22 December 2024, Sunday
KSFE Galaxy Chits Banner 2

റബ്ബര്‍ കര്‍ഷകരെ കൊള്ളയടിക്കുന്നവര്‍

സത്യന്‍ മൊകേരി
വിശകലനം
December 6, 2023 4:15 am

കേരളത്തിന്റെ സമ്പദ്ഘടനയില്‍ മുഖ്യമായ പങ്കുവഹിക്കുന്നതാണ് റബ്ബര്‍ കൃഷി. 10 ലക്ഷത്തിലധികം കര്‍ഷകരുടെയും മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളുടെയും ജീവിത സുരക്ഷ ഉറപ്പുവരുത്തുന്നു. അനുബന്ധ മേഖലകളിലും ലക്ഷക്കണക്കിന് ആളുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന റബ്ബറിന്റെ 90 ശതമാനവും ഒരു കാലത്ത് കേരളത്തില്‍ നിന്നായിരുന്നു. ഇപ്പോള്‍ ഇത് 74 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ കൃഷി വ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ റബ്ബറിന്റെ ഗുണമേന്മ മറ്റൊരിടത്തും ഇല്ല. കേരളത്തിലെ റബ്ബര്‍ കര്‍ഷകരും തൊഴിലാളികളും പ്രത്യേക വൈദഗ്ധ്യം അവരുടെ അനുഭവത്തിലൂടെ നേടിയവരാണ്. ‌2011–12 കാലഘട്ടത്തില്‍ 7,98,890 ടണ്‍ ഉല്പാദിപ്പിച്ചിടത്ത് നിന്നും ഇന്ന് വളരെ കുറഞ്ഞിട്ടുണ്ട്. റബ്ബര്‍ കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിറകോട്ടു പോകുകയാണ്. ആദായവില ലഭിക്കാത്തതിനാലാണ് കര്‍ഷകര്‍ മേഖലയില്‍ നിന്നും പിറകോട്ടു പോകുന്നത്.
റബ്ബറിന്റെ വില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കുവാന്‍ കഴിയുന്നില്ല. താങ്ങുവില ലഭിക്കാത്തതിനാല്‍ പുതിയതലമുറ പൂര്‍ണമായും കൃഷിയില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. റബ്ബര്‍ ബോര്‍ഡ് കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. ആനുകൂല്യങ്ങള്‍ എന്നല്ല, റബ്ബര്‍ ബോര്‍ഡ് തന്നെ ആവശ്യമില്ല എന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബോര്‍ഡ് നിര്‍ത്തലാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിവരുന്നു. കര്‍ഷകര്‍ക്ക് നല്‍കിവന്നിരുന്ന സഹായങ്ങളില്‍ നിന്നും പിറകോട്ടു പോകുന്നത് മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: കാര്‍ഷിക ഇന്ത്യയുടെ കണ്ണുനീരും രോഷവും


ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ഏറെ പ്രതികൂലമായി ബാധിച്ചിട്ടുള്ള കൃഷിയാണ് റബ്ബര്‍. ടയര്‍ വ്യവസായത്തിന്റെ അസംസ്കൃത സാധനമാണ് സ്വാഭാവിക റബ്ബര്‍. ഇത് ഉല്പാദിപ്പിക്കുന്നത് കര്‍ഷകരാണ്. ടയര്‍ കമ്പനികളുടെ ഉടമകള്‍ വന്‍കിടക്കാരായ വ്യവസായികളും. റബ്ബറിന്റെ വില കുത്തനെ ഇടിച്ച് അമിതമായ ലാഭമുണ്ടാക്കുകയാണ് ടയര്‍ കമ്പനികള്‍. സ്വാഭാവിക റബ്ബറിന്റെ വില കുത്തനെ ഇടിയുന്നതിനു വേണ്ടിയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്.
ആസിയാന്‍ കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ സ്വാഭാവിക റബ്ബര്‍ യഥേഷ്ടം ഇറക്കുമതി ചെയ്യുവാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ കര്‍ഷകരുടെ റബ്ബര്‍ വാങ്ങാതെ അവരുടെമേല്‍ ടയര്‍ കമ്പനികള്‍ സമ്മര്‍ദം ചെലുത്തുന്നു. റബ്ബര്‍ ഷീറ്റ് വിറ്റാല്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്ന അവസ്ഥ കര്‍ഷകരില്‍ ഉണ്ടാക്കുന്നു. ഇത് കുറഞ്ഞവിലയ്ക്ക് റബ്ബര്‍ ഷീറ്റ് വിറ്റഴിക്കുവാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുന്നു. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണയിലൂടെ ടയര്‍ കമ്പനികള്‍ നടപ്പിലാക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നയം റബ്ബര്‍ കര്‍ഷകരെ തളര്‍ത്തിയപ്പോള്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികളാണ് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഒരു കിലോ റബ്ബറിന് 170 രൂപ അടിസ്ഥാന വിലയായി സര്‍ക്കാര്‍ നിശ്ചയിച്ചു. വിപണി വില കുറയുമ്പോള്‍ വ്യത്യാസം കര്‍ഷകന് നല്‍കുന്ന പദ്ധതി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമായി. അടിസ്ഥാന വില200 രൂപയായി വര്‍ധിപ്പിക്കണമെന്ന ന്യായമായ ആവശ്യവും കര്‍ഷകര്‍ ഉന്നയിക്കുന്നു. കേന്ദ്ര സര്‍ക്കാരാകട്ടെ റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള ഒരു പദ്ധതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രം ഒരു കിലോ റബ്ബറിന് 50 രൂപയെങ്കിലും അധികമായി നല്‍കാന്‍ തീരുമാനിച്ചാല്‍ ന്യായമായ വില കര്‍ഷകര്‍ക്ക് ലഭിക്കും. വിവിധ രാജ്യങ്ങള്‍ റബ്ബര്‍ കൃഷിക്ക് വന്‍തോതില്‍ സബ്സിഡി നല്‍കുന്നുണ്ട്. തായ്‌ലന്‍ഡ് ഒരു ഹെക്ടറിന് 2,08,000 രൂപയും മലേഷ്യ 1,57,800 രൂപയും ശ്രീലങ്ക 64,200 രൂപയും സബ്സിഡി നല്‍കുന്നതായാണ് കണക്ക്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഹെക്ടറിന് 25,000 രൂപ മാത്രമാണ് സബ്സിഡിയായി നല്‍കുന്നത്.
2011 വര്‍ഷത്തില്‍ സ്വാഭാവിക റബ്ബറിന്റെ വില 251 രൂപവരെ ഉയര്‍ന്നിരുന്നു. കൂടിയ വില കര്‍ഷകര്‍ക്ക് നല്‍കിയ സന്ദര്‍ഭത്തില്‍ സ്വാഭാവിക റബ്ബര്‍ കൊണ്ട് ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍ക്ക് കൂടിയ വിലയാണ് ടയര്‍ കമ്പനികള്‍ നിശ്ചയിച്ചത്. പിന്നീട് റബ്ബറിന്റെ വില കുത്തനെ കുറച്ച് ടയര്‍ ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കുകയാണ് കുത്തക കമ്പനികള്‍ ചെയ്തത്. റബ്ബര്‍ കൃഷി ചെയ്യുന്നതില്‍ ഭൂരിപക്ഷം പാവപ്പെട്ട, ഇടത്തരം കര്‍ഷകരാണ്. 98 ശതമാനം കര്‍ഷകരും രണ്ട് ഏക്കറില്‍ താഴെ മാത്രം കൃഷി ഉള്ളവരാണ്. രണ്ട് ശതമാനത്തിന് താഴെ കര്‍ഷകര്‍ക്ക് മാത്രമാണ് രണ്ട് ഏക്കറില്‍ കൂടുതലുള്ളത്.


ഇതുകൂടി വായിക്കൂ: കേരള ബജറ്റ്; കാര്‍ഷിക മേഖലയ്ക്ക് കൈനിറയെ


സ്വാഭാവിക റബ്ബറിന്റെ വില പകുതിയില്‍ താഴെയായി കുറഞ്ഞിട്ടും എന്തുകൊണ്ട് ടയറിന്റെ വില കുറഞ്ഞില്ല എന്ന ചോദ്യമാണ് കാലങ്ങളായി തുടരുന്നത്. എന്നാല്‍ ടയറിന്റെ വില കുറയ്ക്കാതിരിക്കാന്‍ കമ്പനികള്‍ പരസ്പരം ഒത്തുകളിക്കുകയായിരുന്നു. പുതിയ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനതത്വം തന്നെ വിപണിയിലെ മത്സരമാണ്. വിപണിയില്‍ നടക്കുന്ന മത്സരത്തിലൂടെ സാധനങ്ങളുടെ വില കുറയുകയാണ് ചെയ്യുക എന്നാണ് ഈ നയത്തെ പിന്തുണയ്ക്കുന്ന സാമ്പത്തിക വിദഗ്ധര്‍ വാദിക്കുന്നത്. എന്നാല്‍ ഇവിടെ കാണുന്നത് വിപണിയിലെ മത്സരമല്ല, ഒത്തുകളിയാണ്. കര്‍ഷകരെയും ഉപഭോക്താക്കളെയും വഞ്ചിക്കുന്ന ടയര്‍ കമ്പനികളുടെ നടപടികള്‍ക്കെതിരായി നിയമപോരാട്ടം നടക്കുകയാണ്. കേസ് ഇപ്പോള്‍ അപ്പീല്‍ ആയി സുപ്രീം കോടതിയുടെ മുന്നില്‍ എത്തിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്വതന്ത്രാധികാര സ്ഥാപനമായ കോമ്പിറ്റേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) മുന്നില്‍ വന്ന ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് ടയര്‍ കമ്പനികള്‍ നടത്തുന്ന കൊടുംകൊള്ള രാജ്യത്ത് ചര്‍ച്ചയായത്. ഈ കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്നത് എംആര്‍എഫ് നേതൃത്വം നല്‍കുന്ന വന്‍കിട ടയര്‍ കമ്പനികള്‍ അടങ്ങിയ കാര്‍ട്ടല്‍ ആണ്. സിസിഐക്ക് മുന്നിലുള്ള കേസിനെതിരായി വന്‍കിട ടയര്‍ കമ്പനികളുടെ കാര്‍ട്ടല്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് പോരാട്ടം നടത്തുകയാണ്.
ഇന്ത്യന്‍ ടയര്‍ വിപണിയുടെ 83 ശതമാനവും നിയന്ത്രിക്കുന്നത് വന്‍കിട കമ്പനികളായ എംആര്‍എഫ്, സിയറ്റ്, അപ്പോളോ ടയേഴ്സ്, ജെകെ ടയര്‍, ബിര്‍ള ടയര്‍ തുടങ്ങിയ കുത്തകകളാണ്. അവര്‍ കര്‍ഷകരെയും ഉപഭോക്താക്കളെയും കൊള്ളയടിച്ചതിന്റെ കണക്കുകളാണ് സിസിഐയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഒത്തുകളി നടത്തിയതിനും നിയമലംഘനം നടത്തി ഉപഭോക്താക്കളെയും കര്‍ഷകരെയും വഞ്ചിച്ചതിന്റെയും പേരില്‍ 1788 കോടി രൂപയാണ് കോമ്പിറ്റേഷന്‍ കമ്മിഷന്‍ കമ്പനികളുടെമേല്‍ പിഴ വിധിച്ചത്. എംആര്‍എഫ് 622.09 കോടി, അപ്പോളോ ടയേഴ്സ് 425.53 കോടി, സിയറ്റ് ലിമിറ്റഡ് 252.1 കോടി, ജെകെ ടയേഴ്സ് 309.95 കോടി, ബിര്‍ള ടയേഴ്സ് 178.33 കോടി രൂപ വീതം പിഴ അടയ്ക്കണമെന്നാണ് സിസിഐ വിധിച്ചത്.


ഇതുകൂടി വായിക്കൂ: കാര്‍ഷികരംഗത്ത് ആശങ്ക


കോമ്പിറ്റേഷന്‍ കമ്മിഷന്റെ അന്വേഷണ വിഭാഗം നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ വിധിപറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ കമ്പനി അപ്പലറ്റ് ബോര്‍ഡില്‍ ടയര്‍ വ്യവസായികള്‍ അപ്പീല്‍ നല്‍കി. അപ്പലറ്റ് ബോര്‍ഡാകട്ടെ ടയര്‍ കമ്പനികളുടെ സമ്മര്‍ദത്തിന് വിധേയമായി കോമ്പിറ്റേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവ് സ്റ്റേ ചെയ്തു. അതിനെതിരായി സിസിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
സ്വാഭാവിക റബ്ബറിന്റെ വില കുത്തനെ ഇടിച്ച കാലം മുതല്‍ കര്‍ഷകരുടെ രക്തം ഊറ്റിക്കുടിച്ചാണ് വന്‍കിടക്കാരായ ടയര്‍ കമ്പനികള്‍ വളര്‍ന്നു പന്തലിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എംആര്‍എഫ് മൂല്യം നാലു മടങ്ങായി വര്‍ധിച്ചു. 2013ല്‍ 3645 കോടി ആയിരുന്നത് 23 ആകുമ്പോഴേക്കും 14,590 കോടിയായി വര്‍ധിച്ചു. സിയറ്റ് 2012ലെ 679 കോടിയില്‍ നിന്നും 23ല്‍ 3439 കോടിയായിട്ടാണ് വര്‍ധിച്ചത്. റബ്ബറിന്റെ വില പകുതിയില്‍ താഴെ കുറച്ചതിലൂടെയാണ് ടയര്‍ കമ്പനികള്‍ക്ക് ഈ കൊള്ള നടത്താന്‍ കഴിഞ്ഞത്.
ഉപഭോക്താക്കളെയും റബ്ബര്‍ കര്‍ഷകരെയും കൊള്ളയടിച്ചുണ്ടാക്കിയ പണം ടയര്‍ കമ്പനികള്‍ തിരിച്ചുകൊടുക്കുവാന്‍ തയ്യാറാകണം. വിപണി സ്വതന്ത്രമായിരിക്കണമെന്നും മത്സരത്തിലൂടെ മാത്രമേ വിപണിയും സമ്പദ്ഘടനയും വളര്‍ച്ച പ്രാപിക്കുകയുള്ളൂ എന്നും വാദിച്ചവര്‍ ഒത്തുകളിച്ച് മത്സരം ഒഴിവാക്കി, ലാഭം കുന്നുകൂട്ടുകയാണ് ചെയ്തത്. ഈ വസ്തുത അംഗീകരിച്ച്, കര്‍ഷകരോടും ഉപഭോക്താക്കളോടും മാപ്പു പറയാന്‍ ടയര്‍ കുത്തകകള്‍ തയ്യാറാകണം. സുപ്രീം കോടതിയില്‍ കേസ് നടത്താതെ കര്‍ഷകരെയും ഉപഭോക്താക്കളെയും കൊള്ളയടിച്ച് കൈവശപ്പെടുത്തിയ പണം റബ്ബര്‍ കര്‍ഷകരെ സഹായിക്കാനും റബ്ബര്‍ കൃഷി അഭിവൃദ്ധിപ്പെടുത്തുന്ന പദ്ധതികള്‍ക്കായും കൈമാറണം.
ടയര്‍ കമ്പനികള്‍ നടത്തിയ കൊള്ളയ്ക്കെതിരെ കര്‍ഷകര്‍ ഒന്നിച്ച് മുന്നോട്ടുവരണം. ഡിസംബര്‍ ഒന്നിന് കോട്ടയത്ത് നടന്ന കര്‍ഷക കണ്‍വെന്‍ഷന്റെ പ്രഖ്യാപനം വന്‍കിട ടയര്‍ കമ്പനികള്‍ നടത്തുന്ന കൊള്ളയ്ക്കെതിരായിട്ടുള്ളതാണ്. കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ശക്തമായ ജനകീയ ഇടപെടലുകള്‍ വളര്‍ന്നുവരേണ്ടതായിട്ടുണ്ട്. അതിനുള്ള ആഹ്വാനമാണ് കോട്ടയത്ത് ചേര്‍ന്ന കണ്‍വെന്‍ഷന്‍ നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.