22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 19, 2022
December 16, 2022
December 14, 2022
December 14, 2022
December 13, 2022
December 12, 2022
December 12, 2022
December 11, 2022
December 11, 2022
December 11, 2022

ചലച്ചിത്രമേളയ്ക്ക്‌ ഇന്ന് തുടക്കം; ആദ്യദിനം 11 ചിത്രങ്ങൾ, ടോറി ആന്റ് ലോകിത ഉദ്ഘാടനചിത്രം

web desk
തിരുവനന്തപുരം
December 9, 2022 5:30 am

ഇരുപത്മതിയേഴാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്‌ ഇന്ന് തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിക്കും. സാംസ്‌കാരികമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനിയൻ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്കുള്ള “സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിക്കും. മഹ്നാസിന്‌ നേരിട്ട്‌ പങ്കെടുക്കാൻ കഴിയാത്തതിനാൽ ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അഥീന റേച്ചൽ സംഗാരി പുരസ്കാരം ഏറ്റുവാങ്ങും. ഫെസ്റ്റിവൽ ബുക്ക് ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്യും. ഫെസ്റ്റിവൽ ബുള്ളറ്റിൻ മേയർ ആര്യാ രാജേന്ദ്രന് നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിലും ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുണിന് നൽകി വി കെ പ്രശാന്ത് എംഎൽഎയും പ്രകാശനം ചെയ്യും.

 

 

കാൻ ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ പോർച്ചുഗൽ ചിത്രം റിമെയ്ൻസ് ഓഫ് ദി വിൻഡ്, ടൊറോന്റോ, വെനീസ് മേളകളിൽ പ്രദർശിപ്പിച്ച ഇന്തോനേഷ്യൻ ചിത്രം ഓട്ടോബയോഗ്രഫി തുടങ്ങി 10 സിനിമകൾ രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനത്തിൽ പ്രദർശിപ്പിക്കും. ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണിത്.

 

 

കഴിഞ്ഞ കാന്‍ ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ 75-ാം വാര്‍ഷിക പുരസ്കാരം നേടുകയും ചെയ്ത ഈ ചിത്രം, ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു. ടിയാഗോ ഗുഡ്സ് സംവിധാനം ചെയ്ത റിമെയ്ൻസ് ഓഫ് ദി വിൻഡ് പോർച്ചുഗലിലെ ഉൾനാടൻ ഗ്രാമത്തിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്രമങ്ങളും മൂന്നു കൗമാരക്കാർക്കിടയിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് തുറന്നുകാട്ടുന്നത്.

 

 

ഉച്ചയ്ക്ക് 12.15ന് ടാഗോർ തിയേറ്ററിലാണ് ചിത്രം പദർശിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന്റെ ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള സംഘർഷമാണ് ഓട്ടോബയോഗ്രഫിയുടെ പ്രമേയം. മക്ബുൽ മുബാറക് സംവിധായകനായ ഇന്തോനേഷ്യൻ ചിത്രം കൈരളി തിയേറ്ററിൽ രാവിലെ 10 ന് പ്രദർശിപ്പിക്കും. ഉക്രെയ്‌നിൽ നിന്ന് കുടിയേറിയ അവിവാഹിതയായ ഒരമ്മയുടെയും മകന്റെയും ജീവിതകഥ പറയുന്ന മിഷാൽ ബ്ലാസ്കോ ചിത്രം വിക്ടിം, കനേഡിയൻ ചിത്രം ദി നോയ്സ് ഓഫ് എൻജിൻസ് എന്നിവയുടെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും. സമകാലിക രാഷ്ട്രീയ അസഹിഷ്ണുതകളുടെ നേർക്കാഴ്ചയൊരുക്കുന്ന റഷ്യൻ ചിത്രം ബോംബർ നമ്പർ ടുവിന്റെ ആദ്യ പ്രദർശനവും ഇന്നാണ്. ഐറിന ഒബിഡോവ സംവിധാനം ചെയ്ത ചിത്രം യുദ്ധവും ഒറ്റപ്പെടലുമാണ് ചർച്ച ചെയ്യുന്നത്. നിള തിയേറ്ററിൽ ഉച്ചയ്ക്ക് 12.15 നാണ് പ്രദർശനം.

അശാന്തമായ കുടുംബാന്തരീക്ഷത്തിൽ ജീവിക്കേണ്ടി വരുന്ന ആർടെം എന്ന പതിനേഴുകാരന്റെ കഥയിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഒരു സ്കൂളിൽ സ്ഫോടനം നടക്കുന്നതോടെ കോളജ് അധികൃതർ പുറത്തുവിടുന്ന ‘ബോംബർമാരുടെ പട്ടിക’യിൽ ആർടെയ്മും ഉറ്റ സുഹൃത്തായ കോസ്ത്യയും ഉൾപ്പെടുന്നു. പട്ടികയിൽ രണ്ടാമതായി പോയ ആർടെയ്മമിന്റെ ജനശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമങ്ങളാണ് 91 മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ ഇതിവൃത്തം. ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വൃദ്ധനായ കർഷകന്റെ ജീവിതത്തിലുണ്ടാകുന്ന ദാരുണമായ സംഭവങ്ങളാണ് കാർലോസ് എയ്ച്ചൽമാൻ കൈസർ ചിത്രം റെഡ് ഷൂസിന്റെ ഇതിവൃത്തം. സ്വീഡിഷ് ചിത്രം സെമത്, ലോല ക്വിവോറൊൻ ചിത്രം റോഡിയോ, സനോക്സ് റിസ്കസ് ആന്റ് സൈഡ് ഇഫക്ട്സ് എന്നിവയുടെ ആദ്യ പ്രദർശനവും ഇന്നാണ്. കൈരളി, കലാഭവൻ, നിള, ശ്രീ, ടാഗോർ, എന്നീ തിയേറ്ററുകളിലാണ് ആദ്യദിനത്തിൽ പ്രദർശനങ്ങൾ നടക്കുന്നത്.

 

—- ഇന്നത്തെ സിനിമ.…..

കൈരളി
10:00 — ഓട്ടോബയോഗ്രഫി  , 12:30 സൺസ് ഓഫ് റാംസെസ്
കലാഭവന്‍
10:00 — വിക്‌ടിം , 12:00  റോഡിയോ
ടാഗോര്‍
10:15 — റെഡ് ഷൂസ് , 12:15  റിമെയ്ൻസ്  ഓഫ് ദി വിൻഡ്
നിശാഗന്ധി
5:30  — ഉദ്ഘാടനചിത്രം — ടോറി ആന്റ് ലോകിത
നിള
10:30 ‑ദി നോയ്‌സ് ഓഫ് എൻജിൻസ് ‚12:15 ബോംബർ നമ്പർ ടു
ശ്രീ
10:15 — സെമ്റെറ്റ്  12:15  സനോക്സ് റിസ്‌ക്സ് ആന്റ് സൈഡ് എഫക്ട്സ്

Cin­e­ma Today (09–12-2022)

Kairali

10: 00 AM — Auto­bi­og­ra­phy, 12: 30 PM — Sons of Ramses

Sree

10: 15 AM — Sem­ret, 12: 15 PM – Zanox — Risks and Side Effects

Kal­ab­ha­van

10: 00 AM – Vic­tim, 12: 00 PM — Rodeo

Tagore

10: 15 –Red Shoes, 12: 15 PM — Remains of the Wind

Nisha­gand­hi

3: 30 PM Open­ing Cer­e­mo­ny fol­lowed by the screen­ing of Tori and Lokita

Nila

10: 30 – The Noise of the Engines, 12: 15 – Bomber Num­ber Two

 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.