5 May 2024, Sunday

ഓണപ്പൂമണങ്ങൾ

ഫ്രാൻസിസ് നൊറോണ
August 15, 2021 4:30 am

അടയ്ക്കാമരത്തിന്റെ മുറിക്കഷണങ്ങൾ പാകിയുറപ്പിച്ച നായർതറവാട്ടിലെ കുളപ്പടവുകളിൽ നിന്നാണ് ചാത്തനാട്ടെ ഓണമോർമ്മകൾ തുടങ്ങുക. കമുകിൻപടിയുള്ള പിള്ളേച്ചന്റെ കുളത്തിലെന്നും വരാലും വാർപ്പുമുണ്ടാകും. പടവിലേക്കിറങ്ങുന്ന നടവഴിക്കിരുവശവും ചോരക്കണ്ണൻ ചെമ്പോത്ത് ചേക്കേറുന്ന കാട്ടുമുന്തിരിപ്പടർപ്പുണ്ട്. വെള്ളത്തിലേക്ക് ചോടുവെക്കുമ്പോഴൊക്കെ ഒരു പേടിച്ചുഴിയെന്റെ ഉള്ളംകാലിനെ തൊട്ടിരുന്നു. കര മാടിപ്പൊക്കിയ കുളത്തിലേക്കിറങ്ങിയാൽ തലയ്ക്കുമീതെയുള്ള ആകാശം ചെറുവട്ടമായി ചുരുങ്ങും. പരൽമീനുകൾ പായുന്നതും നോക്കി നിൽക്കേ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വെള്ളത്തിനുമീതെ ഉയരുന്ന ജലപ്പിശാചിന്റെ നീളൻകൈകൾ എന്റെ കുട്ടിക്കാല സ്വപ്നങ്ങളിലെ പതിവുകാരനായിരുന്നു.

ഓണനാളിൽ പിള്ളേച്ചന്റെ കുളത്തിൽനിന്നാണ് പൂക്കളമിടാനുള്ള മണ്ണ് കോരുന്നത്. സന്ധ്യയാകുമ്പോഴേ കുട്ടികളെല്ലാവരും നായർതറവാടിന്റെ മുറ്റത്ത് ഒരുമിച്ചു കൂടും. അരയേക്കറോളം പരന്നുകിടക്കുന്ന പറമ്പിനു വേലിയതിരൊന്നുമില്ല. പൂവാംകുറുന്നിലും തുമ്പയും മുക്കുറ്റിയുമൊക്കെ നിറഞ്ഞിരുന്ന അതിരിലൂടെ നാട്ടുകാര് നടന്ന് ഒരു വഴിച്ചാല് തെളിഞ്ഞിരുന്നു. പറമ്പിന്റെ നടുക്കാണ് നാലുകെട്ടുള്ള തറവാടുവീട്. തടിച്ചുമരിലെ കൊത്തുപണികളിൽ മഞ്ചാടിമണികൾകൊണ്ടുള്ള ചിത്രപ്പണികളുണ്ട്. പത്തായവും നിലവറയുമുള്ള വീടിന്റെ മുറ്റംവരെയേ ഞങ്ങൾ പറുങ്കികൾക്ക് പ്രവേശനമുള്ളൂ. കൂവളവും പേരാലും ഏഴിലംപാലയും ചെമ്പകവുമൊക്കെയായി ധാരാളം മരങ്ങൾ തണലേകുന്ന പറമ്പിലൂടെ കീരിയും അണ്ണാനും ചേമ്പോത്തും ചേരയും ആരെയും പേടിക്കാതെ അലസം സഞ്ചരിച്ചിരുന്നു. കാരണരവരുടെ നാലുകെട്ട് കൂടാതെ കൊച്ചമ്മാവനും ജാനുചിറ്റയുമൊക്കെ താമസിച്ചിരുന്ന ഓലമേഞ്ഞ ചെറിയ വീടുകളും അവിടെയുണ്ടായിരുന്നു. പിള്ളേച്ചന്റെ പറമ്പെന്നാണ് അക്കാലത്ത് ആ സ്ഥലം അറിയപ്പെട്ടിരുന്നത്.

പിള്ളേച്ചൻപറമ്പിന്റെ വടക്കുവശം കൈത്തോടാണ്. അത് ചെന്നുചേരുന്നത് വഴിച്ചേരിയിലെ കോമേഴ്സ്യൽ കനാലിലും. കൈത്തോടിന് അരികെയാണ് കുളം. മാടി വെട്ടിപ്പൊക്കിയിട്ടുണ്ടെങ്കിലും പെരുമഴക്കാലത്ത് കുളവും തോടും ഒന്നാകും. പറമ്പിന്റെ കിഴക്കുവശത്താണ് കൂറ്റൻ വട്ടയിലമരങ്ങളുള്ള സർപ്പക്കാവ്. പഴുത്ത് വീഴുന്ന ഇലകളിലൊക്കെ പാമ്പിഴഞ്ഞതുപോലെയുള്ള കറുത്തവരകളുണ്ടാവും. തെക്കുവശത്താണ് എന്റെയും തൊട്ടപ്പന്റേയും വീട്. കുളക്കരയോടു ചേർന്നായിരുന്നു സൈക്കിൾ യജ്ഞക്കാരനായ അക്ബറിക്കായുടെ ഓടിട്ട പുര. തോർത്തുമായി പരൽ മീനെ പിടിക്കാനിറങ്ങിയ ഇക്കയുടെ ഇളയമോള് മുംതാസ് ചത്തുമലച്ച മീനിനെപ്പോലെ കുളത്തിൽ പൊന്തിക്കിടന്നത് ഒരു ഓണക്കാലത്താണ്. അക്ബറിക്കായും ഭാര്യയുംകൂടി വയറുവീർത്ത കൊച്ചിനെ തലയ്ക്കുമീതെ ഉയർത്തിപ്പിടിച്ച് ആശുപത്രിയിലേക്ക് ഓടിയതിന്റെ നിലവിളി ഇപ്പഴും കാതിലുണ്ട്.

പിള്ളാരെ മുക്കിക്കൊല്ലുന്ന മറുത കുളത്തിലുണ്ടെന്ന് പറഞ്ഞുതന്നത് തൊട്ടപ്പനാണ്. തനിച്ചിറങ്ങുന്ന കുട്ടികളെ ആരും കാണാതെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുമത്രെ! പേടിച്ചിട്ടാണെങ്കിലും പൂക്കളമൊരുക്കാനുള്ള വെളുത്തമണ്ണ് കുളത്തിൽനിന്ന് കോരിയെടുക്കുമായിരുന്നു. തൊട്ടമ്മയുടെ മകൾ ഷീലയ്ക്കൊപ്പമാണ് കമുകിന്റെ പടവുകളിറങ്ങുക. കുളപ്പടവിലെ കാട്ടുമുന്തിരിച്ചെടികളിൽനിന്ന് കപ്പ വെന്തൂറ്റുന്നതുപോലൊരു മണം അപ്പോഴേക്കും മൂക്കിലെത്തും. സർപ്പം വാ പൊളിക്കുന്ന നാറ്റമാണെന്ന് ഷീലച്ചിറ്റയെന്നോടു പറയും. വിറയോടെയാണ് പഞ്ചാരമണ്ണ് കോരി പാത്രത്തിൽ നിറയ്ക്കുക. പൂക്കളത്തിനുള്ള മൺതിട്ട ജാനമ്മയുടെ മുറ്റത്താണ് ഒരുക്കുക. അത്തദിനത്തിൽ മണ്ണിന്റെ ഒരു തട്ട്. ചിത്തിരയ്ക്ക് രണ്ട്, ചോതിക്ക് മൂന്ന്… അങ്ങനെ ഓണമെത്തുമ്പോഴേക്കും പത്തു തട്ടും പത്തുതരം പൂക്കളുമുണ്ടാവും.
തൊട്ടമ്മയുടെ വീട് ചങ്ങനാശ്ശേരിയിലാണ്. അവരുടെ അമ്മമ്മ നായർ സ്ത്രീയായിരുന്നു. തൊട്ടമ്മയുടെ വീട്ടിലുള്ളവർക്കെല്ലാം ഹൈന്ദവനാമങ്ങളാണുള്ളത്. തൊട്ടമ്മയുടെ പേര് പൊന്നമ്മ. അനുജത്തി രാജമ്മ, ഇളയവൾ തങ്കച്ചി. ഞങ്ങൾ പറുങ്കികൾക്ക് അങ്ങനെയുള്ള പേരുകൾ ഇല്ലെന്ന് തന്നെ പറയാം. തൊട്ടമ്മയ്ക്കും മക്കൾക്കും നമ്പൂതിരിമാരുടെ വെളുപ്പും ശ്രീയും ഉണ്ടെന്ന് നായർതറവാട്ടിലെ കാരണവരെപ്പോഴും പറയും. ഓണത്തിനു പൂക്കളമൊരുക്കാൻ ഷീലചിറ്റയെ വിളിക്കുന്നതിന്റെ പിന്നിലും ഈയൊരു ആഢ്യത്വമനോഭാവം ഉണ്ടായിരുന്നെന്ന് മുതിർന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. ഓട്ടുവിളക്കിന്റെ വെട്ടത്തിലാണ് പൂക്കളം തീർക്കുക. പട്ടുപാവാടയുമുടുത്ത് പൂക്കളമൊരുക്കുന്ന ചിറ്റയെ കാണുമ്പോഴൊക്കെ അവിടെയുള്ളവരുടെ മുഖത്തൊരു നിലാവു തെളിഞ്ഞിരുന്നു. ഇരുനിറക്കാരനായിരുന്ന എന്നെക്കൊണ്ട് കുളത്തിലെ മണ്ണ് കോരിക്കുന്നതല്ലാതെ അത്തപ്പൂക്കളത്തിൽ ഒരു പൂവ് വെയ്ക്കാൻപോലും അനുവദിച്ചിരുന്നില്ല.
ഓണത്തിനു ഞങ്ങൾക്കെല്ലാവർക്കും ജാനമ്മച്ചിറ്റയുടെ ഇറയത്ത് ഇലയിട്ടാണ് സദ്യ. കറിയും ചോറുമൊക്കെ വിളമ്പാൻ കൊണ്ടുവരുന്ന ഓട്ടുപാത്രങ്ങളുടെ തങ്കത്തിളക്കം ഇന്നും കണ്ണിലുണ്ട്. കറിത്തോണീന്ന് വിളിക്കുന്ന ഒരു നീളൻ തടിപ്പാത്രത്തിലാണ് അന്ന് തിളച്ച സാമ്പാർ കോരിയിരുന്നത്. എനിക്ക് ഏറ്റവും ഇഷ്ടം പരിപ്പും കഷണങ്ങളും കൂടിക്കൂഴഞ്ഞ് കായമണം മുറ്റിയ സാമ്പാറാണ്. അതുണ്ടെങ്കിൽ ഒരു പറ ചോറുണ്ണാൻ പറ്റും. സദ്യ കഴിഞ്ഞ് നിറഞ്ഞ വയറും കുത്തുവിട്ട നിക്കറുമായി വരുന്ന എന്നെ കാണുമ്പോൾ അമ്മച്ചീടെ മുഖത്തൊരു ചിരി നിറയും. അമ്മേടെ നിറഞ്ഞ ചിരി ഞാൻ വല്ലപ്പോഴുമേ കാണാറുള്ളു.

നായരുപറമ്പു കഴിഞ്ഞാൽ പിന്നെയുള്ള ഓർമ്മകൾ ചക്കിട്ടപ്പറമ്പിലേതാണ്. അതിന്റെ ഉടമ ആരാണെന്ന് ആർക്കുമറിയില്ല. ഒരു ബഷീറിയൻ ഭൂമികപോലെ ഞങ്ങള് ചാത്തനാട്ടുകാരുടെ പൊതുയിടമായിരുന്നു അത്. ചാത്തനാട്ട് അങ്ങനെ ഒത്തിരി പറമ്പുകളുണ്ട്. അതിലൊരു തീട്ടപ്പറമ്പിനെക്കുറിച്ച് ഞാൻ ‘മുണ്ടൻ പറുങ്കി‘യെന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ചക്കിട്ടപറമ്പുപോലെ തന്നെ പ്രശസ്തമായിരുന്നു പ്ലാവിൻചോടും. വാരിക്കുന്തം പോരാളികളുടെ ഒളിയിടങ്ങളായിരുന്നു കാട്ടുപൊന്ത നിറഞ്ഞ ഞങ്ങളുടെ വെളിയിടങ്ങളെന്ന് കേട്ടിട്ടുണ്ട്. പ്ലാവിൻചോട്ടിലാണ് സഖാവ് ഇ എം എസും, കെ ആർഗൗരിയമ്മയും, കെ കരുണാകരനുമുൾപ്പെടെയുള്ള നേതാക്കൻമാർ പ്രസംഗിച്ചിട്ടുള്ളത്. ചക്കിട്ടപറമ്പിനെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. അവിടെയാണ് ഓണത്തിന് ഉലക്ക ഊഞ്ഞാൽ പ്രത്യക്ഷപ്പെടുക. ഞാൻ ആലങ്കാരികമായി ഉപയോഗിച്ച പദമല്ല പ്രത്യക്ഷപ്പെടൽ. വെളുത്തച്ഛന്റെ നടയിലെ കൃഷ്ണപ്പരുന്തിനെപ്പോലെയായിരുന്നു ഉലക്കയൂഞ്ഞാലിന്റെ വരവും പോക്കും. ഊഞ്ഞാലൊരുക്കുന്നത് ആരാണെന്ന് ആർക്കുമറിയില്ല. ആരും മെനകെട്ട് അതിന്റെ പൊരുളു തേടി പോയിട്ടുമില്ല. അത്തത്തിന്റെ തലേന്ന് ചക്കിട്ടപറമ്പിലെ കൂറ്റൻമാവിന്റെ ചില്ലയിൽനിന്നത് താഴേക്ക് ഊർന്നിറങ്ങും. ആളുകൾക്ക് ഇരുന്നാടാനുള്ള ഭാഗത്ത് ഉലക്കയാണുള്ളത്. കുരുത്തോലകൊണ്ടു കയറിലും ഉലക്കമേലും തൊങ്ങലുകളുണ്ടാവും. ആകാശം തൊടാൻ പാകത്തിൽ മണിമാരന്റെ വില്ലുപോലെ അതങ്ങനെ അടുത്ത പറമ്പിലെ വാകക്കൊമ്പുവരെ ഉയരും. താഴേക്കു പോരുമ്പോൾ പൂക്കളോടൊപ്പം വാകച്ചില്ല ഒടിച്ചെടുക്കുന്നവരാകും ഊഞ്ഞാലാട്ടത്തിലെ വീരൻമാർ. ഉലക്കയൂഞ്ഞാലിൽ മുതിർന്നവരോടൊപ്പമേ പിള്ളാരെ കയറ്റൂ. ഉലക്കപ്പുറത്ത് ഒരു ഏഴെട്ടുപേർക്കെങ്കിലും ഇരിക്കാം. വശങ്ങളിലുള്ളവർ ചക്കരകയറിനപ്പുറവും ഇപ്പുറവും കാലിട്ടാണ് ഇരിക്കുക. നടുക്കിരിക്കുന്നവർ മലർന്നു പോകാതിരിക്കാൻ പിന്നാക്കമൊരു വട്ടകെട്ടുണ്ടാവും.. ഓണപ്പാട്ടിന്റെ താളത്തോടെ മുകളിലേക്ക് ഉയർന്നു പോകുമ്പോഴെല്ലാം ഒറ്റക്കണ്ണൻ അന്തോനിച്ചായനെ വട്ടംപിടിച്ചിരിക്കും. ആകാശംതൊട്ട് താഴേക്കുള്ള വരവിൽ എത്ര അമർത്തിപ്പിടിച്ചാലും ഞാൻ നിക്കറേ മുള്ളിപ്പോകുമായിരുന്നു. ചാത്തനാട്ടെ വായനശാലകളുമായി ഇഴചേർന്നു കിടക്കുന്നവയാണ് മുതിർന്നു കഴിഞ്ഞുള്ള എന്റെ ഓണമോർമ്മകൾ. ഓണത്തിന് അവിടുത്തെ മിക്ക വായനശാലകളിലും കലാകായിക മത്സരങ്ങളുണ്ടാവും. അത്തപ്പൂക്കളവും വടംവലിയും കബഡികളിയുമൊക്കെയാണ് നാട്ടുകാരുടെ ഇഷ്ടവിനോദങ്ങൾ. ആലപ്പുഴ നോർത്തിലെ ഹെഡ്കോൺസ്റ്റബിൾ സേവ്യറുചേട്ടനാണ് മിക്കതിന്റേയും റഫറി. കഴുത്തിലൊരു വിസിലും തൂക്കിയെത്തുന്ന യൂണിഫോമില്ലാത്ത പോലീസുകാരനെ ചീത്തവിളിക്കാൻ കിട്ടിയ അവസരം നാട്ടുകാർ ഒരിക്കലും പാഴാക്കിയിരുന്നില്ല. വടംവലിക്ക് എപ്പോഴും ചാത്തനാട്ടെ കുറുപ്പൻമാരാണ് ജയിക്കുക. അവരുടെ വീട്ടുകാരെല്ലാം ആജാനുബാഹുക്കളായിരുന്നു. ‘പക്കീസ്’ എന്നു വിളിക്കുന്ന കൈതവനയിലെ ടീമാണ് കബഡി മത്സരത്തിനു എല്ലാക്കൊല്ലവും കപ്പുകൊണ്ടുപോവുക. എഴുത്തുകാരനായ ഉണ്ണി ജോസഫായിരുന്നു ക്യാരംസിനെപ്പോഴും സമ്മാനം. അയൽവാസിയായ സണ്ണിച്ചനും സി ജീവനുമൊക്കെയുള്ള ഞങ്ങളുടെ ടീമിനായിരുന്നു അത്തപ്പൂക്കളത്തിനു സമ്മാനം. കെ ആർ ഗൗരിയമ്മയാണ് എല്ലാക്കൊല്ലവും ട്രോഫി നൽകിയിരുന്നത്. അക്കാലത്ത് ഞങ്ങളുടെ ഇടയിൽ നിന്നുള്ള എഴുത്തുകാരൻ സി ജീവനാണ്. മന്നത്തുവായനശാലയിലെ ഓണമത്സരത്തിനു ഞങ്ങൾ അത്തപ്പൂക്കളം ഒരുക്കുന്ന സമയം. കഥാമത്സരത്തിനു ഇനിയും ചേരാത്തവർ ഉടനേ പേര് രജിസ്റ്റർ ചെയ്യണമെന്നുള്ള അനൗൺസ്മെന്റിന്റെ പിന്നാലെ പോയ ജീവൻ കുറച്ചു കഴിഞ്ഞപ്പോഴേക്കും തിരിച്ചെത്തി. മിനിമം മൂന്നുപേരെങ്കിലും ഇല്ലാതെ മത്സരം നടക്കില്ലത്രെ. പൈസയ്ക്കു ബുദ്ധിമുട്ടുള്ള സമയമാണ്. പൂക്കളമിടാൻ വന്നവരുടെ കൂട്ടത്തിൽനിന്നും എന്നെയും വേറൊരാളെയും നിർബന്ധിച്ചു മത്സരത്തിനിരുത്തി.

ഞാനന്ന് ഒരു കഥപോലും എഴുതിയിട്ടില്ല. ഫലം വന്നപ്പോൾ എനിക്ക് ഒന്നാംസ്ഥാനം. ജീവന് രണ്ടും. മൂന്നാം സ്ഥാനം വാങ്ങിയത് സണ്ണിച്ചനാണെന്നാണ് ഓർമ്മ. അന്നു കിട്ടിയ കുഞ്ഞൻട്രോഫി ചാത്തനാട്ടെ വീട്ടിൽ ഇപ്പോഴുമുണ്ട്. രാത്രി പന്ത്രണ്ടുമണിയോടെയാണ് ഓരോ ദിവസത്തേയും പൂക്കളം മാറ്റിയിട്ട് പിറ്റേന്നുള്ളത് ഒരുക്കുക. പന്തൽവലിപ്പമുള്ള മത്സരപ്പൂക്കളമിട്ടു തീരുമ്പോഴേക്കും നേരം വെളുക്കും. പൂക്കളത്തിന്റെ നടുക്കുനിന്നു ചാലുപോലെയുള്ള ഭാഗം ഏറ്റവും അവസാനമാണ് പൂർത്തിയാക്കുക. മുകളീന്ന് കെട്ടിയ ചക്കരക്കയറിൽ പിടിച്ചാണ് ഫൈനൽ ടച്ച്. ഒരിക്കലങ്ങനെ പൂക്കളമിട്ടു കഴിഞ്ഞപ്പോഴാണ് നടയ്ക്കുവെയ്ക്കേണ്ട താമരയുടെ കാര്യമോർത്തത്. ജഡ്ജസ് വരാനുള്ള നേരവുമായി. സണ്ണിച്ചൻ സാഹസികമായി കയറിൽ തൂങ്ങി താമരയെടുത്ത് നടുക്കുവെച്ചു. വിജയശ്രീലാളിതനായി ഞങ്ങളെ നോക്കി ഒരു കൈയാംഗ്യം കാണിച്ചതും കയറുംപൊട്ടി കക്ഷി കമഴ്ന്നടിച്ച് പൂക്കളത്തിന്റെ നടുക്ക്! ഓണനാളിലെ മറ്റൊരു ഓർമ്മ പാരലൽ കോളേജായ എൻ എസ് എസിലേതാണ്. ഓണത്തിനവിടെ ബാച്ച് അടിസ്ഥാനത്തിൽ പൂക്കള മത്സരമുണ്ടാകും. മാവേലിക്കൊപ്പം പള്ളീലച്ചനേയും മുസലിയാരേയുംകൂടി കൊണ്ടുവരണമെന്ന് ഞങ്ങളുടെ ബാച്ചിലെ സോഷ്യലിസ്റ്റുകൾ തീരുമാനിച്ചു. പള്ളീലച്ചനാകാനുള്ള നറുക്കു വീണത് എനിക്കും. ഇടവകയിലെ വികാരിയച്ചനായിരുന്ന ടോപ്പോളച്ചന്റെ ളോവ ഞാൻ കടംവാങ്ങി. സാഹിത്യത്തേയും കലയേയും സ്നേഹിക്കുന്ന ആളായതുകൊണ്ടു മടികൂടാതെ അച്ചൻ തിരുവസ്ത്രം തന്നു. മീശ വടിക്കാൻ എനിക്ക് ചമ്മലായിരുന്നു. പള്ളീലച്ചന്റെ വേഷമിട്ട എന്നെ കണ്ട് “നിന്റെ സ്വഭാവത്തിനു പറ്റിയ വേഷമാ.. നീയിതിനി ഊരണ്ട” എന്ന് അടുപ്പമുണ്ടായിരുന്ന പെൺകുട്ടി അടക്കം പറഞ്ഞു. അന്നു രാത്രി ഞാൻ ളോവയുമിട്ടു കിടന്നു. പാതിരായ്ക്ക് മാതാവും ഈശോയും കൂടി തിടുക്കത്തിൽ വന്ന് എന്റെ ളോവ ഊരിയെടുത്തു കൊണ്ടുപോയി. നേരം വെളുത്ത് തിരുവസ്ത്രം അന്വേഷിക്കുമ്പഴാണ് അപ്പനും അമ്മയും കൂടി അത് വികാരിയച്ചനെ തിരിച്ചേൽപ്പിച്ച വിവരം അറിയുന്നത്.

ഫൈനൽ ഇയറിനു പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും അഡ്മിറ്റായത്. രാവിലത്തെ റൗണ്ട്സിനു വന്നപ്പോൾ ഡോക്ടറുടെ കൂടെയുണ്ടായിരുന്ന നേഴ്സ് ആരും കാണാതെ എനിക്കിത്തിരി ചക്കരപെരുട്ടിയും ഉപ്പേരിയും തന്നു. ഓണമല്ലേ, രണ്ടെണ്ണം വീതം കഴിച്ചോയെന്ന് ഡോക്ടറും. ഉച്ചയായപ്പോഴേക്കും കാന്റീനിലേക്ക് പോകാൻ അമ്മ പാത്രമെടുക്കുന്നതു കണ്ട് ഞങ്ങളുടെ എതിർവശത്തെ ബഡ്ഡിലെ ചേച്ചി ഊണു അവരുടെ വീട്ടിൽനിന്നും കൊണ്ടുവരുമെന്നു പറഞ്ഞു. വിഷം കഴിച്ച മകനേയും കൊണ്ടു വാകത്താനം ആശുപത്രിയിൽനിന്നും അവരു വന്നിട്ട് രണ്ടുദിവസമേ ആയിരുന്നുള്ളു. കൂടെ പഠിക്കുന്ന പെൺകുട്ടിയുമായുള്ള പ്രേമനൈരാശ്യത്തിലാണ് ചെക്കൻ ആ കടുംകൈ ചെയ്തത്. മേൽച്ചുണ്ടിനും കീഴ്ച്ചുണ്ടിനുമിടയിൽ കമ്പി തുളഞ്ഞു കയറിയപോലെ അവന് രണ്ടു മുറിവുണങ്ങിയ പാടുകളുണ്ടായിരുന്നു. വയറിളക്കാനുള്ള സോപ്പുവെള്ളം വായിലേക്ക് ഒഴിച്ചു കൊടുക്കാൻ വേണ്ടി പല്ലുകൾ അകത്തിവെച്ച കമ്പുകഷണം തെന്നി ചുണ്ടു തുളഞ്ഞതാണെന്നാണ് ചേച്ചി പറഞ്ഞത്. അവനടുത്തു വരുമ്പോഴെല്ലാംവിഷത്തിന്റെ മണം തികട്ടുമായിരുന്നു. രണ്ടാം വാർഡിനോടു ചേർന്നാണ് ഭക്ഷണം കഴിക്കുന്ന മുറി. ടൈലൊട്ടിച്ച ഭിത്തിയോടു ചേർന്നുള്ള സ്ലാബിനരികിൽ സ്റ്റൂളടുപ്പിച്ചിട്ടാണ് രോഗികൾ ആഹാരം കഴിക്കുക. ഓണത്തിന്റെയന്ന് അവനൊപ്പം എനിക്കും അവർ ഇലയിട്ടു വിളമ്പി. ചോറു കഴിക്കാതെ ജനാലയുടെ പുറത്തേക്ക് നോക്കിയിരുന്ന അവന്റെ തോളിൽ ഞാനൊന്നു തൊട്ടു. അപ്പോഴേക്കും കണ്ണീരടർന്ന് തൂശനിലയിൽ വീണിരുന്നു. പുറത്തേക്കിറങ്ങാൻ കഴിയാതെ വീടിനുള്ളിലേക്ക് ഓണം ഒതുങ്ങിപ്പോകുന്ന ഈ മഹാമാരി കാലത്ത് പണ്ടത്തെ ഓണമോർമ്മകളെല്ലാം ഞാൻ പൊടിതട്ടി പുറത്തെടുക്കുകയാണ്. ഒരാളുടെ ജീവിതം തുടങ്ങുന്നത് അയാളുടെ ഓർമ്മകൾ തുടങ്ങുന്നിടത്ത് നിന്നാണെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. ഒരു ഓണക്കാലത്താണ് എന്റെ ആദ്യപ്രണയം തകരുന്നത്. പ്രാണൻ പിടഞ്ഞുപോയ ആ രാത്രിയെ പള്ളീലച്ചന്റെ ളോവയുമുടുത്ത് തരണം ചെയ്ത കാമുകനെ ഞാനീ കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. കോളേജുകാലത്തെ പ്രിയകവികളിൽ ഒരാൾ ബാലചന്ദ്രൻ ചുള്ളിക്കാടായിരുന്നു. എന്റെ ചില കൗമാര അതിജീവനങ്ങൾക്കുവേണ്ടി ഞാൻ ബാലേട്ടന്റെ വരികളെഴുതിയ കടലാസുകൾ കിടക്കയുടെ അരികിലുള്ള പലകച്ചുമരിൽ ഒട്ടിച്ചുവെക്കുമായിരുന്നു. ചോറുപശ തേച്ച കവിതകൾ ഇരട്ടവാലനും കൂറുയും തിന്നുമെങ്കിലും അതിലെ മിക്ക വരികളും അന്നത്തെ എന്റെ തരളഹൃദയത്തിൽ ആണിപ്പഴുതുപോലെ കിടന്നിരുന്നു… അതിലൊന്നായ “ജന്മനാട്ടിൽ ചെന്ന് വണ്ടിയിറങ്ങവേ പുണ്ണു തോറും കൊള്ളിവെച്ചപോലൊർമ്മകൾ…” എന്നു തുടങ്ങുന്ന കവിതയുടെ ഒടുവിലത്തെ വരി പകർത്തിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് കരുതുന്നു. ‘.… എന്നും മറക്കാതിരിക്കുവാനല്ലി ഞാൻ വന്നു പോകുന്നതിങ്ങോണദിനങ്ങളിൽ. ”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.