26 April 2024, Friday

മുറിവുകളുടെ നഗരം

പി ബാലചന്ദ്രന്‍
October 12, 2021 10:59 am

രാജമ്മയുംകൃഷ്ണൻ കുട്ടിയും തൃശൂർ പട്ടണത്തിൽ വന്നു കൂടിയ രണ്ട് ഭിക്ഷാടകരാണ്. ഒരാൾ പൂങ്കുന്നം മേൽപ്പാലത്തിന് അടിയിൽ തുണിയും. പ്ലാസ്റ്റിക് ഷീറ്റും വലിച്ചു കെട്ടിയ മറയിൽ കഴിയുന്നു. കൃഷ്ണൻ കുട്ടിയെന്നപാമ്പ് കൃഷ്ണൻ ജില്ലാ ആശുപത്രി കഴിഞ്ഞ് ഈയിടെ തകർന്നു വീണ കെട്ടിടത്തിന്റെ അടിയിലെ ഒരു കടയുടെ മുന്നിൽ രാപാർക്കുന്നു. ഇയാളെ പോലീസ് ഉപദ്രവിക്കാറില്ല. കാരണം ഇയാൾ പലവിധത്തിൽ പോലീസിന് ഉപകാരിയാണ് എത്ര അഴുകിയ ശവവും അയാൾ പുറത്തെടുത്ത് ഇൻക്വസ്റ്റിന് സഹായിക്കും. ശവം മറവുചെയ്യുന്നതും പാമ്പ് കൃഷ്ണൻ ആവും. രാവിലെ മുതൽ അടിച്ച് ഫിറ്റായി ജോസ് തിയ്യറ്ററിന്റെപിന്നിലെഇടവഴിയിലുള്ള ബീവറേജിന്റെ മുന്നിൽ ഇരുപ്പോ കിടപ്പോ ആവും കൃഷ്ണൻ അവിടെ നിന്ന് അല്പം നടന്നാൽ അഞ്ചു വിളക്കിന്റെസമീപം ഒരു പഴയ കെട്ടിട്ടത്തിന്റെ ഒന്നാം നിലയിൽ ശവപ്പെട്ടിക്കച്ചവടം നടത്തുന്ന ഒരു കടയുണ്ട്. പാമ്പ് കൃഷ്ണൻ കൈകാര്യം ചെയ്യുന്ന എല്ലാ ശവങ്ങൾക്കുംവേണ്ട മഞ്ച ഇവിടെ നിന്നാണ് എന്നുതുകൊണ്ട് മദ്യത്തിന് വേണ്ട പണം എപ്പോഴും കിട്ടും. അല്ലങ്കി പോലീസ് കൊടുക്കും. പോലീസുകാരുടെ പഴയ വസ്ത്രങ്ങൾ കൃഷ്ണനുള്ളതാണ്. ഭക്ഷണം പുത്തൻ പള്ളിക്കു മുന്നിൽ പലരും എത്തിക്കുന്ന പോതിച്ചോറ്. ഉച്ച ഭക്ഷണം മാത്രമേ പാമ്പിന് വേണ്ടു. കുളിയും വസ്ത്രം മാറലും രാജമ്മ വരുമ്പൊൾ മാത്രം രാജമ്മ നിർബണ്ഡിച്ച് വടക്കേചിറയിലേക്ക് കൊണ്ടു പോവും. പിന്നെ ചന്ദ്രിക സോപ്പ് തേപ്പിച്ച് ചെളി ഇളക്കും പുറം ചകിരിപ്പു ഞ്ഞകൊണ്ട് ഉരച്ച് വെളുപ്പിക്കും.

രാജമ്മയുടെ കയ്യിലെ പ്ലാസ്റ്റിക് വയർകൊണ്ട് മെടഞ്ഞ കൈസഞ്ചിയിൽ നിന്ന് എണ്ണ കുപ്പിയെടുത്ത് മുടി ഒതുക്കും. കുറച്ച് എണ്ണ മൊരിപിടിച്ച കൈയ്യിലും കാലിലും തേച്ച് മിനുക്കും, അപ്പോഴേക്കും. ഉണങ്ങിയ ഷർട്ടും മുണ്ടും വൃത്തിയായി ഉടുപ്പിക്കും. എന്നിട്ട് രണ്ട് ചെമ്പക പൂവ്വ് പോക്കറ്റിൽ ഇടും. രാജമ്മ വടക്കേ ചിറയിൽ കുളിച്ച് ഒരുങ്ങി വന്നിട്ടാണ് കൃഷ്ണനെ കുളിപ്പിക്കുന്നത്. ആ ദിവസം അവരുടെതാണ്. അവർ അന്ന് മഹാനഗരത്തെ അടിച്ച് പുറത്താക്കും. നേരെ മണീസ് കേഫിലേക്ക്. മസാല ദോശ രാജമ്മക്ക് ഇഷ്ടമായ തൈര് വട, സ്വപ്ന തിയ്യറ്ററിൽ തേഡ് ക്ലാസ് ടിക്കറ്റെടുത്ത് ഒരു സിനിമ. സിനിമക്കിട്ക്ക് രാജമ്മയുടെ തോളിൽ തലവച്ച് കൃഷ്ണൻ ഉറങ്ങും. പൊൻ ചെമ്പകത്തിന്റെയും എണ്ണയുടെയും ഗന്ധം ശ്വസിച്ച് രാജമ്മ കൃഷ്ണനെ തോൾ വഴി കൈയിട്ട് ചേർത്തുപിടിക്കും.

സിനിമ കഴിഞ്ഞ് അവർ അവരുടെ സാറിനെ കാണാൻ പൂങ്കുന്നത്ത് പോകും അവരുടെ ഭൂമിയിലെ ഏക കൂട്ടുകാരനും രക്ഷിതാവും അദ്ദേഹമാണ്. പ്രാഫസർ ലക്ഷ്മണൻ രണ്ടുപേരെയും അദ്ദേഹം സ്വാഗതം ചെയ്യും. ഇലയിട്ട് ഊണ്. നാട്ട് വർത്തമാനങ്ങൾ കൃഷ്ണന്റെ വിളർച്ചക്ക് കരുതിവയ്ക്കുന്ന വിറ്റാമിൻ ഗുളികകൾ, പുതിയ ടീഷർട്ട്. രാജമ്മക്ക് ഒന്നാന്തരം സാരി. സംഭാഷണത്തിനിടക്ക് മാഷ് ചോദിച്ചു. രാസാത്തി, കൃഷ്ണാ നമ്മക്ക് ഒരു ട്രിപ്പായാലോ? മാഷ് നീല അംബാസിഡർ കാർ സ്റ്റാർട്ടു ചെയ്തു. രാജമ്മയും കൃഷ്ണനും പിന്നിൽ കയറി. കാറിനുള്ളിലെ എസിയുടെ തണുപ്പിൽ രണ്ടു പേരും ചേർന്നിരുന്നു. കാറിയിൽ പെൻചെമ്പകത്തിന്റെ മണം തളിർത്തു. ലക്ഷ്മണൻ മാഷ് ഒരു പഴയ പാട്ട് മൂളിക്കൊണ്ടിരുന്നു. അവർ വിലങ്ങൻ കുന്നിന്റെ മുകളിൽ എത്തി. മാഷ് രണ്ടു പേരെയും ചായക്ക് ക്ഷണിച്ചു. മൂന്ന് പേരും ചായ കഴിഞ്ഞ് മാഷ് പറഞ്ഞു, ചുറ്റിനടന്ന് കണ്ടോളു… അവർ അല്പം കഴിഞ്ഞ് തിരിച്ചു വന്നു. മൂന്ന് പേരും വിലങ്ങൻ ഇറങ്ങി. പോരുമ്പോൾ മാഷ് ചോദിച്ചു.
നമ്മുക്ക് ഉമ്മുവിന്റെ അച്ഛനെ കണ്ട് പോയാലോ? “അയ്യോ ഞങ്ങളെയും കൊണ്ടോ?” രാജമ്മ ചോദിച്ചു. അതിനെന്താ. കാർ മുതുവറ ക്ഷേത്രത്തിനടുത്തുള്ള ഡോ. ഗോപിനാഥന്റെ വീട്ടിലേക്ക് വാതിൽ തുറന്നപ്പോ മാഷ് പറഞ്ഞു, അച്ഛാ ഇവരന്റെ ഫ്രൻസാ. ഇത് രാജമ്മ, ഇയാൾ കൃഷ്ണൻ. ചിരിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു, “വരുകയറി ഇരിക്കു”. രണ്ടുപേരും ഇതുവരെ കേൾക്കാത്ത വാക്കുകൾ അവർക്ക് ആ വാക്കുകൾ വീട് വിട്ട് പോരുമ്പോഴും കാതിൽ മുഴങ്ങി.

തൃശൂരിൽ എത്തിയപ്പോൾ മാഷ് ചോദിച്ചു, ഇനി എന്നു വരും? വരാം ഞങ്ങൾക്ക് അങ്ങ്, മാത്രമേയുള്ളു. അങ്ങ്. സാർ, അതൊന്നും വേണ്ട. ചെങ്കു, എന്നെ അങ്ങനെ വിളിച്ചാ മതി. പിന്നീട് മാഷ് അവരുടെ ചെങ്കു ആയി. ജീവിതം ഇങ്ങനെ തുടരുമ്പോഴാണ് കൊറോണ വരുന്നത്. കോവിസ് 19. പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ വരുന്നു. നഗരം ശൂന്യം. തെരുവിൽനിന്നും പാമ്പ് കൃഷ്ണനെയും രാജമ്മയെയും കോർപറേഷനും പോലീസും ചേർന്ന് വില്ലടം സ്കൂളിലെ കമ്മ്യൂണിറ്റി ക്യാമ്പിലാക്കി. പുറംലോകവുമായി ബണ്ഡമില്ലാതെ 57 ദിവസം അവർ ക്യാമ്പിൽ കഴിഞ്ഞു. ലോക്ക്ഡൗൺ പിൻവലിച്ചതിനുശേഷം നഗരം പഴയ രീതിയിലേക്ക് വന്നു. രാജമ്മ പൂങ്കുന്നം പാലത്തിനടിയിൽ പഴയ പോലെ, കൃഷ്ണൻ ജോസ് തിയ്യറ്ററിന്റെ സമീപവും.

അപ്രതീക്ഷിതമായി ഒരു പുലർച്ച പോലീസ് ജീപ്പു വന്നു, കൃഷ്ണനെ വിളിച്ചുകൊണ്ടുപോയി. പടിഞ്ഞാറേ ചിറയിൽ ഒരു ശവം പൊന്തിയിരിക്കുന്നു. നാലഞ്ച് ദിവസത്തെ പഴക്കം കാണും. കൃഷ്ണൻ പോലീസുകാരെ ദയനീയമായി നോക്കി. ജീപ്പിൽ നിന്നും അരക്കുപ്പി റം കൃഷ്ണനു നേരെ നീട്ടി. കൃഷ്ണൻ അതു വാങ്ങി. അടപ്പ് കടിച്ച് തുപ്പി, കുപ്പി അണ്ണാക്കിലേക്ക് കമഴ്ത്തി. അയാൾ പതുക്കെ പടവുകൾ ഇറങ്ങി പായൽ നീക്കി തുഴഞ്ഞ് ശവത്തിനടുത്തെത്തി. മീൻ കൊത്തി അഴുകി ചീർത്ത ശവം അയാൾ മെല്ലേ കരയിൽ എത്തിച്ചു. ദുർഗന്ധംകൊണ്ട് എല്ലാവരും മൂക്ക് പൊത്തി, കൃഷ്ണൻ ഒഴികെ. കൃഷ്ണൻ മാത്രം പ്രതീക്ഷിച്ച പോലെ അത് രാജമ്മയായിരുന്നു. ഞാൻ ഇതുവരെ പറയാതിരുന്ന മൂക്കുത്തി, ഇളവെയിലിൽ വെട്ടിത്തിളങ്ങി. കൃഷ്ണന് ഒരാളോട് മാത്രമേ ഈ സങ്കടം പറയാനുള്ളു. അയാൾക്കു മാത്രമേ എല്ലാം അറിയു.

വീണ്ടും കൃഷ്ണനു നേരെ മദ്യക്കുപ്പി നീണ്ടു. അവരെ അറിയാമായിരുന്ന ഹെഡ് കോൺസ്റ്റബിളിന്റെ സ്വാന്തനം. കൃഷ്ണൻ, പാമ്പ് കൃഷ്ണൻ അത് വാങ്ങിയില്ല. അനാഥനായി, ഒറ്റപ്പെട്ട്, വിധിയുടെ വെടിയേറ്റ് ചിതറിയ ഹൃദയവുമായി അന്ന് സന്ധ്യക്ക് അയാൾ പൂങ്കുന്നത്തെ ശബരിയിൽ എത്തി. ഒറ്റക്ക് വിറക്കുന്ന ഒരാത്മാവുമാത്രമായ്. ഗേറ്റിൽ പിടിച്ച് നിന്ന് അയാൾ ദൈവത്തെ വിളിക്കുന്ന പോലെ വിളിച്ചു. ചെങ്കു… അപ്പോൾ ചെങ്കു എന്ന ചെങ്കുട്ടവന്റ ഫോർമാലിനിട്ട് കറുത്ത ശരീരത്തിലെ ഹൃദയം അമല മെഡിക്കൽ കോളേജിലെ പാത്തോളജി വിഭാഗത്തിൽ കുട്ടികൾ പഠിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.