14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 11, 2024
September 10, 2024
September 10, 2024
September 10, 2024
September 9, 2024
September 8, 2024
September 7, 2024
September 6, 2024
September 6, 2024

പുതിയ വർഷം പുതിയ കേരളം

പിണറായി വിജയന്‍
മുഖ്യമന്ത്രി
January 1, 2024 4:30 am

പുതിയ ഒരു വർഷത്തിലേക്ക് നമ്മൾ കടക്കുകയാണ്. ഓരോ പുതിയ വർഷവും കഴിഞ്ഞുപോയ വർഷത്തിലേക്കു തിരിഞ്ഞുനോക്കാനും അതിൽ നിന്ന് ആർജിച്ച അറിവുകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ വരുന്ന വർഷം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കാനുമുള്ള അവസരമാണ്. കേരളത്തെയും കേരളീയരെയും സംബന്ധിച്ചിടത്തോളം നവകേരള സൃഷ്ടി കൂടുതൽ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകും എന്ന് പ്രതിജ്ഞയെടുക്കാനുള്ള ഘട്ടമാണ് ഈ പുതുവത്സരപ്പിറവി. പല നിലകളിൽ കേരളം വലിയ നേട്ടങ്ങൾ കൊയ്ത വർഷമാണ് കടന്നുപോകുന്നത്. രാജ്യത്തെ ആദ്യത്തെ വാട്ടർമെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും നമ്മൾ യാഥാർത്ഥ്യമാക്കിയത് ഇക്കഴിഞ്ഞ വർഷമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഷിപ്പിങ് ടെർമിനലാകാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിച്ചതും കഴിഞ്ഞ വർഷമാണ്.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജിഎസ്ഡിപി നിരക്കിലേക്കും പ്രതിശീർഷ വരുമാന നിരക്കിലേക്കും നമ്മൾ എത്തിയതും ഇക്കഴിഞ്ഞ വർഷമാണ്. വലിയ സാമ്പത്തികവളർച്ച കൈവരിക്കുമ്പോഴും അതിദാരിദ്ര്യ നിർമ്മാർജനത്തിനുള്ള പ്രത്യേക പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് സാധാരണക്കാരോടും പാവപ്പെട്ടവരോടുമൊപ്പമാണ് നമ്മള്‍ എന്നു വ്യക്തമാക്കിയ വർഷത്തിനാണ് അവസാനമായിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പട്ടയങ്ങൾ, വീടുകൾ, ക്ഷേമ പെൻഷനുകൾ എന്നിവ വിതരണം ചെയ്യപ്പെട്ട വർഷമാണ് 2023. ഇക്കഴിഞ്ഞ വർഷം തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ, ആരോഗ്യ, സേവന രംഗങ്ങളുള്ള സംസ്ഥാനമായി നമ്മൾ വിലയിരുത്തപ്പെട്ടത്.


ഇതുകൂടി വായിക്കൂ:  റോമിലെ കൊളോസിയം


മികച്ച ക്രമസമാധാനനില, വർഗീയ സംഘർഷങ്ങളുടെ അഭാവം, ഏറ്റവും കുറഞ്ഞ അഴിമതി എന്നീ കാരണങ്ങൾകൊണ്ടും കേരളം രാജ്യത്തിനാകെ മാതൃകയായി നിലകൊണ്ടു. രാജ്യത്തെ മികച്ച തൊഴിൽസേനയുള്ളതും തൊഴിൽസാഹചര്യമുള്ളതും തൊഴിലിനായി ഇന്ത്യയിലെ ചെറുപ്പക്കാർ ഏറ്റവുമധികം താല്പര്യപ്പെടുന്നതുമായ ഇടമായി കേരളം വിലയിരുത്തപ്പെട്ടതും ഇക്കഴിഞ്ഞ വർഷമാണ്. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള താലൂക്കുതല അദാലത്തുകളും, വികസന‑ക്ഷേമ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനുള്ള മേഖലാതല അവലോകന യോഗങ്ങളും നടത്തപ്പെട്ടത് കഴിഞ്ഞ വർഷമാണ്.
സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ലോകവുമായി പങ്കുവയ്ക്കാനും ലോകത്തിൽ നിന്ന് കേരളത്തിനു പഠിക്കാനുമായി നടത്തപ്പെട്ട കേരളീയം മഹോത്സവം, ജനങ്ങളുമായി സംവദിക്കാനായി മന്ത്രിസഭ ഒന്നടങ്കം നാടിന്റെ എല്ലാ മുക്കിലുംമൂലയിലും ചെന്നെത്തിയ നവകേരള സദസ് തുടങ്ങിയവ നടന്നു. അത്തരം മുൻകൈകളിലൂടെ ഭരണനിർവഹണത്തെ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്നു കേരളം രാജ്യത്തിനാകെ കാട്ടിക്കൊടുത്തു. എന്നാൽ, ഇവയുടെയൊക്കെ നടുവിലും വലിയ വെല്ലുവിളികളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മുൻവർഷങ്ങളിൽ പ്രകൃതിയാണ് വെല്ലുവിളികൾ ഉയർത്തിയതെങ്കിൽ കഴിഞ്ഞ വർഷം നമ്മൾ നേരിടേണ്ടി വന്നത് പ്രധാനമായും മനുഷ്യനിർമ്മിതമായ വെല്ലുവിളികളായിരുന്നു.


ഇതുകൂടി വായിക്കൂ:  വരവേല്‍ക്കാം; ക്രിസ്മസ്, പുതുവര്‍ഷം


നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാകാതിരിക്കാനായി പിടിച്ചുവയ്ക്കപ്പെടുന്നതും സംസ്ഥാനത്തെ സർവകലാശാലകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവയുമായി ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കപ്പെടുന്നതുമെല്ലാം അതിന്റെ ഭാഗമാണ്. അവയുടെ ഇടയിൽ നിന്ന് കേരളത്തെ വിടുവിക്കാൻ ശ്രമിക്കുമ്പോൾത്തന്നെ ആ പ്രക്രിയയിൽ ഇന്ത്യയുടെ ഭരണഘടനാപരമായ സവിശേഷതയായ ഫെഡറൽ ഘടനയെ സംരക്ഷിക്കാനും നമ്മൾ മുന്നിട്ടിറങ്ങി. അതിന്റെ ദൃഷ്ടാന്തമാണ് ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജി. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവർ, അവർ ചുമതലയിലിരിക്കുന്ന നാടിനോടും ജനങ്ങളോടും ഉത്തരവാദിത്തമുള്ളവരായിരിക്കണം എന്ന സമീപനവും നമ്മൾ മുന്നോട്ടുവച്ചു. ഇത്തരത്തിൽ ജനാധിപത്യ സംവിധാനത്തെ ശാക്തീകരിക്കുന്നതും അവ ആത്യന്തികമായി ജനങ്ങളോട് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതുമായ നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്.
പുതിയ സഹസ്രാബ്ദത്തിനു ചേരുന്ന നവകേരളവും വിജ്ഞാന സമ്പദ്ഘടനയും വിജ്ഞാനസമൂഹവും-ഇതാണ് നമ്മുടെ ലക്ഷ്യം. പുതുവത്സരത്തിന്റെ വരവ് പ്രതീക്ഷയുടെ പുതിയ പ്രകാശകിരണങ്ങൾ പകർന്നു നൽകുന്നുണ്ട്. ഇക്കാലമത്രയും മുറുകെപ്പിടിച്ച മാനുഷിക മൂല്യങ്ങൾക്കു കരുത്തും തെളിമയും പകർന്നുകൊണ്ട് സ്നേഹസുന്ദരമായ പാതയിലൂടെ മാനവികതയെ തെളിയിച്ചുകൊണ്ട് ഈ പുതുവത്സരത്തിൽ നമുക്ക് നവകേരളം കെട്ടിപ്പടുക്കുന്നതിൽ കേന്ദ്രീകരിക്കാം. നവ വിജ്ഞാന ഘടന, വിജ്ഞാനാധിഷ്ഠിത നവ സമ്പദ്ഘടന ഇവ യാഥാർത്ഥ്യമാക്കാൻ പുനഃസമർപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.