ടി കെ അനിൽകുമാർ

December 19, 2021, 3:48 pm

തിളക്കമേറുന്ന തിരുവാതിര നക്ഷത്രം

Janayugom Online

തിരുവാഭരണം ചാർത്തിവിടർന്ന തിരുവാതിര നക്ഷത്രം പോലെ സുന്ദരവും അനുപമവുമാണ് ജയചന്ദ്രന്റെ ഭാവഗാനങ്ങൾ. രണ്ട് തലമുറ പിന്നിട്ട് മൂന്നാം തലമുറയും മൂളി നടക്കുകയാണ് ആ നിരയിലെ മനോഹര ഗാനങ്ങളേറെയും. സ്വരരാഗ പ്രവാഹത്തിൽ ലയിച്ചിരിക്കുമ്പോൾ ആസ്വാദക ഹൃദയങ്ങൾ തുടികൊട്ടി ആ ഗാനാമൃതത്തിൽ അലിഞ്ഞു ചേരും.
തലമുറകളുടെ മാറ്റത്തിൽ ഗാനങ്ങളുടെ രചനാശൈലിയും സംഗീതവുമൊക്കെ മാറിയേക്കാം. എന്നാൽ ഹൃദയത്തെ തൊട്ടുണർത്തുന്ന ജയചന്ദ്രന്റെ ആലാപന ശൈലിയിൽ മാത്രം മാറ്റമില്ല. അതാണ് മലയാളികളുടെ ഭാവ ഗായകനെ വേറിട്ട് നിർത്തുന്നതും. പാലിയത്ത് ജയചന്ദ്രൻ എന്ന പി ജയചന്ദ്രൻ സംഗീതജ്ഞനായ തൃപ്പുണിത്തറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രകുഞ്ഞമ്മയുടെയും മകനായി 1944 മാർച്ച് 3 ന് ജനിച്ചു. പിന്നീട് കുടുംബം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. കലയുടെ തറവാട്ടിൽ ജനിച്ച ജയചന്ദ്രൻ കുഞ്ഞുനാൾ മുതൽ ലളിത സംഗീതത്തിലും മൃദംഗവാദനത്തിലും ആകൃഷ്ടനായി. ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ വിദ്യാർത്ഥി ആയിരിക്കെ സ്കൂളിലെ കെ വി രാമനാഥനെ ആദ്യ ഗുരുവായി വരിച്ചു. ഒട്ടേറെ സ്കൂൾ യുവജനോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ജയചന്ദ്രൻ കഥകളി, ചെണ്ടവായന, പൂരം, പാഠകം, ചാക്യാർകൂത്ത് എന്നിവയിലെല്ലാം ആകൃഷ്ടനായി.

 

യേശുദാസിന്റെ സുഹൃത്തായിരുന്ന സഹോദരൻ സുധാകരനാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ജയചന്ദ്രനെ കൊണ്ട് വരുന്നത്. 1965 ൽ കുഞ്ഞാലിമരക്കാർ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യ ഗാനം പാടിയത്. എന്നാൽ ആ ചിത്രം പ്രദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ മറ്റൊരു സുവർണ്ണാവസരം ജയചന്ദ്രനെ തേടിയെത്തി. മദ്രാസിൽ നടന്ന ഒരു ഗാനമേളയിൽ ജയചന്ദ്രൻ പാടിയ രണ്ട് പാട്ടുകൾ യാദൃച്ഛികമായി കേട്ട സംവിധായകൻ എ വിൻസെന്റിന്റെ ശുപാർശപ്രകാരം കളിത്തോഴൻ എന്ന ചിത്രത്തിലെ പാട്ടുകൾ പാടാൻ ജയചന്ദ്രന് അവസരം തേടിയെത്തി. മലയാള സംഗീത ചരിത്രത്തിലെ ഹിറ്റുകളുടെ രാജാക്കന്മാർ ആയിരുന്ന പി ഭാസ്ക്കരനും ജി ദേവരാജനും ആയിരുന്നു അണിയറ ശിൽപ്പികൾ. അവരുടെ കയ്യൊപ്പിൽ വിടർന്ന ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന ഒറ്റ ഗാനം കൊണ്ട് ഭാവഗായകന്റെ ശബ്‍ദമധുരിമ മലയാളികൾക്ക് നവ്യാനുഭവമായി. അനായാസ ആലാപന ശൈലി ജയചന്ദ്രന്റെ ശബ്ദത്തെ വേറിട്ട് നിർത്തി. വാക്കുകൾക്കിടയിലെ അർത്ഥങ്ങൾ ആ സുന്ദര ശബ്ദത്തിൽ കേഴ്വിക്കാരുടെ ഹൃദയത്തെ തലോടിയുണർത്തി. ഒന്നിനി ശ്രുതി താഴ്ത്തി, കാട്ടുകുറിഞ്ഞി പൂവും ചൂടി, കേവലം മർത്യ ഭാഷ, മല്ലിക പൂവിൻ മധുര ഗന്ധം, അനുരാഗ ഗാനം പോലെ, മല്ലിക ബാണൻ തന്റെ വില്ലെടുത്തു… പ്രണയവും വേദനയും വിരഹവുമെല്ലാം ജയചന്ദ്രന്റെ ശബ്ദത്തിൽ അനുസ്യുതം പ്രവഹിച്ചപ്പോൾ ആ സംഗീതധാരയിൽ ആനന്ദ നൃത്തമാടി. തൊട്ടതെല്ലാം പൊന്നാക്കിയ ആ ശബ്ദ സൗകുമാര്യം തലമുറകൾഹൃദയത്തിലേറ്റി. പ്രായം കൂടുംതോറും കൂടുതൽ ചെറുപ്പമാകുന്ന ഭാവഗായകൻ പകരം വെക്കാനില്ലാത്ത പ്രതിഭയായി നിൽക്കുന്നു.

 

തലമുറ ഭേദമന്യേ ഭാഷകൾക്കപ്പുറം ഒട്ടേറെ ഹിറ്റുകൾ വാരി കൂടിയ അപൂർവ്വം പ്രതിഭകളിലൊരാളായി അദ്ദേഹം വളർന്നു. മലയാളത്തിനു പുറമെ തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷാഗാനങ്ങളിലും ജയചന്ദ്രന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. എ ആർ റഹ്‌മാൻ, ദേവരാജൻ, വയലാർ, പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, എ ടി ഉമ്മർ, എം കെ അർജുനൻ, രവീന്ദ്രൻ മാഷ്, എം ജി രാധാകൃഷ്ണൻ, ഇളയരാജ, ഒ എൻ വി കുറുപ്പ്, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, സലിൽ ചൗധരി, എം എസ് വിശ്വനാഥൻ, എം എസ് ബാബുരാജ്, എസ് രമേശൻ നായർ തുടങ്ങിയ പ്രതിഭകൾ വിരൽ തൊട്ടുണർത്തിയ സുന്ദരഗാനങ്ങൾ ഇന്നും അനശ്വരമായി നിൽക്കുന്നതിന് പിന്നിൽ ജയചന്ദ്രന്റെ പവൻമാറ്റ് തിളക്കമുള്ള നാദവുമുണ്ട്.