8 May 2024, Wednesday

നിയന്ത്രണങ്ങളുടെ രണ്ടോണം കടന്ന്

Janayugom Webdesk
September 8, 2022 5:00 am

കോവിഡ് മഹാമാരിയുടെ അസാധാരണമായ പരിതസ്ഥിതിയില്‍ രണ്ടോണം ഒഴിവാക്കേണ്ടിവന്ന മലയാളികള്‍ ലോകമെങ്ങും ആഘോഷത്തിമിര്‍പ്പോടെയാണ് ഇത്തവണ ഓണത്തെ വരവേല്ക്കുന്നത്. 2020ലെ ഓണത്തെ പൂര്‍ണമായും ഒഴിവാക്കിയ മലയാളികളുടെ മുന്‍വര്‍ഷത്തെ ഓണത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ആത്യന്തികമായി അവസാനിച്ചിട്ടില്ലെങ്കിലും നിയന്ത്രണങ്ങളുടെ കെട്ടുപാടുകളെല്ലാം ഉപേക്ഷിച്ച് നഷ്ടപ്പെട്ട രണ്ടോണങ്ങളുടെയും ആഘോഷത്തിമിര്‍പ്പുകള്‍ ചേര്‍ത്ത് വന്‍ഘോഷത്തോടെയാണ് ഇത്തവണത്തെ ഓണം പൊടിപൊടിക്കുന്നത്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളില്‍ നിന്ന് വലിയൊരു വിഭാഗം — പ്രത്യേകിച്ച് അസംഘടിത മേഖലയിലുള്ളവര്‍ — പൂര്‍ണമായും മുക്തി നേടിയില്ലെന്നത് വസ്തുതയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വികലവും ജനവിരുദ്ധവുമായ നയങ്ങളും ആഗോള തലത്തില്‍ സംഭവിച്ച തിരിച്ചടികളും പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിച്ച പശ്ചാത്തലവുമുണ്ട്. പണപ്പെരുപ്പം എല്ലാ കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തുകയും രൂപയുടെ മൂല്യശോഷണം വന്‍തോതിലാവുകയും ചെയ്തു. അതുകൊണ്ടുതന്നെ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കടമെടുത്താണ് നിത്യ നിദാന ചെലവുകള്‍പോലും നടത്തേണ്ടിവരുന്നത്. കേന്ദ്രത്തിന്റെ നിബന്ധനകള്‍ കടമെടുക്കുന്നതിന് തടസമാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വന്നെത്തുന്ന ഓണം ഭൂരിപക്ഷം മലയാളികള്‍ക്കും പ്രതിസന്ധി തീര്‍ക്കേണ്ടതായിരുന്നു. പക്ഷേ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് തുടര്‍സര്‍ക്കാരിന്റെ സമയോചിതവും ക്ഷേമോത്സുകമായ നടപടികള്‍ ഓണം സമൃദ്ധമായി ആഘോഷിക്കുന്നതിനുള്ള അവസരം സൃഷ്ടിച്ചു.


ഇതുകൂടി വായിക്കൂ: അതിജീവനത്തിന്റെ അടുത്ത ഓണം


സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വേര്‍തിരിവുകളില്ലാതെ സൗജന്യ ഭക്ഷ്യക്കിറ്റ് നല്കുവാനുള്ള തീരുമാനം വലിയ ആശ്വാസമാണ് എല്ലാ കുടുംബങ്ങള്‍ക്കും നല്കിയത്. ഒരു കുടുംബത്തിന് അവശ്യംവേണ്ട ഭക്ഷ്യ വസ്തുക്കളടങ്ങിയ സൗജന്യക്കിറ്റ് ഇന്നലെ വരെ 84 ലക്ഷത്തിലധികം കാര്‍ഡുടമകള്‍ക്കാണ് വിതരണം ചെയ്തത്. രണ്ടുമാസത്തെ ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിന് മുമ്പുതന്നെ ഗുണഭോക്താക്കളുടെ കയ്യില്‍ നേരിട്ടെത്തിക്കുന്നതിനും സാധിച്ചു. ക്ഷേമ ബോര്‍ഡുകള്‍ക്കു കീഴിലുള്ള ആറര ലക്ഷത്തിലധികം പേരുള്‍പ്പെടെ 57 ലക്ഷം പേര്‍ക്കാണ് രണ്ടുമാസത്തെ തുക 3,200 രൂപ ഒന്നിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്കിയത്. ഇതിനു പുറമേ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാ പകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബോണസും ഓണം അലവന്‍സും യഥാസമയംതന്നെ വിതരണം ചെയ്യുന്നതിന് സര്‍ക്കാരിനായി. ജീവനക്കാര്‍ക്ക് 4000രൂപ, ബോണസിന് അര്‍ഹതയില്ലാവര്‍ക്ക് ഓണം അല വന്‍സായി 2750 രൂപ, പെന്‍ഷന്‍കാര്‍ക്ക് ഉത്സവകാലബത്ത യായി 1000 രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. അസംഘടിത മേഖലയിലുള്ള, സര്‍ക്കാര്‍ നേരിട്ട് ഉത്സവബത്ത നല്കേണ്ട എല്ലാ വിഭാഗങ്ങള്‍ക്കും കാലവിളംബമില്ലാതെ നിശ്ചിത തുക വിതരണം ചെയ്യുകയുമുണ്ടായി. തൊഴിലാളികള്‍ ആവശ്യപ്പെട്ടതിനോ ആഗ്രഹിച്ചതിനോ അനുസരിച്ചായില്ലെങ്കിലും യഥാസമയം തുക ലഭിച്ചുവെന്നത് ആശ്വാസമായി. അടച്ചിടപ്പെട്ട സ്ഥാപനങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് സഹായം നല്കുകയും ചെയ്തു. സ്വകാര്യ സ്ഥാപനങ്ങളില്‍ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ച് ബോണസ് ലഭ്യമാക്കുന്നതിനുള്ള നടപടികളുമുണ്ടായി. ഇതെല്ലാംകൊണ്ടുതന്നെ സംഘര്‍ഷഭരിതമല്ലാത്ത തൊഴില്‍ മേഖലയുടെ ഓണം കൂടിയാണ് ഇത്തവണയും.


ഇതുകൂടി വായിക്കൂ: മഹാമാരിക്കാലത്തെ രണ്ടാം ഓണം


നേരത്തെ സൂചിപ്പിച്ചതുപോലെ വന്‍വിലക്കയറ്റത്തിനുള്ള എല്ലാ സാധ്യതകളും നിലനില്ക്കേയാണ് ഓണമെത്തിയതെങ്കിലും വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഇടപെടലിനെ തുടര്‍ന്ന് വിപണിയില്‍ വേണ്ടത്ര വിലക്കയറ്റമുണ്ടായില്ല. സൗജന്യ ഭക്ഷ്യക്കിറ്റിനു പുറമേ ഓണച്ചന്തകളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ സപ്ലൈകോ, സഹകരണ വകുപ്പിന്റെ കണ്‍സ്യൂമര്‍ഫെഡ്, കൃഷി വകുപ്പിന്റെ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്‌പിസികെ എന്നിവ രംഗത്തെത്തിയത് വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിനുള്ള ശക്തമായ ഇടപെടലായി മാറി. കുടുംബശ്രീ, സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവയും അതിനോട് ചേര്‍ന്നപ്പോള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ ഓണവിപണി എല്ലാവര്‍ക്കും പ്രാപ്യമാകുന്നതാവുകയും ചെയ്തു.
സര്‍ക്കാരിന്റെ ഈ നടപടികളും ഇടപെടലുകളും ഓണം മുന്നോട്ടുവയ്ക്കുന്ന സമത്വ സന്ദേശം അതുപോലെ നിലനിര്‍ത്തി എല്ലാവരെയും ഓണമാഘോഷിക്കുന്നതിന് പ്രാപ്തരാക്കി. ഓണം ഒരു പ്രത്യേക മതത്തിന്റേതാണെന്ന പ്രചരണവുമായി അതിന് തുരങ്കം വയ്ക്കുവാനുള്ള നീക്കങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടായെങ്കിലും പ്രബുദ്ധകേരളം അത് തിരസ്കരിച്ചു. അതുകൊണ്ടുതന്നെ, ഓണത്തിന്റെ കേട്ടുമടുത്ത പുരാവൃത്തങ്ങള്‍ക്കപ്പുറം ആ സമത്വാവസ്ഥ നിലനിര്‍ത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നതാകണം ഈ ഓണത്തിന്റെ ഏറ്റവും വലിയ സന്ദേശം. പ്രളയവും മഹാമാരിയുമുണ്ടായപ്പോള്‍ ഹൃദയച്ചങ്ങലകളിലൂടെ നാം അടയാളപ്പെടുത്തിയ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പച്ചത്തുരുത്തുകളെ അതുപോലെ നിലനിര്‍ത്തുമെന്ന പ്രതിജ്ഞയുമെടുക്കണം. പിന്തിരിപ്പന്‍ നയങ്ങളുമായി ജനവിരുദ്ധ സര്‍ക്കാരുകളുടെ നടപടികളുണ്ടാകുമ്പോള്‍ അതിനെതിരെ ഒരുമിച്ചുനില്ക്കുമെന്ന ഉറപ്പും ഈ ഓണത്തിന് നമുക്ക് വാഗ്ദാനം ചെയ്യണം.
എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍ നേരുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.