വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫാദർ ഗുസ്താവോ ഗുട്ടിയേറസ് അന്തരിച്ചത് കഴിഞ്ഞ ആഴ്ചയിലാണ്. പെറുവിലെ ഡൊമിനിക്കൻ സഭാംഗവും തത്വചിന്തകനുമായിരുന്ന അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടിൽ ലോകമെങ്ങും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ സ്വാധീനശക്തിയായിത്തീർന്ന വിമോചന ദൈവശാസ്ത്രത്തിന്റെ സ്ഥാപകനാണ്. ഒരുകാലത്ത് പോരാട്ടത്തിന്റെയും പിന്നീട് പ്രതിലോമകരമായ പ്രവർത്തനത്തിന്റെയും ചരിത്രമുള്ള കത്തോലിക്കാസഭയില്‍, ദേശീയമായും സാർവദേശീയമായും ഏറെ മാറ്റമുണ്ടായതിൽ വിമോചന ദൈവശാസ്ത്രത്തിന്റെ സ്വാധീനവും പങ്കും വലുതാണ്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വിശ്വാസവിപ്ലവമാണ് വിമോചന ദൈവശാസ്ത്രം ലോകത്ത് സൃഷ്ടിച്ചത്. 1971ൽ പ്രസിദ്ധീകരിച്ച ‘എ തിയോളജി ഓഫ് ലിബറേഷ’നിലൂടെയാണ് വിമോചന ദൈവശാസ്ത്രമെന്ന ആശയം ഗുസ്താവോ ഗുട്ടിയേറസ് മുന്നോട്ടുവച്ചത്. സഭ പാവപ്പെട്ടവർക്കൊപ്പമായിരിക്കണം നിലകൊള്ളേണ്ടത്, അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായിരിക്കണം പരിശ്രമിക്കേണ്ടത് എന്ന് അദ്ദേഹം നിരന്തരം വാദിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലടക്കം ലോകത്ത് ലക്ഷക്കണക്കിനാളുകൾ അദ്ദേഹത്തിന്റെ ആശയങ്ങളെ പിൻതുടർന്നു. കേരളത്തിലും വിമോചന ദൈവശാസ്ത്രത്തിന് ശക്തമായ വേരോട്ടമുണ്ടായി. മാർക്സിസവുമായി ഗാഢമായ ബന്ധം പുലർത്തിയ അദ്ദേഹത്തിന്റെ ആശയം സഭയ്ക്ക് ഭീഷണിയാകുമെന്ന് വ്യാപകമായ പ്രചാരമുണ്ടായി. ബ്രസീലിലെ ലിയനാർഡോ ബോഫ്, എല്‍സാല്‍വദോറിലെ ജോൺ സോബ്രിനോ, ഓസ്മാർ റൊമേരോ, ഉറുഗ്വേയിലെ ലുവാൻ ലൂയിസ് സെഗുൻട്രോ എന്നിവരും വിമോചന ദൈവശാസ്ത്രത്തിന്റെ വളർച്ചയെ സഹായിച്ചവരാണ്.
ഇന്ത്യയിൽ ഝാർഖണ്ഡിലെ പാവപ്പെട്ട ആദിവാസികളെ വ്യാജകേസിൽ പെടുത്തി നീതി നിഷേധിക്കുന്നതിനെതിരെ പോരാടിയ ഫാദർ സ്റ്റാൻസ്വാമി വിമോചന ദൈവശാസ്ത്ര മാര്‍ഗമാണ് പിന്തുടര്‍ന്നിരുന്നത്. അദ്ദേഹത്തിന്റെ പുസ്തകം ‘ചർച്ച് ആന്റ് സോഷ്യൽ ജസ്റ്റിസി‘ന് ഏറെ പ്രചാരമുണ്ടായി. ലാറ്റിനമേരിക്കൻ ആർച്ച് ബിഷപ്പ് ഹെൽഡർ കാമറയുടെ സ്വാധീനം വിമോചന ദൈവശാസ്ത്ര പ്രയോക്താക്കള്‍ക്ക് വലിയ പ്രചോദനമായിരുന്നു. അദ്ദേഹം പറഞ്ഞു “പാവങ്ങൾക്ക് ഞാൻ ഭക്ഷണം കൊടുക്കുമ്പോൾ നിങ്ങൾ എന്നെ വിശുദ്ധൻ എന്നു വിളിക്കും. എന്തുകൊണ്ട് അവർക്ക് ഭക്ഷണം കിട്ടുന്നില്ല എന്നു ചോദിച്ചാൽ അപ്പോൾ നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കും.” ഞാൻ വിശുദ്ധനാകാനല്ല, വിപ്ലവകാരിയാകാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളിലും വിമോചന പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്കൊപ്പം ക്രെെസ്തവ സഭാ മേധാവികളും വിശ്വാസികളും പങ്കുചേരുന്നുണ്ട്. മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും ജനാധിപത്യത്തിനു വേണ്ടിയും കമ്മ്യൂണിസ്റ്റുകാരും ഇതര വിപ്ലവകാരികളുമായി ചേർന്ന് പൊരുതുവാൻ വിമോചന ദൈവശാസ്ത്രത്തിന്റെ നേതാക്കളും പ്രവർത്തകരും തയ്യാറായതാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുണ്ടായ വലിയ മാറ്റത്തിന് നിദാനം.
“വിമോചന ദൈവശാസ്ത്രത്തിന്റെ നേതാക്കളും അനുയായികളും പിൻതുടരുന്ന ദൈവസങ്കല്പം സംഘടിത മതത്തിന്റെ ദൈവ സങ്കല്പത്തിൽ നിന്നും വിഭിന്നമാണ്. സാധാരണ ജനങ്ങൾ- വേദനിക്കുന്നവരും കഷ്ടപ്പെടുന്നവരും ദൈവത്തിന്റെ പ്രതിനിധികളാണ്. മഹാത്മാഗാന്ധിയുടെ ദരിദ്രനാരായണ സങ്കല്പത്തോട് ഇതിന് സാമ്യം കാണാം. ഇതര ദൈവശാസ്ത്രങ്ങളിൽ നിന്നും വിമോചന ദൈവശാസ്ത്രത്തിനുള്ള വ്യത്യാസം ദൈവത്തെക്കുറിച്ചുള്ള ഈ വ്യാഖ്യാനമാണ്” — വിമോചന ദെെവശാസ്ത്രത്തെ ഇഎംഎസ് വിലയിരുത്തുന്നു. നാളിതുവരെയുള്ള തത്വചിന്തകൾ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. നമ്മുടെ ലക്ഷ്യം അതിനു മാറ്റമുണ്ടാക്കുകയാണ് എന്ന കാള്‍ മാർക്സിന്റെ ആഹ്വാനം വിമോചന ദൈവശാസ്ത്രം ഉൾക്കൊള്ളുന്നുണ്ട്. യേശുക്രിസ്തുവിനെ അടിച്ചമർത്തപ്പെട്ടവന്റെ വിമോചകനായി കാണുന്ന വിമോചന ദൈവശാസ്ത്രം സാമൂഹ്യമാറ്റത്തിനായി സഭ പ്രവർത്തിക്കണമെന്നും തൊഴിലാളിവര്‍ഗവുമായി സന്ധി ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്നു. ദരിദ്രരോടുള്ള പക്ഷംചേരലാണ് വിമോചന ദൈവശാസ്ത്രം മുന്നോട്ടുവയ്ക്കുന്നത്.
വത്തിക്കാൻ മാർക്സിയൻ സിദ്ധാന്തത്തോടുള്ള അമിതാശ്രയത്തിന്റെ പേരിൽ ഈ പ്രസ്ഥാനത്തെ വിമർശിക്കുവാനും പ്രതികാര നടപടികൾ സ്വീകരിക്കുവാനും തുടങ്ങി. നിക്വരാഗ്വൻ കവിയും വിപ്ലവാനന്തര നിക്വരാഗ്വയിലെ (1979) കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ വിദേശമന്ത്രിയുമായിരുന്ന ഏണസ്റ്റോ കാര്‍ഡിനന്‍ മാര്‍ട്ടിനസ് വിമോചന ദൈവശാസ്ത്രം ലാറ്റിനമേരിക്കയിൽ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ജോൺപോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു. 1983ൽ ജോൺ പോൾ നിക്വരാഗ്വ സന്ദർശിച്ചവേളയില്‍, അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് അനുഭാവത്തെ ശാസിച്ചുകൊണ്ട് പാപ്പ വിരൽചൂണ്ടി വഴക്കു പറയുന്ന ചിത്രം പിൽക്കാലത്ത് കത്തോലിക്ക സഭയുടെ കമ്മ്യൂണിസ്റ്റ് അനുഭാവികളോടുള്ള പൊതുവിലുള്ള സമീപനത്തിന്റെ അടയാളമായി മാറി.
ഫ്രാൻസിസ് മാർപാപ്പയാണ് 35 വർഷങ്ങൾക്കു ശേഷം 2019ൽ വത്തിക്കാന്റെ വിലക്ക് പിൻവലിക്കുന്നത്. വിമോചന ദൈവശാസ്ത്രത്താൽ പ്രചോദിതനായി ദാരിദ്യ്രത്തിനും സാമൂഹ്യ അസമത്വങ്ങൾക്കും, അതിക്രമങ്ങള്‍ക്കുമെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ എല്‍സാല്‍വദോറിലെ ആർച്ച് ബിഷപ്പ് ഓസ്കർ അര്‍ണള്‍ഫോ റൊമേറൊയെ വലതുപക്ഷ പട്ടാള ഭരണകൂടം 1982ൽ വെടിവച്ചു കൊല്ലുകയാണുണ്ടായത്. അദ്ദേഹത്തിന്റെ അനുയായിയായിരുന്ന എൻസൽവദോറിലെ ഫാദർ റിക്കാർഡോ അന്റോണിയോ കോർട്ടസും വിമോചന ദൈവശാസ്ത്രം പ്രചരിപ്പിച്ചതിന്റെ പേരിൽ 2020ൽ കൊല ചെയ്യപ്പെട്ടു.
ജോൺപോൾ മാർപാപ്പയ്ക്കുശേഷം വന്ന ബെനഡിക്ട് പാപ്പയും വിമോചന ദൈവശാസ്ത്രത്തിനെതിരായിരുന്നു. അദ്ദേഹത്തിന്റെ ലാറ്റിനമേരിക്കൻ സന്ദർശന സമയത്ത് വിമോചന ദൈവശാസ്ത്രത്തിൽ പരോക്ഷമായി മാർക്സിസം പിടിമുറുക്കുകയാണെന്നും വിശ്വാസികൾ പിൻതിരിയണമെന്നും ആവശ്യപ്പെട്ടു. ക്യൂബ സന്ദർശിക്കുന്ന വേളയിൽ കമ്മ്യൂണിസ്റ്റ് ഭരണം കാലഹരണപ്പെട്ടുവെന്നും പകരം സഭ വഴികാണിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചത് വിവാദമായിരുന്നു. വിശ്വാസത്തിന്റെ കാര്യത്തിൽ യാഥാസ്ഥിതിക നിലപാടു സ്വീകരിച്ചിരുന്ന അദ്ദേഹം രാജിവച്ചപ്പോൾ ആ സ്ഥാനത്തെത്തിയത് വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവായ ഫ്രാൻസിസ് മാർപാപ്പയാണെന്നുള്ളത് ചരിത്രത്തിന്റെ കാവ്യനീതിയാണ്. 2013 മാർച്ച് 13ന് 266-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം കേട്ട് എല്ലാവരും ഞെട്ടി. “സഭ ദരിദ്രമായിരിക്കണം. ദരിദ്രരുടേതുമായിരിക്കണം. നമുക്ക് ഒരുമിച്ച് നടക്കാം, ആരും മുന്നിലുമാവേണ്ട, പിന്നിലുമാവേണ്ട. ദരിദ്രരോടും പാപികളോടും ഒപ്പം ജീവിച്ച യേശുക്രിസ്തു അംബരചുംബികളായ ദേവലായങ്ങളിലും മണിമന്ദിരങ്ങളിലുമല്ല തന്നെ തിരയേണ്ടതെന്ന് പഠിപ്പിച്ചു. ആ വഴിയെ നമുക്ക് സഞ്ചരിക്കാൻ കഴിയണം.” വിമോചന ദൈവശാസ്ത്ര നിലപാടുകളോടുള്ള പോപ്പിന്റെ പക്ഷംചേരലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളെയും സ്വാധീനിച്ച പ്രത്യയശാസ്ത്രത്തിന്റെ പിറവിയായി രുന്നു മാർക്സിസം. സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ തകർന്നുവീണപ്പോൾ മുതലാളിത്ത ബുദ്ധിജീവികൾ വിളിച്ചുകൂവിയത് കമ്മ്യൂണിസം മരിച്ചെന്നാണ്. എന്നാൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത് “കമ്മ്യൂണിസം ഒരു പ്രത്യയശാസ്ത്രമാണ്, അത് തകർന്നു എന്നു പറയുന്നത് വാസ്തവവിരുദ്ധമാണ്. ഒരു പ്രത്യയശാസ്ത്രം തകർന്നുവെന്ന് പറയുന്നത് അതിനെക്കാൾ മെച്ചമായ മറ്റൊന്ന് പകരമായി വരുമ്പോഴാണ്. ഇന്നും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പകരമൊന്നുണ്ടായിട്ടില്ല.” വിമോചന ദൈവശാസ്ത്രത്തോടു മാത്രമല്ല, മാർക്സിയൻ പ്രത്യയശാസ്ത്രത്തോടുമൊപ്പമാണ് താനെന്നു വ്യക്തമാക്കുന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആ പ്രഖ്യാപനം.
പ്രപഞ്ചോല്പത്തിയുടെ മഹാവിസ്ഫോടന സിദ്ധാന്തവും പരിണാമ സിദ്ധാന്തവും പരിപൂർണമായി അംഗീകരിക്കുന്ന പാപ്പ ഒറ്റയ്ക്ക് പ്രപഞ്ചം സൃഷ്ടിച്ച മഹാമാന്ത്രികനായി ആരും ദൈവത്തെ കാണേണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ലാ റിപ്പബ്ലിക്ക എന്ന ഇറ്റാലിയൻ പത്രം പ്രസിദ്ധീകരിച്ച പോപ്പിന്റെ അഭിമുഖത്തിൽ ‘നരകം എന്നൊന്നില്ല, നീതിമാനായ ദൈവം നരകം സൃഷ്ടിക്കില്ല. ദൈവദോഷം ചെയ്യുന്ന ആത്മാക്കൾ ഇല്ലാതാവുകയേയുള്ളു’ എന്ന അഭിപ്രായപ്രകടനം നരകം കാട്ടി വിശ്വാസികളെ ഭീതിയിൽ നിലനിർത്തിപ്പോരുന്ന പരമ്പരാഗത വിശ്വാസചൂഷണത്തിനേറ്റ ആഘാതമാണ്. ഒരു നിരീശ്വരവാദിക്കും സ്വർഗരാജ്യത്തിന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രവൃത്തിയായിരിക്കണം മാനദണ്ഡമെന്നാണ് വിപ്ലവചിന്തയുള്ള മാർപാപ്പ ഉദ്ദേശിച്ചത്.
ഫാദർ ഗുസ്താവോ ഗുട്ടിയേറസ് തുടക്കംകുറിച്ച വിമോചന ദൈവശാസ്ത്ര ചിന്തകൾ 1,400 വർഷം പഴക്കമുള്ള കത്തോലിക്കാസഭയെ കാലത്തിനൊപ്പം സഞ്ചരിക്കാൻ പ്രാപ്തരാക്കി. നിരീശ്വരവാദമാണ് എതിർത്തുതോല്പിക്കപ്പെടേണ്ട പ്രധാന തിന്മ എന്ന ആദ്യത്തെ നിലപാടിൽ നിന്നും കത്തോലിക്കാസഭ ബഹുദൂരം മുന്നോട്ടുപോയതിലും വിമോചന ദൈവശാസ്ത്രം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.