7 December 2024, Saturday
KSFE Galaxy Chits Banner 2

വായനദിന ചിന്തകൾ

Janayugom Webdesk
June 19, 2022 4:30 am

ബുക്ക്ഷെൽഫിൽ കൂടിയിരിക്കുന്ന പുസ്തകങ്ങളെ നോക്കിക്കൊണ്ടിരുന്നാണ് ഈ വായനദിന ചിന്ത. പലകാലങ്ങളിൽ പണം നൽകി വാങ്ങിയവയാണ് ഷെൽഫിലെ പുസ്തകങ്ങൾ. പൊടി കേറിത്തുടങ്ങിയിരിക്കുന്നു. ഇത്രയും പുസ്തകങ്ങൾ സൂക്ഷിച്ചു വയ്ക്കുക വലിയ ജോലിതന്നെയാണ്. നാട്ടിലെ ലൈബ്രറികൾക്ക് കാലാകാലങ്ങളിൽ സംഭാവന നൽകിയശേഷം മിച്ചം ഇരിക്കുന്ന പുസ്തകങ്ങളാണവ. അവയിൽ നല്ലൊരു പങ്കും ഞാൻ വായിക്കാത്തവയാണ്. ബാക്കിയുള്ളവ മിക്കതും വായന പൂർത്തീകരിക്കാതെ ഇരിക്കുന്നവയുമാണ്.

പുതിയ പുസ്തകങ്ങളുടെ നീണ്ട നിരകൾ നവമാദ്ധ്യമങ്ങളിലൂടെ ദിവസവും നമ്മെ തേടിയെത്തുന്നു. അവയിൽ നിന്ന് പലതും വാങ്ങാനായി നാം ലിസ്റ്റെഴുതി വെക്കുന്നു. പുസ്തകങ്ങളോട് നമുക്കുള്ള സ്നേഹമാണ് അതിന് കാരണം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓർഡർ നൽകുന്നു. അവ ദിവസങ്ങൾക്കുള്ളിൽ നമ്മുടെ വീട്ടിലെത്തുന്നു. അതോടെ പുസ്തകം വാങ്ങുക എന്ന നമ്മുടെ കടമ പൂർത്തീകരിക്കപ്പെടുന്നു. നാം സന്തുഷ്ടരായിക്കഴിഞ്ഞു. പുറംചട്ടയുടെ മനോഹാരിതയും അച്ചടി മഷിയുടെ മണവും നമ്മെ ഹരം പിടിപ്പിക്കുന്നു. ഇപ്പോൾ നമ്മൾ കുറേക്കൂടി സന്തുഷ്ടരായിക്കഴിഞ്ഞു.

ആദ്യ കുറേ ദിവസങ്ങളിൽ നാം അതിലെ ആദ്യ പേജുകൾ പലതവണ വായിക്കുകയും പുസ്തകത്തിന്റെ പുറം താൾകുറിപ്പ് ഓടിച്ചു നോക്കുകയും പലവട്ടം പുറം പേജിന്റെ ഭംഗി ആസ്വദിക്കുകയും ചെയ്യും. കഥകളോ കവിതകളോ ആണെങ്കിൽ അവയിൽ ഒറ്റപ്പെട്ട ചിലതൊക്കെ ഒന്ന് വായിക്കും. അപ്പോഴാകും നമ്മുടെ കൈകൾ പയ്യെ മൊബൈൽ ഫോണിലേക്ക് നീളുക. അതോടെ വായന തീരും. നാമറിയാതെ മണിക്കൂറുകൾ പൊയ്ക്കൊണ്ടിരിക്കും. അതോടെ വായനയിലെ താൽപ്പര്യം ഇല്ലാതാകുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിനെ വായിക്കാനുള്ള കമ്പം കുറയുകയും പുസ്തകം മെല്ലെ അനാഥനായി മേശപ്പുറത്ത് കിടക്കുകയും ചെയ്യും. പിന്നെ എപ്പോഴോ അത് ഷെൽഫിലേക്ക് മാറ്റപ്പെടും.

എങ്കിലും പുതിയ പുസ്തകങ്ങളുടെ കാറ്റലോഗ് കാണുമ്പോൾ അറിയാതെ നമ്മുടെ കൈകൾ അവയുടെ താഴെ കാണുന്ന ‘ഓർഡർ നൗ’ എന്ന ബട്ടനിലേക്ക് നീളുകയാണ്. പുതിയ പേയ്മെന്റ് സംവിധാനങ്ങളിൽ കൂടി പണം പെട്ടെന്ന് തന്നെ പുസ്തകശാലക്കാരിൽ എത്തുമെന്നത് അവർക്ക് സന്തോഷകരമാണ്. പിന്നെ ഓണ്‍ലൈനിൽ വാങ്ങുമ്പോൾ കിട്ടുന്ന ഡിസ്കൗണ്ടും നമ്മെ മോഹിപ്പിക്കാം. ഇത് താൻ മുഴുവൻ വായിക്കുമെന്ന് ഓർഡർ ചെയ്തയാളിനും ഉറപ്പില്ല. എന്നാലും നാം വാങ്ങിക്കും.

നമ്മുടെ കയ്യിലെ മൊബൈൽ ഫോൺ, പുസ്തക വായനയെ നമ്മിൽ നിന്ന് പലപ്പോഴും മാറ്റി നിർത്താൻ കാരണമാകുകയാണ്. ചിലർ പറയും ഞങ്ങൾ ഡിജിറ്റൽ വായനയിലാണ് എന്ന്. അങ്ങനെ വായിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. സാധാരണ ജനം ഇപ്പോഴും ഈ രംഗത്ത് വന്നിട്ടില്ല. വന്നവർക്ക് തന്നെ മൊബൈലിന്റെ ദൃശ്യ ശ്രവ്യ മാടിവിളിക്കലുകളിൽ നിന്ന് ഇനി എത്രത്തോളം കാലം അങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് പറയാനും വയ്യ.

സോഷ്യൽ മീഡിയയിലെ നിരവധി മാർഗങ്ങളിലൂടെ നാം ലോകം മുഴുവനും സഞ്ചരിക്കുകയും കാണുകയും കേൾക്കുകയും ചെയ്യുന്നു. കാഴ്ച്ചകൾക്ക് അറുതിയില്ലാത്ത പ്രവാഹം കൈവെള്ളയിലേക്ക് എത്തുന്ന ആവേഗത്തിൽ നിസഹായനായ മനുഷ്യൻ തന്റെ മണിക്കൂറുകൾ ചിലവിടുന്നു. വായന അവരിൽ നിന്ന് അകലേക്ക്. ചിന്തകളുടെ ജ്വലിപ്പിക്കുന്ന ഉറവിടങ്ങളിൽ നിന്ന് തങ്ങളുടെ തലച്ചോറ് അകലുന്നത് അവർ അറിയുന്നില്ല. കാഴ്ചകളുടെ, ശബ്ദങ്ങളുടെ മോഹവലയങ്ങളിൽ അവർ കുടുങ്ങിയിരിക്കുന്നു.

കുറേപ്പേർ തെറ്റെന്നോ ശരിയെന്നോ തിരിച്ചറിയാതെ ഏതൊക്കെയോ ചാനലുകൾ കണ്ടും കേട്ടും ഏതൊക്കെയോ വ്യഖ്യാനങ്ങളിൽ വ്യാപരിച്ചും സ്വയം ന്യായീകരണങ്ങളിൽ ഒതുങ്ങുന്നു. ഈ വ്യാഖ്യാനങ്ങളിൽ വിധേയരാകാതെ നിലകൊള്ളുന്ന മറ്റുള്ളവർക്ക് അപരിചിതമാണ് ആ ലോകം. മരിച്ചവരുടെ പേരിൽ, അമ്പതും നൂറും ഇരുനൂറും ആയിരവും വർഷങ്ങൾക്ക് മുൻപ് (ഇന്റർനെറ്റ് പോലും വരും മുൻപ്)ജീവിച്ചിരുന്ന മനുഷ്യരുടെ പേരിൽ വരെ സോഷ്യൽ മീഡിയയിൽ ആരൊക്കെയോ അക്കൗണ്ടുകൾ തുറന്നിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ അവരെ പിന്തുടരുന്നു. എന്തും വിശ്വസിക്കുന്ന ഒരു വലിയ കൂട്ടം മനുഷ്യർ ഭൂമിയിൽ നിറയുന്നു.

ന്യൂ ജനറേഷൻ കുട്ടികളുടെ ഇടയിൽ ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് പുസ്തക-പത്ര വായനക്കാരായുള്ളത്. അവർ വായനയിൽ നിന്ന് അനുദിനം അകന്നകന്ന് പോവുകയാണ്. ആവശ്യം വന്നാൽ മാത്രം വായിച്ചാൽ മതി എന്ന് ചിന്തിക്കുന്ന കുറച്ചു പേർ മാത്രം വായനയിൽ ഇടപെടുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പോലും ഇടപെടാതെ(ഇൻസ്റ്റാഗ്രാം ഒഴിവാക്കാൻ അവർക്ക് കഴിയില്ല എന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു) ബഹുഭൂരിപക്ഷവും ഗെയിമുകളുടെ ലോകത്താണ്.

പഴയ തലമുറയുടെ പുസ്തകം കൈമാറിയുള്ള വായനയും ആനുകാലികങ്ങളുടെ വായനയും എല്ലാം ഒരുപാട് പിറകിലെപ്പോഴോ മറഞ്ഞ ചിതറിയ ചിത്രങ്ങൾ മാത്രമാണ്. അവിടെ നിന്നാണ് നവചിന്തകളുടെയും കൂട്ടായ്മകളുടെയും പിറവിയെടുത്തത്. അതെല്ലാം നാം മറന്നു. പുസ്തകങ്ങൾ വാങ്ങുന്നത് വായിക്കാനല്ല ഷോക്കേസിൽ നാലാൾ കാണെ വെക്കാനുള്ളതാണ് എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ജനിച്ചിരിക്കുന്നു. എല്ലാം എളുപ്പത്തിൽ ക്രിയ ചെയ്യാനാണ് നമുക്ക് താല്പര്യം.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞ പോലെ “മൊബൈൽ ഫോൺ എത്ര സമയം ഉപയോഗിച്ചാലും ഉറക്കം വരില്ല എന്നാൽ പുസ്തക വായന തുടങ്ങിയാൽ മൂന്നോ നാലോ പേജ് ആകുമ്പോഴേക്കും ഉറക്കമാകും. പിന്നെന്ത് ചെയ്യാൻ?” അങ്ങനെയാണ് ഇന്നത്തെ ചിന്തകളുടെ പോക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.