5 May 2024, Sunday

പള്ളിയിൽ അന്നേരം കുർബാനയുടെ മണികൾ മുഴങ്ങുകയായിരുന്നു

നിഷ അനില്‍കുമാര്‍
September 19, 2021 2:45 am

‘ഒരു സങ്കീർത്തനം പോലെ’ ഇരുപത്തിയെട്ട് വർഷം, നൂറ്റിപതിനെട്ടു പതിപ്പ്! മലയാള നോവലിലെ ഏകാന്ത വിസ്മയം, എന്നൊക്കെ എത്രയനവധി വിശേഷണങ്ങളിലൂടെ കാലങ്ങളായി നമ്മെ വിസ്മയിപ്പിക്കുന്നു. എത്ര ഭാഷകളിൽ, എത്രയോ പുരസ്കാരങ്ങളുടെ നിറവിൽ ഈ നോവലും എഴുത്തുകാരനും മലയാളഭാഷയുടെ തിരുമുറ്റത്ത് ശിരസുയർത്തി നിൽക്കുന്നു.ഭാഷകൊണ്ടും രചനകൊണ്ടും വിസ്മയിപ്പിച്ച എഴുത്തുകാരനെ ജീവിതത്തിലെന്നെങ്കിലും കാണാനോ പരിചയപ്പെടാനൊ സാധിക്കുമെന്ന് സ്വപ്നം കാണാൻ മാത്രം ധൈര്യമുള്ളവൾ ആയിരുന്നില്ല ഒരുകാലത്തും ഞാൻ. അതുകൊണ്ടുതന്നെ അങ്ങനെയൊരു സാഹചര്യം മുന്നിൽ വന്നപ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ പരിഭ്രമവും ഭയവുമാണ് എന്നിലുണ്ടായത്.തമ്മനത്ത് നിന്ന് പെരുമ്പടവത്തേക്കുള്ള ദൂരമായിരുന്നില്ല ആ യാത്രയിലുടനീളം എന്നെ പരിഭ്രമത്തിലാഴ്ത്തിയത്. പാരീസിൽ നിന്നും റക്ഷ്യയിലേക്കുള്ള ദൂരം താണ്ടാൻ പരിശ്രമിച്ച വർഷങ്ങളുടെ കഠിനപ്രയത്നം വിജയിച്ചോ, പരാജയപ്പെട്ടോ എന്ന ആകുലതയായിരുന്നു.

കാണാൻ പോകുന്നത് ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ എഴുത്തുകാരനെ ആണെന്ന ആഹ്ലാദം ഉള്ളിൽ നിറഞ്ഞപ്പോഴും ആ ആകുലത യാത്രയിലുടനീളം എന്നെ മൂകയാക്കി തീർത്തു. എന്നാണ് അദ്ദേഹത്തെ ആദ്യമായി വായിച്ചത്! കാറിലിരിക്കെ ഞാനോർത്തു. അദ്ദേഹം അങ്ങനെയൊരു ചോദ്യം ചോദിച്ചാൽ എന്താണ് മറുപടി പറയുക.‘ആയില്യം’ വായിച്ചത് പത്താം ക്ലാസിൽ പഠിക്കുന്ന കാലത്തെന്നോ ആണ്, ‘അഭയ’വും, ‘അന്തിവെയിലിലെ പൊന്നും’, ‘അരൂപിയുടെ മൂന്നാം പ്രാവു‘മൊക്കെയായി പിന്നീട് എത്രയോ വായിച്ചു.
തുതിയൂർ ഗ്രന്ഥശാലയിൽ ലൈബ്രേറിയനായി ഇരുന്ന കാലത്താണ് ഏറ്റവും അധികം പുസ്തകങ്ങൾ വായിച്ചിട്ടുള്ളത്. വായനയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത കാലം. പുസ്തകങ്ങളുടെ ഗന്ധമായിരുന്നു ജീവിതത്തെ സുഗന്ധപൂരിതമാക്കിയത്.

പെരുമ്പടവത്തെ വായിക്കാൻ ഇഷ്ടമുള്ള ഒരു കൂട്ടുകാരി അന്നുണ്ടായിരുന്നു, അഞ്ജു. ഞങ്ങളിൽ ഒരാൾ വായിച്ചിഷ്ടപ്പെട്ട പുസ്തകം കൈമാറ്റം ചെയ്തു വായിക്കുക, വായിച്ച പുസ്തകത്തെ കുറിച്ച് ഒഴിവ് സമയങ്ങളിൽ ചർച്ച ചെയുക ഇതൊക്കെയായിരുന്നു അത്ര വിശാലമായ വായനയുടെ വഴികളിലേക്ക് ഇറങ്ങി ചെല്ലാൻ പ്രേരകമായതും.
‘ഒരു സങ്കീർത്തം പോലെ’ വായിച്ച ദിവസങ്ങളെക്കുറിച്ച് വിശദീകരിക്കുക അസാധ്യമാണ്. എത്രയോ പുസ്തകങ്ങൾ വായിച്ചു സംഘർഷപ്പെട്ടു. ചിലത് ചിരിപ്പിച്ചു. മറ്റ് ചിലത് ചിന്തിപ്പിച്ചു. സങ്കടവും, നിരാശയും തന്ന കഥാപാത്രങ്ങൾ അനവധി ദിനങ്ങൾ കൂടെയുണ്ടായിട്ടുണ്ട്. എം ടി യും, മാധവികുട്ടിയും, ഒ വി വിജയനും, എം മുകുന്ദനും, പി വൽസലയും, കാരൂരും, തകഴിയും ആനന്ദും അടക്കമുള്ള എത്രയോ പേരെ വായിച്ചു. അവർ സൃഷ്ടിച്ച കഥകളും കഥാപാത്രങ്ങളും ആഴ്ചകളോളം മനസിലങ്ങനെ കൊണ്ട് നടന്നിട്ടുണ്ട്. പക്ഷേ ‘സങ്കീർത്തനം’ വായിച്ചപ്പോൾ ഹൃദയത്തിൽ പള്ളി മണിയുടെ പ്രകമ്പനം ഉണ്ടായി. 

ആരാണ് ആ പുസ്തകം എഴുതിയതെന്നുള്ള കാര്യത്തിൽ ഞാൻ സന്ദേഹിയായി. ഈ പുസ്തകം യഥാർഥത്തിൽ ദസ്തയെവ്സ്കിയല്ലേ എഴുതിയത്! അല്ലാതാരാണ് സ്വന്തം ഹൃദയം ഇങ്ങനെ കീറിമുറിച്ചു പ്രദർശിപ്പിക്കാൻ ധൈര്യം കാണിക്കുക. പെരുമ്പടവവും ദസ്തയേവ്സ്കിയും രണ്ടുപേർ ആണോ? അതോ ഒരാളോ? അല്ലങ്കിൽ ഒരാളുടെ ശരീരത്ത് ആക്രമിച്ചു കയറി അയാളെക്കൊണ്ടു തന്നെതന്നെ എഴുതിപ്പിച്ച ഒരാത്മാവ്.ഒരാത്മാവിന്റെ വിലാപങ്ങൾ വായിക്കും പോലെയാണ് ‘ഒരി സങ്കീർത്തനം പോലെ’ വായിച്ചു തീർത്തത്. എഴുത്തുകാരോട് ഉള്ളത്ര ആരാധന മറ്റാരോടും തോന്നിയിട്ടില്ല. അടുത്തു കണ്ടിട്ടുള്ള ഒരേയൊരു എഴുത്തുകാരി മാധവിക്കുട്ടി മാത്രമായിരുന്നു. എന്നെങ്കിലും ഞാനൊരു എഴുത്തുകാരി ആകുമെന്നോ, എന്നെകൊണ്ടു കഥയെഴുതാൻ സാധിക്കുമെന്നോ ആ കാലത്തൊന്നും വിചാരം പോലും ഉണ്ടായിട്ടില്ല. വായിച്ച നല്ല നല്ല വാചകങ്ങൾ എഴുതി വയ്ക്കുന്ന സ്വഭാവം അന്നുണ്ടായിരുന്നു. ഒരുപക്ഷേ ആ ശീലമാകാം സ്വഭാവികമായ എഴുത്തിലേക്ക് മാറാൻ പ്രേരകമായത്.സങ്കീർത്തനം വായിച്ചതിന് ശേഷമാണ് സിമോണിനെ വായിക്കുന്നത്. സാർത്രേയും, കാഫ്കെയെയും, കാമുവിനെയും, മാർക്കേസിനെയും വായിക്കുന്നത്. ആ വായന ജീവിതത്തെ കൊണ്ടെത്തിച്ചത് അന്ന് വായിച്ചു വായിച്ചു അതിശയിച്ചു നിന്നുപോയ അതേ എഴുത്തുകാരന്റെ വീട്ടുമുറ്റത്ത്! ഓഹ്. ജീവിതം എത്രയെത്ര വിസ്മയങ്ങൾ തീർക്കും.

അദ്ദേഹത്തിന്റെ കൊച്ചുമകൻ സന്ദീപ് എന്റെ സുഹൃത്തായിരുന്നു. ‘അവധൂതരുടെ അടയാളങ്ങൾ’ എഴുതിയപ്പോഴോ പ്രസിദ്ധീകരിച്ചപ്പോഴോ പ്രകാശനം എന്നൊരു ചടങ്ങിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. അന്നുവരെ ഒരു പുസ്തകത്തിനും പ്രകാശന ചടങ്ങ് നടത്തിയിട്ടില്ല. പക്ഷേ ‘അവധൂതർ’ പുസ്തകമായപ്പോൾ വേണ്ടപ്പെട്ട എല്ലാവരും, പ്രകാശനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞു. അങ്ങനെ പ്രിയപ്പെട്ടവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പ്രകാശനമെന്നോരു ചടങ്ങ് നടത്തിയേക്കാമെന്ന് തീരുമാനമെടുക്കുന്നത്. ആരെക്കൊണ്ടാവണം പ്രകാശനം ചെയ്യിപ്പിക്കേണ്ടത് എന്നൊരു ആലോചന വന്നപ്പോൾ ആദ്യം മനസിലേക്ക് വന്ന പേര് പെരുമ്പടവം എന്ന് തന്നെയായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ തിരുവനന്തപുരത്ത് നിന്നു കൊച്ചി വരെ വരാനുള്ള യാത്രക്ക് വിഷമമാകില്ലെ എന്നൊരു ശങ്ക ഉണ്ടായിരുന്നത് കൊണ്ട് അങ്ങനെയൊരു ആഗ്രഹം മനസിൽ തന്നെ സൂക്ഷിക്കാനേ തോന്നിയുള്ളൂ. പ്രകാശനത്തിനെ ക്കുറിച്ച് സംസാരിച്ചപ്പോൾ ആ കാലത്ത് സ്ഥിരമായി എഴുതിയിരുന്ന വീക്കെണ്ടിന്റെ പത്രാധിപർ പെരുമ്പടവത്തോട് ഈ വിഷയം സംസാരിക്കാമെന്ന് പറയുകയും അദ്ദേഹത്തിന്റെ സുഹൃത്ത് വഴി ഈ വിഷയത്തെക്കുറിച്ച് പെരുമ്പടവത്തോട് സംസാരിക്കുകയും ചെയ്തു.പ്രായത്തിന്റെ അവശതകൾ ധാരാളം ഉണ്ടെങ്കിലും തിരുവനന്തപുരത്ത് നിന്നും കൊച്ചിവരെ വരാമെന്ന് അദ്ദേഹം സമ്മതിച്ചു. പ്രകാശനം ചങ്ങമ്പുഴ പാർക്കിൽ വച്ച് നടത്തുവാനായി ഹാൾ ബുക്ക് ചെയ്തു. ഏറ്റുവാങ്ങുവാൻ ഫ്രാൻസിസ് നൊറോണ റെഡിയായി.
എല്ലാം കാര്യങ്ങളും ശരിയായി. പ്രകാശനചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ലോകം ‘കോവിഡ് 19’ എന്ന പേരിനു മുന്നിൽ വിറങ്ങലിച്ചു നിന്നു. നാലര വർഷത്തെ അദ്ധ്വാനം, സ്വപ്നം ഇതെല്ലാം ഒറ്റയടിക്ക് ഇരുട്ടിലകപ്പെട്ടത് പോലെയാണ് അനുഭവപ്പെട്ടത്. പൊതുപരിപാടികൾ എല്ലാം റദ്ദാക്കികൊണ്ടുള്ള ഉത്തരവ് വന്നതോടെ പ്രകാശനം വേണ്ട എന്നു തീരുമാനിക്കേണ്ടി വന്നു. പുസ്തകം പ്രകാശനം ചെയ്യാൻ സാധിക്കാത്തതായിരുന്നില്ല ഏറ്റവും സങ്കടമായത്. എനിക്കൊരിക്കലും അദ്ദേഹത്തെ കാണാൻ സാധിക്കില്ലേയെന്ന നിരാശയായിരുന്നു.

ഒരാഴ്ചക്കു ശേഷം സന്ദീപ് മെസേജ് അയച്ചു: ‘ചാച്ചൻ ഇന്ന് പെരുമ്പടവം വീട്ടിൽ പോയിട്ടുണ്ട്, കുറെ ദിവസം അവിടെ കാണും.‘തമ്മനത്ത് നിന്ന് പെരുമ്പടവത്തേക്ക് ഒരു മണിക്കൂർ ദൂരം കഷ്ടിയെ ഉള്ളൂ. പക്ഷേ കോവിഡ് സാഹചര്യത്തിൽ കാണാൻ ചെല്ലുന്നത് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുമോയെന്ന ആശങ്കകൊണ്ട് ചോദിക്കാൻ ധൈര്യം ഉണ്ടായില്ല. എന്നാൽ സന്ദീപ് വീണ്ടും പറഞ്ഞു: ”ചെല്ലുന്നതിൽ ചാച്ചന് വിരോധം കാണില്ല. ധൈര്യമായി വിളിക്കൂ.”ശങ്കിച്ചു ശങ്കിച്ചാണ് എന്നിട്ടും വിളിച്ചത്. പുസ്തകം അയച്ചുകൊടുത്തിരുന്നതുകൊണ്ട് ഓർമ്മയുണ്ടാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഞാൻ പേടിച്ചത് പോലെ ഒന്നുമുണ്ടായില്ല. ”ധൈര്യമായി വന്നോളു…” എന്നാണ് അദ്ദേഹം പറഞ്ഞത്.വയ്യാത്ത ആളാണല്ലോ ഈ സമയത്ത് ചെല്ലുന്നത് മര്യാദയല്ലല്ലോയെന്ന കുറ്റബോധം പേറികൊണ്ട് തന്നെയാണ് ചെന്നത്. ഇടക്ക് വിളിച്ചു വഴി കൃത്യമാക്കി.ഒട്ടും തന്നെ തപ്പി തടയാതെ വീട് കണ്ടു പിടിച്ചു. മുറ്റത്ത് കാറിനരികിൽ വെളുത്ത ഷർട്ടും, മുണ്ടും ധരിച്ചു നിന്ന ആളെ വിസ്മയത്തോടെ കണ്ടു. അത് സ്വപ്നത്തിൽ ആയിരുന്നില്ല. കൗമാരം മുതൽ വായിച്ചു മാത്രം അറിഞ്ഞ ആൾ. ആരാധന, കൗതുകം, ഭയം ഇങ്ങനെയുള്ള സമ്മിശ്ര വികാരങ്ങൾകൊണ്ട് നെഞ്ചിടിച്ചു കൊണ്ടിരുന്നു. മക്കളും ഭർത്താവും കൂടെയുണ്ടായിരുന്നു. അവർക്കും ആശങ്ക ഉണ്ടായിരുന്നു. എങ്ങനെയാകും ഇദ്ദേഹം പെരുമാറുകയെന്നൊക്കെ. 

അവധൂതർക്ക് മുമ്പ് മൂന്ന് പുസ്തകങ്ങളും ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും, അഭിമുഖങ്ങളുമൊക്കെയായി സാഹിത്യ രംഗത്ത് ഉണ്ടെങ്കിലും എഴുത്തുകാർ എന്ന പ്രത്യേക വിഭാഗത്തിൽ പെട്ട ഒരാളാണ് ഞാനുമെന്ന് ഒരിക്കലും സ്വയം ഉൾക്കൊള്ളാൻ എനിക്കു സാധിച്ചിട്ടില്ലായിരുന്നു എന്നതാണ് സത്യം. മാത്രമല്ല എഴുത്തുകൂട്ടത്തിലോ, എഴുത്ത് സദസുകളിലെക്കൊ ക്ഷണിക്കപ്പെട്ടാലും പോകാൻ തോന്നാത്ത വിധം സാഹിത്യരംഗമായി ഞാൻ തന്നെ സൃഷ്ടിച്ച അന്യഥാ ബോധം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു.ഞങ്ങളെ അതിശയിപ്പിക്കും വിധം സ്നേഹപൂർവ്വം അദ്ദേഹം ഞങ്ങളെ വീടിനുള്ളിലേക്ക് കൊണ്ട് പോയി. കൂടെയുണ്ടായിരുന്ന മകൾക്ക് എന്നെ പരിചയപ്പെടുത്തി. അപ്പോഴേക്കും അയൽവാസിയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായ ഒരു ചേട്ടൻ അവിടേക്ക് വന്നു. ഞങ്ങൾ ചെല്ലുമെന്ന് പറഞ്ഞതുകൊണ്ട് പലഹാരങ്ങൾ വാങ്ങിക്കൊണ്ടു വരുവാനായി അയച്ചതാണെന്ന് മനസിലായി. ഒരു ബന്ധുവീട്ടിൽ പോയാൽ ഇത്രയധികം സ്നേഹവും വാൽസല്യവും ലഭിക്കുമോയെന്ന് അതിശയിപ്പിക്കും വിധം നിർലോഭം സ്നേഹവാൽസല്യങ്ങൾ നല്കിയ ഈ മനുഷ്യനല്ലാതെ മറ്റാർക്കാണ് ഹൃദയത്തിന്റെ അടയാളങ്ങൾ പതിയുംവിധം കഥകളും നോവലുകളും എഴുതാൻ സാധിക്കുക!ചെറുപ്പത്തിൽ കഴിച്ച ഓർമ്മയുള്ള ചില നാടൻ പലഹാരങ്ങൾ വർഷങ്ങൾക്ക് ശേഷം ഞാൻ കഴിച്ചത് അന്നായിരുന്നു. നിറയെ ഊട്ടാനും നിറയെ സംസാരിക്കാനും നന്മയുള്ള അപൂർവം മനുഷ്യരെയേ ഞാൻ കണ്ടിട്ടുള്ളൂ. ഈ സമാഗമം ആദ്യത്തേത് ആയിരുന്നോ! ഇതിന് മുമ്പ് ഈ വീട്ടിൽ ഞാൻ വന്നിട്ടുണ്ടോ? ഈ മനുഷ്യർ ഏത് ജന്മത്തിൽ ആയിരുന്നു എന്റെ സ്വന്തക്കാർ ആയിരുന്നത്! അദ്ദേഹം സംസാരിക്കുമ്പോഴൊക്കെ എന്റെ ചിന്തകൾ അങ്ങനെ കാടു കയറി.ജീവിതത്തിലെ അനേകം അനുഭവങ്ങളെ കുറിച്ച് അദ്ദേഹം ഓർത്തോർത്തു പറഞ്ഞു. സ്വന്തം ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച്, കണ്ടുമുട്ടിയ എഴുത്തുകാരെ കുറിച്ച്, രാക്ഷ്ട്രീയത്തെ കുറിച്ച് അങ്ങനെ അനേകം കാര്യങ്ങൾ. പിന്നെ മകളേയും കൂട്ടി വീടും പുരയിടവും ചുറ്റികാണിച്ചു. 

പെരുമ്പടവത്തെ ആ വീട് അദ്ദേഹത്തിന്റെ ഭാര്യയുടെ നിർബന്ധം കൊണ്ട് വാങ്ങിയ സ്ഥലത്തായിരുന്നു പണികഴിപ്പിച്ചിരിക്കുന്നത്. ഒരു കാലത്ത് എല്ലാം നഷ്ടപ്പെട്ട് ജീവിത ദുഖങ്ങളിലേക്ക് വെറും കൈയോടെ ഇറങ്ങിപ്പോയ ഈ സ്ഥലത്തേക്ക് പിന്നീടൊരിക്കലും മടങ്ങിവരരുത് എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഭാര്യക്ക് വാശിയായിരുന്നു, ഒരിക്കൽ അപമാനവും ദുഖവും തന്ന ആ മണ്ണിൽ സ്വന്തമായി ഭൂമി വാങ്ങണമെന്ന്. അതും അദ്ദേഹം എന്നും കൂടെ കൂട്ടിയ അക്ഷരദേവതയുടെ വരംകൊണ്ട് തന്നെ നേടാൻ സാധിച്ചുവെന്നതാണ് ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം നേടിയ അനേകം നേട്ടങ്ങളിൽ ഒന്ന്. ഒരുപക്ഷേ, ഒരെഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിന് മറ്റനേകം പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ടാകാം എന്നാല്‍ വെള്ള പെയിന്റ് പൂശിയ ആ വീടും, അത് നിലനിൽക്കുന്ന മണ്ണും ഒരു സ്ത്രീ ഭർത്താവിന്റെ ആത്മാഭിമാനം വാശിയോടെ നേടിയെടുത്തത്തിന്റെ അടയാളമായിട്ടാണ് എനിക്കു തോന്നിയത്.മതിലിൽ തൂക്കിയ ഫോട്ടോയിൽ സുന്ദരിയായ സ്ത്രീരൂപം കണ്ടപ്പോൾ എനിക്ക് അന്നയെ ഓർമ്മ വന്നു. അന്നയെ കുറിച്ച് അത്ര തീക്ഷ്ണമായി എഴുതാൻ മാത്രം പ്രണയിക്കപ്പെട്ടതിന്റെ ചെറുമന്ദഹാസം ഭാര്യയെ കുറിച്ച് പറഞ്ഞപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമായുന്നത് വിസ്മയത്തോടെ ഞാൻ കണ്ടു.
.
ദസ്തയെവ്സികിയുടെയും അന്നയുടെയും പ്രണയത്തെ പള്ളിമണിയുടെ താളം പോലെ അത്ര വിശുദ്ധമായിട്ടാണ് അദ്ദേഹം എഴുതിയിരിക്കുന്നതെങ്കിൽ എന്റെ നോവലിലെ സിമോണിനെയും സാർത്രേയേയും ഞാൻ അവതരിപ്പിച്ചിട്ടുള്ളത് വിശുദ്ധിയുടെ ലാഞ്ഛന പോലും ഇല്ലാതെയായിരുന്നു. അദ്ദേഹം ആ നോവലിനെ എങ്ങനെ അംഗീകരിക്കും എന്നൊരു ഭയം ആ നേരത്തും ഇടക്കിടെ എന്നെ അലട്ടുന്നുണ്ടായിരുന്നു. ഈ സമയങ്ങളിലൊക്കെ ഏതോ ഒരു ബന്ധു വീട്ടിൽ വന്നതുപോലെ മറ്റനേകം കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു, അപ്പോഴും എന്റെ പുസ്തകത്തെപ്പറ്റി ഒരു വാക്ക് അങ്ങോട്ട് ചോദിക്കാൻ മനോധൈര്യം ഉണ്ടായില്ല. ഒടുവിൽ വെയിലാറി, സന്ധ്യയാകാൻ തുടങ്ങിയപ്പോൾ ഇനി പോകട്ടെയെന്ന് പറഞ്ഞപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ അദ്ദേഹം പുസ്തകത്തെ കുറിച്ച് പറഞ്ഞു.”കോവിഡ് കാലം കഴിയട്ടെ എപ്പോൾ പ്രകാശനം ചെയ്യാൻ തീരുമാനിച്ചാലും വിളിക്കൂ. ഞാൻ വരും പ്രകാശനം ചെയ്യാം” എന്ന് പറഞ്ഞപ്പോൾ സത്യമായും എനിക്ക് കരച്ചിൽ വന്നു. എങ്കിലും ഔപചാരികതകൾ ഒന്നുമില്ലാതെ ആ വീട്ടിൽ കുറച്ചുപേർ മാത്രം സാക്ഷികളായിക്കൊണ്ടു സിമോണിനെയും സാർത്രേയേയും ഞാൻ അദ്ദേഹത്തിന് കൈമാറി. എനിക്കന്നേരം ദസ്തയെവ്സ്കി അന്നയോട് പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു.“നാളെ നേരത്തെ വരണം. നമ്മളിപ്പോൾ യാത്ര പറയുകയാണ്. ഉള്ളത് പറയുമ്പോൾ തെറ്റിദ്ധരിക്കരുത്. ഞാൻ കാപട്യം ഇഷ്ടപ്പെടുന്നില്ല. വഴിവക്കിൽ വച്ച് സമയമെന്തെന്ന് ചോദിക്കുന്ന അപരിചിതനോട് പോലും. പിന്നെയാണോ അന്നയോട്. ”
അന്നയുടെ മനസിൽ അന്നേരം തോന്നിയ അതേ തോന്നൽ എന്റെ ഉള്ളിലും ഉണ്ടായി. ഇങ്ങിനെയൊരാളെ, ഒരെഴുത്തുകാരനെ ഞാനും ആദ്യം കാണുകയായിരുന്നു. അതും കേവലം മണിക്കൂറുകൾ മാത്രം ഇടപഴകിയ അപരിചിതരായ നാലുപേരോട് അകമഴിഞ്ഞ സ്നേഹം നൽകികൊണ്ട് തന്റെ ഹൃദയത്തിലേക്ക് വലിച്ചടിപ്പിക്കുന്ന ഒരാളെ!
പാരീസിലെ ഏതെങ്കിലുമൊരു പള്ളിയിൽ അന്നേരം കുർബാനയുടെ മണികൾ മുഴങ്ങിയിട്ടുണ്ടാകുമോ എന്നെനിക്ക് അറിയില്ല. പക്ഷേ എനിക്കുറപ്പുണ്ട് ആ ചടങ്ങിന് ദസ്തയെവ്സ്കി സാക്ഷ്യം വഹിച്ചിരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.