27 April 2024, Saturday

Related news

April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

പരാജയം മണക്കുമ്പോള്‍ ‘ഇര’യുടെ കാർഡ് ഇറക്കുന്നു

അരുൺ ശ്രീവാസ്തവ
November 16, 2022 4:18 am

ണിയറിയാത്ത തച്ചന്‍ ഉപകരണങ്ങളെ കുറ്റപ്പെടുത്തുന്നതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിലും ജനാധിപത്യഭരണം നടപ്പാക്കുന്നതിലും പരാജയപ്പെട്ടതോടെ സ്വയം ‘ഇര’യെന്ന കാർഡ് ഇറക്കാന്‍ തുടങ്ങിയിരിക്കുന്നു. തന്റെ ജനപ്രീതിയും ആകര്‍ഷണീയതയും ക്ഷയിച്ചു വരികയാണെന്നും താന്‍ പറയുന്നതിനോട് ആളുകൾ മുഖംതിരിച്ചു തുടങ്ങിയെന്നും മോഡി തിരിച്ചറിയുന്നുവെന്ന് വേണം കരുതാന്‍. അതില്‍ നിന്നൊരു ‘ഓപ്പറേഷൻ രക്ഷാപ്രവർത്തനം’ വേണം എന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസത്തെ തന്റെ തെലങ്കാന സന്ദർശനത്തില്‍ മുഖം രക്ഷിക്കാന്‍ പുതിയ തന്ത്രമാണ് പുറത്തെടുത്തത്. ‘തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ജനങ്ങള്‍ക്കായി മുഴുവന്‍ സമയവും പ്രവർത്തിച്ചിട്ടും പ്രതിപക്ഷം തനിക്കെതിരെ ‘ഗാലി’ (അധിക്ഷേപം) എറിയുകയാണ്’ എന്നാണദ്ദേഹം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് തെലങ്കാനയില്‍ പറഞ്ഞത്. താൻ ദിവസവും മൂന്ന് കിലോ വരെ വാക്കുകൊണ്ടുള്ള ഗാലി കഴിക്കുന്നുണ്ടെന്നും അത് പോഷകാഹാരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ രാവിലെ ഡൽഹിയിലായിരുന്നു, പിന്നെ കർണാടകയിൽ, തമിഴ്‍നാട്ടിൽ, ഇന്ന് രാത്രി ആന്ധ്രയിലായിരിക്കും. ഇപ്പോൾ തെലങ്കാനയിലാണ്. ആളുകൾ എന്നോട് ചോദിക്കാറുണ്ട്, താങ്കൾക്ക് ക്ഷീണമുണ്ടാകാറില്ലേ എന്ന്. ഞാൻ അവരോട് പറയാറുള്ളത്- ഞാൻ ദിവസവും രണ്ട് മുതല്‍ മൂന്ന് കിലോ വരെ അധിക്ഷേപവാക്കുകള്‍ കഴിക്കുന്നു. അവ പോഷകാഹാരമായി മാറുന്ന തരത്തിലാണ് ദെെവം എന്നെ അനുഗ്രഹിച്ചിരിക്കുന്നത്’-മോഡിയുടെ സ്വയംപുകഴ്ത്തല്‍ ഇങ്ങനെയായിരുന്നു.


ഇതുകൂടി വായിക്കൂ: പ്രധാനമന്ത്രിക്ക് 360 കോടിയുടെ വസതി


ഒരു തെറ്റായ പ്രവർത്തനവും ചെയ്യാത്ത ആള്‍ സ്വയം ഇരയായി ചമയുകയും ജനങ്ങളുടെ സഹതാപം തേടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എന്തിന് എന്ന സംശയം ന്യായമാണ്. ഉയര്‍ന്ന ധാർമ്മിക ബോധമുള്ളതായി പറയുന്ന ഈ വ്യക്തി ഒരിക്കലും ക്ഷമാപണം നടത്തിയതായി കണ്ടിട്ടില്ല. സ്വയം ഇരയായി ഉയർത്തിക്കാട്ടുന്നത് മോഡിയുടെ പ്രവർത്തന ശൈലിയുമായി പൊരുത്തപ്പെടുന്നതുമല്ല. രാഷ്ട്രീയ എതിരാളികളോടും തന്റെ പ്രവർത്തനങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ധൈര്യപ്പെടുന്ന ബുദ്ധിജീവികളോടും അക്കാദമിക് വിദഗ്ധരോടും പോലും അദ്ദേഹം എങ്ങനെ ഇടപെടുന്നുവെന്ന് ജനങ്ങൾക്കറിയാം. അദ്ദേഹത്തിന്റെ ഭരണത്തില്‍ പണ്ഡിതന്മാരും ബുദ്ധിജീവികളും പത്രപ്രവർത്തകരും അറസ്റ്റിലാകുന്നു. സാമൂഹിക പ്രവർത്തകരെയും ബുദ്ധിജീവികളെയും വേട്ടയാടുന്നത് ഇപ്പോഴും തുടരുന്നു. അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ജയിലിലാണ്. 2018 ഒക്ടോബറിൽ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ 84 കാരനായ പുരോഹിതനും ആദിവാസി അവകാശ പ്രവർത്തകനുമായ സ്റ്റാന്‍ സ്വാമി 2021 ജൂലൈ അഞ്ചിന് ജയിലിൽ വച്ച് മരിച്ചു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ തൊഴിലാളികളുടെ അറസ്റ്റ് മുതൽ നക്സലൈറ്റ് വേട്ട വരെ, ഭീമ കൊറേഗാവ് കേസ് ഒന്നിലധികം വകുപ്പുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായതോടെയാണ് ഭീമാ കൊറേഗാവ് കേസിൽ നിന്ന് മാവോയിസ്റ്റ് ബന്ധത്തിലേക്ക് പൊലീസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഓരോ ആഴ്ചയും പുതിയ അവകാശവാദങ്ങളും പുതിയ അറസ്റ്റുകളും നടക്കുന്നു. അന്താരാഷ്ട്ര ബന്ധം ആരോപിക്കുകയും അറസ്റ്റിലായ പ്രതികൾക്ക് നേപ്പാളിൽ നിന്നുള്ള മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം അവസാനം ഗദ്ചിരോളിയിൽ കൊല്ലപ്പെട്ട മുതിർന്ന മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെൽതുംബ്‍ദെയാണ് കേസിലെ മുഖ്യസൂത്രധാരനെന്നും പൊലീസ് ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മോഡിയെ വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനോ ആർക്കും അവകാശമില്ലെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. അങ്ങനെ ചെയ്യാൻ ധൈര്യപ്പെടുന്നത് ആരായാലും അവരുടെ പറയാനുള്ള സ്വാതന്ത്ര്യം അപകടത്തിലാകുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യും. മോഡിയുടെ അംഗീകാരമില്ലാതെ രാജ്യത്ത് യാതൊന്നും ചലിക്കരുത് എന്നത് ഒരു വസ്തുതയാണ്. ശബ്ദമുയർത്താൻ ചില പ്രതിപക്ഷ നേതാക്കൾ പോലും ഭയക്കുന്നതും ജനങ്ങൾ കണ്ടതാണ്.


ഇതുകൂടി വായിക്കൂ: ഗുജറാത്ത് തെരഞ്ഞെടുപ്പും മോഡിയുടെ അപ്രമാദിത്വവും


മോഡിയുടെ ഗാലി പ്രയോഗം കപടവാദമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ നിരീക്ഷിച്ചത് വളരെ ശരിയാണ്. ജനവിധിയെ മാനിക്കുന്നതിന് പകരം ഇരയുടെ കാർഡ് കളിക്കാനാണ് മോഡി ശ്രമിക്കുന്നത്. പ്രതിപക്ഷം അദ്ദേഹത്തെ വിമര്‍ശിക്കുന്നതില്‍ എന്ത് തെറ്റാണുണുള്ളത്? ജനങ്ങൾ അദ്ദേഹത്തിന് രണ്ടു തവണ വോട്ട് ചെയ്തു. അതുകൊണ്ട് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വിശദീകരിക്കണം. ഇവരുടെ ആളുകള്‍ ഗാന്ധിജിക്ക് ‘ഗോലി’ നൽകി. അവരുടെ ഫോട്ടോകൾ ഇവരുടെ (ആർഎസ്എസ്-ബിജെപി) ഓഫീസുകളിൽ തൂക്കിയിട്ടുമുണ്ട്. എന്നിട്ടുമവര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു, അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. ഇപ്പോള്‍ ഇരയുടെ കാർഡ് കളിക്കുന്നത് വിരോധാഭാസമാണ്. യഥാർത്ഥ ആശങ്കകളിൽ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാൻ മോഡി എപ്പോഴും വിഷയങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് വാസ്തവം. ‘ഗാലി’ പ്രസ്താവനയും തികച്ചും ദുരുദ്ദേശ്യപരമാണ്. സ്വയം പാവമെന്ന് ഉയർത്തിക്കാട്ടി ജനങ്ങളുടെ സഹതാപം തേടുകയാണ് ലക്ഷ്യം. അതേസമയം തന്നെ അധിക്ഷേപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന പ്രതിപക്ഷ നേതാക്കൾക്കുള്ള ഭീഷണിയുമാണ്. ‘കഴിഞ്ഞ 20 വർഷമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും അപമാനങ്ങൾ സഹിക്കാനും ദൈവം എന്നെ പഠിപ്പിച്ചു. കഠിനാധ്വാനം ചെയ്തിട്ടും എനിക്ക് തളർച്ചയില്ല, കാരണം ദുരാരോപണങ്ങളെ പോഷണമായും പോസിറ്റീവ് എനർജിയായും മാറ്റാനുള്ള കഴിവ് ദൈവം നൽകി. അതുകാെണ്ട് ബിജെപി പ്രവർത്തകരോട് ഞാൻ അഭ്യർത്ഥിക്കുന്നത് അധിക്ഷേപങ്ങൾ കാണുമ്പോള്‍ ഹൃദ്യമായി ചിരിക്കുക, ചൂടുള്ള ചായ കുടിക്കുക, സംസ്ഥാനത്ത് താമര വിരിയുന്ന ഒരു നല്ല നാളെയ്ക്കായി പ്രവർത്തിക്കുക എന്നാണ്’-മോഡി പറഞ്ഞു.
ഗാലിയുമായി ഇറങ്ങിയിരിക്കുന്ന മോഡി, കുറച്ചുനാളായി ഹിന്ദു-മുസ്‍ലിം സ്പര്‍ദ്ധയെ മൃദുവായ രീതിയിലായിരുന്നു പുറത്തെടുത്തിരുന്നത് എന്നത് അതിശയമായിരുന്നു. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ അതിന് പുത്തൻ ഉണർവ് വന്നുകഴിഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, കർഷകര്‍ക്കുള്ള താങ്ങുവില, വർധിച്ചുവരുന്ന വിദ്വേഷം, വർഗീയ സംഘർഷം എന്നിവയെക്കുറിച്ചെല്ലാം നിശബ്ദത പാലിക്കാനാണ് മോഡി ഇഷ്ടപ്പെടുന്നത്. തന്റെ ഭക്തരുടെ വികാരം ഉണർത്താൻ ഇത്തവണ ഗാലി മതിയെന്നദ്ദേഹത്തിനറിയാം. സഹപ്രവർത്തകരും അനുയായികളും മോഡിയെ ദർശകൻ എന്നാണ് വിശേഷിപ്പിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിലെ മുന്നേറ്റവും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയോടുള്ള പിന്തുണയും അദ്ദേഹം കണ്ടിരിക്കണം. അതിനെയെല്ലാം തകര്‍ക്കാനും അപകീർത്തിപ്പെടുത്താനും അപ്രസക്തമാണെന്ന് ചിത്രീകരിക്കാനും ശ്രമിക്കുന്നതിനു പകരം, ജനങ്ങളെ വിലയിരുത്താനും വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള എന്തെങ്കിലും പദ്ധതിയുമാണ് പ്രഖ്യാപിക്കേണ്ടിയിരുന്നത്. പ്രതിപക്ഷം ഗാലി എറിയുകയാണെന്ന് ആരോപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല വേണ്ടത്. വൈകാരിക പ്രശ്‌നങ്ങൾ ആളിക്കത്തിക്കുന്നതിനു പകരം യുവാക്കളെ വേട്ടയാടുന്ന പ്രശ്‌നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.