21 January 2025, Tuesday
KSFE Galaxy Chits Banner 2

മത്സ്യ മേഖലയ്ക്കും അമേരിക്കൻ ഭീഷണി

ടി ജെ ആഞ്ചലോസ്
എഐടിയുസി സംസ്ഥാന പ്രസിഡന്റ് 
August 4, 2024 4:31 am

കടലാമ സംരക്ഷണത്തിന്റെ പേരിൽ അമേരിക്ക ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതി നിരോധിച്ചതും അതിനെത്തുടർന്ന് കയറ്റുമതിക്കാരുടെ ചൂഷണവും ഇടത്തട്ടുകാരുടെ ഇടപെടലും കൂടിച്ചേർന്ന് മൺസൂൺ നാളുകൾ മത്സ്യത്തൊഴിലാളികൾക്ക് ദുരിതം സമ്മാനിക്കുകയാണ്. 2023–24ൽ 60,521 കോടി രൂപയുടെ വിദേശ നാണ്യം നേടിത്തന്നത് മത്സ്യ മേഖലയാണ്. ഇതിൽ 40 ശതമാനം ചെമ്മീൻ കയറ്റുമതിയിലൂടെയാണ് ലഭിച്ചത്. പുതിയ പ്രശ്നങ്ങൾ മൂലം പ്രതിവർഷ നഷ്ടം 2,800 കോടിയിലധികം വരുമെന്നാണ് കണക്ക്. എന്നിട്ടും കേന്ദ്ര സർക്കാർ ഫലപ്രദമായ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. 2019 മുതൽ ആരംഭിച്ച കടലാമ സംരക്ഷണത്തിനായുള്ള അമേരിക്കൻ നിരോധനത്തിന് പിന്നാലെ മറൈൻ മാമൽ പ്രൊട്ടക്ഷൻ ആക്ട് 2026 ജനുവരി മുതൽ കർശനമായി നടപ്പിലാക്കുമെന്ന അമേരിക്കൻ ഭീഷണിയും ഉയർന്നിട്ടുണ്ട്. സമുദ്ര സസ്തനികളുടെ സംരക്ഷണത്തിന് 1972ൽ അമേരിക്ക കൊണ്ടുവന്ന നിയമമാണിത്. ഭാവിയിൽ ഇന്ത്യയിൽ നിന്നുള്ള മറ്റ് മത്സ്യങ്ങളുടെയും കയറ്റുമതിയെ ബാധിക്കുന്ന നയമാണിത്. അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും ചൈനയും കൂടി രംഗത്തുവന്നാൽ നമ്മുടെ ചെമ്മീൻ കയറ്റുമതി പൂർണമായും സ്തംഭിക്കും.
1972ൽ ഇന്ത്യയിൽ നടപ്പിലാക്കിയ വന്യജീവി സംരക്ഷണ നിയമപ്രകാരം, കടലാമകൾ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിൽ ഉള്ളതിനാൽ ഇന്ത്യയിൽ കടലാമകളെ പിടിക്കുന്നുവെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. കേരളത്തിൽ കടലാക്രമണവും കരിമണൽ ഖനനവും മൂലം കടൽത്തീരമില്ലാത്തതു കൊണ്ട് മുട്ടയിടുന്നതിനായി കടലാമകൾ ഇപ്പോൾ എത്താറില്ല. എന്നാൽ ഒഡിഷ, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ വൻതോതിൽ കടലാമകൾ എത്താറുണ്ട്. അവിടങ്ങളിലെ ബോട്ടുകളിലാണ് അവയെ സംരക്ഷിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കേണ്ടത്. 

ചെമ്മീൻ പിടിക്കുവാനുപയോഗിക്കുന്ന വലകളിൽ ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് (ടെഡ്) എന്ന ഉപകരണം ഉണ്ടാകണമെന്നതാണ് അമേരിക്കൻ നിബന്ധന. ഒരു വലയിൽ ഈ ഉപകരണം സ്ഥാപിക്കണമെങ്കിൽ 25,000 രൂപയോളമാകും. ആറ് മുതൽ എട്ട് വലകൾ വരെയുള്ള ബോട്ടുകളിൽ രണ്ട് ലക്ഷത്തിലധികം രൂപ അധികച്ചെലവാണ്. ഇതിന് കേന്ദ്ര സർക്കാരിന്റെ സഹായമുണ്ടാകണം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) രൂപകല്പന ചെയ്ത ടെഡ് എന്ന ഉപകരണത്തിന്റെ പ്രവർത്തനം അമേരിക്കൻ പ്രതിനിധി സംഘത്തിന് ബോധ്യപ്പെട്ടതാണ്. കടൽ, ഉൾനാടൻ മത്സ്യ മേഖലയെക്കാൾ മത്സ്യക്കൃഷിക്കും ചെമ്മീൻ കൃഷിക്കുമാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകുന്നത്. അത് ബജറ്റിൽ പ്രകടമാണ്. ആന്ധ്രയുടെ രാഷ്ട്രീയ സമ്മർദം കൂടിയായപ്പോൾ ചെമ്മീൻ കൃഷിക്കുള്ള വിഹിതം വർധിപ്പിച്ചു. ഇതാണ് കേന്ദ്രത്തിന്റെ മുൻഗണന. 

മറിച്ച് മൺസൂൺ നാളുകളിൽ ചെമ്മീനിന്റെ വില വലിയതോതിൽ കുറഞ്ഞിട്ടും കേന്ദ്രത്തിന് യാതൊരു പ്രതികരണവുമില്ല. 200 രൂപവരെ ലഭിച്ചിരുന്ന പൂവാലൻ ചെമ്മീന്‍ 80 രൂപയായി കുറഞ്ഞു. ഇത്തരം ഘട്ടങ്ങളിലാണ് മത്സ്യ ഫെഡിന്റെ ഇടപെടൽ ആവശ്യം. കടലിൽപ്പോയി ഉപജീവനം നിർവഹിക്കുന്നവർക്ക് താങ്ങായി മത്സ്യ ഫെഡ് മാറണം. ഗുരുതരമായ ഈ വിഷയം ചർച്ച ചെയ്യുന്നതിന് സംസ്ഥാന സർക്കാർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്തുവെന്നത് അഭിനന്ദനാർഹമാണ്. പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ പ്രശ്നം അവതരിപ്പിച്ചു. എന്നിട്ടും കേന്ദ്ര സർക്കാരില്‍ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിനുള്ള യോജിച്ച പ്രക്ഷോഭം നടത്തുവാന്‍ മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ക്യാമ്പ് തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.