26 February 2024, Monday

രാജസ്ഥാനില്‍ കളംപിടിക്കാന്‍ ഭിന്നിപ്പിക്കലും നുണയും

ഡോ. ഗ്യാൻ പഥക് 
October 20, 2023 4:15 am

നുണപ്രചരണവും ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിഷയങ്ങളുമാണ് രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കള്ളം പറയുകയും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുകയുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ സുപ്രധാനമായ അഞ്ച് വർഷം പാഴാക്കിയെന്നും അഴിമതിയില്‍ മുങ്ങിയ കോൺഗ്രസ് ഭരണത്തിന് പൂജ്യം മാർക്കിനുള്ള അർഹതയേ ഉള്ളുവെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നു. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം നൽകിയത് തെറ്റായെന്നാണ് രാജസ്ഥാന്‍ ജനതയെ മോഡി ഓർമ്മിപ്പിക്കുന്നത്. അതേസമയം തൊട്ടടുത്തവര്‍ഷം 2019ൽ സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളും ബിജെപിക്ക് നൽകിയതിലെ തെറ്റ് ഖാർഗെയും ഓർമ്മിപ്പിച്ചു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്ന് 25 ബിജെപി എംപിമാരെയാണ് ജനങ്ങൾ തെരഞ്ഞെടുത്തത്. എന്നാല്‍ തങ്ങള്‍ക്ക് വോട്ടുചെയ്തവര്‍ക്കായി ഏതെങ്കിലും തരത്തിലുള്ള ഫണ്ടോ കുടിവെള്ളമോ ഉള്‍പ്പെടെ കൊണ്ടുവരാൻ അവര്‍ക്ക് സാധിച്ചില്ലെന്ന് ഖാർഗെ പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുസ്ഥിതി അവലോകനം ചെയ്താല്‍ അദ്ദേഹത്തിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യമാകും. പ്രാദേശിക വികസനനിധി പ്രകാരം ഓരോ എംപിക്കും അവരുടെ മണ്ഡലങ്ങളിലെ വികസന പദ്ധതികളിൽ 17 കോടി രൂപ ചെലവഴിക്കാൻ അർഹതയുണ്ട്. എന്നാൽ മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ആ തുക അഞ്ച് കോടി മുതൽ 12 കോടി വരെയാക്കി കുറച്ചു. പദ്ധതിയിലൂടെ സംസ്ഥാനത്തിന് ആകെ ലഭിക്കേണ്ട 425 കോടിയിൽ കേന്ദ്രം അനുവദിച്ചത് 187.5 കോടി മാത്രമാണ്. ഇക്കാര്യങ്ങള്‍ പദ്ധതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തെ ബിജെപി എംപിമാർക്ക് ഫണ്ട് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നാണ് ഇത് കാണിക്കുന്നത്.


ഇതുകൂടി വായിക്കൂ: 2024 തെരഞ്ഞെടുപ്പും കോൺഗ്രസ് പ്രതിസന്ധിയും


നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ബിജെപിയുടെ തുറുപ്പുചീട്ടായ പ്രധാനമന്ത്രി, രാജസ്ഥാന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ മുന്നോടിയായി ആയിരക്കണക്കിന് കോടിയുടെ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നു. പിഎം കെയേഴ്സ് എന്ന പ്രചരണം തികച്ചും പൊള്ളയാണ്. കാരണം ഈ പദ്ധതിക്കുകീഴിൽ അർഹമായ ഫണ്ട് ബിജെപി എംപിമാർക്ക് പോലും അദ്ദേഹം ഉറപ്പാക്കുന്നില്ല. മോഡിയുടെ ഉറപ്പിൽ വിശ്വസിക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകള്‍ നൽകുകയും ചെയ്തവരെ വഞ്ചിക്കുകയായിരുന്നു.
സ്വന്തം മണ്ഡലത്തിന്റെ പ്രാദേശിക വികസനത്തിനായി ഓരോ എംപിക്കും ഫണ്ട് മാറ്റിവച്ചു തുടങ്ങിയത് 1993–94ലാണ്. വികസനത്തിന്റെ മുൻഗണനാക്രമം നിശ്ചയിക്കാനുള്ള അവകാശവും എംപിമാര്‍ക്കാണ്. അവരുടെ ശുപാർശയിൽ മാത്രമാണ് പദ്ധതികള്‍ നടപ്പാക്കുക. എംപി ശുപാർശ ചെയ്യുന്ന പദ്ധതികൾ നിശ്ചിത സമയത്തിനുള്ളിൽ അനുവദിക്കുകയും നടപ്പിലാക്കുകയും പൂർത്തിയാക്കുകയും ചെയ്യുക മാത്രമാണ് ജില്ലാ ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം. സംസ്ഥാനത്ത് അനുവദിച്ച ഫണ്ടിന്റെ 96.13 ശതമാനം വിനിയോഗിക്കപ്പെട്ടു. ചെലവഴിക്കാതെ പോയത് 52.46 കോടി മാത്രമാണ്. ഫണ്ട് അനുവദിക്കുന്നതിലെ കേന്ദ്രത്തിന്റെ പരിതാപകരമായ പ്രകടനത്തെക്കാൾ മെച്ചമാണ് സംസ്ഥാന ഉദ്യോഗസ്ഥരുടെ പ്രകടനമെന്നാണ് ഇത് കാണിക്കുന്നത്. ഈയാെരുദാഹരണം തന്നെ സംസ്ഥാനത്തെ ബിജെപി എംപിമാരുടെയും അശോക് ഗെലോട്ട് സർക്കാരിന്റെയും പ്രകടനം താരതമ്യം ചെയ്യാൻ ജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഏത് പാർട്ടിയാണ് വോട്ടുകള്‍ക്കായി കള്ളം പറയുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നതെന്ന് കണ്ടെത്താൻ അവരെ പ്രാപ്തരാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം.
200 സീറ്റുകളുള്ള നിയമസഭയിൽ കോൺഗ്രസ് 100 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് 73 സീറ്റുകൾ മാത്രമാണ് കഴിഞ്ഞതവണ നേടാനായത്. പിന്നീട് മൂന്ന് സീറ്റുകൾ ബിജെപിക്ക് നഷ്ടപ്പെട്ടു. ഇപ്പോഴവര്‍ക്ക് 70 സീറ്റുകൾ മാത്രമാണുള്ളത്. അതേസമയം കോൺഗ്രസിന്റെ അംഗബലം 108 ആയി ഉയർന്നു. കോൺഗ്രസ് ശക്തിപ്പെടുകയും ബിജെപിയുടെ സ്വാധീനം കുറയുകയും ചെയ്യുന്നതിന്റെ സൂചനയാണിത്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള ബോധവല്‍ക്കരണ ക്യാമ്പയിൻ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: സമരത്തിന് യുവാക്കളില്ല; കോൺഗ്രസിൽ അങ്കലാപ്പ്


മോഡി ഒരു “ചുവന്ന ഡയറി“യെക്കുറിച്ചും അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സാമ്പത്തിക ക്രമക്കേടുകളുടെ കണക്ക് അതിലുണ്ടെന്നും പ്രസംഗിച്ചിരുന്നു. ‘വരുന്ന തെരഞ്ഞെടുപ്പിന് ശേഷവും രാജസ്ഥാനിൽ വീണ്ടും കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് കൂടി ആ ചുവന്ന ഡയറിയിൽ എഴുതിയിട്ടുണ്ട്’ എന്നാണ് അതിന് ഖാർഗെ മറുപടി നല്‍കുന്നത്. ‘തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ബിജെപി അവരുടെ സ്വന്തമാണെന്ന് അവകാശപ്പെടുകയാണ്. എന്നാല്‍ ജനങ്ങള്‍ അത് അംഗീകരിക്കില്ലെ,‘ന്ന് ഖാര്‍ഗെ പറഞ്ഞു.
രാജസ്ഥാനുവേണ്ടി ഡൽഹിയിൽ നിന്നുള്ള ‘പ്രത്യേക ദാതാവിനെ താൻ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെ‘ന്ന് പ്രധാനമന്ത്രി മോഡി തെരഞ്ഞെടുപ്പ് റാലിയിൽ അവകാശപ്പെട്ടു. ‘ഉജ്വലയുടെ ഗുണഭോക്താക്കളായ സഹോദരിമാർക്ക് 600 രൂപയ്ക്ക് കേന്ദ്രസർക്കാരിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. ദസറയ്ക്കും ദീപാവലിക്കും മുമ്പ് ഉജ്വല സിലിണ്ടറിന് 100 രൂപ കൂടി കുറഞ്ഞു‘വെന്നും മോഡി അവകാശപ്പെട്ടു. സംസ്ഥാനത്ത് ‘സൗജന്യ ചികിത്സയ്ക്കുള്ള അവകാശം’ എന്ന നിയമം കോൺഗ്രസ് കൊണ്ടുവന്നതിന് മറുപടിയായി, മോഡി പറഞ്ഞത് ‘ബിജെപി സർക്കാർ പൗരന്മാരുടെ ആരോഗ്യത്തിന് മുൻഗണന നൽകുകയും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ നൽകുകയും ചെയ്തു. ആയുഷ്മാൻ ഭാരത് പദ്ധതിയും ആധുനിക ആശുപത്രികളുടെ നിർമ്മാണവും നടത്തി‘യെന്നുമാണ്. കോൺഗ്രസിന്റെ നയം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ടതാണ്. ജനങ്ങള്‍ രണ്ടിനെയും താരതമ്യം ചെയ്യാനിടയുണ്ട്.
അശോക് ഗെലോട്ട് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടത്തിയ വികസന, സാമൂഹിക ക്ഷേമ പദ്ധതികളിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിജെപിയെ അലട്ടുന്നതിനെക്കാൾ താരതമ്യേന കുറവാണ് പാർട്ടിയിലെ ചേരിപ്പോര്. വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന ഖാർഗെയുടെ ആരോപണത്തെ മറികടക്കാൻ കേന്ദ്ര ബിജെപി നേതൃത്വം കഠിനമായ ശ്രമമാണ് നടത്തുന്നത്. ഏത് പാർട്ടിയും നേതാക്കളുമാണ് നുണ പറയുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നതെന്നറിയാൻ ജനങ്ങളും ശ്രമിക്കാതിരിക്കില്ല. രാഷ്ട്രീയ പാർട്ടികൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകിയോ വർഗീയ വികാരങ്ങൾ കൊണ്ടോ തങ്ങളെ പാട്ടിലാക്കാന്‍ നിന്നുകൊടുക്കില്ലെന്നാണ് ഇത്തവണ ജനം സൂചിപ്പിക്കുന്നത്.
(അവലംബം: എ‌െപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.