22 December 2024, Sunday
KSFE Galaxy Chits Banner 2

കൈകോർക്കാം കുട്ടികൾക്കായി

റെനി ആന്റണി
November 20, 2023 4:30 am

പലസ്തീനിൽ നിന്നും ഉയർന്നു കേൾക്കുന്ന കൂട്ട നിലവിളികൾക്കൊപ്പമാണ് ഈ വർഷത്തെ സാർവദേശീയ ശിശുദിനം കടന്നു വരുന്നത്. ഇസ്രയേലിന്റെ കൂട്ടക്കുരുതിയിൽ ഗാസയിൽ മാത്രം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 6000ത്തിലധികമാണ്. ആശുപത്രികളും സ്കൂളുകളും ബോംബിട്ടു തകർക്കുകയാണ്. ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടികൾ പോലും ആക്രമിക്കപ്പെടുന്നു. അച്ഛനമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, മാരകമായി പരിക്കേറ്റ കുട്ടികൾ, ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി യാചിക്കുന്ന ദൈന്യമുഖങ്ങൾ- ലോകം ഒരു നരകത്തെ വരച്ചുകാട്ടുന്ന അനുഭവം. ഒരു യുദ്ധത്തിലും ആത്യന്തികമായി ആരും ജയിക്കുന്നില്ല. തകർന്നുപോകുന്നത്, പരാജയപ്പെട്ടുപോകുന്നത് കുട്ടികളാണ്; നിഷേധിക്കപ്പെടുന്നത് അവരുടെ ജീവിക്കാനുള്ള അവകാശമാണ്.
കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ പലസ്തീനിലെയും സിറിയയിലെ ഗോലാൻ കുന്നുകളിലെയും അനധികൃത കുടിയേറ്റത്തിനെതിരെ യുഎൻ പൊതുസഭ പ്രമേയം അംഗീകരിച്ചിട്ടും വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇസ്രയേൽ തയ്യാറാവാത്ത ഘട്ടത്തിലാണ്, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന ഈ ദിനം വന്നെത്തുന്നത്. നവംബർ 20നാണ് ആഗോള തലത്തിൽ ശിശുദിനം ആഘോഷിക്കുന്നത്. യുഎൻ പൊതുസമിതിയുടെ തീരുമാനപ്രകാരം 1954 മുതലാണ് ഈ ദിവസം സാർവദേശീയ ശിശുദിനമായി ആചരിക്കാൻ തുടങ്ങിയത്. അവകാശങ്ങൾ എല്ലാ കുട്ടികൾക്കും (For every child, every child) എന്നതാണ് ഈ വർഷത്തെ ശിശുദിനത്തിന്റെ പ്രതിപാദ്യ വിഷയം. 1925 ജൂൺ ഒന്നിന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ കുട്ടികളുടെ ക്ഷേമം മുൻനിർത്തി നടന്ന സാർവദേശീയ സമ്മേളനം എല്ലാ ലോകരാജ്യങ്ങളോടും വർഷത്തിൽ ഒരു ദിവസം കുട്ടികൾക്കായി-ശിശുദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു. അതിനെത്തുടർന്നാണ് ലോകരാജ്യങ്ങൾ ശിശുദിനം ആഘോഷിക്കുന്നത്.
1949 നവംബർ 22ന് മോസ്കോയിൽ ചേർന്ന സ്ത്രീകളുടെ സാർവദേശീയ സമ്മേളനം ജൂൺ ഒന്നിന് സാർവദേശീയ ശിശുദിനമായി ആചരിക്കാനുള്ള തീരുമാനമെടുത്തു. ഇതിനെത്തുടർന്നാണ് സോവിയറ്റ് യൂണിയനും ചൈനയുമടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങൾ ജൂൺ ഒന്നിന് ശിശുദിനമായി ആചരിക്കാൻ തുടങ്ങിയത്. ചൈനയിൽ ജൂൺ ഒന്ന് ഇപ്പോഴും പൊതു അവധിദിനമാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങൾ ജൂൺ ഒന്നിന് ശിശുദിനം ആചരിക്കുമ്പോൾ യുഎസ്എയിൽ ജൂൺ രണ്ടിനാണ് ശിശുദിനം. ഇന്ത്യയിലാകട്ടെ, കുട്ടികൾ ചാച്ചാ എന്നു വിളിച്ച, പതിനാറ് വർഷം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന, ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 ആണ് ഔദ്യോഗിക ശിശുദിനമായി ആചരിച്ചു വരുന്നത്.

 


ഇതുകൂടി വായിക്കൂ; കൊടുംക്രൂരതയ്ക്ക് കടുത്ത ശിക്ഷ


ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം 1924ൽ വിജയിച്ച ലോക രാഷ്ട്രങ്ങൾ പുറപ്പെടുവിച്ച ജനീവാ പ്രഖ്യാപനത്തിൽ യുദ്ധത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ജനസമൂഹങ്ങൾ, അഭയാർത്ഥികൾ, തടവുകാർ, കുട്ടികൾ തുടങ്ങിയവരുടെ പരിരക്ഷയ്ക്കായി ഉൾപ്പെടുത്തിയ അഞ്ചു ഖണ്ഡികകളാണ് കുട്ടികളുടെ അവകാശങ്ങൾക്ക് അടിത്തറയായി പരിണമിച്ചത്. ഈ പ്രഖ്യാപനത്തെ ‘കുട്ടികളുടെ അവകാശങ്ങളുടെ സാർവദേശീയ ഉറവ ‘എന്ന് വിശേഷിപ്പിക്കാവുന്നതാണ്. കുട്ടികളുടെ ഐക്യം, ബോധവൽക്കരണം, അവരുടെ ക്ഷേമസങ്കല്പങ്ങൾ എന്നിവയ്ക്ക് അടിത്തറ പാകിയത് ജനീവാ കൺവെൻഷനാണ്.
പിന്നീട് വിവിധ രാജ്യങ്ങളിലുണ്ടായ ബാലാവകാശ ചിന്തകളുടെയും പ്രഖ്യാപനങ്ങളുടെയും പ്രായോഗിക നിർവഹണം മുൻനിർത്തി 1989 നവംബർ 20ന് ഐക്യരാഷ്ട്ര പൊതുസഭ സമഗ്രമായ ഒരു ബാലാവകാശ പ്രമാണം അംഗീകരിച്ചു. ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ കൂടി പങ്കെടുത്തതായിരുന്നു ഈ ആഗോള കൺവെൻഷൻ. 195 രാജ്യങ്ങൾ അംഗീകരിച്ച ഈ ഉടമ്പടിയിൽ, വിവിധ പ്രമാണങ്ങളിലായി ചിതറിക്കിടന്നിരുന്ന കുട്ടികളുടെ അവകാശങ്ങൾ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ആഭ്യന്തരവും അന്തർദേശീയവുമായ രാഷ്ട്രീയ കർമ്മപരിപാടികളിൽ കുട്ടികളുടെ അവകാശ സംരക്ഷണം ഉൾപ്പെടുത്തുന്നതിന് ഈ ഉടമ്പടി പ്രധാന പ്രേരകശക്തി തന്നെയാണ്. 1992 ൽ ഈ ഉടമ്പടി അംഗീകരിച്ചത് ഇന്ത്യയിലെ ബാലാവകാശ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയുണ്ടായി.
1950 ൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ഒട്ടേറെ അനുച്ഛേദങ്ങൾ നീക്കിവച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം, സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽപരവും ലൈംഗികവുമായ ചൂഷണത്തിൽ നിന്നുള്ള പരിരക്ഷ, ആരോഗ്യം, അന്തസ് തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനുള്ള ഒട്ടേറെ വ്യവസ്ഥകൾ ഭരണഘടനയില്‍ അനുശാസനം ചെയ്തിരിക്കുന്നു. ഭരണഘടനയുടെ 39-ാം അനുച്ഛേദത്തിൽ ആരോഗ്യകരമായ ചുറ്റുപാടിൽ വളരുവാനുള്ള സാഹചര്യം കുട്ടികൾക്കുണ്ടാക്കുവാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് നിസ്തർക്കം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്വാതന്ത്ര്യവും അന്തസും നിലനിൽക്കുന്ന അന്തരീക്ഷമുണ്ടാക്കേണ്ടത് വിവിധതലങ്ങളിലെ സർക്കാരുകളുടെ പരമപ്രധാനമായ ഉത്തരവാദിത്തമാണ്. ഇതോടൊപ്പം തന്നെ കുട്ടികളുടെ ഉത്തമ താല്പര്യം ഉറപ്പുവരുത്തുന്നതിനായി നിരവധി നിയമങ്ങളും രാജ്യത്ത് നിലവിൽ വന്നിട്ടുണ്ട്.
ധാർമ്മികവും ഭൗതികവുമായ അവഗണനയിൽ നിന്നും ബാല്യത്തെയും യുവത്വത്തെയും സംരക്ഷിക്കുകയും ആഹ്ലാദകരമായ ചുറ്റുപാടിൽ അഭിമാനത്തോടെ സർഗാത്മകമായി വളർന്നുവരുന്നതിനുള്ള ജീവിതപരിസരങ്ങൾ അവർക്ക് ഒരുക്കിക്കൊടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിന്റെതാണെന്നതാണ് ദേശീയവും അന്തർദേശീയവുമായ ബാലാവകാശ സംരക്ഷണ നിയമങ്ങളുടെയും ഉടമ്പടികളുടെയും രത്നച്ചുരുക്കം. അതിശക്തമായ നിയമപിന്തുണയും ശിശുക്ഷേമ പദ്ധതികളും നിലവിലുണ്ടെങ്കിലും നമ്മുടെ രാജ്യത്തും കുട്ടികൾ ഇന്നും യാതനകൾ അനുഭവിച്ച്, അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് അശരണരായി ജീവിക്കുന്നുണ്ട്. ലോകത്താകമാനമുള്ള ശിശുമരണങ്ങളുടെ ഏതാണ്ട് നാലിലൊന്നും, പോഷകാഹാരക്കുറവിന്റെ മൂന്നിലൊന്നും ഇന്ത്യയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ പ്രാപ്യതയില്ലാത്ത കുട്ടികളുടെ നിരക്കിൽ നാലാം സ്ഥാനത്തും, ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ പ്രഥമസ്ഥാനത്തും എത്തിപ്പെടുന്ന അപമാനകരമായ അവസ്ഥയിലാണ് നമ്മുടെ രാജ്യം.
ഐക്യരാഷ്ട്രസഭയുടെ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ടസ്, അനതിവിദൂരഭാവിയിൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്ന് ചൂണ്ടിക്കാണിക്കുന്നു. 2021–22 ലെ മാനവ വികസന സൂചികയിൽ ഇന്ത്യ 132-ാം സ്ഥാനത്തെത്തി എന്നത് കൂടി കൂട്ടിവായിക്കുമ്പോഴാണ് രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ ജീവിതാവസ്ഥ വെളിപ്പെടുന്നത്. ഇതിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത് കുട്ടികൾ തന്നെയാണ്. ഇനിയും രാജ്യത്തെ മുഴുവൻ കുട്ടികൾക്കും ഭക്ഷണവും വസ്ത്രവും പാർപ്പിടവും പ്രാഥമിക വിദ്യാഭ്യാസവും ഉറപ്പുവരുത്താനായിട്ടില്ല. പോഷകാഹാരക്കുറവ്, പട്ടിണി, രോഗം, അതിക്രമങ്ങൾ എന്നിവ മൂലം ദുരിതമനുഭവിക്കുന്ന കുട്ടികൾ നിശബ്ദ നിലവിളികളിലൊതുങ്ങുന്നു. ബാലവേല, ലൈംഗികാതിക്രമങ്ങൾ, ശൈശവ വിവാഹം, വിദ്യാഭ്യാസ നിഷേധം, അനാഥത്വം തുടങ്ങി രാജ്യത്തെ കുട്ടികളുടെ അവസ്ഥ തിരിച്ചറിയുന്നതിനും ശിശുക്ഷേമ പദ്ധതികൾ വിലയിരുത്തുന്നതിനും സാർവദേശീയ ശിശുദിന സന്ദേശം രാജ്യത്തോട് അഭ്യർത്ഥിക്കുന്നു.


ഇതുകൂടി വായിക്കൂ; നീതിന്യായ വ്യവസ്ഥയും മനുഷ്യാവകാശ സംരക്ഷണവും


ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് കേരളത്തിലെ കുട്ടികൾക്കുള്ളത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പൊതുവേ ലഭ്യമാണ്. ധനിക‑ദരിദ്ര വ്യത്യാസമില്ലാതെ, ജാതി മത ഭിന്നതകൾ മറികടന്നുകൊണ്ട്, ലിംഗ ഭേദമില്ലാതെ എല്ലാ കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസ പ്രാപ്യത ഉറപ്പാക്കാൻ കേരളീയ സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ, ഉച്ചഭക്ഷണം, ക്ഷേമ പദ്ധതികൾ, വികസിത രാജ്യങ്ങളോടൊപ്പം നിൽക്കുന്ന ശിശു മരണനിരക്ക് തുടങ്ങിയ മാനദണ്ഡങ്ങളെല്ലാം വച്ചുനോക്കിയാൽ കുട്ടികൾക്ക് താരതമ്യേന നല്ല ജീവിത സാഹചര്യമാണ് ഇവിടെയുള്ളത്. എന്നാൽ കുട്ടികൾക്ക് നേരേയുള്ള ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങൾ നാമാഗ്രഹിക്കുന്ന പോലെ ഇല്ലാതാക്കുവാൻ കഴിയുന്നില്ല എന്നത് അങ്ങേയറ്റം ആശങ്കയുളവാക്കുന്നുണ്ട്.
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ വർഷം സെപ്റ്റംബര്‍വരെ 18 കുട്ടികൾ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. പോക്സോ നിയമം സെക്ഷൻ 4, 5 പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ — 1255, കുട്ടികള തട്ടിക്കൊണ്ടുപോകൽ — 115, മറ്റ് കുറ്റകൃത്യങ്ങൾ- 2402 തുടങ്ങി ഭീതിയുണർത്തുന്ന വിവരങ്ങളാണുള്ളത്. കുട്ടികൾ രാജ്യത്തിന്റെ അമൂല്യ സമ്പത്താണെന്ന തിരിച്ചറിവുണ്ടാവുകയും മാതാപിതാക്കൾ കൂടുതൽ ജാഗ്രത കാണിക്കുകയും, സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുമ്പോഴും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ നിരന്തരം വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും നിയമ സംവിധാനങ്ങൾ കൊണ്ട് മാത്രം ഉറപ്പു വരുത്താനാവില്ല എന്ന് തിരിച്ചറിഞ്ഞ്, ജനങ്ങളാകെ ഒറ്റക്കെട്ടായി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിരന്തരമായ പരിശ്രമങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.
മറിയ മോണ്ടിസോറി തന്റെ പ്രശസ്തമായ ‘ദ സീക്രട്ട് ഓഫ് ചെെല്‍ഡ്ഹുഡ്’ എന്ന പുസ്തകത്തിൽ പറയുന്നു- ‘മുതിർന്നവർ പൊതുവേ സാധാരണ ജോലികളിൽ ഏർപ്പെടുമ്പോൾ ഒരു കൊച്ചുകുട്ടി മഹത്തായ മറ്റൊരു ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത് — കുട്ടിയിൽ നിന്നും മനുഷ്യനെ സൃഷ്ടിക്കുന്ന ജോലി. സാധാരണ തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങളെക്കുറിച്ച് ലോകം തിരിച്ചറിഞ്ഞ് സർവരാജ്യത്തൊഴിലാളികൾ സംഘടിച്ചപ്പോൾ മനുഷ്യചരിത്രത്തിൽ സംഭവിച്ച മാറ്റങ്ങൾ അപാരമായിരുന്നു. എങ്കിൽ മനുഷ്യനെ നിർമ്മിക്കുന്ന തൊഴിലിൽ ഏർപ്പെടുന്ന കുട്ടികളുടെ അവകാശങ്ങൾ വേണ്ടുംവിധം പരിരക്ഷിക്കപ്പെട്ടാൽ, അവർക്ക് പ്രോത്സാഹനം നൽകിയാൽ, അതുവഴി കോടിക്കണക്കിന് നല്ല മനുഷ്യർ സൃഷ്ടിക്കപ്പെട്ടാൽ ലോകത്തിനുണ്ടാകുന്ന മാറ്റം എത്ര വലുതായിരിക്കും!’. ഇത്തരമൊരു അവബോധത്തിലേക്ക് നമ്മുടെ പൊതു സമൂഹത്തെ മാറ്റിയെടുക്കുന്നതിനാവശ്യമായ ബോധപൂർവമായ പരിശ്രമങ്ങൾക്കാണ് ഈ സാർവദേശീയ ശിശുദിനത്തിൽ തുടക്കംകുറിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.