26 February 2024, Monday

തൊഴിലാളി-കർഷക ഐക്യം ശക്തിപ്പെടുത്തണം

ഇന്ന് എഐടിയുസി സ്ഥാപകദിനം
കെ. പി രാജേന്ദ്രൻ
ജനറൽ സെക്രട്ടറി, എഐടിയുസി
October 31, 2023 4:15 am

ന്ത്യയിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനമായ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസി(എഐടിയുസി)ന്റെ 104-ാം സ്ഥാപക ദിനമാണ് ഇന്ന്. പ്രമുഖ ട്രേഡ് യൂണിയൻ നേതാവും ദീർഘകാലം എഐടിയുസി ജനറൽ സെക്രട്ടറിയുമായിരുന്ന സഖാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ ഓർമ്മദിനം കൂടിയാണ് ഒക്ടോബർ 31. ഇന്ന് നാം നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ചരിത്രത്തിൽ തൊഴിലാളിവർഗം വഹിച്ച പങ്കും ഈ ദിനത്തിൽ ഓർമ്മിക്കപ്പെടേണ്ടതാണ്.

1800കളുടെ പകുതിയിൽത്തതന്നെ പലമേഖലകളിലും തൊഴിലാളികൾ സംഘടിക്കുകയും നിരവധി സമരങ്ങൾ നടത്തുകയും ചെയ്തുവെങ്കിലും ഇന്ത്യൻ സ്വാതന്ത്യ്രസമരം ശക്തിപ്രാപിച്ചു തുടങ്ങിയ 1900 മുതൽക്കാണ് തൊഴിലാളി പ്രസ്ഥാനം വളർന്നുവരാൻ തുടങ്ങിയത്. സ്വാതന്ത്യ്രസമര നായകനായിരുന്ന ബാലഗംഗാധര തിലകനെ ആറ് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചതിനെതിരെ 1908 ജൂലായ് 23 മുതൽ 28 വരെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് ആ കാലഘട്ടത്തിലെ ഐതിഹാസിക സമരമായിരുന്നു. 1917ല്‍ ഒക്ടോബർ വിപ്ലവം ഇന്ത്യയിലെ തൊഴിലാളികൾക്ക് ആവേശവും ഉത്തേജനവും പകർന്നിരുന്നു. റൗളത് ആക്ടിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭങ്ങൾ ദേശീയ സ്വാതന്ത്യ്ര പ്രസ്ഥാനത്തിനും കരുത്തും ആവേശവും പകർന്നു. 1920ന്റെ ആദ്യപകുതിയിൽ മാത്രം 15 ലക്ഷം തൊഴിലാളികൾ പങ്കെടുത്ത ഇരുന്നൂറോളം പണിമുടക്ക് സമരങ്ങൾ രാജ്യമെമ്പാടും നടന്നു. അതോടൊപ്പം തന്നെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിരവധി തൊഴിലാളി സംഘടനകൾ രൂപീകരിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് 1920 ജൂലൈ 16ന് ബോംബെയിൽ ഒരു സമ്മേളനം ചേരുന്നതും ഒ‌ാൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് എന്ന സംഘടന രൂപീകരിക്കണമെന്ന് തീരുമാനിക്കുന്നതും. 1920 ഒക്ടോബർ 31ന് ബോംബെയിലെ എമ്പയർ തിയേറ്ററിൽ ചേർന്ന ആ സമ്മേളനമാണ് ലാലാ ലജ്പത് റായിയെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുത്തുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി വർഗ പ്രസ്ഥാനമായ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന് ജന്മം നൽകുന്നത്.


ഇതുകൂടി വായിക്കൂ: ചരിത്രത്തിൽ ഇവര്‍ കൂടിയുണ്ട്


എഐടിയുസിയുടെ സ്ഥാപക നേതാക്കളിൽ പലരും സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ കൂടി നേതാക്കളായിരുന്നു. അവർ നൽകിയ ഊർജവും പ്രോത്സാഹനവുമാണ് തൊഴിലാളി പ്രസ്ഥാനത്തിന് കരുത്തുപകർന്നത്. വിപ്ലവനായകനായ ഭഗത്‌സിങ് നിയമസഭയിലേക്ക് ബോംബെറിഞ്ഞ് ശ്രദ്ധയാകർഷിച്ചപ്പോൾ അദ്ദേഹം ഉന്നയിക്കാൻ ഉദ്ദേശിച്ച കാര്യങ്ങളിൽ പ്രധാനമായ ഒന്ന് തൊഴിലാളികൾക്കെതിരായ ക്രൂരമായ വ്യവസായ തർക്ക നിയമം പിൻവലിക്കണമെന്നതായിരുന്നു. 1928ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു എഐടിയുസി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് സൈമൺ കമ്മിഷനെതിരെ പ്രക്ഷോഭം നടത്തിയത്. ഈ പ്രക്ഷോഭങ്ങൾക്കിടയിലാണ് ലാത്തിച്ചാര്‍ജിൽ സ്ഥാപക പ്രസിഡന്റായ ലാല ലജ്പത്റായിക്ക് പരിക്കേൽക്കുന്നതും അദ്ദേഹം മരണത്തിനു കീഴടങ്ങുന്നതും. 1929ൽ നേതാജി സുഭാഷ് ചന്ദ്രബോസ് പ്രസിഡന്റായപ്പോൾ സംഘടനയെ കൂടുതൽ തീവ്ര സമരങ്ങളിലേക്ക് കൊണ്ടുപോവുകയും ഭരണാധികാരികളെ പിന്തുണയ്ക്കുന്ന വിഭജന ശക്തികളെക്കുറിച്ച് ബോധവാന്മാരായില്ലെങ്കിൽ തൊഴിലാളികൾ ലക്ഷ്യപ്രാപ്തി കൈവരിക്കില്ല എന്ന് ആഹ്വാനം നല്‍കുകയും ചെയ്തു. 1942ൽ സംഘടനയുടെ തലവനായിരുന്ന വി വി ഗിരി എഐടിയുസി കെട്ടിപ്പടുക്കുന്നതിൽ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. സി ആർ ദാസ്, എൻ എം ജോഷി, എസ് എ ഡാങ്കേ, ഇന്ദ്രജിത്ത് ഗുപ്ത, മണിബെൻ കാര, എ ബി ബർദൻ, കെ എൽ മഹേന്ദ്ര, ജെ ചിത്തരഞ്ജൻ, ഗുരുദാസ് ദാസ് ഗുപ്ത തുടങ്ങിയ നിരവധി മഹാന്മാരായ നേതാക്കളുടെ സംഭാവനകളും ഇത്തരത്തിൽ ഓർക്കേണ്ടതുണ്ട്.

തുടക്കം മുതൽക്കേ എഐടിയുസി സ്വാതന്ത്യ്രസമര പ്രസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. രൂപീകൃതമായ 1920 മുതൽ എഐടിയുസി അന്താരാഷ്ട്ര തൊഴിൽ സംഘടനയിൽ അംഗമാണ്. 1921ൽ ത്സാരിയയിൽ നടന്ന എഐടിയുസി സമ്മേളനം സ്വരാജ് (പൂർണ സ്വാതന്ത്യ്രം) എന്ന ആവശ്യമുന്നയിച്ചുകൊണ്ട് പ്രമേയം പാസാക്കുകയുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രമേയം പാസാക്കുന്നത് പിന്നെയും നിരവധി വർഷങ്ങൾക്കുശേഷം 1929ലാണ്. 1927ൽ ആദ്യമായി മേയ് ദിനാചരണത്തിന് ആഹ്വാനം ചെയ്തത് എഐടിയുസിയായിരുന്നു. സംഘടന നടത്തിയ നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് 1923 ലെ വർക്കേഴ്സ് കോമ്പൻസേഷൻ ആക്ട്, 1926 ട്രേഡ് യൂണിയൻ ആക്ട് പോലുള്ള നിരവധി തൊഴിലാളി ക്ഷേമ നിയമങ്ങൾ രാജ്യത്ത് നടപ്പായത്. 1947 വരെ സ്വാതന്ത്യ്രത്തിനുവേണ്ടി നടന്ന എണ്ണമറ്റ സമരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ തൊഴിലാളികൾ രക്തസാക്ഷികളായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി 1972ൽ രാഷ്ട്രം സ്വാതന്ത്യ്രസമര സേനാനികളെ താമ്രപത്രം നൽകി ആദരിച്ചപ്പോൾ അത് ഏറ്റുവാങ്ങിയവരിൽ പലരും തൊഴിലാളി നേതാക്കളായിരുന്നു.


ഇതുകൂടി വായിക്കൂ: കർഷകത്തൊഴിലാളികളുടെ സാമൂഹ്യപദവി ഉയർത്തണം


തങ്ങളുടെ ഭരണത്തിൻകീഴിൽ ചില ഇളവുകളും സ്വയംഭരണവും എന്ന ബ്രിട്ടീഷുകാരുടെ നിർദേശം ആദ്യം നിരസിച്ചത് എഐടിയുസിയായിരുന്നു. ഇത്തരമൊരു നിർദേശം അംഗീകരിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടതും എഐടിയുസി തന്നെ. മറിച്ച് സമ്പൂർണ സ്വാതന്ത്യ്രം നേടുന്നതിന് സ്വാതന്ത്യ്രസമരത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ സ്വയംഭരണത്തിന് ഭരണഘടനാ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വേണം എന്നായിരുന്നു എഐടിയുസി നിർദേശിച്ചത്. ഭരണഘടനാ അസംബ്ലി രൂപീകരിച്ചപ്പോൾ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിച്ചതും എഐടിയുസി ആയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും വികസനത്തിനായുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും തൊഴിലാളികൾ കഠിനാധ്വാനത്തിൽ സൃഷ്ടിച്ച ആസ്തികൾ സംരക്ഷിക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള നിർദേശങ്ങളും എഐടിയുസി സമർപ്പിച്ചിരുന്നു. ഈ നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വ്യവസായികാടിസ്ഥാന സൗകര്യ വികസനത്തിനും പൊതുമേഖലാസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനും സ്വതന്ത്ര ഇന്ത്യയുടെ സ്വാശ്രയ സമ്പദ്‌വ്യവസ്ഥ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുമുള്ള ചവിട്ടുപടികൾ രൂപംകൊള്ളുന്നത്.

എന്നാൽ ഇന്ന് അധികാരത്തിലുള്ള ശക്തികൾ ആ സ്വാശ്രയ വികസന മാതൃകകളെയെല്ലാം എതിർക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നേരേയുള്ള ആക്രമണങ്ങൾ പരസ്യമായി തുടരുകയാണ്. ഈ പിന്തിരിപ്പൻ നയങ്ങളെ എതിർക്കുന്ന ട്രേഡ് യൂണിയനുകളെ തൊഴിൽ നിയമങ്ങളിലൂടെയും അവയുടെ ക്രോഡീകരണത്തിലൂടെയും ആക്രമിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയെ ആഴമുള്ള പ്രതിസന്ധികളിലേക്ക് തള്ളി വിടുകയാണ്. ദാരിദ്യ്രവും അസമത്വവും വർധിച്ചു. ജീവിതചെലവ് വർധിച്ചു. പട്ടിണി സൂചികയിൽ 125 രാജ്യങ്ങൾക്കിടയിൽ ഇന്ത്യ 111-ാമത്തേതായി. ദിവസക്കൂലിക്കാർ ആത്മഹത്യ ചെയ്യുന്നു. പെൻഷൻ ലഭിക്കാതെ വയോധികർ കഷ്ടപ്പെടുന്നു. മറുവശത്ത് കോർപറേറ്റ് നികുതികൾ കുറയ്ക്കുന്നു, അവരുടെ വായ്പകൾ എഴുതിത്തള്ളുന്നു. കള്ളപ്പണം വെളുപ്പിക്കാനും കോർപറേറ്റുകളെ സഹായിക്കാനും നിയമങ്ങൾ ഭേദഗതി ചെയ്യപ്പെടുന്നു. ഇന്ത്യയിലെ അതിസമ്പന്നർ ജർമ്മനി, ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങളിലെ അവരുടെ എതിരാളികളെക്കാൾ സമ്പന്നരാണ്. ദരിദ്രരായ ഇന്ത്യക്കാരാകട്ടെ ചില ആഫ്രിക്കൻ രാജ്യങ്ങളിലെ ദരിദ്രരെക്കൾ ദരിദ്രരും.


ഇതുകൂടി വായിക്കൂ: തൊഴിലാളിവര്‍ഗ പ്രസ്ഥാനം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി


എല്ലാ രംഗങ്ങളിലും പരാജയപ്പെട്ട ഭരണകക്ഷിയായ ബിജെപി വർഗീയ വിദ്വേഷത്തിന്റെയും വിഭജനവാദത്തിന്റെയും മുദ്രാവാക്യമായ ഹിന്ദുരാഷ്ട്രവാദവുമായി മുന്നോട്ട് പോകുന്നു. വർഗീയാക്രമണങ്ങൾ നടത്തുന്ന സംഘങ്ങൾ വളരുന്നു. വിദ്യാഭ്യാസ രംഗത്ത് പിന്തിരിപ്പൻ സമീപനം പിന്തുടരുന്നു. മതേതര പാരമ്പര്യങ്ങളെ തിരസ്കരിക്കുന്നു. പക്ഷപാതപരമായ മതാചാരം നഗ്നമായി പ്രകടിപ്പിക്കുന്നു. ചരിത്രവസ്തുതകളെ തമസ്കരിക്കുന്നു. ജനാധിപത്യമൂല്യങ്ങളെ ചവിട്ടിമെതിക്കുന്നു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നു. വിയോജിപ്പിന്റെ സ്വരങ്ങൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നില്ല. മാധ്യമ സ്വാതന്ത്യ്ര സൂചികയിൽ ഇന്ത്യ തുടർച്ചയായി താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്നു. മാധ്യമ സ്വാതന്ത്യ്ര സൂചിക പ്രകാരം 180 രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞ വർഷം ഇന്ത്യ 150-ാമതായിരുന്നു എങ്കിൽ ഈ വർഷം 161-ാം സ്ഥാനത്തായി. ഇതെല്ലാം രാജ്യത്തെ ഏകാധിപത്യത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും തള്ളിവിടുന്ന ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.

മോഡി സർക്കാർ ഇന്ത്യയുടെ വിദേശനയത്തിൽ മാറ്റം വരുത്തിയിരിക്കുന്നു. ഇതുവരെ പിന്തുടർന്നരുന്ന ചേരിചേരാ നയങ്ങൾക്ക് വിരുദ്ധമായി ലജ്ജയില്ലാതെ അമേരിക്ക‑ഇസ്രയേൽ അവിശുദ്ധ കൂട്ടുകെട്ടിനൊപ്പം നിൽക്കുന്നു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് പരസ്യ പിന്തുണ നൽകുന്നു. ഈ ഭരണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും പരമാധികാരത്തിനും അപകടമാണ്. അത് ജനങ്ങളുടെ വൈവിധ്യമാർന്ന സംസ്കാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഭീഷണി ഉയർത്തുന്നു.

പരമാധികാര മതേതര റിപ്പബ്ലിക്ക് എന്ന നിലയിൽ രാജ്യം അപകടകരമായ നിലയിലെത്തിനിൽക്കുന്നു എന്ന ബോധ്യത്തിലാണ് രാജ്യത്തെ തൊഴിലാളികളും കർഷകരും ബഹുജന പ്രസ്ഥാനങ്ങളുമെല്ലാം ചേർന്ന് രാജ്യത്തെ രക്ഷിക്കൂ, ജനതയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി പോരാട്ടത്തിലേർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരി 30ന് ഡൽഹിയിൽ ചേർന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുടെ ആഹ്വാനപ്രകാരം ഓഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട മഹാപടവ് രാജ്യമെമ്പാടും വൻ വിജയമായി. ഇതിനിടയിൽ സംയുക്ത കിസാൻ മോർച്ചയുമായി സഹകരിച്ചുകൊണ്ട് ഐക്യം കൂടുതൽ ശക്തിപ്പെടുത്താനും കഴിഞ്ഞു.


ഇതുകൂടി വായിക്കൂ: തൊഴിലാളികളെ അരക്ഷിതരാക്കുന്ന തൊഴില്‍ നയം


ഓഗസ്റ്റ് 24ന് ഡൽഹിയിൽ നടന്ന തൊഴിലാളി-കർഷക കൺവെൻഷനിലെ തീരുമാന പ്രകാരം ലഖിംപൂർ കർഷക കൂട്ടക്കൊല നടന്ന ഒക്ടോബർ മൂന്ന് കരിദിനമായി രാജ്യമെമ്പാടും ആചരിക്കപ്പെട്ടു. 2020ൽ നടന്ന ദേശീയ പണിമുടക്കിന്റെയും കർഷക പ്രക്ഷോഭത്തിന് തുടക്കം കുറിച്ചതിന്റെയും വാർഷികദിനമായ നവംബർ 26 മുതൽ 28 വരെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും രാജ്ഭവനുകൾക്ക് മുന്നിൽ രാപ്പകൽ സത്യഗ്രഹം സംഘടിപ്പിക്കുവാനും ട്രേഡ് യൂണിയൻ‑സംയുക്ത കിസാൻ മോർച്ച സമര സമിതി തീരുമാനിച്ചിട്ടുണ്ട്. 2023 ഡിസംബർ 2024 ജനുവരി മാസങ്ങളില്‍ തുടർച്ചയായി ദേശവ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഈ പ്രക്ഷോഭങ്ങളെല്ലാം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുകയാണ് രാജ്യത്തെ തൊഴിലാളി വർഗം.

തദ്ദേശീയരായ ചൂഷകരുടേയും കൊളോണിയൽ യജമാനന്മാരുടേയും അടിച്ചമർത്തലിനെ അതിജീവിച്ചും ജനാധിപത്യപരമായ അവകാശങ്ങളുയർത്തിപ്പിടിച്ചും വളർ‌ന്നുവന്ന പ്രസ്ഥാനമാണ് ഇന്ത്യയിലെ തൊഴിലാളിവർഗം. അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ട്രേഡ് യൂണിയനുകൾ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണ്. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശം, ജനാധിപത്യാവകാശം, അഭിപ്രായ സ്വാതന്ത്യ്രത്തിനും വിയോജിക്കാനുമുള്ള അവകാശം എന്നിവയൊക്കെ സ്ഥാപിച്ചുകിട്ടുന്നതിലേക്കായി എഐടിയുസി മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെ കൂടി ഫലമായാണ് ഈ അവകാശങ്ങളെല്ലാം തന്നെ ഇന്ത്യൻ ഭരണഘടനയിൽ സ്ഥാനം നേടിയത്. എന്നാൽ ഇന്ന് അവ പലതരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. തങ്ങൾക്കും മുഴുവൻ സമൂഹത്തിനും വേണ്ടി ഈ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് തൊഴിലാളി വർഗത്തിന്റെ പരമമായ കടമയാണ്. അതിനാൽ ബിജെപി-ആർഎസ്എസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, കർഷകവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങൾക്കെതിരേ പോരാടാനുള്ള ജനുവരി 30ലെയും ‌ഓഗസ്റ്റ് 24ലെയും സംയുക്ത കൺവെൻഷനുകളുടെ തീരുമാനങ്ങൾ നടപ്പിലാക്കാനും അവ നാടിന്റെ മുക്കിലുംമൂലയിലും എത്തിക്കാനും സർക്കാരിന്റെ യഥാർത്ഥമുഖം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനും ക്രൂരമായ സ്വേച്ഛാധിപത്യ ഭരണത്തെ തകർക്കുവാനും നമുക്കൊന്നായി യത്നിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.