28 September 2024, Saturday
KSFE Galaxy Chits Banner 2

സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയും രാജ്യത്തിന്റെ റോഹിംഗ്യന്‍ അഭയാര്‍ത്ഥി നയവും

പ്രൊഫ. കെ അരവിന്ദാക്ഷൻ
September 6, 2022 5:45 am

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയില്‍ പോലും കേള്‍ക്കാന്‍ കഴിയാതിരുന്ന സ്വാഗതാര്‍ഹമായൊരു പ്രഖ്യാപനമാണ് ഓഗസ്റ്റ് 17ന് കേന്ദ്ര നഗരസഭ ഭവനവകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരിയില്‍ നിന്നുണ്ടായത്. തീര്‍ത്തും അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനം എന്ന നിലയില്‍ അത് തുടക്കത്തില്‍തന്നെ അവിശ്വസനീയമായി തോന്നുകയും ചെയ്തിരുന്നു. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുന്നു എന്നതായിരുന്നു ആ പ്രഖ്യാപനം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും താല്ക്കാലിക ടെന്റുകളും കുടിലുകളും കെട്ടി നരകതുല്യമായ ജീവിതം നയിച്ചുവന്നിരുന്ന, ആയിരക്കണക്കിന് നിരപരാധികളും നിരാലംബരുമായ അഭയാര്‍ത്ഥി ജനതയ്ക്ക് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗക്കാര്‍ക്ക് (ഇഡബ്ല്യുഎസ്) ഫ്ലാറ്റുകളില്‍ മിനിമം താമസ സൗകര്യങ്ങളും സാമൂഹ്യ വിരുദ്ധരില്‍ നിന്നും പൊലീസ് സംരക്ഷണവും ഉറപ്പാക്കുമെന്നായിരുന്നു നിര്‍ദ്ദിഷ്ട പദ്ധതിയുടെ കാതല്‍. കേന്ദ്ര നഗര ഭവനകാര്യ മന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്ന് ഏതാനും മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളു, കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി അമിത് ഷായുടെ വക ഒരു വിശദീകരണക്കുറിപ്പു പുറത്തുവരുവാന്‍.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ നിയമവിരുദ്ധമായ വിധത്തിലാണ് ഇന്ത്യയിലെത്തിയിരിക്കുന്നതെന്നും അവരുടെ പുനരധിവാസ പദ്ധതിക്ക് രൂപം നല്കാനോ നടപ്പാക്കാനോ യാതൊരുവിധ തീരുമാനവും കേന്ദ്ര ഭരണകൂടം സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു അത്. കേന്ദ്ര ഭവന — നഗരവികസന മന്ത്രിയുടെ പ്രഖ്യാപനം തീര്‍ത്തും അത്ഭുതകരമായിരുന്നു എന്നതുപോലെതന്നെയാണ്, തുടര്‍ന്നു പുറത്തുവന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണവും. നഗരവികസന മന്ത്രിയുടെ വകയായി സമൂഹ മാധ്യമങ്ങളില്‍ വന്ന പ്രഖ്യാപനത്തില്‍ 1100 റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ അവര്‍ നരകതുല്യമായ ജീവിതം നയിക്കുന്ന ടെന്റുകളില്‍ നിന്നും ഫ്ലാറ്റുകളിലേക്ക് മാറാന്‍ വഴിയൊരുക്കുമെന്നായിരുന്നല്ലോ. തൊട്ടുപിന്നാലെ വന്ന അമിത് ഷായുടെ പ്രഖ്യാപനം വ്യക്തമാക്കിയത്, ഈ അഭയാര്‍ത്ഥികള്‍ക്ക് ആവാസ സ്ഥലം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയില്ലെന്നും അവരെ താല്ക്കാലികമായി പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളില്‍ നിന്നും കഴിയുന്നത്ര വേഗത്തില്‍ മ്യാന്‍മറിലേക്കുതന്നെ തിരികെ അയയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നുമാണ്. ഈ വിശദീകരണവും തുല്യമായ അത്ഭുതമാണുളവാക്കിയത്. ഹര്‍ദീപ് സിങ് പുരിയെപ്പോലെ കേന്ദ്ര മന്ത്രിസഭയിലെ ഒരു സീനിയര്‍ മന്ത്രി എന്നതിലുപരി ഒരു മുന്‍ നയതന്ത്രജ്ഞന്‍ കൂടിയായൊരു അംഗം ഇത്രയും സുപ്രധാനമായൊരു നയം വെറുതെയങ്ങ് പ്രഖ്യാപിക്കുമെന്ന് കരുതുക അസാധ്യവുമാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കായുള്ള ഭവനപദ്ധതിയുടെ ആനുകൂല്യം പരമ്പരാഗതമായി അഭയാര്‍ത്ഥികള്‍ക്ക് ലഭ്യമായി വന്നിരുന്ന നിലയില്‍ തന്നെ റോഹിംഗ്യന്‍ മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്കും നല്കുമെന്ന് മോഡി സര്‍ക്കാരിലെ ഒരു മുതിര്‍ന്ന അംഗം പ്രഖ്യാപിച്ചതില്‍ ആഹ്ലാദിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക? എന്നാല്‍, ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായത് തികഞ്ഞ നിരാശയും ഇച്ഛാഭംഗവുമായിരുന്നു.


ഇതുകൂടി വായിക്കൂ:   മനുഷ്യവിരുദ്ധരുടെ ‘സത്യാനന്തര കാലം’


ഡല്‍ഹിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കാളിന്ദീഗഞ്ച് മെട്രോ സ്റ്റേഷന് സമീപമുള്ള കുഞ്ചന്‍ കുഞ്ച്, മദന്‍പുര്‍ ഖദര്‍ എന്നിങ്ങനെ യുപി സംസ്ഥാനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ജീവിതം തള്ളിനീക്കിവരുന്നത്. 2012 ല്‍ ആദ്യ ബാച്ചില്‍ എത്തിയതായി കരുതപ്പെടുന്നത് 1200 റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ്. അവര്‍ക്ക് അഭയാര്‍ത്ഥികളെന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ കിട്ടുന്നത് യുഎന്‍എച്ച്സിആര്‍ എന്ന ഐക്യരാഷ്ട്ര സഭാ അഭയാര്‍ത്ഥികാര്യ ഏജന്‍സി ഓഫീസിനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനു ശേഷമായിരുന്നു എന്നോര്‍ക്കുക. ഇതിനുശേഷമാണ് ദക്ഷിണ ഡല്‍ഹിയിലെ ഈ കേന്ദ്രത്തില്‍ അവര്‍ തമ്പടിച്ചതും. തികച്ചും ദുരിതപൂര്‍ണമായ ജീവിത പശ്ചാത്തലവുമായിട്ടാണ് അവര്‍ക്കിവിടെ മച്ചിടേണ്ടിവന്നത്. 2012 ജൂണ്‍ 13 ന് റോഹിംഗ്യന്‍ ക്യാമ്പുകളിലൊന്ന് എങ്ങനെയോ തീപിടിച്ച് കത്തിനശിക്കുകയുണ്ടായി. ക്യാമ്പ് പണിതിരുന്ന ഭൂമി യുപി സര്‍ക്കാരിന്റെ ജലസേചന വകുപ്പു വകയായിരുന്നു. തീപിടിത്തമുണ്ടാകുന്നതിന് തലേന്നാള്‍ ഈ വകുപ്പിന്റെ വക ഒരു നോട്ടീസ് കിട്ടിയിരുന്നു. ക്യാമ്പ് പൊളിച്ചുമാറ്റണമെന്നതായിരുന്നു അതിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഒരു എന്‍ജിഒവിന്റെ വക സക്കാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ഭൂപ്രദേശത്തേക്കാണ് ഈ ക്യാമ്പിലുള്ളവര്‍ക്ക് പുനരധിവാസ ടെന്റ് ഒരുക്കാന്‍ അനുമതി നല്കിയത്. ഇവര്‍ക്കാവശ്യമായ ടെന്റും വെള്ളവും വൈദ്യുതിയും സജ്ജമാക്കിയത് ഡല്‍ഹി സര്‍ക്കാരുമായിരുന്നു. ഒരു മൊബൈല്‍ ടോയ്‌ലറ്റും ഒരുക്കിയിരുന്നു. ഇത്തരം സൗകര്യങ്ങള്‍ കുടിയേറ്റ കുടുംബങ്ങള്‍ക്കായി സജ്ജമാക്കുന്നതിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ചെലവാക്കിയിരുന്നത് പ്രതിമാസം ഏഴു ലക്ഷം രൂപാ വീതമായിരുന്നുവത്രെ. ഇത്തരമൊരു സാഹചര്യം നിലവിലിരിക്കെയാണ് ഡല്‍ഹി സര്‍ക്കാര്‍ ചീഫ് സെക്രട്ടറി 2021 ജൂലൈ 29ന് വിളിച്ചുചേര്‍ത്തൊരു യോഗത്തില്‍ റോഹിംഗ്യന്‍ കുടുംബങ്ങളെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കായുള്ള ഫ്ലാറ്റുകള്‍ കെട്ടി അവയെ കരുതല്‍ കേന്ദ്രങ്ങളെന്ന നിലയില്‍ പൊലീസ് സംരക്ഷണത്തോടെ മാറ്റി സ്ഥാപിക്കാനും താമസിപ്പിക്കാനും തീരുമാനമെടുക്കുന്നത്. അവിടെ താമസമാക്കിയവര്‍ പറയുന്നത് അവര്‍ക്ക് പൊലീസിന്റെ സംരക്ഷണമുണ്ടെന്നും എന്നാല്‍ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് അത് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നുമാണ്.

ക്യാമ്പിന്റെ പരിസരത്തുതന്നെ ഒരു പൊലീസ് സ്റ്റേഷനുമുണ്ട്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ആവാസകേന്ദ്രങ്ങള്‍ ഒരുക്കുന്നതിലും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലും ഡല്‍ഹി കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പങ്ക് എന്താണെന്നു പരിശോധിക്കാം. സംസ്ഥാന പദവിയില്ലാത്ത എഎപി ഭരണകൂടത്തിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താല്ക്കാലിക സംവിധാനങ്ങളുമായി ഏറെക്കാലം മുന്നോട്ടുപോകുന്നതിന് പരിമിതികളുണ്ടാവുക സ്വാഭാവികമാണല്ലോ. ഇതിന് എന്ത് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കെയാണ് വിദേശികള്‍ക്കായാലും ഇത് പ്രാദേശിക രജിസ്ട്രേഷന്‍ ഓഫീസി (ഫെറൊ)ല്‍ നിന്നും വിദേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിസകള്‍ സജ്ജമാക്കാനുമായി ബന്ധപ്പെട്ട ബാധ്യത നിര്‍വഹിക്കാനുള്ള ചുമതലകള്‍ക്കപ്പുറം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അനുയോജ്യമായൊരു ഇടം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു. ഈ ഓഫീസിന്റെ പ്രവര്‍ത്തനവും ഭരണ ചുമതലയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അധികാര പരിധിയിലാണുള്ളത്. ഡല്‍ഹി ഒരു കേന്ദ്രഭരണ പ്രദേശമായതിനാല്‍ നിയമ സമാധാന പാലനം കേന്ദ്ര അഭ്യന്തര വകുപ്പിന് കീഴിലാണെന്ന സവിശേഷ സ്ഥിതിയുമുണ്ട്. സ്വാഭാവികമായും ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന ജനാധിപത്യ സര്‍ക്കാരായ കെജ്‌രിവാള്‍ സര്‍ക്കാരിനെയും എഎപിയെയും ഇത്തരം ചര്‍ച്ചകളിലൊന്നും പങ്കെടുപ്പിക്കാനുള്ള ജനാധിപത്യ മര്യാദ, ഫാസിസ്റ്റ് ഭരണത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന മോഡിയും അമിത് ഷായും പാലിച്ചതുമില്ല. ഇതിലവര്‍ക്ക് ന്യായമായ പ്രതിഷേധവുമുണ്ട്. ബംഗാളി സാമ്യം തോന്നിക്കുന്നൊരു ഭാഷ സംസാരിക്കുന്നവരും മ്യാന്‍മറിലെ രാഖയ്ന്‍ പ്രവിശ്യാ നിവാസികളും ഭൂരിഭാഗവും മുസ്‌ലിം മതവിശ്വാസികളുമായ ഒരുകൂട്ടം അഭയാര്‍ത്ഥികളാണ് റോഹിംഗ്യന്മാര്‍. ഇവരെ “സ്വദേശികളായ വിദേശി‘കളെന്നോ ‘സഹപൗരന്മാര്‍’ എന്നോ ആണ് മ്യാന്‍മര്‍ വിശേഷിപ്പിച്ചുവരുന്നത്. ഇവര്‍ മ്യാന്‍മറില്‍ നിന്നും ജീവന്‍ രക്ഷാര്‍ത്ഥം ആഭ്യന്തര കലാപത്തിന്റെ ഫലമായി സ്വദേശികളുടെ ആക്രമണങ്ങളില്‍ നിന്നും 2012 ല്‍ മ്യാന്‍മര്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരാണ്. മ്യാന്‍മറിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ പട്ടാള ഭരണത്തിന്റെ നരനായാട്ട് ഭയന്നോടിയവരാണിവര്‍. 2017 ല്‍ ഈ വേട്ടയാടല്‍ പ്രക്രിയ രൂക്ഷമായതോടെ ലക്ഷക്കണക്കിന് റോഹിംഗ്യക്കാരാണ് ബംഗ്ലാദേശില്‍ അഭയം തേടി എത്തിയത്. അഞ്ച് ലക്ഷത്തോളം പേര്‍ 2012 ല്‍ തന്നെ സൗദി അറേബ്യയില്‍ അഭയം തേടിയിരുന്നതുമാണ്.


ഇതുകൂടി വായിക്കൂ: കട്ടുറുമ്പുകള്‍ സ്വര്‍ഗം വാഴുന്ന കാലം 


ഡല്‍ഹിയില്‍ ഇവര്‍ എത്തിയത് 2012 ല്‍ തന്നെയായിരുന്നു. ലേഖനം അവസാനിപ്പിക്കുന്നതിനു മുമ്പ് രണ്ട് പ്രധാന കാര്യങ്ങള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇതിലൊന്ന് നാം ഇതിനകം എത്ര റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തിയിട്ടുണ്ടെന്നും എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പരിശോധിക്കുകയാണ്. രണ്ട്, അഭയാര്‍ത്ഥികളെ സംബന്ധിക്കുന്ന ഇന്ത്യയിലെ മോഡി ഭരണകൂടത്തിന്റെ സത്യസന്ധമായ നയസമീപനമെന്താണെന്നും റോഹിംഗ്യക്കാരോടുള്ളതിനു സമാനമായ സമീപനമാണോ, മറ്റു രാജ്യങ്ങളില്‍ നിന്നും മറ്റ് മതവിഭാഗങ്ങളിലുള്ളവരില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തുന്നവരോടുള്ളതെന്നും പരിശോധിക്കപ്പെടേണ്ടതാണ്. ഇതില്‍ ആദ്യ വിഷയമെടുത്താല്‍ 2018 ല്‍ നാം ഏഴ് റോഹിംഗ്യക്കാരെ വ്യക്തമായ തിരിച്ചറിയല്‍ രേഖകളുമായി മ്യാന്‍മറിലേക്ക് തിരികെ അയച്ചിരുന്നു. അവരെ കണ്ടെത്തിയത് 2012ല്‍ അസമില്‍ നിന്നാണ്. കരുതല്‍ തടങ്കലിലായിരുന്ന ഇവര്‍ മ്യാന്‍മര്‍ എംബസി വഴി, മ്യാന്‍മര്‍ സര്‍ക്കാരിന് രേഖാമൂലം സമര്‍പ്പിച്ച രേഖയില്‍ ഏറ്റുപറഞ്ഞിരുന്നത് അവര്‍ സ്വന്തം ഇഷ്ടാനുസരണമാണ് തിരികെ വരുന്നതെന്നുമായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 2018 ല്‍ ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് എന്ന എന്‍ജിഒ വെളിപ്പെടുത്തിയത് സമാനമായ രേഖകളോടെ 12 റോഹിംഗ്യക്കാരെ മ്യാന്‍മറിലേക്ക് തിരികെ അയച്ചു എന്നാണ്.

അതേ അവസരത്തില്‍ ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള മനുഷ്യാവകാശ സംരക്ഷണ സംവിധാനമായ യു എന്‍എച്ച്സിആറിന് ഈ വസ്തുത നേരില്‍ പരിശോധിച്ച് തൃപ്തിപ്പെടാന്‍ അവസരം നല്കപ്പെട്ടിട്ടില്ല എന്നുമാണ്. ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ കൃത്യമായ കണക്കുകളും ലഭ്യമല്ലെന്നതാണ് അനുഭവം. കേന്ദ്ര ആഭ്യന്തര വകുപ്പ് സ്റ്റേറ്റ് മന്ത്രി കിരണ്‍റിജിജു 2017 ഡിസംബറില്‍ പാര്‍ലമെന്റിനെ അറിയിച്ചത്, ഇന്ത്യയില്‍‍ 40,000 റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണുള്ളതെന്നാണ്. ഇതില്‍ 5,700 പേര്‍ ജമ്മു, തെലങ്കാന, പഞ്ചാബ്, ഹരിയാന, യുപി, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ്. ഇവരില്‍ 16,000 പേര്‍ മാത്രമാണ് യുഎന്‍ അഭയാര്‍ത്ഥി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൃത്യമായ കണക്കുകളല്ല ഇതൊന്നും എന്ന് സമ്മതിക്കുന്ന കേന്ദ്ര മന്ത്രി ഇതിനു കാരണമായി പറയുന്നത്, നിരവധിപേര്‍ നുഴഞ്ഞു കയറ്റക്കാരായി വരുന്നവരാകണമെന്നതാണ്. 2017 ല്‍ അതിര്‍ത്തി രക്ഷാസേന ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഇത്തരത്തില്‍ 87 റോഹിംഗ്യക്കാരെ പിടികൂടുകയും അതില്‍ 76 പേരെ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. 1951 ലെ അഭയാര്‍ത്ഥികളെ സംബന്ധിക്കുന്ന യുഎന്‍ കണ്‍വെന്‍ഷനിലും 1967 ലെ യുഎന്‍ പ്രോട്ടോക്കോളിലും ഇന്ത്യ കക്ഷിയായിട്ടില്ലെങ്കിലും സാമാന്യ മര്യാദയുടെയും മനുഷ്യത്വത്തിന്റെയും പേരില്‍ ഒരു ജനാധിപത്യ രാജ്യം എന്ന് ‘അവകാശപ്പെടുന്ന’ ഒരു ഭരണകൂടത്തിന് അഭയാര്‍ത്ഥികളെ ദ്രോഹിക്കാനുള്ള അവകാശമൊന്നുമില്ല.


ഇതുകൂടി വായിക്കൂ:  തീവ്രഹിന്ദുത്വ വാദികളുടെ ദേശീയത  


വിദേശത്തു നിന്നെത്തുന്നവരെ ബാധിക്കുന്ന ഏതാനും ചില നിയമങ്ങള്‍ വേറെയുമുണ്ട്. 1946 ലെ പോറിനേഴ്സ് ആക്ട്, 1939 ലെ രജിസ്ട്രേഷന്‍ ഓഫ് ഫോറിനേഴ്സ് ആക്ട്, 1920 ലെ പാസ്പോര്‍ട്ട് (എന്‍ട്രി ഇന്റു ഇന്ത്യ ആക്ട്) സിറ്റിസണ്‍ഷിപ്പ് ആക്ട്, 1955 എന്നിവ ഇതില്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ 1955 ലെ ഇന്ത്യ പൗരത്വ നിയമ ഭേദഗതിയാണ് അതിവിപുലവും ശക്തവുമായൊരു ദേശീയ പ്രക്ഷോഭണത്തെ മോഡി സര്‍ക്കാരിന് നേരിടേണ്ടിവന്നതുമാണല്ലോ. ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമെന്ന നിലയില്‍ രാജ്യത്തെമ്പാടുമുള്ള ഹിന്ദു — ഇതര മതവിശ്വാസികളെ വിദേശികളെന്ന് മുദ്രകുത്തി രാജ്യത്തു നിന്നും നാടുകടത്തുമെന്ന സംഘ്പരിവാര്‍ പ്രഖ്യാപനവും റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിതന്നെ മുന്‍കൈയെടുത്ത് പ്രഖ്യാപിച്ച പദ്ധതി വിഎച്ച്പി എന്ന തീവ്ര ഹിന്ദുത്വവാദി സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അമിതാവേശം പ്രകടിപ്പിച്ചിട്ട് ഏതാനും നാളുകളല്ലേ കഴിഞ്ഞിട്ടുള്ളു.

ഈ തീരുമാനം പ്രയോഗത്തില്‍ വന്നിരിക്കത്തന്നെ ഡല്‍ഹിയിലും രാജസ്ഥാന്‍, ഗുജറാത്ത്, ഛത്തീസ്ഗഡ്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ താല്ക്കാലിക താവളങ്ങളില്‍ കഴിയുന്ന പാകിസ്ഥാനി ഹിന്ദുക്കള്‍ക്കും ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വംശജര്‍ക്കും ടിബറ്റില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കേന്ദ്ര മോഡി സര്‍ക്കാര്‍ നേരിട്ട് ധനസഹായത്തിനു പുറമെ, സബ്സിഡിയോടുകൂടിയ റേഷന്‍ സൗകര്യങ്ങളും വസ്ത്രങ്ങളും പാചകത്തിനാവശ്യമായ പാത്രങ്ങളും മാത്രമല്ല, ശവസംസ്കാരത്തിനാവശ്യമായ സംവിധാനങ്ങളും ചികിത്സാ സഹായവുമെല്ലാം നല്കിവരുന്ന കാര്യവും മോഡി ഭരണകൂടത്തിന്റെ റോഹിംഗ്യന്‍ അഭയാര്‍ത്ഥി വിരുദ്ധ നയവുമായി ചേര്‍ത്തുകാണേണ്ടതാണ്. ഇന്ത്യന്‍ ജനതയെ മാത്രമല്ല, അയല്‍ രാജ്യങ്ങളില്‍ ചിലതില്‍ നിന്നുള്ള ന്യൂനപക്ഷ മുസ്‌ലിം സമുദായാംഗങ്ങളെ തിരഞ്ഞുപിടിച്ച് കണ്ടെത്തി അവരെ നാടുകടത്തുന്നതും എന്തടിസ്ഥാനത്തിലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. 2014 ഡിസംബര്‍ 31 ലെ കണക്കു നോക്കിയാല്‍ രാജ്യത്താകെ 2,89,394 പേര്‍ സ്റ്റേറ്റ്ലസ് വിഭാഗത്തിലാണുള്ളത്. ഇതില്‍ 10,000 ബംഗ്ലാദേശികളും 10,000 ശ്രീലങ്കക്കാരുമുണ്ടത്രെ. താല്ക്കാലികമായി നിര്‍ത്തിവയ്ക്കപ്പെട്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമം പുനരവതാരം നടത്തുന്നതോടെ എന്താണ് സംഭവിക്കുക എന്നത് ആകാംക്ഷയോടെ കാത്തിരിക്കാന്‍ മാത്രമേ സാധ്യമാകൂ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.