26 April 2024, Friday

വിദ്വേഷത്തിന്റെ വിഷബീജങ്ങള്‍ നശിക്കണം

Janayugom Webdesk
October 23, 2022 5:00 am

കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതു മുതല്‍ കുപ്രസിദ്ധമായി തീര്‍ന്ന സംജ്ഞയാണ് വിദ്വേഷ പ്രസംഗമെന്നത്. വെറുപ്പ് വിസര്‍ജിച്ചുകൊണ്ട് സ്വന്തം അണികളെ ഉന്മത്തരാക്കുകയും എതിരാളികളെ, പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്നവരെ കൊല്ലുന്നതിനും ആക്രമിക്കുന്നതിനും സജ്ജമാക്കുകയും ചെയ്ത എത്രയോ പ്രസംഗങ്ങളാണ് രാജ്യത്തിന്റെ പല കോണുകളില്‍ നിന്നായി നാം കേള്‍ക്കേണ്ടി വന്നത്. ഒരാഴ്ച മുമ്പാണ് ഡല്‍ഹിയില്‍ കൈവെട്ടുക, തലയറുക്കുക എന്ന് ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തി(സിഎഎ)നെതിരായ പ്രക്ഷോഭങ്ങള്‍ കത്തിപ്പടര്‍ന്നപ്പോള്‍ 2020 ഫെബ്രുവരി അവസാനം വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന്റെ തീപ്പൊരി പടര്‍ത്തിയത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളായിരുന്നു. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി, ആര്‍എസ്എസ് നേതാവ് കപില്‍ മിശ്ര എന്നിവരാണ് സിഎഎ വിരുദ്ധ സമരത്തിന് തൊട്ടടുത്തെത്തി അണികളെ കലാപത്തിന് പ്രേരിപ്പിക്കുന്നവിധം പ്രസംഗിച്ചത്. 53 പേരുടെ ജീവഹാനിക്കു കാരണമായ കലാപത്തിനിടയാക്കിയ പ്രസംഗം നടത്തിയ ഇരുവര്‍ക്കുമെതിരെ അമിത് ഷായുടെ കീഴിലുള്ള ഡല്‍ഹി പൊലീസ് കേസെടുത്തില്ലെന്നു മാത്രമല്ല ഇരകളാക്കപ്പെട്ട മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ കൂടുതല്‍ കേസുകളുണ്ടാക്കുകയും ചെയ്തു. പരമോന്നത കോടതിയുടെ വരെ പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോഴാണ് കപില്‍ മിശ്രയ്ക്കെതിരെ ലഘുവായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നതിന് സന്നദ്ധമായത്. വെറുപ്പ് വിതറുകയും തുടര്‍ന്ന് കലാപങ്ങള്‍ നടത്തുകയും ചെയ്യുന്ന പതിവ് എത്രയോ തവണ, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആവര്‍ത്തിച്ചു. പല കോടതികളും ഇതിനെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഫലപ്രദമായ നടപടികളല്ല ബിജെപി സര്‍ക്കാരുകള്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ വിദ്വേഷ പ്രസംഗങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അതിനെ തുടര്‍ന്ന് ഏകപക്ഷീയമായ അതിക്രമങ്ങളും ചിലപ്പോഴൊക്കെ കലാപങ്ങളും ഉണ്ടായി. വിദ്വേഷ പ്രസംഗങ്ങളും വ്യാജപ്രചരണങ്ങളും നടത്തിയാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആര്‍എസ്എസ്-ബിജെപി, സംഘ്പരിവാര്‍ സംഘടനകള്‍ വ്യാപകമായ അഴിഞ്ഞാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  2024 ബിജെപിയ്ക്ക് വെല്ലുവിളി: അമിത്ഷായും മോഡിയും ഓട്ടം തുടങ്ങി


ആദ്യകാലത്ത് ബിജെപിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ചില മുഖങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഉമാ ഭാരതി, പ്രഗ്യാസിങ് തുടങ്ങിയവരിലൊതുങ്ങുന്നു അത്. എന്നാല്‍ കേന്ദ്രവും ചില സംസ്ഥാനങ്ങളും ബിജെപി ഭരണത്തിലായതോടെ എല്ലാവരും വിദ്വേഷ പ്രസംഗകരായി എന്നതാണ് പ്രത്യേകത. മനോജ് തിവാരി, കപില്‍ മിശ്ര എന്നിവര്‍ക്കു പുറമേ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍, ലോക്‌സഭാംഗം പര്‍വേഷ് വര്‍മ, ബിജെപി വക്താവ് അശ്വിനി ഉപാധ്യായ, വിവിധ ഹിന്ദു സംഘടനാ നേതാക്കളായ സുശീല്‍ കുമാര്‍ തിവാരി, പിങ്കി ചൗധരി, ഉത്തം ഉപാധ്യായ, ദീപക് കുമാര്‍, പ്രീത് സിങ്, വിനോദ് ശര്‍മ, സുരേഷ് ചൗഹെങ്കെ, യതി നരസിംഹാനന്ദ, പര്‍വേഷ് വര്‍മ, ഭാന്തേ രാഹുല്‍, നന്ദ് കിഷോര്‍ ഗുജ്ജാര്‍, യോഗേഷ് ആചാര്യ തുടങ്ങി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മാത്രം വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കുറ്റാരോപിതരായവരുടെ എണ്ണം നിരവധിയാണ്. അതിനുള്ള കാരണം തങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന ബോധ്യം അവര്‍ക്കുണ്ട് എന്നതുതന്നെയാണ്. ഈ പറഞ്ഞ പേരുകളില്‍ ആര്‍ക്കും ശക്തമായ നിയമ നടപടികള്‍ പോലും നേരിടേണ്ടിവന്നില്ലെന്നുമോര്‍ക്കണം. ചിലര്‍ക്കെതിരെയെങ്കിലും നടപടികള്‍ക്ക് നിര്‍ബന്ധിതരായത് കോടതികളുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നുമാത്രവും. അതേസമയം ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങിയവര്‍ക്കെതിരെ ഇതേ കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുന്നതിനും പൊലീസ് മടികാട്ടിയില്ല.


ഇതുകൂടി വായിക്കൂ:  വര്‍ഗീയ പ്രീണന നയങ്ങള്‍ക്കെതിരെ കരുതിയിരിക്കുക


ഇത്തരമൊരു പശ്ചാത്തലത്തിലാണ് വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരുകള്‍ കാട്ടുന്ന അലംഭാവത്തെ നിശിതമായി വിമര്‍ശിച്ചും കര്‍ശന നിര്‍ദ്ദേശം നല്കിയുമുള്ള സുപ്രീം കോടതിയുടെ പ്രസ്താവം പ്രസക്തമാകുന്നത്. സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ഒരാഴ്ച മുമ്പ് ചീഫ് ജസ്റ്റിസ് യു യു ലളിത് മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെ വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ അന്തരീക്ഷത്തെ മലിനീകരിക്കുന്നുവെന്ന് നിരീക്ഷിച്ചിരുന്നതാണ്. ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഇതുസംബന്ധിച്ച മറ്റൊരു ഹര്‍ജിയും പരിഗണിക്കുന്നുണ്ട്. എല്ലാ ഹര്‍ജികളിലും വിദ്വേഷ പ്രസംഗത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിസംഗതയും അലംഭാവവും തന്നെയാണ് പരാമര്‍ശ വിഷയമാകുന്നത്. ഈ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് പരമോന്നത കോടതി നടത്തിയിരിക്കുന്ന നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ കാണേണ്ടതുണ്ട്. പക്ഷപാതപരവും വിദ്വേഷാധിഷ്ഠിതവുമായ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ ഇവിടെ തുറന്നുകാട്ടപ്പെടുന്നു. അതുകൊണ്ട് പരമോന്ന കോടതിയുടെ നിലപാടിലെ കാര്‍ക്കശ്യം മനസിലാക്കി, രാജ്യത്തിന്റെ അന്തരീക്ഷം മലിനപ്പെടുത്തുന്ന വിദ്വേഷ പ്രസംഗത്തിന്റെ വിഷബീജങ്ങള്‍ നശിപ്പിക്കുന്നതിന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.