Tuesday
11 Dec 2018

ഡോ. ബി എ രാജാകൃഷ്ണനെ ഓര്‍മിക്കുമ്പോള്‍

By: Web Desk | Thursday 11 January 2018 12:45 PM IST

 

ജാതിമത ചിന്തകളേയും ദൈവം, ചെകുത്താന്‍ തുടങ്ങിയ അന്ധവിശ്വാസങ്ങളേയും അകലേയ്ക്ക് മാറ്റിനിര്‍ത്തിയ പത്രാധിപന്മാരുടെ അഭിമാനകരമായ ഒരു നിരതന്നെ കേരളത്തിലുണ്ട്. സഹോദരന്‍ അയ്യപ്പന്‍ സി വി കുഞ്ഞുരാമന്‍, എം സി ജോസഫ്, കാമ്പിശേരി കരുണാകരന്‍, കെ ബാലകൃഷ്ണന്‍, എം ഗോവിന്ദന്‍, തെരുവത്ത് രാമന്‍, നവാബ് രാജേന്ദ്രന്‍, തെങ്ങമം ബാലകൃഷ്ണന്‍ തുടങ്ങി നിര്‍ഭയരായി പ്രവര്‍ത്തിച്ച പത്രാധിപന്മാര്‍ കേരളീയ സംസ്‌കാരത്തിന്റെ ദീപ സ്തംഭങ്ങളാണ്.
ഇടമറുക്, സനല്‍ ഇടമറുക്, ഗോപി ആനയാടി തുടങ്ങിയ പ്രഖ്യാപിത ഭൗതികവാദികളുടെ അന്വേഷണങ്ങള്‍ക്ക് ഇടം നല്‍കിയിട്ടുള്ള കേരള ശബ്ദത്തിന്റെ പത്രാധിപര്‍ ഡോ. ബി എ രാജാകൃഷ്ണന്‍ അന്ധവിശ്വാസ നിര്‍മാര്‍ജനത്തിനായി നടത്തിയ തുറന്നുകാട്ടലുകള്‍ ശ്രദ്ധേയങ്ങളാണ്.
സന്തോഷ് മാധവന്‍ അടക്കമുള്ള ദൈവവേഷങ്ങളെ ജയിലിലടയ്ക്കുവാന്‍ ഡോ. ബി എ രാജാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കേരള ശബ്ദം ടീമിന് കഴിഞ്ഞു. സന്തോഷ് മാധവന്റെ വ്യാജ വ്യക്തിത്വം പുറത്തായതിനെ തുടര്‍ന്ന് നിരവധി സ്വാമിവേഷങ്ങളെയാണ് കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് പിടികൂടിയത്. സൈക്കിള്‍ സ്വാമിയും ജിലേബി സ്വാമിയും തോക്കുസ്വാമിയുമെല്ലാം അതില്‍പ്പെടും.
ചക്കുളത്തുകാവിന്റെ ചരിത്രത്തെ തുറന്നുകാട്ടിയതാണ് മറ്റൊരു പ്രധാന സംഭവം. കേരളത്തില്‍ ജനങ്ങള്‍ നിവേദനം കൊടുത്തോ ഷെയര്‍ എടുത്തോ ഒരു ക്ഷേത്രവും സ്ഥാപിക്കുന്നില്ല. പുതുതായി ഉണ്ടാകുന്ന ക്ഷേത്രങ്ങളെല്ലാം ഏതെങ്കിലും കുടുംബത്തിന്റെ പേരില്‍ സ്വകാര്യവ്യക്തി സ്ഥാപിക്കുന്നതാണ്. ഇങ്ങനെ മുളച്ചുവരുന്ന തകരക്ഷേത്രങ്ങളെ വടവൃക്ഷമായി മാറ്റുവാന്‍ ഒരു സൂത്രവിദ്യയുണ്ട്. അതാണ് ചരിത്രനിര്‍മാണം.
ചക്കുളത്തുകാവിന്റെ ചരിത്രനിര്‍മ്മിതി ഒരു മലയാള അധ്യാപകന്‍ വെളിപ്പെടുത്തി. പണ്ട് അവിടെ യൊരു ചിതല്‍പ്പുറ്റുണ്ടായിരുന്നു. അതിനുള്ളില്‍ ചിതലരിക്കാതെയിരുന്ന ദേവീ വിഗ്രഹമാണ് ചക്കുളത്ത് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്. ഈ കഥ താന്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന് ഒരു മലയാളം അധ്യാപകന്‍ തുറന്നുപറയുകയും കേരള ശബ്ദം അത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊങ്കാലയ്ക്ക് പ്രചാരം കിട്ടാന്‍ വേണ്ടി ചക്കുളത്ത് കാവിലെ നമ്പൂതിരി കോട്ടയം പ്രസ് ക്ലബില്‍ ഉണ്ണിയപ്പവും പായസവും വിതരണം ചെയ്തു. നാരീപൂജ എന്ന പേരില്‍ രജനീകാന്തിന്റെ ഭാര്യയേയും കെ ആര്‍ നാരായണന്റെ സഹോദരിയേയും പത്മജാ വേണുഗോപാലിനെയും സിംഹാസനത്തിലിരുത്തി പൂണൂലിട്ട ഒരു നമ്പൂതിരി കാല്‍ കഴുകിക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നു. ഇതെല്ലാം ഡോ. ബി എ രാജാകൃഷ്ണന്റെ നേതൃത്വത്തില്‍ തുറന്നുകാട്ടപ്പെട്ടു.
ചക്കുളത്തുകാവിലെ നെയ്യ് കഴിച്ചാല്‍ രോഗശമനമുണ്ടാകുമെന്ന കള്ള പ്രചാരണത്തെ പൊളിച്ചുകാട്ടുകയും നെയ്യ് കഴിച്ചവര്‍ക്ക് അള്‍സര്‍ വന്നകാര്യം ചൂണ്ടിക്കാട്ടി ഡോ. ബി എ രാജാകൃഷ്ണന്‍ പ്രസംഗിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കൊല്ലം പുതിയകാവ് റയില്‍ വ്യൂ ക്ഷേത്രത്തില്‍ നിന്നും ശിവസേനക്കാര്‍ ജാഥയായി വന്ന് പത്രമോഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
ഇരുപത്തൊന്ന് ചൊവ്വാഴ്ച മുടങ്ങാതെ നാരങ്ങാ വിളക്കെടുത്താല്‍ കൂനമ്പായിക്കുളത്തെയും മറ്റും ഭഗവതിമാരുടെ അനുഗ്രഹം ലഭിക്കുമെന്നും വിവാഹം നടക്കുമെന്നുള്ള പ്രചരണത്തെയും കേരള ശബ്ദം തുറന്നുകാട്ടി. നിരവധി കേസുകളാണ് ഇതിനെത്തുടര്‍ന്ന് ഡോ. ബി എ രാജാകൃഷ്ണന് നേരിടേണ്ടിവന്നത്. മതവ്യത്യാസം കൂടാതെ ഹിന്ദു – ക്രിസ്ത്യന്‍ – ഇസ്‌ലാം മതങ്ങളുടെ പേരില്‍ നടക്കുന്ന തിന്മകളെ ചൂണ്ടിക്കാട്ടി. ഇതും നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും ഡോ. രാജാകൃഷ്ണന്‍ പിന്മാറിയില്ല.
കാക്കനാടന്‍, ഡോ. എസ് ബലരാമന്‍, തെങ്ങമം ബാലകൃഷ്ണന്‍, ഡോ. ബി എ രാജാകൃഷ്ണന്‍ എന്നിവര്‍ കൊല്ലത്തിന്റെ രക്ഷകര്‍ത്താക്കളായിരുന്നു. പുരോഗമന ശക്തികളുടെ കൊല്ലം കൂട്ടായ്മകള്‍ക്ക് ഇവര്‍ നല്‍കിയ സംരക്ഷണം പ്രധാനപ്പെട്ടതായിരുന്നു. കൊല്ലം നഗരം ഇപ്പോള്‍ ശൂന്യതയുടെ അര്‍ഥം മനസിലാക്കിയിരിക്കുകയാണ്