തിയേറ്ററുകളിലും സംഘ്പരിവാർ നേതാക്കളുടെയും പ്രവർത്തകരുടെയും ഉള്ളിലും തീപടർത്തുകയായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന സിനിമ. കേരള രാഷ്ട്രീയ പരിസരത്ത് നിന്ന് കഥ പറഞ്ഞ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തിയ മോഹൻലാൽ ചിത്രം എമ്പുരാൻ തങ്ങൾക്ക് നേരെ വാളോങ്ങുമെന്ന് സ്വപ്നത്തിൽ പോലും അവരാരും കരുതിയിരുന്നില്ല. അങ്ങിനെ അറിയുമായിരുന്നെങ്കിൽ ചിത്രത്തെ നിശബ്ദമാക്കാൻ അവർ നേരത്തെ തന്നെ നീക്കങ്ങൾ ആരംഭിക്കുമെന്ന് മുൻകാല ഉദാഹരണങ്ങൾ ധാരാളം. വലിയ അക്രമങ്ങൾ അഴിച്ചുവിട്ട് അധികാര കേന്ദ്രങ്ങളിലെത്തിയാൽ പിന്നീട് ഫാസിസ്റ്റ് ശക്തികൾ ആക്രോശങ്ങളിലൂടെ മാത്രം എതിർശബ്ദങ്ങളെ നേരിടാറില്ല. ചില നേരങ്ങളിൽ ദൃംഷ്ട പുറത്തെടുക്കുമെങ്കിലും പലപ്പോഴും അവരുടെ പുഞ്ചിരിയും മൗനവും പോലും എതിരാളികളെ നിശബ്ദരാക്കും. കീഴടങ്ങാൻ മടിക്കുന്നവരെ പക്ഷെ അതിക്രൂരമായി നേരിടുകയും ചെയ്യും. എമ്പുരാനെതിരെ ബിജെപി സ്വീകരിച്ച നിലപാടുകളുടെ രീതിയും ഇത്തരത്തിലുള്ളതായിരുന്നു. സിനിമയെയും അണിയറ പ്രവർത്തകരെയും പ്രവർത്തകർക്ക് ആക്രമിക്കാൻ വിട്ടുകൊടുത്ത് പ്രമുഖ ബിജെപി നേതാക്കള്‍ തങ്ങൾ സിനിമയ്ക്കെതിരല്ലെന്ന് പൊതുവേദികളിൽ പറഞ്ഞു. ഇതേ സമയം സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ ആർ എസ്എസ് നോമിനികളായ സെൻസർ ബോർഡ് അംഗങ്ങളെ കുറ്റക്കാരായി വിധിച്ചു. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ സിനിമയുടെ ഉള്ളടക്കം ഹിന്ദുവിരുദ്ധ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാക്കി . സിനിമയുടെ നിർമ്മാതാക്കളെയും താരങ്ങളെയും ഭയപ്പെടുത്തി തങ്ങളുടെ വഴിയിലേക്ക് നയിച്ചു. മറ്റ് വഴികളില്ലാതായതോടെ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് നായകൻ മോഹൻലാല്‍ തന്നെ രംഗത്ത് വരേണ്ടിവന്നു. ബിജെപിയെ പൊള്ളിച്ച ഭാഗങ്ങളെല്ലാം വെട്ടിമാറ്റി. ബിജെപിയായി സൗമ്യ മുഖവും സംഘ്പരിവാർ സംഘടനകളായി ക്രൗര്യഭാവവും പ്രകടിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെ ഫാസിസം പ്രവർത്തിക്കുന്നത് എമ്പുരാനുമായി ചേർന്ന് നാട് കണ്ടു.
ഇത്തരം സംഭവങ്ങൾ രാജ്യത്ത് ആദ്യത്തേതല്ല. 2002ലെ ഗുജാറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ പുറത്തുവന്ന മറ്റൊരു ചിത്രമായിരുന്നു രാഹുൽ ധൊലാക്കിയ ഒരുക്കിയ പർസാനിയ. ഗുജറാത്ത് കലാപത്തിൽ കാണാതായ മകനായുള്ള അന്വേഷണം തുടരുന്ന പാഴ്സി ദമ്പതികളായ രൂപയുടെയും ദാറ മോഡിയുടെയും ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. സ്വർഗവും നരകവും ഈ ഭൂമിയിൽ എന്നാണ് പർസാനിയ എന്ന വാക്കിന്റെ അർത്ഥം. പർസാനിയയ്ക്കെതിരെ ബിജെപി നേതാക്കളാരും പരസ്യമായ അക്രമവുമായി വന്നില്ല. എന്നാൽ ഗുജറാത്തിലെ തിയേറ്റർ ഉടമകൾ സിനിമ പ്രദർശിപ്പിക്കാൻ വിസമ്മതിച്ചു. സംഘ്പരിവാർ നേതാവായ ബാബു ബജ്‌റംഗി സമ്മതിച്ചാൽ ചിത്രം പ്രദർശിപ്പിക്കാമെന്ന് അണിയറ പ്രവർത്തകരോട് തിയേറ്റർ ഉടമകൾ രഹസ്യമായി പറഞ്ഞു. എന്നാൽ ഗുറാത്ത് കലാപത്തിൽ 97 പേർ കൊല്ലപ്പെട്ട നരോദ്യ പാട്യ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ബാബു ബജ്‌റംഗി എന്ന ബാബു ഭായ് പട്ടേലിനെ ചിത്രത്തിന്റെ പ്രിവ്യുവിന് ക്ഷണിക്കണമെന്ന നിർദേശം സംവിധായകനായ രാഹുൽ ധൊലാക്കിയ നിരസിച്ചു. സെൻസർ ബോർഡ് അനുമതി തന്ന തന്റെ സിനിമയ്ക്ക് ഇനി മറ്റൊരാളുടെ അനുമതി ആവശ്യമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തെഹൽക്ക നടത്തിയ ഒരു സ്റ്റിംഗ് ഓപറേഷനിൽ ഒളി ക്യാമറയിൽ ബാബു ബജ് റംഗി കൂട്ടക്കൊലയിൽ തന്റെ പങ്കിനെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. തന്നെ സഹായിക്കാൻ നരേന്ദ്രമോഡി മൂന്ന് തവണ ജഡ്ജിമാരെ മാറ്റിത്തന്നുവെന്നും അദ്ദേഹം ആ വര്‍ത്തിച്ചി രുന്നു. ഈ ബാബു ബജ്‌റംഗിയെ എമ്പുരാനിലൂടെ പ്രേക്ഷകർ വീണ്ടുമൊരിക്കൽ കൂടി കണ്ടു.എന്നാൽ സംഘപരിവാർ ഭീഷണിയെ പർസാനിയയുടെ അണിയറ പ്രവർത്തകരെപ്പോലെ എമ്പുരാന്റെ ശില്പികൾക്ക് ചെറുക്കാൻ സാധിച്ചില്ല.
കലാപക്കാലത്ത് ബാബു ബജ്‌റംഗിക്ക് മുകളിൽ ഒരു നേതാവുണ്ടായിരുന്നു. സാക്ഷാൽ നരേന്ദ്രമോഡി. പർസാനിയയ്ക്ക് ശേഷം നന്ദിത ദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഫിറാഖ് എന്ന സിനിമയും ഗുജറാത്ത് കലാപത്തെക്കുറിച്ചായിരുന്നു . ഈ ചിത്രത്തെയും സമാനമായ രീതിയിൽ തന്നെ ബിജെപി നേരിട്ടു. ചിത്രം പ്രദർശിപ്പിക്കാൻ തിയേറ്റർ ഉടമകൾ മടിച്ചു. നരേന്ദ്ര മോഡിയെ പടം കാണിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പ്രത്യേക പ്രദർശനത്തിന്റെ ആവശ്യമില്ലെന്നും ആർക്കു വേണമെങ്കിലും തിയേറ്ററിൽ പോയി സിനിമ കാണാമെന്നുമായിരുന്നു നന്ദിത ദാസിന്റെ പ്രതികരണം. മുമ്പ് ബിജെപി ഭരണകാലത്ത് ദീപ മെഹ്ത എന്ന സംവിധായികയും ഫാസിസ്റ്റ് ഭീകരതയുടെ ക്രൂരത അനുഭവിച്ചറിഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പ് കാശിയിൽ ജീവിച്ചിരുന്ന വിധവകളുടെ കഥയായിരുന്നു ചിത്രത്തിന്റേത്. എന്നാൽ ഷൂട്ടിങ് സെറ്റ് അക്രമിച്ച രണ്ടായിരത്തോളം വരുന്ന സംഘ്പരിവാർ പ്രവർത്തകർ ഷൂട്ടിങ് സാമഗ്രികളെല്ലാം തകർത്തു. ആർ എസ് എസ് നേതാവ് കെ എസ് സുദർശനനെ സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിച്ചു അനുവാദം വാങ്ങണമെന്നായിരുന്നു അന്ന് ഇവരോടുള്ള ആവശ്യം. മണിരത്നത്തിന്റെ ബോംബെ എന്ന ചിത്രവും സമാനമായ അനുഭവങ്ങൾ നേരിട്ടിട്ടുണ്ട്.
എമ്പുരാന്റെ പ്രമേയത്തെക്കുറിച്ച് നേരത്തെ സൂചന ലഭിച്ചിരുന്നെങ്കിൽ സാക്ഷാൽ നരേന്ദ്ര മോഡിയെ കഥ വായിച്ച് കേൾപ്പിക്കാൻ അണിയറ പ്രവർത്തകരോട് സംഘ്പരിവാർ ആവശ്യപ്പെടുമായിരുന്നു. എമ്പുരാന്റെ ഉള്ളടക്കത്തെക്കുറിച്ചും അണിയറ പ്രവർത്തകരുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ഇടതുപക്ഷത്തിന് കൃത്യമായ ധാരണയുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലൂടെ എത്രയോ നീചമായാണ് തിരക്കഥാകൃത്ത് മുരളി ഗോപി ഇടത് രാഷ്ട്രീയ നേതാക്കളെ പരിഹസിച്ചത്. എമ്പുരാൻ എന്ന ചിത്രത്തിലും അത്തരം പരിഹാസങ്ങളുണ്ട്. അതൊന്നും പക്ഷേ ചിത്രത്തെ പിന്തുണയ്ക്കുന്നതിൽ ഇടതുപക്ഷത്തിന് തടസമാകുന്നില്ല. വ്യാപകമായി റിലീസ് ചെയ്ത ഒരു സിനിമയിൽ ഗുജറാത്തിൽ സംഘ്പരിവാർ ആസൂത്രണം ചെയ്ത ന്യൂനപക്ഷ വംശഹത്യ ഉൾപ്പെടെ ചർച്ച ചെയ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കുക എന്നതും ഏറെ ഗൗരവമാണ്. സിനിമ ഹിന്ദുവിരുദ്ധമാണെന്ന ഭാഷ്യം ആർഎസ്എസിന്റേത് മാത്രമാണ്. അവരെ മാത്രമെ സിനിമ അസ്വസ്ഥരാക്കിയിട്ടുള്ളൂ. ചിത്രത്തിലെ പ്രധാന നടനും നിർമ്മാതാവും ഖേദപ്രകടനം നടത്തിയെങ്കിൽ അത് ശരിയായോ എന്ന കാര്യം അവരാണ് ആലോചിക്കേണ്ടത്. സിനിമയുടെ കാര്യത്തിൽ ഒത്തുതീർപ്പുമായി മോഹൻലാൽ അവസാനം എന്തു പറഞ്ഞു എന്നതല്ല സിനിമ ഉയർത്തിയതും രാജ്യം ചർച്ച ചെയ്യേണ്ടതുമായ വിഷയം എത്ര വെട്ടിമാറ്റിയാലും സംഘ്പരിവാറിനെ അസ്വസ്ഥമാക്കി ജനം ചർച്ച ചെയ്തുകൊണ്ടേ യിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.