22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

October 18, 2024
July 1, 2024
May 21, 2024
May 19, 2024
February 22, 2024
January 30, 2024
January 30, 2024
January 21, 2024
January 21, 2024
November 21, 2023

ലോക ടൂറിസം ഭൂപടത്തിലേക്ക് കയറി ഓണം

പി എ മുഹമ്മദ് റിയാസ് 
ടൂറിസം മന്ത്രി
September 21, 2022 6:29 pm

കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ ഇടവേളയെ ഈ വർഷത്തെ ഓണാഘോഷത്തോടെ മലയാളി അപ്രസക്തമാക്കിയിരിക്കുകയാണ്. അവിസ്മരണീയമായ ഉത്സവാനുഭവങ്ങൾ സമ്മാനിച്ച് ഓണം ഇക്കുറി ചരിത്രത്തിലേക്ക് നടന്നുകയറി. രണ്ടു വർഷമായി മുടങ്ങിപ്പോയിരുന്ന കൂട്ടംചേരലുകളും ഉല്ലാസങ്ങളും വാശിയോടെ തന്നെ കേരളം ആഘോഷിച്ചുതീർത്തു. ‘റിവഞ്ച് ഓണാഘോഷ’മായി ഇത്തവണത്തെ ആഘോഷങ്ങൾ മാറിയെന്നു പറയാം. അത്ര ഉത്സാഹത്തിമിർപ്പും പങ്കാളിത്തവുമായിരുന്നു നാടെങ്ങും കാണാൻ സാധിച്ചത്. ജനപങ്കാളിത്തം കൊണ്ടും ആഘോഷങ്ങളിലെ വൈവിധ്യം കൊണ്ടും ഈ ഓണാഘോഷം മനസ്സിൽ മായാതെ നിലകൊള്ളും. കേരള ടൂറിസത്തെ സംബന്ധിച്ച് പുതിയ സീസണിലേക്കുള്ള മുന്നേറ്റമായി ഓണാഘോഷം മാറി. ജാതി, മത, വർണ, വർഗ അതിർവരമ്പുകൾ ഇല്ലാതെ മനുഷ്യരെല്ലാം ഒന്നായിമാറുന്ന ലോകത്തെക്കുറിച്ചുള്ള സന്ദേശമാണ് ഓണത്തിന്റേത്. മലയാളി ഈ സന്ദേശത്തെ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. മലയാളിയുടെ ഐക്യത്തിന്റെയും ഒരുമയുടെയും പ്രതീകമായി ഓണം ഉയർന്നുനിന്നു.
ഓണം ആഘോഷിക്കാനുളള എല്ലാ സാഹചര്യവും ഒരുക്കിയതിലൂടെ സർക്കാരിന് എല്ലാ കുടുംബങ്ങളുടേയും ഹൃദയത്തിൽ സ്പർശിക്കാനായി. ജൂൺ മാസത്തിൽ തന്നെ ഓണാഘോഷത്തിന്റെ ആലോചനകൾ തുടങ്ങിയിരുന്നു. നിയമസഭാ സമ്മേളനത്തിൽ ടൂറിസം വകുപ്പിന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ജൂലൈ അവസാനത്തോടെ ഓണാഘോഷത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. വൈവിധ്യമാർന്ന പരിപാടികൾ എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി ഓണാഘോഷത്തെ സമീപിച്ചത്. അത് കേരളമെമ്പാടും പ്രാവർത്തികമാക്കി. കൂടുതൽ വേദികളിലേക്ക് ആഘോഷങ്ങൾ വ്യാപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊളളാനായി. ഓണാഘോഷത്തിന്റെ ഏറ്റവും ആകർഷകമായ ദീപാലങ്കാരം ഇക്കുറി ഏറെ ശ്രദ്ധേയമായിരുന്നു. തലസ്ഥാന നഗരം ദീപാലങ്കാരപ്രഭയിൽ നിൽക്കുന്ന കാഴ്ച ഏതൊരാളെയും വിസ്മയിപ്പിക്കുന്നതായിരുന്നു. നഗരത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് ദീപാലങ്കാരം വ്യാപിപ്പിക്കാനും പതിവിൽ നിന്നും വ്യത്യസ്തമായി നേരത്തെ ആരംഭിക്കാനുമായി. ജനലക്ഷങ്ങൾ വൈദ്യുതാലങ്കാരങ്ങൾ കാണാനെത്തി എന്നതാണ് കണക്ക്. രാത്രി വൈകുവോളം ഇതിനായി മാത്രം കുടുംബങ്ങൾ പുറത്തിറങ്ങി. അങ്ങനെ നഗരത്തിന്റെ രാത്രികളും ആഘോഷസമ്പന്നമായി.
ഇത്തവണ മറ്റു നഗരങ്ങളിലും പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും ദീപാലങ്കാരങ്ങളുണ്ടായിരുന്നു. സതേൺ സോണൽ കൗൺസിൽ യോഗം കോവളത്ത് നടന്നത് ഓണത്തിന്റെ പ്രചരണത്തിനായുള്ള അവസരമാക്കി മാറ്റി. കോവളത്ത് പ്രത്യേക ദീപാലങ്കാരം ഒരുക്കി. കേരളത്തിലെ ഏറ്റവും വലിയ ട്രേഡ് ഫെയറായി ഓണം മാറി എന്ന് നിസ്സംശയം പറയാം. വഴിയോര കച്ചവടക്കാർ മുതൽ വൻകിട ബിസിനസുകാർക്കു വരെ ഇതിന്റെ പ്രയോജനം ലഭിച്ചു. ഓണത്തിനായി പണം ചെലവഴിച്ചതിന് സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ ഈ യാഥാർഥ്യം കാണാതെ പോകരുത്. വിപണി ചലിക്കുമ്പോൾ കൂടുതൽ ശക്തമായി സാമ്പത്തികവ്യവസ്ഥയും ചലിക്കുമെന്നത് നാം മറന്നുകൂടാ. ഓണാഘോഷത്തിനുള്ള പരിപാടികൾ തെരഞ്ഞെടുക്കുമ്പോൾ പ്രാദേശിക കലാകാരന്മാർക്ക് വേദി ഒരുക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഓണം ഘോഷയാത്രയിലും പരമ്പരാഗത, നാടൻ കലാരൂപങ്ങളെ കൂടുതലായി ഉൾപ്പെടുത്തി. വേദികളുടെ എണ്ണം കൂടിയതോടെ കൂടുതൽ കലാകാരൻമാർക്ക് അവസരം ലഭ്യമാക്കാനുളള സാഹചര്യവും ഒരുങ്ങി. ടൂറിസം ഇനി എന്ത്? ഓണാഘോഷത്തോടെ ഈ വർഷത്തെ ടൂറിസം സീസണ് വലിയ സ്വീകാര്യതയോടെ തുടക്കമാകുകയാണ് ചെയ്തത്.
ആഭ്യന്തര വിനോദ സഞ്ചാരികളുടെ കാര്യത്തിൽ നാം ഏറ്റവും വലിയ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വിദേശ വിനോദ സഞ്ചാരികളുടെ വരവിൽ കൂടി മുന്നേറ്റം സാധ്യമാക്കാൻ കഴിയണം. ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് കേരള ടൂറിസം സംഘടിപ്പിക്കുന്നത്. ഇതിനായി വിദേശ രാജ്യങ്ങളിലെ ടൂറിസം ഫെയറുകളിലും മറ്റും പങ്കെടുക്കേണ്ടതുണ്ട്. കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്ന രാജ്യങ്ങളിൽ വലിയ പ്രചരണം നടത്തുന്നുണ്ട്. ടൈം മാഗസിൻ ലോകത്ത് കണ്ടിരിക്കേണ്ട അമ്പത് സ്ഥലങ്ങൾ തെരഞ്ഞെടുത്തപ്പോൾ കേരളത്തെ അടയാളപ്പെടുത്തിയതും ഈ സർക്കാർ നടപ്പാക്കിയ കാരവാൻ ടൂറിസത്തെ കുറിച്ച് എടുത്തുപറഞ്ഞതും സംസ്ഥാനത്തിനുള്ള അംഗീകാരമാണ്. ഈ അവസരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ഓണം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിനായി പ്രത്യേക പ്രചരണ പരിപാടികൾക്ക് രൂപം നൽകും. ഓണത്തെയും കേരള ടൂറിസത്തെയും ലോക ടൂറിസം ഭൂപടത്തിൽ സജീവ സാന്നിധ്യമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.