23 January 2025, Thursday
KSFE Galaxy Chits Banner 2

സ്ട്രോക്ക് തടയാൻ

ഡോ. പി സോമസുന്ദരം 
October 29, 2022 4:40 am

ക്ടോബർ 29 അന്താരാഷ്ട്ര സ്ട്രോക്ക് ദിനമായി എല്ലാവർഷവും ആചരിക്കുന്നു. ‘വിലപ്പെട്ട സമയ’മാണ് ഇത്തവണത്തെ വിഷയം. ഒക്ടോബർ 29 (2004) കാനഡയിലെ വാൻഗോവർ എന്ന സ്ഥലത്ത് ചേർന്ന കോൺഗ്രസാണ് എല്ലാവർഷവും ഈ ദിനമാചരിക്കാൻ തീരുമാനിച്ചത്. 2006‑ൽ ഈ ദിനം പൊതുജന ബോധവല്ക്കരണത്തിനായും നടത്താൻ തീരുമാനിച്ചു. ഓരോ മിനിറ്റിലും മൂന്ന് ഇന്ത്യക്കാർ എന്ന രീതിയിലാണ് സ്ട്രോക്ക് വരുന്നത്. പ്രായമായവരെയാണ് മസ്തിഷ്കാഘാതം കൂടുതലായി ബാധിക്കുന്നത് എങ്കിലും ഏത് പ്രായത്തിലും ആർക്കും ഇത് സംഭവിക്കാം. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിലൂടെയും അപകട സാധ്യതാഘടകങ്ങൾ മനസിലാക്കുന്നതിലൂടെയും തലച്ചോറിലെ സ്ട്രോക്ക് തടയാൻ സാധിക്കും. നേരത്തെയുള്ള രോഗ നിർണയവും ചികിത്സയും ഇക്കാര്യത്തിൽ അതീവ പ്രധാനമാകുന്ന ഘട്ടങ്ങളുണ്ട്. ലോകത്തിലുളള ആറിലൊന്ന് പേർക്കും അവരുടെ ജീവിതത്തിനിടയ്ക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. ശരീരത്തിന്റെ ഒരു ഭാഗത്തായോ, ചിപ്പോൾ ഇരുഭാഗത്തായോ തളർച്ചയുണ്ടാകുന്നു. കാഴ്ച, സംസാരം എന്നിവയ്ക്ക് പ്രശ്നങ്ങളുണ്ടാകാം. ചിലപ്പോൾ മരണവും സംഭവിക്കാം. കൂടുതലും ഇസ്റ്റീമിക് സ്ട്രോക്ക് ആണ് (തലച്ചോറിന്റെ ചില ഭാഗങ്ങളിലേക്ക് രക്തം വരുന്നത് നിലയ്ക്കും). ഇത് തലച്ചോറിന്റെ കോശങ്ങൾ നശിക്കുന്നതിന് ഇടയാക്കുന്നു. രക്തധമനി പൊട്ടി തലച്ചോറിന്റെ കോശങ്ങളിൽ രക്തം നിറയുന്ന രോഗാവസ്ഥയാണ് എമറേജ് സ്ട്രോക്ക്. ഇതിൽ സ്ട്രോക്കിനോടൊപ്പം നല്ല തലവേദനയുമുണ്ടാകും. ഇത് മാരകമാണ്. ആ അവസ്ഥയിൽ ഡോക്ടറെ കാണാൻ ഒരു കാരണവശാലും വൈകരുത്. നേരത്തെയുളള ചികിത്സാ കാര്യം മറയ്ക്കരുത്. എന്നുവച്ചാൽ മുഖത്തിന്റെ കോടൽ, കൈകളുടെ തളർച്ച, സംസാരത്തിലുളള വ്യതിയാനം. സമയം പ്രധാനമാണ്.


ഇതുകൂടി വായിക്കൂ: ആരോഗ്യം ക്ഷയിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ


ചികിത്സാ കാര്യത്തിൽ നാലര മണിക്കൂറിനകം ഡോക്ടർമാരുടെ പരിശോധനയും സ്കാനിങ്ങും പെട്ടെന്നുള്ള മരുന്നിന്റെ കുത്തിവയ്പും നിർണായകമാണ്. ഇങ്ങനെയുള്ള ആശുപത്രിയില്‍ വേണം രോഗിയുടെ പ്രവേശനം ഉറപ്പു വരുത്താന്‍. കൃത്യമായ ചികിത്സ, രക്ത സമ്മർദ്ദം കുറയ്ക്കുക, അമിതവണ്ണം, തൂക്കം എന്നിവ കുറയ്ക്കുക, സ്ഥിരമായ വ്യായാമം, മദ്യപാനം ഒഴിവാക്കൽ, കൃത്യമായ പ്രമേഹ ചികിത്സ, പുകവലി ഒഴിവാക്കൽ, ആടിയൽ ഫിബ്ലേഷൻ അഥവാ ഹൃദയനിരക്ക് കുറയ്ക്കൽ എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ. 80 വയസിനു ശേഷം പക്ഷാഘാതം ഉണ്ടാവാനുളള സാധ്യത 50 വയസുകാരെ അപേക്ഷിച്ച് 30 തവണ വരെ കൂടുതലാണ്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവരിലും ഗർഭകാലത്ത് എസ്എൽഇ (സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസിസ്) രോഗമുള്ളവരിലും ഗർഭകാലത്ത് രക്തസമ്മർദ്ദമുള്ളവർക്കും, പ്രസവശേഷം കാർഡിയോമയോപ്പതി രോഗമുള്ളവർക്കും സ്ട്രോക്ക് സാധ്യത കൂടുതൽ തന്നെയാണ്.


ഇതുകൂടി വായിക്കൂ:  എഴുത്തുകാരുടെ എഴുത്തുകാരൻ


ഈ സ്ട്രോക്ക് ഹൃദയാഘാതത്തെ തുടർന്നും, കൃത്രിമ ഹൃദയ വാൾവ് ഘടിപ്പിക്കുന്നതിനെ തുടർന്നും ഉണ്ടാവാം. മദ്യപാനികളിൽ കൂടുതൽ കണ്ടുവരുന്ന ഡയലേറ്റഡ് കാർഡിയോമയോപ്പതിയെ തുടർന്ന് ചെറുപ്പക്കാരിൽ സ്ട്രോക്ക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഹൃദ്രോഗാവസ്ഥയ്ക്കുള്ള മരുന്നുകൾ മുറയ്ക്ക് കഴിക്കേണ്ടതുണ്ട്. സാധാരണ രക്തപരിശോധന, സിടി പരിശോധന എന്നിവയ്ക്ക് പുറമെ സിടി ആന്റിയോഗ്രാഫി, മാഗ്നറ്റിക് റസണൻസ് ആന്റിയോഗ്രാഫി, എം ആർ ആന്റിയോഗ്രാഫി പരിശോധനകൾക്ക് പുറമെ കൊളസ്ട്രോൾ പരിശോധനയും രക്തസമ്മർദ്ദപരിശോധനയും രോഗികൾക്ക് ആവശ്യമായി വരും. ന്യൂറോസിവിലിസ്, അരിവാൾ രോഗം, തലച്ചോറിനെ ബാധിക്കുന്ന ക്ഷയരോഗം, ഉയർന്ന കൊളസ്ട്രോൾ, എച്ച്ഐവി അണുബാധ എന്നിവയും സ്ട്രോക്കിന് കാരണമാവാറുണ്ട്. സ്ട്രോക്കിന് കാരണമായ മസ്തിഷ്കത്തിനകത്തെ ഭാഗം കണ്ടെത്തുന്നതിനാണ് അത്യാവശ്യമായി സിടി സ്കാൻ ചെയ്യുന്നത്. മറ്റു പലരോഗങ്ങളുടെ കാര്യത്തിലും സ്ട്രോക്കുണ്ടാവാമെങ്കിലും മസ്തിഷ്കത്തിനകത്ത് തകരാർ പറ്റിയ ഭാഗം കണ്ടെത്തുന്നതിന് ക്ലിനിക്കൽ പരിശോധനയ്ക്കു പുറമെ ഡോക്ടർമാർക്ക് തലച്ചോറിന്റെ സിടി സ്കാനിങ്ങും വേണ്ടിവരുമെന്നതാണ് കാര്യം. സ്ട്രോക്കിന്റെ അവബോധം വളർത്തുക, പ്രതിരോധം, ചികിത്സ നേരത്തെ ആക്കുക, അതിജീവിക്കുന്നവർക്ക് മികച്ച പിന്തുണയും പരിചരണവും ഉറപ്പാക്കുക എന്നതിനാലാണ് ഈ സ്ട്രോക്ക് ദിനത്തിന്റെ പ്രസക്തി വർധിക്കുന്നത്.

(ലേഖകന്‍ കാസർകോട് ടാറ്റാ ട്രസ്റ്റ് ഗവഃ ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിന്‍ എംഡിയും ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റുമാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.