2 May 2024, Thursday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

ഒക്ടോബർ 31 എഐടിയുസി സ്ഥാപക ദിനം: തൊഴിലാളി മുന്നേറ്റത്തിലൂടെ പുതിയ ഇന്ത്യ

കെ പി രാജേന്ദ്രൻ
എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി
October 31, 2022 4:30 am

ന്ത്യയിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനമായ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) രൂപീകൃതമായിട്ട് ഇന്നേക്ക് 102 വർഷം തികയുകയാണ്. പ്രമുഖ ട്രേഡ് യൂണിയൻ നേതാവും എഐടിയുസി ജനറൽ സെക്രട്ടറിയുമായി ദീർഘകാലം പ്രവർത്തിച്ച ഗുരുദാസ് ദാസ്ഗുപ്തയുടെ ഓർമ്മദിനം കൂടിയാണ് ഒക്ടോബർ 31.
തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ഉജ്ജ്വലമായ നേതൃത്വം നൽകിക്കൊണ്ടും തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടിയും മുതലാളിത്ത ചൂഷണത്തിനെതിരെയുമുള്ള പോരാട്ടങ്ങൾക്ക് ശക്തി പകർന്നും വർഗ ബോധമുള്ള രാഷ്ട്രീയ ബഹുജന മുന്നേറ്റത്തിന് നേതൃത്വം നൽകിക്കൊണ്ട് എഐടിയുസി അതിന്റെ മുന്നേറ്റം തുടരുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചു തുടങ്ങിയ 1900 മുതല്‍ക്കേ ദേശീയ പ്രസ്ഥാനത്തിനോടൊപ്പം തൊഴിലാളി പ്രസ്ഥാനവും വളർന്നു വളരാൻ തുടങ്ങിയിരുന്നു. ജോലിസമയം വർധിപ്പിച്ചതിനെതിരെ ബോംബെ, കല്‍ക്കട്ട, മദ്രാസ്, കാൺപൂർ, അഹമ്മദാബാദ് തുടങ്ങി രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ പണിമുടക്കുകൾ ഉൾപ്പെടെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും നടന്നു. അതോടൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങളിലും തൊഴിലാളികളുടെ പങ്കാളിത്തം സജീവമായി. സ്വാതന്ത്ര്യ സമര നായകനായിരുന്ന ബാലഗംഗാധര തിലകനെ ആറു വർഷത്തെ കഠിനതടവിന് ശിക്ഷിച്ചതിനെതിരേ 1908 ജൂലൈ 23 മുതൽ 28 വരെ ബോംബെയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് ഈ കാലഘട്ടത്തിലെ ഐതിഹാസിക സമരമായിരുന്നു. 1917‑ലെ ഒക്ടോബർ വിപ്ലവം ഇന്ത്യയിലെ തൊഴിലാളികൾക്കും ആവേശവും ഉത്തേജനവും പകർന്ന് നൽകി. റൗലറ്റ് ആക്ടിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭങ്ങൾ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കരുത്തും ആവേശവും പകരുന്നതായിരുന്നു. 1920‑ന്റെ ആദ്യ പകുതിയിൽ മാത്രം 15 ലക്ഷം തൊഴിലാളികൾ പങ്കെടുത്ത ഇരുന്നൂറോളം പണിമുടക്ക് സമരങ്ങൾ രാജ്യമെമ്പാടും നടന്നു. അതോടൊപ്പം രാജ്യത്തിന്റെ നാനാമേഖലകളിൽ നിരവധി തൊഴിലാളി സംഘടനകൾ രൂപീകരിക്കപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ താല്ക്കാലിക തൊഴിലാളികളെന്ന ഒരു വിഭാഗം ആവിർഭവിച്ചതോടെ ആരംഭിച്ചതാണ് അടിച്ചമർത്തലുകളും ചൂഷണവും അതിനെതിരായ മുന്നേറ്റങ്ങളും. സ്വയം പര്യാപ്തമായിരുന്ന ഇന്ത്യൻ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകർന്നതോടെ കർഷകരും കർഷകത്തൊഴിലാളികളും ദരിദ്രരായി മാറി. 1850നും 1890നുമിടയിലുണ്ടായ ക്ഷാമം നിരവധി പേരുടെ ജീവൻ അപഹരിച്ചു.


ഇതുകൂടി വായിക്കൂ: ജനപക്ഷത്ത് നിലയുറപ്പിച്ച കമ്മ്യൂണിസ്റ്റ്


ലക്ഷങ്ങളെ പട്ടിണിപ്പാവങ്ങളും യാചകരുമാക്കി. ഈ അരക്ഷിതാവസ്ഥ സൃഷ്ടിച്ച രോഷവും ക്രോധവും കാരണം നിരവധി പ്രക്ഷോഭങ്ങൾ ഉയർന്നുവന്നെങ്കിലും അതെല്ലാം അധികാരികൾ അടിച്ചമർത്തുകയായിരുന്നു. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം നഗരങ്ങളിലേക്ക് കുടിയേറാനും അവിടങ്ങളിൽ ആരംഭിച്ച വ്യവസായശാലകളിൽ കുറഞ്ഞ കൂലിക്കാണെങ്കിൽ പോലും പണിയെടുക്കാനും തൊഴിലാളികൾ നിർബന്ധിതരായി. ഈ താല്ക്കാലിക തൊഴിലാളികളാണ് ഏറ്റവും കൂടുതൽ ചൂഷണങ്ങൾക്ക് വിധേയരായതും. ഈ സാഹചര്യങ്ങൾ കാരണം തൊഴിലാളികൾക്കിടയിൽ രോഷവും അസംതൃപ്തിയും ശക്തിപ്പെട്ടു. 1800-കളുടെ പകുതിയിൽ തന്നെ പല മേഖലകളിലും പണിമുടക്കുകളും തൊഴിൽ സമരങ്ങളും അരങ്ങേറിയിരുന്നു. ജോലി സമയം കുറയ്ക്കുക, കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി നിരവധി പണിമുടക്കുകൾ തുടർന്ന് നടന്നു. റയിൽവേ, ചണമിൽ, അച്ചടിശാലകള്‍, അലക്ക്, പാൽ വിതരണം, ശുചീകരണം, തോട്ടങ്ങള്‍, ഖനികള്‍ എന്നീ വിഭാഗങ്ങളിലും നാവിക മേഖലയിലുള്ള തൊഴിലാളികൾ തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലും തൊഴിലാളികളുടെ പണിമുടക്കുകൾ ഉൾപ്പെടെയുള്ള സമരങ്ങൾ ശക്തിയാർജിച്ചു. ഈ പശ്ചാത്തലത്തിലാണ് 1920 ജൂലൈ 16ന് ബോംബെയിൽ ഒരു സമ്മേളനം ചേർന്നതും ‘ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്’ എന്ന സംഘടന രൂപീകരിക്കണമെന്ന് തീരുമാനിക്കുന്നതും. രൂപീകരണ സമ്മേളനം വിജയിപ്പിക്കുന്നതിനായി ജോസഫ് ബാപിസ്റ്റ അധ്യക്ഷനായി 500 പേരടങ്ങുന്ന ഒരു സ്വാഗത സംഘത്തെ തെരഞ്ഞെടുത്തു. ഇതിന്റെ തുടർച്ചയായിട്ടാണ് 1920 ഒക്ടോബർ 31ന് ബോംബെയിലെ എമ്പയർ തിയേറ്ററിൽ ചേർന്ന സമ്മേളനം ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി വർഗ പ്രസ്ഥാനമായ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന് ജന്മം നൽകുന്നത്. ആദ്യ പ്രസിഡന്റായി ലാലാ ലജപത് റായിയെയും ജനറൽ സെക്രട്ടറിയായി പി എം പവാറിനെയും സമ്മേളനം തെരഞ്ഞെടുത്തു.
തുടക്കം മുതൽക്കേ എഐടിയുസി സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായും സോഷ്യലിസ്റ്റ് ആദർശങ്ങളുമുൾക്കൊള്ളുന്ന സംഘടനകളുമായും സഹകരിച്ച് പ്രവൃത്തിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. രൂപീകൃതമായ 1920 മുതൽ എഐടിയുസി അന്താരാഷ്ട്ര തൊഴിൽ സംഘടനയിലും അംഗമാണ്. 1921‑ൽ ത്സാരിയയിൽ നടന്ന എഐടിയുസിയുടെ രണ്ടാമത് സമ്മേളനം ‘സ്വരാജ’ (സമ്പൂർണ സ്വാതന്ത്ര്യം) എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രമേയം പാസാക്കുകയുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ‘പൂർണ സ്വരാജ്‘പ്രമേയം പാസാക്കുന്നത് പിന്നെയും നിരവധി വർഷങ്ങൾക്ക് ശേഷം 1929 ലാണ്. 1927 ലാണ് ഔദ്യോഗികമായി മേയ് ദിനാചരണത്തിന് എഐടിയുസി ആഹ്വാനം ചെയ്യുന്നത്.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ പുതിയ കാല്‍വയ്പ്


പോരാട്ട വീര്യമുൾക്കൊണ്ട എഐടിയുസി നേതൃത്വം സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയായിരുന്നു. സംഘടന നടത്തിയ നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് 1923 ലെ വർക്കേഴ്സ് കോമ്പൻസേഷൻ ആക്ടും, 1926 ലെ ട്രേഡ് യൂണിയൻ ആക്ടും പോലുള്ള നിരവധി തൊഴിലാളി ക്ഷേമനിയമങ്ങൾ രാജ്യത്ത് നടപ്പായത്. 1920 മുതൽ 1947 വരെ 27 വർഷക്കാലം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന എണ്ണമറ്റ സമരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ തൊഴിലാളികൾ രക്തസാക്ഷികളായി. സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി 1972 ൽ രാഷ്ട്രം സ്വാതന്ത്ര്യസമര സേനാനികളെ താമ്രപത്രം നൽകി ആദരിച്ചപ്പോൾ അതേറ്റു വാങ്ങിയവരിൽ നല്ലൊരു പങ്കും തൊഴിലാളി നേതാക്കളായിരുന്നു. സ്വാതന്ത്ര്യം നേടി 75 വർഷമായിട്ടും രാജ്യത്തെ സാധാരണക്കാരാകെ ദുരിതത്തിലാണ്. നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തിന് പുറമേ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലക്കയറ്റം സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നു. തൊഴിലിന്റെയും ഉപജീവന മാർഗങ്ങളുടെയും സ്ഥിതി ആശങ്കാജനകമാണ്. രാജ്യത്ത് അസമത്വം വർധിക്കുന്നു. ദരിദ്രർ അതിദരിദ്രരാകുന്നു. അവർക്ക് ആശ്വാസം നൽകാൻ സർക്കാർ തയാറാകുന്നില്ല. അതേസമയം ശതകോടീശ്വരന്മാരുടെ എണ്ണവും അവരുടെ വരുമാനവും വർധിക്കുന്നു.
തൊഴിൽ നിയമങ്ങളുടെ കടയ്ക്കൽ കത്തിവച്ചത് കൂടാതെ പുതിയ കാർഷിക നിയമങ്ങൾ പാസാക്കി തൊഴിലാളികളെയും കർഷകരെയും ദ്രോഹിക്കുന്നു. തൊഴിൽ നഷ്ടം, വേതനം വെട്ടിക്കുറയ്ക്കൽ, തൊഴിലിടങ്ങളിലെ സുരക്ഷിതത്വമില്ലായ്മ ഇവയെല്ലാം വർധിക്കുന്നു. സാമൂഹ്യ സുരക്ഷാപദ്ധതികൾ ഇല്ലാതാകുന്നു. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശങ്ങൾ ആക്രമിക്കപ്പെടുന്നു.
അതേസമയം, കുത്തക മുതലാളിമാർക്ക് നികുതിയിളവുകൾ നൽകുന്നു. കോടികൾ കടമെടുത്തവരെ വിദേശത്തേക്ക് രക്ഷപെടാൻ വഴിയൊരുക്കുന്നു. വായ്പാ കുടിശിക എഴുതിത്തള്ളുന്നു. സ്വകാര്യവല്ക്കരണവും ഓഹരി വില്പനയും അനുസ്യൂതം തുടരുന്നു. അതൊന്നും പോരാഞ്ഞിട്ട് ജനങ്ങളുടെ നികുതിപ്പണംകൊണ്ട് കെട്ടിപ്പടുത്തുയർത്തിയ ആസ്തികളോരോന്നായി ധനസമാഹരണാർത്ഥം വിറ്റഴിക്കുന്നു. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ വിഭാഗീയതയും വിദ്വേഷവും വിതച്ച് ധ്രുവീകരണ രാഷ്ട്രീയം പ്രചരിപ്പിക്കുകയും ചെയ്യുന്നു.


ഇതുകൂടി വായിക്കൂ: കേരളത്തിന്റെ മുന്നേറ്റത്തിന് പിന്നില്‍ നവോത്ഥാനസാംസ്‌കാരിക വിപ്ലവവും കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളും


രാജ്യം നേരിടുന്ന ഇത്തരം പ്രതിസന്ധികൾക്ക് എതിരായി അജയ്യമായ തൊഴിലാളി കർഷക മുന്നേറ്റത്തിന്റെ നാളുകളിലൂടെയാണ് രാജ്യം ഇന്ന് കടന്ന് പോകുന്നത്. ഈ ഗുരുതരാവസ്ഥയുടെ അപകടങ്ങൾ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയും കർഷക സംഘടനകളും ഇന്ന് കൈകോർത്തുകൊണ്ട് പോരാടുന്നത്. തൊഴിലാളികളുടെയും കർഷകരുടെയും ആ ഐക്യം ഇന്ന് ജനകീയ ഐക്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണകൂട ഭീകരതക്കും, ജനദ്രോഹ നയങ്ങൾക്കും, സ്വകാര്യവല്ക്കരണത്തിനും, പൊതുമുതൽ വില്പനയ്ക്കും കോർപറേറ്റ്‌വല്ക്കരണത്തിനും എതിരായ പ്രക്ഷോഭങ്ങൾ കരുത്താർജിക്കുകയാണ്. കർഷകരും തൊഴിലാളികളും യുവാക്കളും വിദ്യാർത്ഥികളും വനിതകളും സാംസ്കാരിക പ്രവർത്തകരും ബുദ്ധിജീവികളുമെല്ലാം അടങ്ങിയ ദേശാഭിമാന ബോധമുള്ള ജനങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റം ശക്തിപ്പെടുകയാണ്.
സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ യോഗം സെപ്റ്റംബർ 23 ന് ചേർന്ന് താഴെപ്പറയുന്ന ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് നൽകുകയുണ്ടായി. വർഷംതോറും ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുചേർക്കുവാൻ നിയമപരമായി ബാധ്യതയുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ ഏഴ് വർഷമായി ലേബർ കോൺഫറൻസ് വിളിച്ചുചേർക്കുന്നില്ല. അടിയന്തരമായി ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചു ചേർക്കണം എന്നും അതിനു മുന്നോടിയായി തൊഴിലാളി യൂണിയൻ പ്രതിനിധികളും തൊഴിലുടമ പ്രതിനിധികളും ഉൾപ്പെട്ട സ്റ്റാൻഡിങ് ലേബർ കമ്മിറ്റി വിളിക്കണമെന്നും, മിനിമം വേതനം നിശ്ചയിക്കാനുള്ള മാനദണ്ഡം പാലിക്കുക, ഒരേ ജോലി ചെയ്യുന്ന കരാർ തൊഴിലാളികൾക്കും സ്ഥിരം തൊഴിലാളികൾക്ക് നൽകുന്ന വേതനം നൽകുക, ആശ, അങ്കണവാടി, മിഡ് ഡേ മീൽ തുടങ്ങിയ സ്കീം വർക്കേഴ്സിനെ തൊഴിലാളികളായി അംഗീകരിക്കുകയും മിനിമം വേതനവും സാമൂഹിക സുരക്ഷയും നൽകുക എന്ന കഴിഞ്ഞ നാല് ലേബർ കോൺഫറൻസുകളുടെ ഏകകണ്ഠമായ നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ് ലോക്‌സഭയിൽ നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് എസെൻഷ്യൽ ഡിഫൻസ് സർവീസസ് നിയമം 2021 പിൻവലിക്കുക, എല്ലാ സെൻട്രൽ ട്രേഡ് യൂണിയനുകളെയും സംയുക്തമായ യോഗം വിളിച്ച് തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുക, ഇപിഎഫ് മിനിമം പെൻഷൻ വർധിപ്പിക്കുക, എല്ലാ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും സാർവത്രിക പെൻഷൻ പദ്ധതി നടപ്പിലാക്കുക, കേന്ദ്ര‑സംസ്ഥാന ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പുതിയ ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവല്ക്കരിക്കാൻ ഉള്ള നീക്കം അവസാനിപ്പിക്കുക, നാഷണൽ മോണിടൈസേഷൻ പൈപ്പ് ലൈൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ആണ് തൊഴിലാളികൾ ഉയർത്തുന്നത്.


ഇതുകൂടി വായിക്കൂ: ചരിത്രസത്യം മറച്ചുവയ്ക്കാനാവില്ല


മൂലധന ശക്തികളുടെയും ബഹുരാഷ്ട്ര കുത്തകകളുടേയും മുന്നിൽ ഇന്ത്യാ ഗവണ്‍മെന്റ് കീഴടങ്ങുമ്പോൾ അതിനെതിരെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും തൊഴിലാളി-കർഷക-ബഹുജന ഐക്യം ശക്തിപ്പെടുന്നു എന്നത് രാജ്യത്തെ ആദ്യ തൊഴിലാളി സംഘടനയുടെ സ്ഥാപക ദിനത്തിൽ ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
എഐടിയുസിയുടെ 42-ാം ദേശീയ സമ്മേളനം ഡിസംബർ 16 മുതൽ 20 വരെ ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. തൊഴിലാളി മുന്നേറ്റത്തിലൂടെ പുതിയ ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ആവേശകരമായ പ്രവർത്തനമാണ് ദേശീയ സമ്മേളനവുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളും വിദേശ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളും പങ്കെടുക്കും. തൊഴിലാളി മുന്നേറ്റത്തിന്റെ ഉജ്ജ്വലമായ സമര ചരിത്രമുള്ള ആലപ്പുഴയുടെ മണ്ണിൽ നടക്കുന്ന ദേശീയ സമ്മേളനം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പുതിയ മാറ്റങ്ങൾക്ക് സുപ്രധാനമായ പങ്കുവഹിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.