രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയിൽ വലിയ മാറ്റങ്ങൾക്ക് വഴിവച്ചതായിരുന്നു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പിന്തുണ നല്കിയിരുന്ന ഇടതുപക്ഷ കക്ഷികളുടെ സമ്മർദത്തെ തുടർന്നായിരുന്നു പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വന്നത്. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ, ഗ്രാമീണ മേഖലയിൽ തൊഴിലെടുക്കുവാൻ സന്നദ്ധമാകുന്ന കുടുംബത്തിന് സാമ്പത്തിക വർഷം പരമാവധി 100 ദിന തൊഴിൽ നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തത്. ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് തൊഴിൽ, ഉല്പാദനക്ഷമത കൂട്ടുക വഴി ഭക്ഷ്യസുരക്ഷ തുടങ്ങിയവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ആദ്യവർഷങ്ങളിൽ ഗ്രാമീണ സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിൽ തൊഴിലുറപ്പ് പദ്ധതി വലിയ പങ്ക് വഹിച്ചെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഗുണകരമായ മാറ്റങ്ങളുണ്ടായെന്നും പഠനങ്ങളുണ്ടായി. എന്നാൽ ബിജെപി അധികാരത്തിലെത്തിയതിനുശേഷമുള്ള 10 വർഷത്തിനിടെ പ്രസ്തുത പദ്ധതി ദുർബലപ്പെടുത്തുന്നതിനുള്ള വിവിധ ശ്രമങ്ങളാണുണ്ടായത്. ഓരോ ബജറ്റിലും വിഹിത വർധനയാണ് ആവശ്യപ്പെടാറുള്ളതെങ്കിലും വെട്ടിക്കുറയ്ക്കുക എന്ന രീതിയാണ് കേന്ദ്ര സർക്കാർ അവലംബിച്ചുപോന്നത്. ഓരോ വർഷവും ആവശ്യക്കാരുടെ എണ്ണവും തൊഴിൽ ദിനങ്ങളും വർധിക്കുന്ന സാഹചര്യം രാജ്യത്തിന്റെ ഗ്രാമീണമേഖല നേരിടുന്ന പ്രധാനവെല്ലുവിളിയെയാണ് വ്യക്തമാക്കുന്നത്. എന്നാൽ അതിനനുസരിച്ച് വിഹിതം വർധിപ്പിക്കാത്തത് വേതന ലഭ്യത തടസപ്പെടുന്നതിനും തൊഴിൽ ദിനങ്ങൾ കുറയുന്നതിനും കാരണമാകുന്നു. 2020–2021ൽ കോവിഡ് അടച്ചുപൂട്ടലിന്റെ ഫലമായി ഗ്രാമീണ മേഖല നേരിട്ട വലിയ പ്രതിസന്ധി മറികടക്കുന്നതിന് പദ്ധതി സഹായകമായിരുന്നു. 385 കോടി തൊഴിൽ ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. അതിനാൽ ബജറ്റിൽ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ തുക പുതുക്കിയ കണക്കിൽ വക കൊള്ളിക്കുകയും ചെയ്തു. 61,500 കോടിയിൽ നിന്ന് 1,11,500 കോടി ആയാണ് ഉയർത്തിയത്.
2023–24ല്‍ ഇത് 307 കോടി ദിനങ്ങളായി കുറച്ചു. ഇതിനായി ചെലവഴിച്ചത് 1,02,850 കോടി രൂപയായി കുറയ്ക്കുകയും ചെയ്തു. നടപ്പുവർഷം ബജറ്റിൽ അനുവദിച്ചത് 86,000 കോടി മാത്രവും. എന്നുമാത്രമല്ല പൂർണമായും കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇതിനെ കേന്ദ്ര — സംസ്ഥാന പദ്ധതിയാക്കണമെന്ന നിർദേശവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ധനവിഹിതം 60:40 അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും പങ്കുവയ്ക്കണമെന്നും, അഴിമതി തടയുന്നതിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗരൂകരായിരിക്കണമെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ് അടുത്തിടെ നടത്തിയ പ്രസ്താവന ഇതിന്റെ മുന്നോടിയാണ്. അതുകൂടി നടപ്പിലായാൽ പദ്ധതി കൂടുതൽ അവതാളത്തിലാകുമെന്നതാണ് സ്ഥിതി. ഇപ്പോൾതന്നെ കേന്ദ്ര- സംസ്ഥാന വിഹിതമുള്ള പല പദ്ധതികളും കേന്ദ്ര പങ്ക് ലഭിക്കാതെ അവതാളത്തിലാകുന്ന സ്ഥിതി വ്യാപകമായുണ്ട്. സമാന അനുഭവങ്ങൾ തൊഴിലുറപ്പ് പദ്ധതിക്കും ഉണ്ടായേക്കും എന്നതും ആശങ്ക സൃഷ്ടിക്കുന്നു.
ഇതിന് പിന്നാലെയാണ് നടപ്പുസാമ്പത്തിക വർഷം അനുവദിച്ച വിഹിതം മതിയാകാതെ വന്നതിനാൽ അധിക തുക അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തത് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി. കഴിഞ്ഞ വർഷം പദ്ധതിക്ക് അനുവദിച്ച ഫണ്ട് കുറവായത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ എൻആർഇജി ആവശ്യം അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണെന്നും അധിക വിഹിതം വേണ്ടപ്പോൾ ലഭ്യമാക്കുമെന്നുമാണ് സർക്കാർ അറിയിച്ചിരുന്നത്. ഓരോ വർഷവും ബജറ്റിൽ നീക്കിവയ്ക്കുന്നതിനെക്കാൾ കൂടുതൽ തുക ചെലവഴിക്കപ്പെടുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. എങ്കിലും ബജറ്റിൽ അതിന് ആനുപാതികമായി വിഹിത വർധന വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് നടപ്പുസാമ്പത്തിക വർഷത്തെ വേതന വിതരണം പ്രതിസന്ധിയിലായിരിക്കുന്നത്. നിയമമനുസരിച്ച് ആഴ‍്ചതോറും വേതനം വിതരണം ചെയ്യണം. പരമാവധി കാലതാമസം അനുവദിക്കുന്നത് ജോലി പൂർത്തിയായി രണ്ടാഴ‍്ചയാണ്. എന്നാൽ അത് പാലിക്കപ്പെടുന്നില്ല. വേതനത്തിന് പുറമെയുള്ള കേന്ദ്ര വിഹിതം 60 ശതമാനം നൽകേണ്ട വകയിലും 5,715 കോടി സംസ്ഥാനങ്ങൾക്ക് കിട്ടാനുണ്ട്. ഇതിന് പുറമെ ആധാർ അധിഷ്ഠിത വേതന വിതരണം എന്നിങ്ങനെ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിച്ചുള്ള പരിഷ്കരണം വഴി പുറത്താക്കപ്പെടുന്ന തൊഴിലാളികളുടെ എണ്ണവും വർധിക്കുന്നു. ഇക്കാരണം പറഞ്ഞ് 85 ലക്ഷത്തോളം പേരെയാണ് ഒഴിവാക്കിയത്. 15 കോടിയിലധികം തൊഴിലാളികൾ ഉണ്ടായിരുന്നത് 2023ൽ 14.3 കോടിയായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ വീണ്ടും കുറഞ്ഞ് 13.2 കോടിയാകുകയും ചെയ്തു. ഇങ്ങനെ പലവിധ പ്രതിസന്ധികളാണ് കേന്ദ്രത്തിന്റെ നിരുത്തരവാദിത്തവും അവഗണനയും മൂലം തൊഴിലുറപ്പ് പദ്ധതി നേരിട്ടുകൊണ്ടിരിക്കുന്നത്. ബജറ്റ് വിഹിതം വർധിപ്പിക്കുന്നതിനൊപ്പം തൊഴിൽ ദിനങ്ങളുടെ എണ്ണവും വേതനവും വർധിപ്പിക്കണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്. ഇതേ ആവശ്യങ്ങൾ പാർലമെന്ററി സമിതിയും അടുത്തിടെ മുന്നോട്ടുവയ്ക്കുകയുണ്ടായി. നമ്മുടെ ഗ്രാമീണ സമ്പദ്ഘടനയിൽ വലിയ സ്വാധീനം ചെലുത്തുകയും ദാരിദ്ര്യലഘൂകരണത്തെ സഹായിക്കുകയും ചെയ്ത പദ്ധതിയെന്ന് അനുഭവത്തിലൂടെ തെളിഞ്ഞ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതവർധനയ്ക്കുള്ള നടപടി ബജറ്റിൽ ഉണ്ടാകണമെന്നാണ് എല്ലാ കോണുകളിൽനിന്നും ആവശ്യമുയർന്നിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.