കാലപ്പാമ്പ്

Web Desk
Posted on January 20, 2018, 8:15 pm

ശിവദാസന്‍ എ കെ

വ പലതരമുണ്ടായിരുന്നു. കരിങ്കറുപ്പു നിറത്തില്‍. ചിലത് കറുപ്പില്‍ തിളങ്ങുന്ന വെള്ളിവരയില്‍. ചിലതിന് ഒരു തല. മറ്റു ചിലതിന് രണ്ട് പത്തിയുള്ളത്. ഇല്ലാത്തത്. അങ്ങിനെ.… എല്ലാം ഘോരസര്‍പ്പങ്ങള്‍.
അവ ചീറ്റുന്ന വിഷം കലര്‍ന്ന് വരണ്ടുപോയ ആകാശത്തിന്‍റെ കാളിമയാണെങ്ങും.
ഉഷ്ണം വേവിച്ച രാത്രിയില്‍ അയാള്‍ നിലവിളിയോടെ പല വട്ടം ഞെട്ടിയുണര്‍ന്നു.
എന്തേ? ഇങ്ങനെ പാമ്പിനെ സ്വപ്നം കാണാന്‍.
അയാളുടെ തലച്ചോറു പുകഞ്ഞു. ജാതകവശാല്‍ കെട്ട കാലമാണ്. അതാണിങ്ങനെ.
കുറച്ചേറെയായിട്ടുണ്ട്. ഉറങ്ങാനായി ഒന്ന് കണ്ണടക്കേണ്ട താമസം എവിടെ നിന്നൊക്കെയോ അവ വന്നു ചേരുകയായി.
പകല്‍ വെളിച്ചത്തില്‍ വീടിനു ചുറ്റും കണ്ട പാടുകള്‍ അയാളെ കൂടുതല്‍ ഭയ ചകിതനാക്കി.
അപ്പോള്‍ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നോ.
തന്നെ കൊല്ലാന്‍ പാമ്പുകള്‍ കൂട്ടത്തോടെ ഇളകി വരുന്നോ.
മരിച്ചു പോയ ഒരു പാടത്തിന്റെ കരയിലെ ഒറ്റപ്പെട്ട വീടായിരുന്നു അയാളുടേത്.
നോക്കെത്താദൂരം തരിശിന് അതിര്‍ത്തിയിട്ട് നഗരമാലിന്യങ്ങള്‍ മൂടിയ കുറ്റിക്കാടുകള്‍ ഇടക്ക് കത്തിയും കെട്ടും പുകഞ്ഞുകൊണ്ടേയിരുന്നു.
എങ്ങോട്ട് പോകാനാണ്. അതും പാമ്പിനെ പേടിച്ച്. അയാള്‍ തന്നോടു തന്നെ പറഞ്ഞു കൊണ്ടിരുന്നു.
”നാഗദോഷമാണ്. നാഗങ്ങള്‍ക്ക് നൂറും പാലും. പ്രത്യേക പൂജകള്‍ വേണം. എന്നെങ്കിലും പാമ്പിനെ ഉപദ്രവിച്ചിട്ടുണ്ടോ?”
പ്രശ്‌നവിധിക്കാരന്‍ ചോദിച്ചു.
അയാള്‍ ഓര്‍ത്തു നോക്കി. അങ്ങനെയൊന്നുമില്ലല്ലോ.
അയാള്‍ക്കു ഭയമായിരുന്നു പാമ്പുകളെ.
എന്നിട്ടുമെന്തേ അവയ്ക്ക്.
”കെട്ട കാലമാണ് സൂക്ഷിക്കണം. ജീവനെടുക്കാനാണ് അവ ഒരുമ്പെട്ടിറങ്ങിയിട്ടുള്ളത്. കാലപ്പാമ്പ്. ” പ്രശ്‌നക്കാരന്റെ മുന്നറിയിപ്പ്.
മരിക്കുമെന്നൊരു തോന്നല്‍ മാത്രം മതി. ജീവിക്കാനെന്ത് കൊതിയാണ്.
എന്തെങ്കിലും ചെയ്‌തേ പറ്റൂ. പരിഹാരമില്ലാത്ത പ്രശ്‌നമുണ്ടോ.
വഴിയരികില്‍ തളര്‍ന്നിരിക്കവെ ഒരു വൃദ്ധന്‍ ചോദിക്കുന്നു.
”എന്തേ മുഖം വല്ലാണ്ടിരിക്കണൂ?”
ഇങ്ങനെയും ആളുകളുണ്ടോ. അപരിചിതരുടെ വേദനകളും മനസ്സിലാക്കുന്നവര്‍.
പക്ഷേ എന്തിനു പറയണം.
എങ്കിലും പറഞ്ഞു. പറയാതെ വയ്യാത്ത ഒരവസ്ഥയിലായിരുന്നല്ലോ അയാള്‍.
എല്ലാം ശ്രദ്ധിച്ച് കേട്ട് പോകവെ വൃദ്ധന്‍ പറഞ്ഞു.
”ഞാന്‍ പറഞ്ഞത് ചെയ്യൂ.” അയാള്‍ മനസ്സില്ലാമനസ്സോടെ തലയാട്ടി.
അന്നു രാത്രി വക്കുപൊട്ടിയ ഒരു പരന്ന പാത്രത്തില്‍ കുറച്ച് വെള്ളം അയാള്‍ മുറ്റത്ത് നിറച്ച് വെച്ചു.
മുനിസിപ്പാലിറ്റിക്കാരോട് ഇരന്നുവാങ്ങിയ ദിവസവിഹിതത്തിന്റെ പകുതിയോളം വരുമായിരുന്നു അത്.
രാത്രിയിലെപ്പോഴൊ ഒച്ച കേട്ടയാള്‍ ഉണര്‍ന്നു.
പരന്നു കിടന്ന നിലാവില്‍ നാഗത്താന്‍മാര്‍ വെള്ളം കുടിച്ച് തിമിര്‍ക്കുന്നത് കണ്ടു.
അപരിചിതനായ വൃദ്ധന്റെ വാക്കുകള്‍ അയാളുടെ കാതില്‍ മുഴങ്ങി.
അവറ്റക്ക് വേണ്ടത് നൂറും പാലുമല്ല. ഉള്ളുതണുക്കാന്‍ ഇത്തിരി വെള്ളമാണ്.
അയാള്‍ അകലേക്ക് നോക്കി. ഇനിയും എരിഞ്ഞ് തീരാത്ത കുന്നുകളില്‍ പതിയിരുന്ന് കനലുകള്‍ കണ്ണു ചിമ്മുന്നു.
അന്നയാള്‍ സമാധാനമായി ഉറങ്ങി. ദുസ്വപ്നങ്ങളില്ലാതെ.…