്‍ കുടുങ്ങുകയും ചെയ്യുന്നു. വിവിഐപി സുരക്ഷയുള്ളവരുടെ പരിപാടികളില്‍ അവര്‍ എത്തുന്നതിന് നിശ്ചിത സമയത്തിന് മുമ്പായിരിക്കണം ആളുകളെ അകത്തേയ്ക്ക് പ്രവേശിപ്പിക്കേണ്ടതെന്ന് വ്യവസ്ഥയുണ്ട്. അങ്ങനെയെങ്കില്‍ വൈകി പുറപ്പെട്ട പ്രധാനമന്ത്രിയുടെ പരിപാടിയിലേയ്ക്ക് അതിനെക്കാള്‍ വൈകിയ പ്രവര്‍ത്തകരെത്തിയെങ്കില്‍ ആ വീഴ്ചയുടെ ഉത്തരവാദിത്തം ബിജെപിക്കാണ്, അല്ലെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ്. ഈ പശ്ചാത്തലങ്ങളില്‍ പരിശോധിക്കുമ്പോഴാണ് പ്രേം ശങ്കര്‍ ഝായുടേതും ഹരീഷ് ഖരേയുടേയും ലേഖനങ്ങളിലെ നിഗമനങ്ങള്‍ ശ്രദ്ധേയമാകുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബ് മാത്രമാണ് ബിജെപി ഭരിക്കാത്തതായിട്ടുള്ളത്. നാലില്‍ ജയിച്ചാലും പഞ്ചാബില്‍ തോറ്റാല്‍ അത് ബിജെപിക്ക് നല്കുന്ന ആഘാതം വളരെ വലുതായിരിക്കും. എതിരാളികളില്ലെന്നതുപോലെ ഏഴര വര്‍ഷമായി നടത്തിവന്ന തേരോട്ടത്തെ പിടിച്ചുലച്ച കര്‍ഷക സമരം തന്നെ അതിനുള്ള പ്രധാനകാരണം. പ്രക്ഷോഭം തുടങ്ങിയ മണ്ണിലുണ്ടാകുന്ന തോല്‍വി നല്കുന്ന ആഘാതം അത്രമേല്‍ കനത്തതായിരിക്കും. അതൊഴിവാക്കുവാനുള്ള ഏകവഴിയായി പഞ്ചാബിലെ തെരഞ്ഞെടുപ്പ് തന്നെ മാറ്റിവയ്പിക്കുവാനാകുമോ എന്ന ചിന്ത ഏതോ കേന്ദ്രത്തില്‍ ഉടലെടുത്തിട്ടുണ്ടാകും. അതില്‍ നിന്ന് പിറവികൊണ്ടൊരു നാടകമായിരുന്നുവോ പഞ്ചാബിലെ മേല്‍പ്പാലത്തില്‍ നടന്നതെന്ന സംശയം പിന്നീടുള്ള മണിക്കൂറുകളില്‍ മോഡിയുടെയും ബിജെപിയുടെയും ഭാഗത്തുനിന്നുണ്ടായ നീക്കങ്ങള്‍ പരിശോധിക്കുമ്പോള്‍ ബലപ്പെടുകയാണ് ചെയ്യുന്നത്. മണിക്കൂറുകള്‍ക്കകം ആറ് ബിജെപി മുഖ്യമന്ത്രിമാരാണ് സംഭവത്തെ കുറിച്ച് കടുത്ത ഭാഷയില്‍ പ്രതികരണവുമായി പഞ്ചാബ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ സംഭവത്തിന് പിറകില്‍ ഖലിസ്ഥാനും പഞ്ചാബ് സര്‍ക്കാരിനും പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. എന്നുമാത്രമല്ല പഞ്ചാബ് മുഖ്യമന്ത്രി ചരംജിത് സിങ് ഛന്നിയെ ഗൂഢാലോചനയ്ക്ക് അറസ്റ്റ് ചെയ്യണമെന്നും ശര്‍മ ആവശ്യപ്പെട്ടു. ചുരുങ്ങിയത് ഒരു രാഷ്ട്രപതി ഭരണ സാധ്യതയെങ്കിലും തേടിയിരുന്നുവെന്നാണ് മേല്‍പ്പാലത്തില്‍ നാടകത്തിന്റെ തൊട്ടടുത്ത ദിവസം മോഡി രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സംഭവങ്ങള്‍ വിശദീകരിച്ചതില്‍ നിന്ന് കരുതാവുന്നത്. പക്ഷേ അതിനുള്ള സമയം നല്കാതെ പരമോന്നത കോടതി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഒപ്പം തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍ പെട്ടെന്നുതന്നെ അഞ്ചിടങ്ങളിലെയും തെര‍ഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ഗൂഢോദ്ദേശ്യം പാളിപ്പോയത്. നിലം നഷ്ടപ്പെടുമെന്നുവരുമ്പോള്‍ ഒരു ഫാസിസ്റ്റ് ഭരണാധികാരി എത്രത്തോളം അപകടകാരിയാകുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇതെല്ലാം നല്കുന്നത്. യുപിയിലെ കൂട്ടക്കൊഴിഞ്ഞുപോക്കും ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലെ ആഭ്യന്തര കലഹവും ഭരണ വിരുദ്ധ വികാരവും പിടിച്ചുലയ്ക്കുമ്പോള്‍ ബിജെപി ഇനി എന്തൊക്കെ നാടകങ്ങള്‍ അവതരിപ്പിക്കുമെന്നറിയില്ല. എല്ലാ സംസ്ഥാനങ്ങളിലും മത വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നുണ്ട്. അതിനപ്പുറം അപകടകരമായ എന്താണ് നടക്കുകയെന്നത് കണ്ടറിയണം. ബിജെപി നേതാക്കളുടെയും ഭരണാധികാരികളുടെയും ശരീരഭാഷ പോലും ആ ഭയം ജനിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.