26 April 2024, Friday

ഇരകളും വേട്ടനായ്ക്കളും

എ ഐ ശംഭുനാഥ്
November 22, 2021 3:52 am

ജാതീയമായ വേർതിരിവുകളെ അടിസ്ഥാനമാക്കി മുൻപും ഒട്ടനവധി തമിഴ് സിനിമകൾ വന്നിട്ടുണ്ടെങ്കിലും കഥാപശ്ചാത്തലത്തിന്റെ പുതുമകൊണ്ടും അവതരണത്തിലെ വേറിട്ട ശൈലിയാലും ‘ജയ് ഭീം’ തീർത്തും വ്യത്യസ്തമായ ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും. ഇരുള കുലത്തിൽപ്പെട്ട രാജാക്കണ്ണ്, സെങ്കണ്ണി ദമ്പതികളെ കേന്ദ്രീകരിച്ചാണ് ജയ് ഭീമിന്റെ കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എലിയേയും പാമ്പിനേയും പിടിക്കുന്നത് കുലത്തൊഴിലായി സ്വീകരിച്ച അവർ ഇല്ലായ്മകളിലും ജീവിതം ആസ്വദിച്ച് നീങ്ങുന്നു. ഒരിക്കൽ രാജാക്കണ്ണിനെ വ്യാജമോഷണകേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നു. മൃഗീയമായ ചോദ്യംചെയ്യലിനൊടുവിൽ രാജാക്കണ്ണിനെ കാണാതെയാകുന്നു. സ്വന്തം കണവനെ തേടിയുള്ള സെങ്കണ്ണിയുടെ യാത്രയാണ് സിനിമയുടെ മർമ്മം. സെങ്കണ്ണിക്ക് കൂട്ടായി ആ യാത്രയിൽ അഭിഭാഷകനായ ചന്ദ്രുവും ഒന്നിക്കുന്നു. അമാനുഷിക ശക്തിയുള്ള നായക കഥാപാത്രത്തിന്റെ അടയാളപ്പെടുത്തലല്ല സൂര്യ അവതരിപ്പിച്ച ചന്ദ്രു എന്ന കഥാപാത്രം. മറിച്ച് തിരക്കഥയോട് പൂർണ്ണമായും നീതി പുലർത്തിയ സൂര്യ തമിഴ് സിനിമാസങ്കൽപ്പങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കുകയാണ്. നായക കഥാപാത്രം എപ്പോഴും മുന്നിട്ട് നിൽക്കണമെന്നുള്ള മങ്ങിയ ചിന്തകൾക്ക് ഒരറുതി വരുത്തുകയാണ് ഈ ചിത്രം.

തിരക്കഥയുടെ ഒഴുക്കിനൊത്ത് കേന്ദ്രകഥാപാത്രം നീങ്ങുന്നു, അത്രമാത്രം. കസ്റ്റഡി മരണങ്ങൾക്കു നേരെ പിടിച്ച ചൂണ്ടുവിരലായി മാറുകയാണ് ജയ് ഭീം. സമകാലിക നീതിന്യായവ്യവസ്ഥയെ കാഴ്ചപ്പെട്ടകത്തിലാക്കുകയാണ് ഈ ചിത്രം. വരുംകാല തലമുറകൾ ചരിത്രത്തിന്റെ താളിയോലകള്‍ തപ്പിയിറങ്ങുമ്പോൾ ഇത്തരം കലാസൃഷ്ടികൾ ശരിയായ ദിശാസൂചികകളായി മാറും. കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ രാജൻ കേസും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. കേസിനു സമാനമായ കഥാപരിസരം ജയ് ഭീമിലും ഉടലെടുക്കുന്നു. തുടക്കത്തിൽ രാജാക്കണ്ണ്, താൻ പിടിച്ച പാമ്പിനെ മോചിപ്പിക്കാൻ നേരം അതിനോട് തന്നെ സംസാരിക്കുന്ന രംഗമുണ്ട്. അതിൽ മനുഷ്യരുടെ ഇടയിൽ നിന്നും അകന്ന് നിന്നാൽ നിനക്ക് നല്ലതേ ഉണ്ടാവുകയുള്ളൂ എന്ന് രാജാക്കണ്ണ് പാമ്പിനോട് പറയുന്നു. അക്ഷരാർത്ഥത്തിൽ രാജാക്കണ്ണിന്റെ ജീവിതത്തിൽ അറംപറ്റിയ വാക്കുകളാണവ.

ടി ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നവംബർ രണ്ടിന് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് റിലീസ് ചെയ്തത്. 2ഡി എന്റർടൈന്‍മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ജയിൽ മോചിതരായി പുറത്തിറങ്ങുന്ന കുറച്ച് ആളുകൾ. അവരുടെ ഇടയിൽനിന്നും താഴ്ന്ന ജാതിക്കാരായവരെ കണ്ടെത്തി പുതിയ കുറ്റകൃത്യങ്ങൾ ചാർത്തി പോലീസ് വാനിൽ തള്ളിക്കയറ്റുന്നു. ഉയർന്ന ജാതിപേരുള്ളവരെ ജയിൽ മോചിതരാക്കുന്നു. ഭീകരമായ ഈ കാഴ്ചയോടെയാണ് ജയ് ഭീം ആരംഭിക്കുന്നത്. നായിക കഥാപാത്രമായ സെങ്കണ്ണിയെ അവതരിപ്പിച്ച മലയാളി കൂടിയായ ലിജോമോൾ ജോസിന്റെ പ്രകടനത്തെ അവിസ്മരണീയം എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. രാജാക്കണ്ണായെത്തിയ മണികണ്ഠനും സെങ്കണ്ണിക്കൊപ്പമാണ്. പ്രകാശ് രാജ്, രജിഷാ വിജയൻ തുടങ്ങി എല്ലാ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. ചെറു വേഷങ്ങളിൽ എത്തിയവർപോലും അവരുടെ ദൗത്യം നിറവേറ്റി.

ഛായാഗ്രാഹകനായ എസ് ആര്‍ കതിര്‍ തിരക്കഥയ്ക്ക് അനുയോജ്യമായ രീതിയിൽ ദൃശ്യങ്ങളെ ക്യാമറാ കണ്ണുകളാൽ ഒപ്പിയെടുത്തു. കഥയിലെ ദുരൂഹമായ ഇടങ്ങളെ അതിന്റെ വ്യാപ്തിയിലെത്തിക്കുന്നതിൽ ഛായാഗ്രാഹകന്റെ പങ്ക് വളരെ വലുതാണ്. ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ച ഫിലോമിൻ രാജ് ചിത്രത്തെ ഏതുതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുംവിധമാക്കി തീര്‍ത്തു. സിയൻ റോൾസണിന്റെ സംഗീതവും മികച്ചതാണ്. എത്രയൊക്കെ പുരോഗമനത്തിലേക്കുള്ള യാത്രയിലാണെന്ന് പറഞ്ഞാലും ഇന്നും ജാതി എന്ന അതിർത്തി മുറിച്ചുകടക്കാൻ ഭാരതീയർക്ക് മുഴുവനായും സാധിച്ചിട്ടില്ല. മനുഷ്യന്റെയുള്ളിൽ ഉറങ്ങികിടക്കുന്ന ജാതിയുടെ വിത്തുകളിൽ നിന്നും എണ്ണമറ്റ വേരുകൾ വളർന്നുകൊണ്ടേയിരിക്കും. മനുഷ്യന്റെ രക്തത്തിലലിഞ്ഞുചേർന്ന അഹംഭാവത്തെ തളച്ചിടാൻ സമത്വത്തേക്കാൾ വലിയ ആയുധമില്ല എന്ന സന്ദേശത്തോടെയാണ് ‘ജയ് ഭീം’ അവസാനിക്കുന്നത്. ജസ്റ്റിസ് ചന്ദ്രുവിനെ പോലുള്ള ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങൾ അതിനായുള്ള പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.