22 January 2025, Wednesday
KSFE Galaxy Chits Banner 2

പാരിസ് ഒളിമ്പിക്സ്: ചില സമ്മിശ്ര പ്രതികരണങ്ങൾ

Janayugom Webdesk
August 10, 2024 5:00 am

ലോകത്തെ ഏറ്റവും മഹത്തരവും ബൃഹത്തുമായ കായിക മാമാങ്കം, ഒളിമ്പിക്സിന്റെ പാരിസ് പതിപ്പ് അവസാനിക്കാൻ ഇനി ഒരുദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതെഴുതുംവരെ ഒരു വെള്ളിയിലും നാല് വെങ്കലത്തിലും ഒതുങ്ങി നിൽക്കുകയാണ് 144 കോടി ജനങ്ങളുടെ മെഡൽ പ്രതീക്ഷ. രാഷ്ട്രത്തെപ്പറ്റി ആകാശംമുട്ടെയുള്ള അവകാശവാദത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ് ഒളിമ്പിക്സിലെ ഇന്ത്യയുടെ പ്രകടനമെന്ന് പറയുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാൻപോലും മടിക്കാത്ത കലുഷമായ രാഷ്ട്രീയാന്തരീക്ഷം നിലനിൽക്കുന്നിടത്ത് യാഥാർത്ഥ്യബോധത്തോടെയുള്ള വിശകലനങ്ങൾക്കും വിമർശനങ്ങൾക്കും പരിമിതിയുണ്ട്. ജാവ്‌ലിനിലും ഹോക്കിയിലും ഷൂട്ടിങ്ങിലുമടക്കം നേട്ടങ്ങൾ കൈവരിച്ച് രാജ്യത്തിന്റെ അന്തസ് കാത്തുസൂക്ഷിച്ച പ്രിയപ്പെട്ട കായിക പ്രതിഭകൾ മുഴുവൻ ജനതയുടെയും അഭിനന്ദനങ്ങളും ആശംസകളും അർഹിക്കുന്നു. അവർ സൃഷ്ടിച്ച മാതൃക വരുംതലമുറകൾക്ക് പ്രചോദനമായി മാറുമെന്ന് പ്രതീക്ഷിക്കാം. പാരിസ് ഒളിമ്പിക്സ്, കായികകലയെപ്പറ്റി ആധികാരിക ധാരണകൾ ഏറെയൊന്നുമില്ലാത്ത മഹാഭൂരിപക്ഷം ഇന്ത്യക്കാരെയും ആകർഷിക്കുന്നത് അതിന്റെ വൈകാരികത കൊണ്ടായിരിക്കണം. അത് മത്സരത്തിലെ വിജയത്തെപ്പോലെതന്നെ ‘കപ്പിനും ചുണ്ടിനുമിടയിൽ വഴുതിപ്പോകുന്ന’ പരാജയത്തെ സംബന്ധിച്ചിടത്തോളവും പ്രസക്തമാണെന്ന് പാരിസ് ഒളിമ്പിക്സ് നമ്മെ ബോധ്യപ്പെടുത്തുന്നു. അത്തരത്തിൽ ഒന്നാണ് തുടർച്ചയായി രണ്ടാംതവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച ഇന്ത്യൻ ഹോക്കി ടീമിന്റെ വിജയവും, ടോക്യോവിലും പാരിസിലും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ മത്സരരംഗത്തുനിന്നുള്ള മുൻകൂട്ടി പ്രഖ്യാപിച്ച വിടവാങ്ങലും.


ഇതുകൂടി വായിക്കൂ: ബിജെപിയെ പരാജയപ്പെടുത്തുക; രാജ്യത്തെ രക്ഷിക്കുക


വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ നിലവിലുള്ള ചാമ്പ്യൻ ജപ്പാന്റെ യുയി സുസാക്കിയെ മലർത്തിയടിച്ചും ക്യൂബയുടെ യുസ്നെയിലിസ് ഗുസ്മാൻ ലോപ്പസിനെ മറികടന്നും ഫൈനലിലെത്തിയ ഇന്ത്യയുടെ അഭിമാനതാരം വിനേഷ് ഫോഗട്ട് 100 ഗ്രാം അധികഭാരത്തിന്റെ പേരിൽ മത്സരത്തിൽനിന്ന് പുറത്തുപോകേണ്ടിവന്നത് ലോകത്തെ ഏറ്റവും വലിയ ദേശീയ ജനസഞ്ചയത്തിന്റെ ഹൃദയം തകർത്തുകൊണ്ടാണ്. 11 വർഷം മുമ്പ് വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ചിനെ വണങ്ങി ക്രിക്കറ്റ് മത്സരത്തോട് വിടപറഞ്ഞ സച്ചിൻ ടെണ്ടുൽക്കറെ അനുസ്മരിപ്പിക്കുന്ന വൈകാരിക വിടവാങ്ങലാണ് 330 അന്തരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ ഇന്ത്യയുടെ കുപ്പായമണിഞ്ഞ ശ്രീജേഷ് പാരിസ് ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ തന്റെ പ്രിയപ്പെട്ട കായികകലാ മത്സരത്തോട് നടത്തിയത്. കായികവിനോദം എന്ന നിലയിൽ ഹോക്കിക്ക് തെല്ലും പ്രാധാന്യമില്ലാത്ത കേരളത്തിൽനിന്നും കളിച്ചുവളർന്ന് ലോക ഹോക്കിചരിത്രത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ച ശ്രീജേഷിന്റെ വിടവാങ്ങൽ മത്സരത്തെ ‘ശ്രീജേഷിനുവേണ്ടി വിജയിക്കുക’ എന്ന പോരാട്ടമാക്കി മാറ്റിയ ഇന്ത്യൻ ടീം അതുവഴി ആ മുതിർന്ന കളിക്കാരനെ മാത്രമല്ല രാജ്യത്തെയും കേരളത്തെയും അഭിമാനഭരിതമാക്കി. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞുപോയ ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവിലുടനീളം ശ്രീജേഷിന്റെ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. 2008 ഒളിമ്പിക്സിൽ യോഗ്യതപോലും നേടാൻകഴിയാത്ത ഇന്ത്യ 2012ൽ മുഴുവൻ കളികളിലും തോറ്റുമടങ്ങി. 2016ൽ ക്വാർട്ടർ ഫൈനൽവരെയെത്തിയ ഇന്ത്യ 2020ൽ ടോക്യോ ഒളിമ്പിക്സിൽ വെങ്കലം കരസ്ഥമാക്കി. ഇപ്പോൾ പാരിസിൽ, തുടർച്ചയായി രണ്ടാംതവണയും വെങ്കലം കരസ്ഥമാക്കുമ്പോൾ അത് ശ്രീജേഷിന്റെകൂടി വിജയഗാഥയായി മാറുന്നു. മത്സര ഹോക്കിയിൽനിന്ന് വിരമിക്കുമ്പോഴും ഇന്ത്യയുടെയും കേരളത്തിന്റെയും ഹോക്കി വളർച്ചയിലും വികാസത്തിലും ശ്രീജേഷ് മുന്നണിയിൽത്തന്നെ ഉണ്ടാവുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.


ഇതുകൂടി വായിക്കൂ: റോക്ക്ഫെല്ലര്‍മാരുടെ രാഷ്ട്രീയം


രാജ്യത്തിന്റെയാകെ ആദരവും സഹാനുഭൂതിയും നേടിയാണ് വിനേഷ് ഫോഗട്ട് കായികരംഗത്തുനിന്നുമുള്ള വിടവാങ്ങൽ വേദനയോടെ പ്രഖ്യാപിച്ചത്. ഹരിയാനയിലെ തികച്ചും യാഥാസ്ഥിതികമായ ഗ്രാമീണാന്തരീക്ഷത്തിൽ നിന്നും ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി ഫാേഗട്ട് നേടിയ വെങ്കലം പുഷ്പദലങ്ങൾ വിരിച്ച പാതയിലൂടെ സഞ്ചരിച്ച് കൈവരിച്ച നേട്ടമായിരുന്നില്ല. ഏത് ജീവിതത്തുറയിലും ഇന്ത്യൻ സ്ത്രീത്വം നേരിടേണ്ടിവരുന്ന എല്ലാത്തരം വെല്ലുവിളികളെയും നേരിട്ടെതിർത്ത് നേടിയെടുത്തതാണ് അഭിമാനകരമായ ആ വിജയം. സ്ത്രീത്വത്തിന് എതിരായ അപമാനകരമായ അതിക്രമങ്ങൾക്കുനേരെ കണ്ണടയ്ക്കാതെ പുരുഷാധിപത്യ ചൂഷണത്തെ പരസ്യമായി ചോദ്യംചെയ്യാൻ തയ്യാറായവരുടെ മുന്നണിപ്പോരാളിയായിരുന്നു ഫോഗട്ട്. സർവാധിപത്യ ഭരണകൂടത്തിന്റെ ഒത്താശയോടെ തുടർന്നുവന്ന ഗുസ്തിതാരങ്ങൾക്കെതിരായ അതിക്രമങ്ങളെ രാഷ്ട്രത്തിനുമുന്നിൽ തുറന്നുകാട്ടാനും ഇന്ത്യൻ ഗുസ്തി ഫെഡറേഷന്‍ മേധാവിയും ആറുതവണ ലോക്‌സഭാംഗവും ബിജെപിയുടെ അധികാര രാഷ്ട്രീയത്തിലെ സുപ്രധാന കണ്ണികളിൽ ഒന്നുമായിരുന്ന ബ്രിജ്ഭൂഷൺ ചരൺ സിങ്ങിനെ മൂലക്കിരുത്താനുമുള്ള നീണ്ട പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കാനും അവർക്ക് കഴിഞ്ഞു. അതിന്റെകൂടി പ്രത്യാഘാതമാണ് പാരിസിൽ ഫോഗട്ടിനും ഇന്ത്യക്കും നേരിടേണ്ടിവന്നതെന്ന് വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ടോക്യോ ഒളിമ്പിക്സിൽ 53 കിലോ വിഭാഗത്തിൽ മത്സരിച്ച ഫോഗട്ടിനെ എന്തുകൊണ്ട് നാലുവർഷങ്ങൾക്കു ശേഷം 50 കിലോ വിഭാഗത്തിലേക്ക് മാറ്റി? പകരം 53 കിലോ വിഭാഗത്തിൽ മത്സരത്തിനായി നിയോഗിക്കപ്പെട്ട ആന്റിം പംഗലിന് മതിയായ യോഗ്യത തെളിയിക്കപ്പെട്ടിരുന്നോ? എന്തുകൊണ്ട് അവർ അച്ചടക്ക ലംഘനത്തിന്റെ പേരിൽ തിരിച്ചയയ്ക്കപ്പെട്ടു? ഫോഗട്ടിന് മത്സരത്തിൽ പിന്തുണ നൽകേണ്ട ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ചവരുത്തുകയോ പരാജയപ്പെടുകയോ ഉണ്ടായോ? ഇത്തരം ഉത്തരം ലഭിക്കേണ്ട നിരവധി ചോദ്യങ്ങളും സംശയങ്ങളും കായിക പ്രേമികൾക്കും ജനങ്ങൾക്കുമുണ്ട്. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ മാത്രമേ യഥാർത്ഥ വസ്തുതകൾ പുറത്തുവരൂ. അത് ഉണ്ടാവുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരു വസ്തുത അനിഷേധ്യമാണ്; വെള്ളിമെഡൽ പങ്കിടുന്നത് സംബന്ധിച്ച ഒളിമ്പിക്സ് അധികൃതരുടെ തീരുമാനം എന്തുതന്നെയായാലും വിനേഷ് ഫാേഗട്ട് ഇന്ത്യൻ സ്ത്രീത്വത്തിന്റെ ആത്മാഭിമാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായി ചരിത്രത്തിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.