16 September 2024, Monday
KSFE Galaxy Chits Banner 2

തൊഴിലിന്റെ പേരിൽ കോർപറേറ്റ് പ്രീണനം

Janayugom Webdesk
August 31, 2024 5:00 am

തൊഴിൽബന്ധിത പ്രോത്സാഹനത്തിന്റെ (എപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് — ഇഎൽഐ) പേരിൽ മോഡി സർക്കാർ നടപ്പാക്കുന്ന പദ്ധതി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പകരം വമ്പൻ കോർപറേറ്റുകളെ സമ്പന്നമാക്കാൻ മാത്രമേ സഹായകമാവൂ എന്ന് രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയൻ കേന്ദ്രങ്ങൾ അഭിപ്രായപ്പെടുന്നു. ഓഗസ്റ്റ് 28ന് കേന്ദ്ര തൊഴിൽ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ചുചേർത്ത കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ യോഗത്തിൽ രാജ്യത്തെ മുഴുവൻ തൊഴിലാളി സംഘടനകളും ഇക്കാര്യത്തിൽ ഏകാഭിപ്രായമാണ് പ്രകടിപ്പിച്ചത്. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ഏകോപിത നിലപാടിന് പുറമെ സംഘ്പരിവാറില്‍പ്പെട്ട ഭാരതീയ മസ്ദൂർ സംഘും (ബിഎംഎസ്) സമാനനിലപാട് സ്വീകരിച്ചു എന്നതും ശ്രദ്ധേയമാണ്. 2024–25ലെ ബജറ്റിൽ പ്രഖ്യാപിച്ച ഇഎൽഐ പദ്ധതിയുടെ യഥാർത്ഥ ഗുണഭോക്താക്കൾ സംഘടിത മേഖലയിലെ വൻകിട കോർപറേറ്റുകൾ ആയിരിക്കും. ഇന്ത്യയിലെ തൊഴിലാളികളിൽ കേവലം പത്തുശതമാനം മാത്രമേ സംഘടിത, ഔപചാരിക തൊഴിൽമേഖലയിൽ പണിയെടുക്കുന്നുള്ളു. 90 ശതമാനം തൊഴിലാളികളും അസംഘടിത, അനൗപചാരിക മേഖലയിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ പദ്ധതിയിലൂടെ പുതിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന പ്രഖ്യാപനം അസ്ഥാനത്താണെന്ന് ട്രേഡ്‌യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. ഔപചാരിക തൊഴിൽമേഖലയിൽത്തന്നെ വലിയൊരു വിഭാഗം തൊഴിലാളികളും കരാർ തൊഴിലാളികളാണെന്ന വസ്തുതയും അവഗണിക്കാവുന്നതല്ല. അതോടൊപ്പം കോർപറേറ്റുകൾ പലതും തങ്ങളുടെ തൊഴിൽ പുറംകരാറായി നൽകുന്ന പ്രവണതയും ഉദാരീകരണ സാമ്പത്തികനയങ്ങളുടെ ഭാഗമായി വ്യാപകമാണ്. ഈ പശ്ചാത്തലത്തിൽവേണം മോഡിസർക്കാരിന്റെ ഇഎൽഐ പദ്ധതി വിലയിരുത്തപ്പെടാൻ.


രാജ്യത്തിന് ഗുണം ചെയ്യാത്ത കേന്ദ്ര ബജറ്റ്


ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ചചെയ്യപ്പെട്ടതും ബിജെപി നേരിട്ട തിരിച്ചടിക്ക് മുഖ്യകാരണമായതുമാണ് രാജ്യത്ത് വളർന്നുവന്നിരിക്കുന്ന വ്യാപകമായ തൊഴിലില്ലായ്മ. രാജ്യത്ത് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്ന മേഖലകളായിരുന്നു അനൗപചാരിക, അസംഘടിത തൊഴിൽരംഗം. മോഡിഭരണത്തിന്റെ സാമ്പത്തിക നയങ്ങളും ലോകത്തെയാകെ ഗ്രസിച്ച കോവിഡ് മഹാമാരിയും ആ രംഗത്തിന് കനത്ത തിരിച്ചടിയായി. നോട്ട് നിരോധനം, ചരക്ക് സേവന നികുതി എന്നിവയിൽ തകർന്നടിഞ്ഞ അസംഘടിത മേഖലയ്ക്ക് കോവിഡ് സൃഷ്ടിച്ച ആഘാതത്തെ അതിജീവിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ബാങ്ക് വായ്പകൾ, സർക്കാരിന്റെ ആനുകൂല്യങ്ങൾ എന്നിവ ഏതാണ്ട് പൂർണമായും കോർപറേറ്റുകളെ ലക്ഷ്യംവച്ചുള്ളവ ആയതിനാൽ അസംഘടിത, അനൗപചാരിക, ചെറുകിട വ്യവസായങ്ങളും സംരംഭങ്ങളും മൂലധന നിക്ഷേപത്തിനും പ്രവർത്തന മൂലധനത്തിനും കടുത്ത ഞെരുക്കത്തെയാണ് നേരിടുന്നത്. മഹാഭൂരിപക്ഷത്തിനും തൊഴിൽ നൽകിവരുന്ന ഈ മേഖലകളെ അവഗണിച്ചുകൊണ്ടുള്ള ഒരു പദ്ധതിക്കും ഇന്ത്യയെപ്പോലെ ജനസംഖ്യാ ബാഹുല്യമുള്ള ഒരുരാജ്യത്തിന് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവില്ല. അടുത്ത അഞ്ചുവർഷംകൊണ്ട് രാജ്യത്ത് 4.1കോടി ചെറുപ്പക്കാർക്ക് തൊഴിൽ പ്രദാനം ചെയ്യുന്നതിന് രണ്ടുലക്ഷം കോടിരൂപ ചെലവിടുന്ന പദ്ധതിയായിട്ടാണ് ബജറ്റിൽ ഇഎൽഐ വിഭാവനം ചെയ്തിട്ടുള്ളത്. അത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം കോർപറേറ്റുകളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസഷനിൽ രജിസ്റ്റർ ചെയ്ത ഔപചാരിക തൊഴിൽമേഖലകളിലൂടെ മാത്രമാണ് തൊഴിലുടമകൾക്കുള്ള പ്രോത്സാഹനം നല്കപ്പെടുക. അതായത്, സംഘടിത മേഖലയ്ക്ക് പുറത്തുള്ള 90 ശതമാനം തൊഴിലാളികളും തൊഴിൽസ്ഥാപനങ്ങളും പദ്ധതിക്ക് പുറത്തായിരിക്കുമെന്ന് പദ്ധതി ആരംഭിക്കുന്നതിന് മുൻപുതന്നെ വ്യക്തം. ആദ്യമായി തൊഴിൽ ലഭിക്കുന്ന തൊഴിലാളിക്ക് ഒരു മാസത്തെ വേതനം (പരമാവധി 15,000 രൂപ) മൂന്ന് ഗഡുക്കളായി ഇപിഎഫ്ഒ നല്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. ഒരുലക്ഷം രൂപവരെ വേതനമുള്ള തൊഴിലാളികൾക്ക് ഇപിഎഫ്ഒ ആനുകൂല്യങ്ങളും ലഭ്യമാക്കും. ഈ ആനുകൂല്യങ്ങൾ സംഘടിത തൊഴിൽമേഖലയ്ക്ക് മാത്രം ബാധകമായതിനാൽ മഹാഭൂരിപക്ഷത്തിനും അവ നിഷേധിക്കപ്പെടുമെന്നാണ് ട്രേഡ്‌യൂണിയനുകൾ വിലയിരുത്തുന്നത്.


ഭരണകൂടം ഭയകൂടമാകുമ്പോൾ


തൊഴിലാളികളെ നേരിട്ടുബാധിക്കുന്ന പദ്ധതികൾ, പരിഷ്കാരങ്ങൾ, നിയമനിർമ്മാണങ്ങൾ എന്നിവ അവരുമായി യാതൊരു ആലോചനയും കൂടാതെയാണ് മോഡി സർക്കാർ തുടക്കംമുതലെ അടിച്ചേല്പിച്ചുപോരുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച ഇഎൽഐ പദ്ധതിയും ഇതിൽനിന്ന് ഭിന്നമല്ല. ട്രേഡ്‌ യൂണിയനുകളുടെ യോഗം വിളിച്ചുകൂട്ടിയ കേന്ദ്ര തൊഴിൽമന്ത്രി ഫലപ്രദമായ ചർച്ചയ്ക്ക് സഹായകമായ പദ്ധതിരേഖകൾ അഭിപ്രായപ്രകടനത്തിന് ഉതകുംവിധം മുൻകൂട്ടി വിതരണം ചെയ്തിരുന്നില്ല. തൊഴിലാളികളും അവരുടെ സംഘടനകളും ദീർഘകാലമായി ഉന്നയിച്ചുപോരുന്ന ആവശ്യങ്ങൾ ചർച്ചചെയ്യാൻപോലും തയ്യാറാവാതെ സർക്കാരിന്റെ പദ്ധതി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുക മാത്രമായിരുന്നു യോഗലക്ഷ്യം. മോഡി ഗവണ്‍മെന്റ് അധികാരത്തിലേറി ആദ്യവർഷം മാത്രമാണ് തൊഴിൽപ്രശ്നങ്ങൾ ചർച്ചചെയ്യാൻ പരമ്പരാഗതമായി വിളിച്ചുചേർത്തിരുന്ന ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐഎൽസി) ചേർന്നത്. ഗവണ്മെന്റും തൊഴിൽ ഉടമകളും ട്രേഡ് യൂണിയനുകളും ഉൾപ്പെട്ട ഐഎൽസി പോലും വിളിച്ചുകൂട്ടാതെ തൊഴിലാളിവിരുദ്ധ, കോർപറേറ്റ് പ്രീണനനയങ്ങളുമായി മുന്നോട്ടുപോകാനാണ് മോഡിസർക്കാർ ഇപ്പോഴും ശ്രമിക്കുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ട്രേഡ്‌യൂണിയനുകൾ മോഡിസർക്കാർ ഏകപക്ഷീയമായി പാസാക്കിയ മൂന്ന് ലേബർ കോഡുകൾ പിൻവലിക്കണമെന്നതടക്കം 17 ആവശ്യങ്ങൾ അടങ്ങുന്ന അവകാശപത്രിക തൊഴിൽമന്ത്രിക്ക് സമർപ്പിച്ചു. രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന രാഷ്ട്രീയാന്തരീക്ഷം പ്രയോജനപ്പെടുത്തി കൂട്ടായ വിലപേശലിന് ട്രേഡ്‌യൂണിയനുകൾ നിർബന്ധിതമാകുന്ന സാഹചര്യമാണ് വളർന്നുവന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.