22 November 2024, Friday
KSFE Galaxy Chits Banner 2

Related news

January 14, 2024
October 6, 2023
July 1, 2023
May 3, 2023
May 3, 2023
January 23, 2023
January 9, 2023
December 6, 2022
November 11, 2022
November 5, 2022

അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയ നടപടി; സമസ്തയിക്കെതിരെ വാഫി അലുംനി അസോസിയേഷനും രംഗത്ത്

നടപടി വിശദീകരിക്കാന്‍ ശനിയാഴ്ച സമസ്ത യോഗം 
Janayugom Webdesk
കോഴിക്കോട്
November 11, 2022 6:17 pm

സുന്നി ആശയാദർശങ്ങൾക്കെതിരായി പ്രവർത്തിച്ചെന്നാരോപിച്ച് അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയ സമസ്തയുടെ നടപടിയില്‍ പ്രതിഷേധം അവസാനിക്കുന്നില്ല. നടപടി ഉടന്‍ പിൻവലിക്കണമെന്ന് വാഫി അലുംനി അസോസിയേഷൻ ആവശ്യപ്പെട്ടു. സമസ്തയുടെ ഘടകങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം വസ്തുതകൾക്ക് നിരക്കാത്തതും ദുഃഖകരവുമാണെന്ന് വാഫി അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി നൗഫൽ അബ്ദുൽ റഊഫ് പ്രസ്താവനയില്‍ പറഞ്ഞു. സമസ്ത പിന്തുടരുന്ന അഹ്ലുസ്സുന്നയുടെ ആദർശം അംഗീകരിച്ച് ആയിരക്കണക്കിന് പണ്ഡിതരെയും പണ്ഡിതകളെയും വാർത്തെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചൊരു പണ്ഡിതനെ സമൂഹത്തിന് മുമ്പിൽ അവഹേളിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവരെ സമസ്തയെപ്പോലൊരു പണ്ഡിത സംഘടന ശരിവെക്കുന്നത് സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

സമസ്തയുടെ ആദർശത്തിലൂന്നി അഭിമാനകരമായ രീതിയിൽ പ്രവർത്തിക്കുന്ന വാഫി, വഫിയ്യ വിദ്യാഭ്യാസ സംവിധാനത്തേയും അതിന്റെ നേതൃത്വത്തേയും തേജോവധം ചെയ്യാനും സമസ്ത നേതൃത്വത്തിൽ തെറ്റിദ്ധാരണയും സമൂഹത്തിൽ ഭിന്നതയും സൃഷ്ടിക്കാനും ചിലർ ബോധപൂർവ്വം പ്രവർത്തിക്കുന്നുണ്ട്. അത്തരം ശക്തികളെ സമസ്തക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ തുറന്ന് കാണിക്കാനും പ്രതിരോധിക്കാനും വാഫി അലുംനി അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ സമസ്ത യോഗം വിളിച്ചുചേര്‍ത്തു. ചേളാരിയിലെ സമസ്ത ആസ്ഥാനത്ത് ശനിയാഴ്ചയാണ് യോഗം. സമസ്തയുടെയും പോഷക സംഘടകളുടെയും കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുക്കുക. എസ് വൈ എസ്, എസ് കെ എസ്. എസ് എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് യോഗം വിളിച്ചു ചേർക്കുന്നത്. അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയെ സി ഐ സി(കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്)യിൽ നിന്നും പുറത്താക്കാൻ സമസ്ത ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. സിഐസി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളോടാണ് സമസ്ത ആവശ്യം ഉന്നയിക്കുക. വിശദീകരണം പോലും തേടാതെയുള്ള പുറത്താക്കലിൽ സിഐസിക്ക് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന്റെ ജനറൽ സെക്രട്ടറിയായ ഹകീം ഫൈസിയെ സമസ്തയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കാനാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന് സമസ്ത മുശാവറ തീരുമാനിച്ചത്. സുന്നി ആശയങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സമസ്ത മുശാവറ ആദൃശ്ശേരിയെ പുറത്താക്കിയത്. നിലവിൽ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ് അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി. ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിലാണ് മുശാവറ ചേർന്നത്. സുന്നി ആശയങ്ങൾക്കെതിരെ ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും തനിക്കെതിരെയുണ്ടായ നടപടി വേദനാജനകമാണെന്നും ആദൃശ്ശേരി പറഞ്ഞു. തന്റെ വിശദീകരണം സമസ്ത കേട്ടിട്ടില്ലെന്നും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.

Eng­lish Summary:abdul hakeem faizy Adris­sery’s dis­missal; Wafi Alum­ni Asso­ci­a­tion is also in the field against Samastha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.