Web Desk

September 25, 2021, 5:38 am

സ്കീം തൊഴിലാളി അവകാശങ്ങൾ അംഗീകരിക്കപ്പെടണം

Janayugom Online

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയോജിത പദ്ധതികളുടെ ഭാഗമായി രാജ്യത്ത് ഏറ്റവും അടിത്തട്ടിൽ പ്രവർത്തിക്കുന്ന, എന്നാൽ തൊഴിൽ ആരോഗ്യസുരക്ഷ ലഭിക്കാത്ത വിഭാഗമാണ് സ്കീം തൊഴിലാളികൾ എന്നറിയപ്പെടുന്നവർ. കോവിഡിന്റെ മഹാമാരിക്കാലത്ത് നാം ഏറ്റവുമധികം ഉച്ചരിച്ച പേരുകളിൽ ഒന്ന് ആശാവർക്കർമാർ എന്നതായിരിക്കും. അവരുൾപ്പെടെ അങ്കണവാടി, സംയോജിത ഗ്രാമ വികസന പദ്ധതികളിൽ (പോഷകാഹാരപദ്ധതി, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ തുടങ്ങിയ) ജോലിയെടുക്കുന്നവർ, ഉച്ചഭക്ഷണ പദ്ധതിയിൽ തൊഴിലെടുക്കുന്നവർ എന്നിങ്ങനെ വിവിധ മേഖലകളിലായി ഇവരുടെ എണ്ണം ഒരു കോടിയിലധികമാണ്. ദേശീയ ആരോഗ്യദൗത്യം, 108 ആംബുലൻസ് തുടങ്ങിയ പദ്ധതികളിലെ ജീവനക്കാരും സ്കീം തൊഴിലാളികളെന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും അടിസ്ഥാന ജനവിഭാഗങ്ങളും സാധാരണക്കാരുമായ ജനങ്ങൾക്കിടയിൽ ഇടപഴകി ജീവിക്കുന്നവരാണ് അവർ. സമയക്രമം പോലുമില്ലാത്ത തൊഴിൽ രീതി. പക്ഷേ നിയതമായ സേവന വേതന വ്യവസ്ഥകളോ പരിഗണനകളോ ലഭിക്കാത്തവരാണ് ഈ വിഭാഗം. ഈ സാഹചര്യത്തിലാണ് ഇന്നലെ രാജ്യത്താകെയുള്ള സ്കീം തൊഴിലാളികളുടെ സംയുക്തവേദി പണിമുടക്ക് നടത്തിയത്.

 


ഇതുംകൂടി വായിക്കൂ: ആത്മനിര്‍ഭറിന്റെ പേരിലുള്ള വഞ്ചന


 

ഈ വിഭാഗങ്ങളെല്ലാം വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവന്ന ഘട്ടമായിരുന്നു കോവിഡിന്റെ മഹാമാരിക്കാലം. തങ്ങൾ സേവനം ചെയ്യുന്ന പ്രദേശത്ത് മറ്റെല്ലാവരെക്കാളും ഉയരെയായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. പ്രത്യേകിച്ച് ആശാവർക്കർമാരുടേത്. ഒരു വ്യക്തിക്ക് രോഗലക്ഷണം ഉണ്ടാകുന്നതു മുതൽ ആശാവർക്കർമാരുടെ സേവനം ആരംഭിക്കുന്നു. ആ വ്യക്തിയിലൊതുങ്ങുന്നുമില്ല. സമ്പർക്ക വിലക്കിലാകുന്ന കുടുംബത്തിനുള്ള സൗകര്യങ്ങൾ ജനപ്രതിനിധികളുമായി ചേർന്ന് ഒരുക്കൽ ഉൾപ്പെടെ എല്ലാം അവരുടെ ചുമതലയാകുന്നു. എല്ലാവരും അടച്ചിരുന്ന കാലത്തും പുറത്തിറങ്ങി വീടുകൾ കയറിയും ആശുപത്രികളിലെത്തിയും ജോലി ചെയ്യേണ്ടിവരുന്ന വിഭാഗമായിരുന്നു ഇവർ. ഒപ്പം മറ്റുള്ള സ്കീം തൊഴിലാളികളും ഇതേരീതിയിൽ തന്നെ സേവനം ചെയ്യേണ്ടി വരുന്നവരാണ്. എന്നിട്ടും മുൻനിര പ്രവർത്തകരുടെ പട്ടികയിൽ ഈ വിഭാത്തെ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മുൻനിര പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിധിയിൽ ഈ വിഭാഗങ്ങൾ ഉൾപ്പെട്ടിട്ടില്ല. ആശാവർക്കർമാർക്ക് 1000 രൂപ അധികവേതനം പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും അധികജോലി ചെയ്യുന്ന അവർക്ക് ആറുമാസം മാത്രമാണ് അത് ലഭിച്ചത്. വിവിധ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിനാൽ പല സംസ്ഥാനങ്ങളിലും വേതനം പോലും കുടിശികയായി സമരം നടത്തേണ്ട സ്ഥിതിയിലുമാണ്. ഇതിനൊപ്പമാണ് ഗുണഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ ബാങ്ക് മുഖേന നല്കുക തുടങ്ങിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതു വഴിയുള്ള ഭീഷണി. കൃത്യമായ പരിശീലനം നല്കാതെ നടപ്പിലാക്കിയ ഡിജിറ്റൈസേഷൻ മൂലമുണ്ടാകുന്ന നഷ്ടങ്ങളും ഇവർതന്നെ വഹിക്കേണ്ടിവരുന്ന സ്ഥിതിയുമുണ്ട്. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഈ വിഭാഗത്തിനായി നടപ്പിലാക്കിയിട്ടില്ല. ഇത്തരം ദയനീയമായ തൊഴിൽ ജീവിത സാഹചര്യത്തിലാണ് ഒരു കോടിയോളം വരുന്ന സ്കീം തൊഴിലാളികൾ ദേശവ്യാപകമായ പണിമുടക്കിന് നിർബന്ധിതമായത്. 17 ആവശ്യങ്ങളാണ് പണിമുടക്കിന് ആധാരമായി ഉന്നയിച്ചത്.

 


ഇതുംകൂടി വായിക്കൂ: കണക്കുകളില്ല, പല്ലവി എന്തിന്?


 

മുന്നണി പോരാളികളായി പ്രഖ്യാപിച്ച്, സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ നല്കുക, സുരക്ഷാ ഉപകരണങ്ങൾ അനുവദിക്കുക, ജിഡിപിയുടെ ആറുശതമാനം വിഹിതം ആരോഗ്യ മേഖലയ്ക്കായി നീക്കി വയ്ക്കുക, മുന്നണി പോരാളികൾക്കുള്ള 50 ലക്ഷം ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുക, കരാറടിസ്ഥാനത്തിലും അല്ലാതെയും പ്രവർത്തിക്കുന്ന എല്ലാ സ്കീം തൊഴിലാളികൾക്കും 1000രൂപ ബാധ്യതാ അലവൻസ് അനുവദിക്കുക, ജോലിക്കിടെ കോവിഡ് ബാധയുണ്ടായവർക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക, ഐസിഡിഎസ്, എൻഎച്ച്എം തുടങ്ങിയപദ്ധതികൾക്ക് സ്ഥിരമായും മതിയായതുമായ വിഹിതം അനുവദിക്കുക, ഇന്ത്യൻ ലേബർ കോൺഫറൻസ് ശുപാർശ ചെയ്ത കുറഞ്ഞ വേതനം 21,000 രൂപ, പെൻഷൻ 10, 000 രൂപ എന്നിവ അനുവദിക്കുക, ഉച്ചഭക്ഷണത്തൊഴിലാളികൾക്കും കുറഞ്ഞ വേതനം അനുവദിക്കുകയും സ്കൂളുകൾ പ്രവർത്തിക്കാത്തകാലയളവിലും വേതനം നല്കുകയും ചെയ്യുക തുടങ്ങിയ അടിസ്ഥാനപരമായ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

 


ഇതുംകൂടി വായിക്കൂ: ദേശീയ ആരോഗ്യ പ്രതിസന്ധിയും പ്രതിലോമ രാഷ്ട്രതന്ത്രവും


 

സേവന വേതന സുരക്ഷിതത്വം ഇല്ലെന്നതിനൊപ്പം തന്നെ ഈ മേഖലകളെയും സ്വകാര്യവല്ക്കരിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം നിലവിലുള്ള തൊഴിൽ സാധ്യത പോലും ഇല്ലാതാക്കുകയാണ്. ഇതുമൂലം പിരിച്ചുവിടൽ ഭീഷണിയും നിലനില്ക്കുകയാണ്. ചാരിറ്റിസംഘടനകളെയും കോർപ്പറേറ്റുകളെയും ഏല്പിച്ച് കൈകഴുകുന്നതിനാണ് സർക്കാർ നീക്കം. ലോകാരോഗ്യസംഘടന, യൂണിസെഫ് തുടങ്ങിയ സാർവദേശീയ കൂട്ടായ്മകൾ ജീവിതോപാധി നഷ്ടവും മറ്റും കാരണത്താലുള്ള ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവയ്ക്കെതിരെ നിരന്തരം മുന്നറിയിപ്പുകൾ നല്കുമ്പോഴാണ് കേന്ദ്രസർക്കാർ ഇത്തരം നടപടി സ്വീകരിക്കുന്നത്. അടിസ്ഥാന സേവനങ്ങളും പൊതുജനാരോഗ്യവും സുപ്രധാനമാണെന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിതി ആയോഗ് പോലുള്ള സ്ഥാപനങ്ങളുടെ നിർദ്ദേശത്തിന് വഴങ്ങി കേന്ദ്രം ഇത്തരം പദ്ധതികൾ ഉപേക്ഷിക്കുവാനോ സ്വകാര്യവല്ക്കരിക്കുവാനോ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ദാരിദ്ര്യലഘൂകരണം, പോഷകാഹാരമെത്തിക്കൽ, ആരോഗ്യ പരിപാലനം എന്നിവ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ലഭ്യമാക്കുന്നതിനായി അവിശ്രമം പ്രവർത്തിക്കുന്ന സ്കീം തൊഴിലാളികൾ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് നീതീകരണമുണ്ടാകുന്നത്.