22 December 2024, Sunday
KSFE Galaxy Chits Banner 2

ലോകത്തെ ‘ന്യൂസ് റൂം’ ആയി കണ്ട ബി ആർ പി

വി ദത്തൻ
December 19, 2021 4:02 pm

ഒറ്റ ദിവസം കൊണ്ട് ലോകപ്രശസ്തിയിലേക്ക് ഉയർന്ന പത്രപ്രവർത്തകനല്ല ബാബു രാജേന്ദ്ര പ്രസാദ് ഭാസ്ക്കർ. ജീവിതവൃത്തിയായി തെരഞ്ഞെടുത്ത, മാദ്ധ്യമ പ്രവർത്തനം എന്ന പ്രൊ ഫഷനോടുള്ള ആത്മാർത്ഥതയും അർപ്പണബോധവും പ്രതിപത്തിയും സ്ഥിരോത്സാഹവും കൊ ണ്ട് പത്രപ്രവർത്തന മേഖലയിലെ അതികായനായി വളർന്ന ബിആർപി ഭാസ്ക്കറിന്റെ അനുഭ വക്കുറിപ്പുകളാണ് ‘ന്യൂസ് റൂം’ ഒറ്റ ഇരുപ്പിൽ വായിച്ചു പോകാവുന്ന ഈ ഗ്രന്ഥം വെറുമൊരു ആ ത്മകഥയോ അനുഭവക്കുറിപ്പോ മാത്രമല്ല, ഒരുകാലഘട്ടത്തിലെ ലോക പത്രപ്രവർത്തനത്തിന്റെ ചരിത്രം കൂടിയാണ്.
തീർത്തും നിർമ്മമതയോടെയും നിഷ്പക്ഷതയോടെയും ‘ഞാൻ’നെ കഴിയുന്നത്ര ഒഴിവാക്കി ഇത്ത രം അനുഭവക്കുറിപ്പ് എഴുതാൻ ബിആർപി യെകൊണ്ട് മാത്രമേ സാധിക്കൂ. ഏഴു പതിറ്റാണ്ട് നീണ്ട പത്രപ്രവർത്തന ചരിത്രം സമ്മാനിച്ച അറിവുകൾ മാദ്ധ്യമ രംഗത്തുള്ളവർക്ക് മാത്രമല്ല സാധാരണക്കാർക്ക് കൂടി ആസ്വാദ്യകരമായി പകർത്തുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
ഡിഗ്രി പഠനം കഴിഞ്ഞപ്പോഴേ പത്രപ്രവർത്തകനാകാൻ തീരുമാനിച്ചു കഴിഞ്ഞ ബിആർപി ഇന്ത്യൻ എക്സ് പ്രസ്സിൽ ചേരാനുള്ള വഴികളന്വേഷിക്കുന്നതറിഞ്ഞ അച്ഛനാണ് ‘ഹിന്ദു’വിലേക്ക് തിരിച്ചു വിട്ടത്. ‘ഹിന്ദു’വിൽ എഡിറ്റോറിയൽ ട്രെയിനിയായി ചേർന്ന 1952 ഫെബ്രുവരി 25 മുതലാണ് ഔദ്യോഗികമായി അദ്ദേഹം തന്റെ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. അന്നുമുതൽ 2000 വരെയുള്ള കാലയളവിൽ നടന്ന ലോക സംഭവങ്ങളിൽ ഭാഗഭാക്കായതിന്റെ അനുഭവക്കു റിപ്പുകളാണ് ‘ന്യൂസ് റൂ’മിൽ ഉള്ളത്. നട്ടെല്ല് വളയ്ക്കാതെയും സേവപിടിക്കാതെയും സത്യസന്ധമായ പത്ര പ്രവർത്തനം സാദ്ധ്യമാണെന്ന് ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. ഉറച്ച നിലപാടുകളും ഉലയാത്ത ആദർശവും ഉള്ളവർക്ക് ആരെയും ഭയപ്പെടാതെ പ്രവർത്തിക്കാൻ സാധിക്കും എന്ന് ബിആർപി, സ്വന്തം അനുഭവത്തിലൂടെ കാണിച്ചു തരുന്നുണ്ട്. പ്രതിബന്ധങ്ങളും പ്രലോഭനങ്ങളും തന്റെ വിശ്വാസ സംഹിതകളെ തകർക്കാൻ ഒരിക്കലും അദ്ദേഹം അനുവദിച്ചിട്ടില്ല. കേരളത്തിൽ ടെലിവിഷൻ വിപ്ലവത്തിന് വിത്ത് പാകിയ ഏഷ്യാനെറ്റിന്റെ ഉത്ഭവം മുതൽ അതോടൊപ്പം ഉണ്ടായിരിക്കുകയും പുതുമയുള്ള പല പരിപാടികളും ആസൂത്രണം ചെയ്യുന്നതിൽ പ ങ്കാളിയാവുകയുംചെയ്ത അദ്ദേഹം അതിൽ നിന്നും പിരിഞ്ഞത് തന്റെ ആദർശങ്ങളിൽനിന്ന് വ്യതിചലിക്കാൻ തയ്യാറാകാഞ്ഞത് കൊണ്ടാണ്.
ഏഷ്യാനെറ്റ് സ്ഥാപകനായ ശശികുമാറിന് പകരം ചുമതലയേറ്റ റെജിമേനോനെ ഹൈദരാബാദിൽ വച്ചു ആന്ധ്രാപോലീസ് ഏതോ കേസിൽ അറസ്റ്റു ചെയ്തു. അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് എഴുതണമെന്നു അന്ന് അവിടെ ന്യൂസ് എഡിറ്റർ ആയിരുന്ന കെ പി മോഹനൻ ബിആർപി യോട് അഭ്യർത്ഥിച്ചു. മാദ്ധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് അല്ലാത്തതിനാൽ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. 7500രൂപ മാത്രമായിരുന്നു ബിആർപിയ്ക്ക് ഏഷ്യാനെറ്റ് നൽകിക്കൊണ്ടിരുന്ന പ്രതിഫലം. അത് ഒറ്റയടിക്ക് 15000 രൂപയായി ഉയർത്തികൊടുത്തത് പുതിയ മേധാവിയായ റജിമേനോൻ ആയിരുന്നു. എന്നിട്ടും വഴി വിട്ടു സഞ്ചരിക്കാൻ ബിആർപി തയ്യാറായില്ല. അദ്ദേഹം ഏഷ്യാനെറ്റിൽ കൈകാര്യം ചെയ്തു വന്ന ‘പത്രവിശേഷം’ എന്ന പരിപാടിയിൽ അദ്ദേഹത്തെ മറികടന്നു ചില സെൻസറിംഗ് മേനോൻ നടപ്പാക്കാൻ ഒരുങ്ങി. അടുത്ത ദിവസം സംപ്രേഷണം ചെയ്യാനായി റിക്കാർഡ് ചെയ്ത ‘പത്രവിശേഷ’ത്തിൽ മാതൃഭൂമിയെ പറ്റി നടത്തിയ ചില പരാമർശങ്ങൾ നീക്കം ചെയ്യാൻ റജി മേനോൻ നിർദ്ദേശം നൽകി. അതോടെ ബിആർപി ഏഷ്യാനെറ്റിനോട് വിട പറഞ്ഞു. ഇത് സം ബന്ധിച്ച ‘ന്യൂസ് റൂ’മിലെ വിവരണം മതി അദ്ദേഹത്തിന്റെ ആദർശനിഷ്ഠയും പ്രവർത്തന സംസ്കാ രവും മനസ്സിലാക്കാൻ.
അപൂർവ്വമായി മാത്രമേ ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളൂ. അധികവും ലോകത്തെ ഞെട്ടിച്ച സംഭവങ്ങളാണ്. സൂയസ് കനാൽ ദേശസാൽക്കരണം, ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരം, അതിനുവേണ്ടി ഒരുപാട് ത്യാഗം സഹിച്ച മുജിബ് റഹ് മാന്റെയും കുടുംബത്തിന്റെയും കൂട്ടക്കുരുതി,സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും മറ്റും. എല്ലാം റിപ്പോർട്ട് ചെയ്യുകയും നേരിട്ട് പലതിനും ദൃക്സാക്ഷിയാകേണ്ടി വരികയും ചെയ്ത കാര്യങ്ങൾ പത്രപ്രവർത്തകന്റെ സൂക്ഷ്മ ദൃഷ്ടിയോടെ വിവരിക്കുന്നുണ്ട്.
”ആരെങ്കിലും എന്തെങ്കിലും പൂഴ്ത്തിവയ്ക്കാൻ ശ്രമിക്കുന്നെങ്കിൽ അതാണ് വാർത്ത; ബാക്കിയെല്ലാം പ്രചാരണമാണ്”’എന്നത് മാധ്യമ ലോകത്തിലെ മറക്കാൻ പാടില്ലാത്ത ചൊല്ലാണ് എന്ന് ബിആർപി പറയുന്നു. ഈ പറച്ചിലിന്റെ പൊരുളറിഞ്ഞാണ് തന്റെ പത്രപ്രവർത്തക ജീവിതത്തിലുടനീളം അദ്ദേഹം തൊഴിലെടുത്തിരുന്നതെന്ന് ഈ അനുഭവക്കുറിപ്പുകൾ നമുക്ക് കാട്ടിത്തരുന്നു. ഒരു കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി തിരുകൊച്ചിയിൽ നിന്നും മുന്നൂറോളം ഭൂരഹിത കു ടുംബങ്ങൾ കൃഷി ചെയ്തു ഉപജീവനം നടത്താൻ മദ്ധ്യപ്രദേശിലേക്ക് പോയിരുന്നു. ഭോപാലിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള സുൽത്താൻപൂരിനടുത്തായിരുന്നു ഈ മലയാളി കർഷകർ.
ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ 1956 ൽ ലഖ്നൗവിൽ പോയപ്പോൾ ഈ സ്ഥലം സന്ദർശിച്ച ബിആർപി അത് സംബന്ധിച്ച ഒരു റിപ്പോർട്ട് തയ്യാറാക്കി. അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാതെ കഷ്ടപ്പെടുന്ന മലയാളി കർഷകരുടെ ശോചനീയാവസ്ഥ വിവരിക്കുന്ന പ്രസ്തുത റിപ്പോർട്ട് കേന്ദ്ര, കേരള, മദ്ധ്യപ്രദേശ് സർക്കാരുകളുടെ ശ്രദ്ധയിൽ എത്തിയാൽ മാത്രമേ പ്രയോജനമുണ്ടാകൂ. അന്ന് അദ്ദേഹം പ്രവർത്തിച്ചിരുന്ന ‘ഹിന്ദു’വി ൽ പ്രസിദ്ധീകരിച്ചാൽ പോരാ. ബാക്കി അദ്ദേഹം തന്നെ പറയട്ടെ:
“ഈ സാഹചര്യത്തിൽ ചെന്നൈയിലും ദില്ലിയിലും ബോംബെയിലും എഡിഷനുകൾ ഉള്ള ‘ഇന്ത്യ ൻ എക്സ്പ്രസ്സിനു അയച്ചുകൊടുക്കുന്നതിനെ കുറിച്ചു ആലോചിച്ചു. ‘ഹിന്ദു’വിലെ വ്യവസ്ഥപ്രകാരം പത്രാധിപരുടെ അനുവാദമില്ലാതെ മറ്റു പ്രസിദ്ധീകരണങ്ങളിൽ എഴുതാൻ പാടില്ല. ഇന്ത്യൻ എക്സ് പ്രസ് ആണെങ്കിൽ ഹിന്ദുവിന്റെ മുഖ്യ എതിരാളിയും. പ്രശ്നം മുഖ്യ വാർത്താ പത്രാധിപർ സി ആർ കൃഷ്ണസ്വാമിയുടെ മുന്നിൽ അവതരിപ്പിച്ചു. ലേഖനം എക്സ്പ്രസ്സിനു നൽകാൻ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങൾ കാണിച്ചുകൊണ്ട് എഡിറ്റർക്ക് ഒരു കത്തെഴുതിത്തരാൻ അദ്ദേഹം പറഞ്ഞു… പത്രാധിപർ കസ്തൂരി ശ്രീനിവാസൻ എക്സ്പ്രസ്സിനു കൊടുക്കാൻ അനുമതി തന്നു. ലേഖനം, എക്സ് പ്രസ്സിന്റെ ഞായറാഴ്ചപ്പതിപ്പായ ‘സൺഡേ സ്റ്റാൻഡേർഡി’ന്റെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചു.”
അദ്ദേഹം ഈ വിഷയത്തിൽ എടുത്ത താല്പര്യം ഉദ്ദേശിച്ച എല്ലാ കേന്ദ്രങ്ങളുടെ ശ്രദ്ധയിൽ പെടാൻ ഉപകരിച്ചു. അതുമൂലം മദ്ധ്യപ്രദേശിലെ മലയാളികളുടെ നില മെച്ചപ്പെടുകയും ചെയ്തു. അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നു കാണിക്കുന്ന നിരവധി അനുഭവങ്ങൾ ഈ പുസ്തകം അനാവരണം ചെയ്യുന്നുണ്ട്. നിരീശ്വരവാദിയും അവിശ്വാസിയുമായിരുന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, താൻ മരി ച്ചുകഴിഞ്ഞാൽ മതപരമായ യാതൊരു ചടങ്ങും നടത്തെരുതെന്നും ചിതാഭസ്മം നദികളി ലും മലകളിലും വിതറണമെന്നും വിൽപത്രത്തിൽ എഴുതിവച്ചിരുന്നതായും അദ്ദേഹം ആഗ്രഹിച്ച പടിത ന്നെ ആ കാര്യങ്ങൾ നിർവ്വഹിച്ചു എന്നുമാണ് നാം കരുതിയിരുന്നത്. ”എന്നാൽ ഇന്ദിരാഗാന്ധിയു ടെ താൽപര്യപ്രകാരം ഡൽഹിയിലെ ബിർളാ ക്ഷേത്രത്തിലെ പൂജാരിമാർ മരണാനന്തര ചടങ്ങുകൾ നടത്തി. ചിതാഭസ്മ നിമജ്ജനത്തിനു ഇന്ദിരാഗാന്ധി ത്രിവേണി തെരഞ്ഞെടുക്കുകയും ചടങ്ങ് വേദമന്ത്രോച്ചാരണങ്ങളോടെ നടത്തുകയും ചെയ്തു’’ എന്നു ന്യൂസ് റൂം നമ്മൾക്ക് പറഞ്ഞു തരുന്നു.
സോവിയറ്റ് യൂണിയന്റെ അന്തർദ്ധാനവും പോളണ്ടിലെയും ഹംഗറിയിലെയും മറ്റും രാഷ്ട്രീയമാ റ്റങ്ങളും നേരിട്ട് മനസ്സിലാക്കി റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകനാണ് ബിആർപി. ”മോസ്ക്കോയി ൽ നിന്ന് മടങ്ങുമ്പോൾ, സോവിയറ്റ് യൂണിയന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കയാണെന്നും പാർട്ടി അവ സാനിക്കുകയാണെന്നുമുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നില്ല.”എന്ന് അദ്ദേ ഹം അന്നേ മനസ്സിൽ കുറിച്ചു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിലും കമ്യൂണിസ്റ്റ് പാർ ട്ടിയുടെ പരാജയത്തിലും സന്തോഷിക്കുകയോ പരിഹസിക്കുകയോ ചെയ്യാത്ത പത്രപ്രവർത്തകർ കുറവാണ്. അവരിൽ നിന്നും വിഭിന്നമായ കാഴ്ചപ്പാടാണ് ബിആർപിക്ക് ഉള്ളത്. കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ യാത്രകൾക്ക് ശേഷംനാട്ടിൽ വന്നപ്പോൾ അവിടത്തെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മുൻ എംപി, എം കെ കുമാരൻ ചോദിച്ചു: ”ഞാൻ ഇതിന്റെ പിന്നാലെ പോയി ജീവിതം പാഴാക്കിയോ?’’ രോഗശയ്യയിലായിരുന്ന എം കെ കുമാരന്റെ ചോദ്യം ബിആർപിയെ വേദനിപ്പിച്ചു. അദ്ദേ ഹം പറഞ്ഞു: ”അത് തെറ്റായ ചോദ്യമാണ്. കുമാർജി ആ പാത സ്വീകരിച്ചത് അത് ശരിയാണെന്ന വിശ്വാസത്തിലായിരുന്നല്ലോ. അതുകൊണ്ടു അത് ശരിയായ തീരുമാനമായിരുന്നു. പിൽക്കാല സംഭവങ്ങൾ അന്നത്തെ തീരുമാനത്തെ തെറ്റാക്കുന്നില്ല. ഓരോ സമയത്തും അന്നത്തെ അറിവിന്റെ അടിസ്ഥാനത്തിലല്ലേ തീരുമാനങ്ങളെടുക്കാനാകൂ…” സോവിയറ്റ് യൂണിയന്റെ അന്തർദ്ധാനത്തെയും അവിടുത്തെയും കിഴക്കൻ യൂറോപ്പിലേയും കമ്മ്യൂണിസത്തിന്റെ തകർച്ചയെയും കുറിച്ചു ഇത്ര സമചിത്തതയോടെയും പക്വതയോടെയും മറ്റൊരു പത്രപ്രവർത്തകനും പ്രതികരിച്ചിട്ടില്ല.
ദൃശ്യമാദ്ധ്യമ മേഖലയിൽ വളരെയൊന്നും പ്രവർത്തിക്കുവാൻ അവസരം കിട്ടിയിട്ടില്ലെങ്കിലും കിട്ടിയ കുറഞ്ഞ നാളുകളിലെ പ്രവര്‍ത്തനംകൊണ്ട് പ്രസ്തുത രംഗത്തെ പ്രവർത്തന പ്രത്യേകത കളെയും നന്മ തിന്മകളെയും ജയാപജയങ്ങളെയും കുറിച്ചു വ്യക്തമായ കാഴ്ചപ്പാട് വരും തലമു റയ്ക്കുണ്ടാക്കാൻ പോരുന്ന അനുഭവക്കുറിപ്പുകൾ ‘ന്യൂസ് റൂ’മിലുണ്ട്.
ലളിതവും സംശുദ്ധവുമായ ഭാഷ കൊണ്ടും സുതാര്യവും സുവ്യക്തവുമായ ആഖ്യാന രീതി കൊ ണ്ടും വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുന്ന ഈ കൃതി പത്രപ്രവർത്തക ചരിത്രത്തിനും ആത്മകഥാ സാഹിത്യത്തിനും അനുകരണീയമായ പുതിയ വഴികൾ തുറന്നു കൊടുക്കും. വരും തലമുറകൾക്ക് മാർഗ്ഗദർശിയായും ‘ന്യൂസ് റൂം’ മാറും.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.