26 April 2024, Friday

മനുഷ്യസ്നേഹത്തിന്റെ നിറകുടം

കാനം രാജേന്ദ്രൻ
November 27, 2021 6:00 am

കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ആകെ അവശ ജനവിഭാഗങ്ങളുടെ സമര നായകനായിരുന്ന എം എൻ ഗോവിന്ദൻ നായർ ഓർമ്മയായിട്ട് ഇന്ന് 37 വർഷമാകുന്നു. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന എമ്മെൻ എന്നും ജനങ്ങൾക്കൊപ്പം ആയിരുന്നു. സ്വാതന്ത്ര്യസമര സേനാനി, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാരാധ്യനായ നായകൻ, അസംഘടിതരായിരുന്ന തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശ സമരങ്ങൾ നയിക്കുകയും ചെയ്ത തൊഴിലാളി നേതാവ്, ക്രാന്തദർശിയായ ഭരണാധികാരി, സാമൂഹ്യ നീതിക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ സാമൂഹ്യ പരിഷ്കർത്താവ്, മനുഷ്യസ്നേഹി തുടങ്ങിയ വിശേഷണങ്ങളെല്ലാം അവയുടെ പൂർണമായ അർത്ഥത്തിൽ എമ്മെന് യോജിക്കും. വളരെ വിപുലമായിരുന്നു എമ്മെന്റെ പ്രവർത്തന രംഗങ്ങൾ. കടന്നുചെന്ന കർമ്മ മണ്ഡലങ്ങളിലെല്ലാം മായാത്ത വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു. ജനങ്ങളുടെ മനസറിയാനും അവരുടെ വിശ്വാസം ആർജിക്കാനുമുള്ള അനിതര സാധാരണമായ കഴിവാണ് എമ്മെന്റെ വിജയത്തിന്റെ ഒരു പ്രധാന ഘടകം. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന ജനങ്ങളുടെ ദുരിതപൂർണമായ ജീവിതമാണ് നന്നേ ചെറുപ്പത്തിൽതന്നെ പൊതുരംഗത്തു വരാൻ എമ്മെനെ പ്രേരിപ്പിച്ചത്. അയിത്തവും മറ്റ് സാമൂഹ്യ അനാചാരങ്ങളും കൊടികുത്തിവാഴുന്ന കാലം. പട്ടികജാതിക്കാരെ മനുഷ്യരായി അംഗീകരിക്കാത്ത സാമൂഹ്യ വ്യവസ്ഥ. ജനിച്ചുവളർന്ന പ്രദേശത്തെ പട്ടിക ജാതിക്കാരുടെ ദുരവസ്ഥ എമ്മെന്റെ മനസിനെ മഥിച്ചു. അവരുടെ ഇടയിലേക്ക് എം എൻ ഇറങ്ങിച്ചെന്നു. ഹരിജനോദ്ധാരണം ദൗത്യമായി അദ്ദേഹം ഏറ്റെടുത്തു. മഹാത്മാഗാന്ധിയുമായി എമ്മെനെ അടുപ്പിച്ചതും ഹരിജനോദ്ധാരണ പ്രവർത്തനങ്ങളായിരുന്നു. ഗാന്ധിജിയുടെ വാർധാ ആശ്രമത്തിൽ എം എൻ അന്തേവാസിയായി. ഗാന്ധിയൻ ആശയങ്ങളുമായി എം എൻ പിന്നീട് വഴിപിരിഞ്ഞെങ്കിലും അധ:സ്ഥിത ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടം ജീവിതാന്ത്യംവരെ അദ്ദേഹം തുടർന്നു. ബൽച്ചിയിൽ ഹരിജനങ്ങൾ ക്രൂരമായി വധിക്കപ്പെട്ടപ്പോൾ രാജ്യത്തിന്റെ മനഃസാക്ഷി തൊട്ടുണർത്തിയ ദേശീയ പ്രക്ഷോഭത്തിനും എം എൻ നേതൃത്വം നൽകി. ആരോഗ്യം വകവയ്ക്കാതെ അദ്ദേഹം പാർലമെന്റിനു മുമ്പിൽ നിരാഹാരമിരുന്നു. ഒറ്റ ദിവസംകൊണ്ട് വിജയം കണ്ട് സമരം നിർത്തി.

കേരളത്തിന്റെയും ഇന്ത്യയുടെയും മാത്രമല്ല, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെതന്നെ ചരിത്രത്തിൽ എമ്മെനുള്ള അദ്വിതീയ സ്ഥാനം 1957‑ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ശില്പി എന്നതാണ്. 1948‑ലെ സെക്ടേറിയൻ നയം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഏല്പിച്ച ആഘാതം കനത്തതായിരുന്നു. ജനങ്ങളിൽനിന്നും പാർട്ടി ഒറ്റപ്പെട്ടു. ഉടൻ വിപ്ലവ സിദ്ധാന്തം നിലവിലുള്ള സാഹചര്യങ്ങളിൽ അപ്രായോഗികമാണെന്ന് തുടക്കം മുതൽ വാദിച്ച നേതാക്കളിൽ ഒരാൾ എം എൻ ആയിരുന്നു. ജയിൽ ചാടി പുറത്തുവന്ന എം എൻ ശിഥിലമായിപ്പോയ പാർട്ടി സംഘടന പുനഃസംഘടിപ്പിക്കുകയും ബഹുജനങ്ങളുമായി അറ്റുപോയ ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യാൻ ദീർഘവീക്ഷണത്തോടെ പരിപാടികൾക്ക് രൂപം നൽകി. കക്ഷി രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി എല്ലാ വിഭാഗങ്ങളുടേയും സ്നേഹവും ആദരവും നേടിയ നേതാവായിരുന്നു എം എൻ. അക്ഷരാർത്ഥത്തിൽ സ്നേഹത്തിന്റെ നിറകുടമായ എമ്മെനെ ഒരിക്കൽ ബന്ധപ്പെട്ടവരാരും വശ്യമായ ആ ചിരിയും വാത്സല്യത്തോടെയുള്ള പെരുമാറ്റവും മറക്കില്ല. ലാളിത്യത്തിന്റെ പ്രതീകമായിരുന്ന എം എൻ അഗ്നിശുദ്ധിയുള്ള പൊതുജീവിതത്തിന്റെ ഉടമ ആയിരുന്നു. മാനവ വിമോചനത്തിന്റെ മഹാപ്രവാഹത്തിലെ ഒരു തുള്ളി — അങ്ങനെയാണ് എമ്മെൻ തന്റെ ജീവിതത്തെ സവിനയം വിശേഷിപ്പിച്ചത്. മഹാപ്രവാഹം നല്ലൊരു നാളേക്കുവേണ്ടി പോരാടുന്ന മനുഷ്യരാശിയാണ്. പക്ഷെ എമ്മെൻ ആ മഹാ പ്രവാഹത്തിന്റെ ഭാഗമായ നമ്മുടെ നാട്ടിലെ മഹാനദിയിലെ എത്ര വലിയൊരു തുള്ളിയായിരുന്നു. ആ തുള്ളി ആ മഹാനദിക്ക് ആക്കവും ഊക്കും കൂട്ടി. ആ തുള്ളി നമുക്ക്, ഇന്നത്തേയും നാളത്തേയും തലമുറകൾക്ക്, ഒരു മിന്നിത്തിളങ്ങുന്ന വഴിത്താരയായി മാറി. ഒരു നല്ല കമ്മ്യൂണിസ്റ്റുകാരനും അതേസമയം ഒരു നല്ല ദേശീയവാദിയുമായിരിക്കുവാൻ ഒരാൾക്ക് എങ്ങനെ സാധിക്കുമെന്ന് എമ്മെൻ തെളിയിച്ചു. വർഗീയത നമ്മുടെ രാജ്യത്ത് വളരുകയാണ്. എല്ലാം കാവിവൽക്കരിക്കാൻ ഭരണകൂടം ശ്രമിക്കുന്നു. ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്നു. എം എൻ ജീവനുതുല്യം സ്നേഹിച്ച ദളിതർ വ്യാപകമായി ആക്രമിക്കപ്പെടുന്നു. കേരളം അറുപത്തിയഞ്ചു വർഷം പിന്നിട്ട അവസരത്തിൽ എമ്മെൻ എന്ന മനുഷ്യൻ കേരളത്തിന്റെ രാഷ്ട്രീയ‑സാമൂഹ്യ ചരിത്രത്തിന്റെ ഭാഗമാണെന്നുകൂടി ഓർക്കണം. എംഎമ്മെന് ബാഷ്പാഞ്ജലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.