24 December 2024, Tuesday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് ബോണ്ട്: വൈകുന്ന നീതി

Janayugom Webdesk
July 6, 2022 5:00 am

രുപത്തിയൊന്നാമത് ബോണ്ട് വില്പന ആരംഭിച്ച് അഞ്ചുദിവസം പിന്നിട്ടിരിക്കുന്നു. അത് ഈ മാസം പത്താംതീയതി പൂർത്തിയാവുന്നതോടെ തെരഞ്ഞെടുപ്പ് രംഗത്ത് രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള അസമത്വം കൂടുതൽ രൂക്ഷമാകും. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ അർത്ഥശൂന്യമാക്കി മാറ്റുന്ന തെരഞ്ഞെടുപ്പ് ബോണ്ട് വിഷയം 2018 മുതൽ സുപ്രീം കോടതിയിൽ തീർപ്പുകല്പിക്കാതെ തുടരുകയാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, കോമൺ കോസ് എന്നീ സര്‍ക്കാരിതര സംഘടനകളാണ് തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിനെതിരെ പരമോന്നത കോടതിയെ സമീപിച്ചത്. ഇരുപത്തിയൊന്നാമത് ബോണ്ട് വില്പന ജൂലൈ ഒന്നുമുതൽ പത്തുവരെ തീയതികളിൽ ആരംഭിക്കാനിരിക്കെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിഷയം ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ ശ്രദ്ധയിൽ ഏപ്രിൽ മാസത്തിൽത്തന്നെ കൊണ്ടുവരികയുണ്ടായി. കോവിഡ് പശ്ചാത്തലത്തിൽ കേസ് കേൾക്കുന്നതിൽ കാലതാമസം ഉണ്ടായി എന്നും, കേസ് കേൾക്കുമെന്നും അന്ന് ചീഫ് ജസ്റ്റിസ് കോടതിയിൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇപ്പോഴും തൽസ്ഥിതി തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റി കടുത്ത ആശങ്കയായി നിലനിൽക്കുന്നു. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ ഒരു ചോദ്യത്തിന് നൽകിയ മറുപടിയനുസരിച്ച് അതുവരെയുള്ള പത്തൊൻപതു വില്പനകളിൽ മൊത്തം 9208.23 കോടി രൂപയുടെ ബോണ്ടുകൾ വിറ്റഴിയുകയും രാഷ്ട്രീയപാർട്ടികൾ 9187.55 കോടി രൂപ മാറ്റിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഏറെ ദുരൂഹമായ ബോണ്ട് വില്പനയുടെ ഏറ്റവും വലിയ ഗുണഭോക്താവ് സ്വാഭാവികമായും ബിജെപി തന്നെയാണ്. ലഭ്യമായ കണക്കുകൾ അനുസരിച്ച് 2021 വരെ വിറ്റഴിഞ്ഞ ബോണ്ടുകളുടെ 65 ശതമാനം അഥവാ 6900 കോടി രൂപയും എത്തിച്ചേർന്നത് ബിജെപിയുടെ പണപ്പെട്ടിയിലാണ്. അത് എല്ലാ അർത്ഥത്തിലും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മത്സരങ്ങളെ അസമവും നിയമവിധേയമായ അട്ടിമറിയുമാക്കി മാറ്റിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ: മോഡീഭരണത്തിന്റെ എട്ടുവര്‍ഷക്കാലം


2021ൽ തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച കേസ് കേട്ട അന്നത്തെ ചീഫ് ജ­സ്റ്റിസ് എസ് എ ബോബ്ഡെ അടക്കം കോടതി നരേന്ദ്രമോഡി സ­ർക്കാർ അധികാരത്തി­ൽ തുടരാനും പ്രതിപക്ഷത്തെ തകർക്കാനുമുള്ള കോർപറേറ്റ് ധനസ്രോതസായി തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തെ മാറ്റിയെന്ന വസ്തുത അവഗണിക്കുകയാണ് ഉണ്ടായത്. പരാതിക്കാർ ആവശ്യപ്പെട്ട വിധം പദ്ധതി സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. ബോണ്ട് പദ്ധതി ഇന്ത്യൻ ബിസിനസ് ലോകത്തുനിന്ന് അന്യായമായ ധനസമ്പാദനത്തിനുള്ള മാർഗമാക്കി ഭരണകക്ഷിയായ ബിജെപി മാറ്റിയെടുത്തു. സംസ്ഥാന ഭരണം നടത്തുന്ന പല പ്രാദേശികപാർട്ടികളും പദ്ധതിയെ യഥോചിതം പ്രയോജനപ്പെടുത്തുന്നതായാണ് ബോണ്ട് വില്പനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ബിജെപി തങ്ങളെ അനുകൂലിക്കുന്ന കോർപറേറ്റുകളിൽനിന്ന് മാത്രമല്ല, വിയോജിപ്പുള്ളവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കം കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തും പണക്കൊയ്ത്ത് കൊഴുപ്പിക്കുന്നു. ബോണ്ടുവഴി ആർജിച്ച പണക്കൊഴുപ്പ് ബിജെപി ഇതര പാർട്ടികൾക്ക് തീർത്തും അസമമായ മത്സരക്കളമായി തെരഞ്ഞെടുപ്പുകളെ മാറ്റുന്നു. അതിനു പുറമെയാണ് ബിജെപിയെ പിന്തുണയ്ക്കുന്ന വൻ കച്ചവടക്കാരിൽനിന്നും വിശ്വഹിന്ദു പരിഷത്തടക്കം വിദേശ ഇന്ത്യക്കാരിൽനിന്നും സമാഹരിക്കുന്ന പണത്തിന്റെ ഒഴുക്ക്. ബിജെപി എന്നല്ല ഏത് രാഷ്ട്രീയ പാർട്ടിക്കും അവരെ പിന്തുണയ്ക്കുന്നവരിൽനിന്നും പണം സമാഹരിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ ധനസമാഹരണത്തിനുവേണ്ടി അധികാര ദുർവിനിയോഗം നടത്തി നിയമങ്ങൾതന്നെ മാറ്റിമറിക്കുന്നതും വളച്ചൊടിക്കുന്നതും ഒരു കാരണവശാലും ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാവുന്നതല്ല, അധാർമികവുമാണ്. അതിനുവേണ്ടി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് അധികാര ദുർവിനിയോഗമാണ്.


ഇതുകൂടി വായിക്കൂ: സമ്പത്ത് വാരിക്കൂട്ടുന്ന രാജ്യദ്രോഹം


തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ അസമവും പ്രഹസനവുമാക്കി മാറ്റുന്ന തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് ഭരണഘടനയോടു മാത്രമേ ബാധ്യതയുള്ളു എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അടുത്തകാലത്ത് അസന്നിഗ്ധമായി പ്രസ്താവിക്കുകയുണ്ടായി. ആ ബോധ്യവും ഇച്ഛാശക്തിയും തെരഞ്ഞെടുപ്പ് ബോണ്ട് വിഷയം അടിയന്തരമായി കേൾക്കുന്നതിലും തീർപ്പാക്കുന്നതിലും കോടതി പ്രകടിപ്പിക്കുമെന്നു തന്നെയാണ് ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയും നീതിബോധവും വിശ്വസിക്കാൻ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ഭരണകക്ഷിയെ യാതൊരു കാരണവശാലും ഇനിയും അനുവദിച്ചുകൂട. വൈകുന്ന നീതി, നീതിയുടെ നിഷേധമാണെന്ന വസ്തുത പരമോന്നത കോടതി ഇനിയും അവഗണിച്ചുകൂട.

You may also like this video;

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.