26 December 2024, Thursday
KSFE Galaxy Chits Banner 2

തലമുറകളെ പ്രചോദിപ്പിച്ച റഷ്യൻ വിപ്ലവം

ഡി രാജ
November 7, 2021 5:15 am

റഷ്യൻ വിപ്ലവത്തിനു (ഒക്ടോബർ 25, 1917 പുതിയ കലണ്ടർ പ്രകാരം നവംബർ 7) തുല്യം മാനവരാശിയെ മാറ്റിമറിച്ച സംഭവങ്ങൾ ചരിത്രത്തിൽ മറ്റൊന്ന് കാണാനാകില്ല. ഫ്രഞ്ച് വിപ്ലവം സാമാന്യജനതയുടെ വിപ്ലവാഭിലാഷങ്ങൾക്ക് ആക്കം കൂട്ടിയെങ്കിലും പിന്നീട് ഇതര താല്പര്യങ്ങൾക്ക് ഇരയായി. റഷ്യൻ വിപ്ലവമാണ് ആദ്യമായി ഒരു തൊഴിലാളി രാഷ്ട്രം സ്ഥാപിക്കുന്നതിൽ ലക്ഷ്യം നേടിയത്. ചൂഷണങ്ങളും അസമത്വങ്ങളും അനീതികളും ഇല്ലാത്ത ഒരു സമൂഹത്തെ സങ്കല്പിക്കാൻ പല ദാർശനികരും തത്വചിന്തകരും ശ്രമിച്ചിരുന്നു. എന്നാൽ മഹാനായ ലെനിന്റെ നേതൃത്വത്തിലാണ് കാൾ മാർക്സിന്റെയും ഫ്രെഡറിക് ഏംഗൽസിന്റെയും വിമോചന പ്രത്യയശാസ്ത്രത്തെ പിന്തുടർന്ന് റഷ്യയിലെ ജനങ്ങൾ സോവിയറ്റുകളെ ലോകചിത്രത്തിലേക്ക് ഉയർത്തിയത്. ആ നിർണായക ഘട്ടത്തിൽ അവിടെയുണ്ടായിരുന്ന അമേരിക്കൻ പത്രപ്രവർത്തകൻ ജോൺ റീഡ് ‘ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങൾ’ എന്ന കൃതിയിൽ ആ കാലഘട്ടത്തിലെ ചരിത്രപരമായ മാറ്റങ്ങൾ വിവരിക്കുന്നു. മാർക്സിസത്തിന്റെ തീക്ഷ്ണമായ സൈദ്ധാന്തിക പരിശോധനകളുടെയും ധീരമായ പ്രയോഗത്തിന്റെയും അടിത്തറയിലാണ് റഷ്യൻ വിപ്ലവം കെട്ടിപ്പടുത്തത്.

മുതലാളിത്ത ചൂഷണത്തിന്റെയും സാറിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെയും പിടിയിൽ നിന്ന് റഷ്യൻ ജനതയെ മോചിപ്പിക്കുമ്പോൾ മാർക്സിസ്റ്റ് വിപ്ലവ പ്രത്യയശാസ്ത്രം, സാമ്രാജ്യത്വ വിരുദ്ധത, സോഷ്യലിസം, സാർവദേശീയതാവാദം എന്നിവയുടെ മൂല്യങ്ങളും പരന്നു. റഷ്യൻ വിപ്ലവം ലോക ചരിത്രത്തിൽ ഒരു യുഗനിർമ്മാണത്തിന് വഴിയായി. ലോകമെമ്പാടുമുള്ള വിമോചന സമരങ്ങൾക്ക് പ്രചോദനമായി. മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രമാണ് ഇതിനെല്ലാം അടിസ്ഥാനമായത്. ഒരു നവീന സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ മാർക്സിസത്തിന്റെ പങ്കിനെക്കുറിച്ച് തീക്ഷ്ണമായ ചർച്ചകൾ യൂറോപ്പിലുടനീളം നടന്നിരുന്നു. എന്നാൽ ലെനിനാകട്ടെ റഷ്യൻ പ്രത്യേകതകൾക്കനുസൃതമായി മാർക്സിസം നടപ്പിലാക്കി. വ്യാവസായിക രാജ്യങ്ങളായ ജർമ്മനി, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ വിപ്ലവകരമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് മാർക്സിസ്റ്റ് ചിന്തകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്നാക്ക രാജ്യമായ റഷ്യയിലായിരുന്നു ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവം സാധ്യമായത്. സ്വേച്ഛാധിപത്യത്തെ അട്ടിമറിക്കുന്നതിൽ തൊഴിലാളികളുടെയും കർഷകരുടെയും സഖ്യത്തിന് സൈദ്ധാന്തികമായ ഏകോപനവും സമർത്ഥമായ നേതൃത്വവും ലെനിൻ നൽകിയതിലൂടെയാണ് ഇത് സാധ്യമായത്. പ്രത്യയശാസ്ത്രപരമായ ഉറച്ച അടിത്തറയും അതിന്റെ സന്ദർഭോചിതമായ പ്രയോഗവും ചൂഷണം, അധികാരശ്രേണി, ക്രമീകരണം എന്നിവയുടെ രൂപങ്ങളെയും രീതികളെയും അർത്ഥവത്തായ രീതിയിൽ കൈകാര്യം ചെയ്യാൻ അത്യന്താപേക്ഷിതമാണ്.


ഇതുകൂടി വായിക്കുക: 2020: വെല്ലുവിളികളും പോരാട്ടങ്ങളും


റഷ്യൻ വിപ്ലവത്തിന്റെയും അതിനുശേഷമുള്ള മറ്റ് വിമോചനസമരങ്ങളുടെയും അനുഭവത്തിൽ നിന്ന് ഇക്കാര്യങ്ങൾ ബോധ്യപ്പെടും. മാർക്സിസ്റ്റുകളും സോഷ്യൽ ഡെമോക്രാറ്റുകളും തമ്മിലുള്ള സംവാദത്തിന്റെ പാരമ്യത്തിൽ ലെനിൻ എഴുതി: ”വിപ്ലവ സിദ്ധാന്തമില്ലാതെ ഒരു വിപ്ലവ പ്രസ്ഥാനവും സാധ്യമാകില്ല. അവസരവാദത്തിന്റെ ആലങ്കാരികമായ പ്രസംഗം ഏറ്റവും ഇടുങ്ങിയ പ്രായോഗിക പ്രവർത്തനങ്ങളുമായി കൈകോർക്കുന്ന വേളയിൽ ഈ ആശയത്തിനായി നിർബന്ധം പിടിക്കാനും കഴിയില്ല. (ലെനിൻ, 1902). വിപ്ലവത്തിന്റെ സിദ്ധാന്തവും പ്രയോഗവും ചൂഷണം അവസാനിപ്പിക്കാനുള്ള പോരാട്ടവും അതിന്റെ പ്രസക്തിയും വരും തലമുറകൾക്ക് പ്രചോദനം നല്കി. റഷ്യൻ വിപ്ലവത്തിന്റെ വാർത്തകൾ ഇന്ത്യ ആവേശത്തോടെയാണ് സ്വീകരിച്ചത്. അത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പുതിയ പ്രതീക്ഷകളും പരിപാടികളും തീർത്തു. ചെങ്കൊടിയിലേക്കും സകല ചൂഷണങ്ങളും അവസാനിക്കുമെന്ന പ്രതീക്ഷയിലേയ്ക്കും ഇന്ത്യൻ ജനത ആകർഷിക്കപ്പെട്ടു. വർഗം, ജാതി, മതം, ലിംഗഭേദം തുടങ്ങിയ അസമത്വങ്ങളിൽ നിന്നും മോചനവും വിദേശശക്തിയുടെ ആധിപത്യത്തിൽ നിന്നുള്ള മുക്തിയും അവർ ആഗ്രഹിച്ചു. യുവത്വം സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്ഷ്യവുമായി താദാത്മ്യം പ്രാപിക്കാൻ തുടങ്ങി. രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടപാതയിൽ പുരോഗമനപരവും മൂർത്തവുമായ സംഭാവനകൾക്ക് ഇത് കാരണമായി. സ്വതന്ത്ര ഭരണഘടനാ അസംബ്ലി, സമ്പൂർണ സ്വാതന്ത്ര്യം, തൊഴിൽ അവകാശങ്ങൾ, ജമീന്ദാരി നിർത്തലാക്കൽ, മൗലികാവകാശങ്ങൾ തുടങ്ങി പുരോഗമന ആശയങ്ങളും ആവശ്യങ്ങളും രാജ്യത്ത് വ്യക്തമായി. ഭഗത് സിങ്ങിനെപ്പോലുള്ളവരുടെ പോരാട്ടവും രക്തസാക്ഷിത്വവും സിപിഐയുടെ രൂപീകരണത്തിന് പ്രചോദനമായി. ഇന്ത്യൻ യാഥാർത്ഥ്യത്തിന്റെ സങ്കീർണത തിരിച്ചറിഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം തൊട്ടുകൂടായ്മ നിർമാർജനത്തിനായി 1925 ലെ ആദ്യ പാർട്ടി കോൺഗ്രസിൽ തന്നെ ശ്രദ്ധേയമായ പരാമർശങ്ങൾ നടത്തി.

വിപ്ലവ പ്രത്യയശാസ്ത്രത്തിലൂന്നിയുള്ള എഐടിയുസി (1920) യിലൂടെ വ്യവസായ തൊഴിലാളികളെ ആദ്യമായി സംഘടിപ്പിച്ചത് ഇടതുപക്ഷമാണ്. വിദ്യാർത്ഥികൾ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ (1936), കർഷകർ അഖിലേന്ത്യാ കിസാൻ സഭയിലൂടെ (1936), എഴുത്തുകാർ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനിലൂടെ (1936), കലാകാരന്മാർ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിലൂടെ (1943) സംഘടിച്ചു. ഈ സംഘടനകളെല്ലാം കാലത്തിന്റെ പരീക്ഷണങ്ങളായി നിലകൊള്ളുകയും സമൂഹത്തിലെ ഏറ്റവും പുരോഗമനപരമായ വിഭാഗങ്ങളുടെ പ്രതിനിധികളായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ മഹത്തായ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, സ്വാതന്ത്ര്യസമരകാലത്തെപ്പോലെ ഇന്നും ഇടതുപക്ഷത്തിന് മുന്നിലുള്ള ദൗത്യം സങ്കീർണമാണ്. ജാതി വിവേചനവും സാമുദായിക ധ്രുവീകരണവും ലിംഗപരമായ അസമത്വവും ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിന്റെ ഭരണത്തിൻകീഴിൽ വർധിക്കുകയാണ്. കഠിനാധ്വാനം ചെയ്ത് നേടിയ സ്വാതന്ത്ര്യത്തെയും എല്ലാവരെയും ഉൾക്കൊള്ളുന്ന പൈതൃകത്തെയും ഇല്ലാതാക്കുന്നു ഭരണകൂട സമീപനം. വിലക്കയറ്റം, അസമത്വം, പട്ടിണി, ദാരിദ്ര്യം എന്നിവയാൽ ജനങ്ങൾ ഭാരപ്പെടുന്നു. നവലിബറൽ മുതലാളിത്തത്തിന്റെ ആക്രമണം നാടിനെയും ദേശീയ ആസ്തികളെയും ദ്രവിപ്പിക്കുന്നു. ആർഎസ്എസിന്റെ ഭിന്നിപ്പിന്റെ രാഷ്ട്രീയം ആകാശത്തോളം ഉയർന്നിരിക്കുന്നു. ഭൗതിക പ്രാധാന്യമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും എല്ലാത്തരം വിയോജിപ്പുകളെയും ദേശവിരുദ്ധമെന്ന് വിശേഷിപ്പിക്കാനും ആർഎസ്എസിന്റെ പ്രചാരണ യന്ത്രം സദാ കുതന്ത്രങ്ങൾ മെനയുന്നു. പ്രത്യയശാസ്ത്രത്തിന്റെയും അതിന്റെ പോരാട്ടത്തിന്റെയും പ്രാധാന്യം കൂടുതൽ വ്യക്തമാകുകയാണ്. മതേതര, ജനാധിപത്യ, പുരോഗമന പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് അടിയന്തര ദൗത്യം. മനുസ്മൃതിയുടെ വക്താക്കളായ ആർഎസ്എസ് വിഭജനത്തിലും അക്രമാസക്തമായ ആശയങ്ങളിലും അക്രമ രാഷ്ട്രീയത്തിലും വേരാഴ്ത്തിയവരാണ്.


ഇതുകൂടി വായിക്കുക: ടോൾസ്റ്റോയിയുടെ ജീവിതം നോവലാകുമ്പോൾ


രാജ്യത്തിന്റെ ഭരണഘടനയോടുള്ള അവഹേളനം മുഖമുദ്രയാണവർക്ക്. പുരുഷാധിപത്യം, ജാതി, മതം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന സമൂഹത്തിനായി അവർ പരിശ്രമിക്കുന്നു. ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രത്യയശാസ്ത്ര പോരാട്ടമാണ് ഇന്നിന്റെ ആവശ്യം. ഈ പോരാട്ടത്തിൽ ഇടതുപക്ഷത്തിന് നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്. അത് ജനങ്ങളുമായി ബന്ധിപ്പിക്കുകയും രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പു പോരാട്ടങ്ങളിലും വിജയം സമ്മാനിക്കുകയും ചെയ്യും. മതേതര ജനാധിപത്യ ശക്തികൾക്ക് പ്രത്യയശാസ്ത്ര വിഷയങ്ങളിൽ വ്യക്തത നൽകാനും ഇടതുപക്ഷത്തിന് കഴിയും. റഷ്യൻ വിപ്ലവത്തിന്റെ വാർഷികം ആചരിക്കുന്നതും സംഘടിക്കാൻ തൊഴിലാളികളെ ആഹ്വാനം ചെയ്യുന്നതും ഇരുളിന്റെ ഇക്കാലത്ത് പ്രാധാന്യമർഹിക്കുന്നു. റഷ്യൻ വിപ്ലവത്തിന്റെ വാർഷികത്തിൽ ഒത്തുചേരൽ പ്രധാനമാണ്, കാരണം അതിന്റെ ആഘോഷവും അനുസ്മരണവും നവലിബറൽ മുതലാളിത്ത പ്രസ്ഥാനങ്ങളെ വിറളിപിടിപ്പിക്കും. സോവിയറ്റ് യൂണിയന്‍ തകർന്നിട്ടും നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ലോകമെമ്പാടുമുള്ള സാമാന്യജനതയെ റഷ്യൻ വിപ്ലവം പ്രചോദിപ്പിക്കുന്നു. ജനം വരുംകാലങ്ങളിലും വിപ്ലവകാരികളെയും നീതിക്കുവേണ്ടി പോരാടുന്നവരെയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.