23 November 2024, Saturday
KSFE Galaxy Chits Banner 2

ജനജീവിതം ദുഃസഹമാക്കുന്ന വിലക്കയറ്റം

സത്യന്‍ മൊകേരി
വിശകലനം
April 6, 2022 6:00 am

വിലക്കയറ്റം സൃഷ്ടിച്ച ദുരിതക്കയത്തില്‍ ഉഴലുകയാണ് ഇന്ത്യയിലെ ജനങ്ങള്‍. കാര്‍ഷികമേഖല ഉള്‍പ്പെടെ എല്ലാ മേഖലകളും വിലക്കയറ്റത്തിന്റെ കെടുതിയിലാണ്. രാസവളം, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, ഗ്യാസ്, ജീവന്‍രക്ഷാ മരുന്നുകള്‍, സിമന്റ്, സ്റ്റീല്‍, അലൂമിനിയം, ഇലക്ട്രിക്കല്‍ വയര്‍, പിവിസി പെെപ്പ്, വാഹന നികുതി ഇവയുടെയെല്ലാം വില കേന്ദ്ര ഗവണ്‍മെന്റ് വര്‍ധിപ്പിച്ചു. രാജ്യത്ത് വിലക്കയറ്റം വാണംപോലെയാണ് കുതിച്ചുകയറുന്നത്. ഭക്ഷണ സാധനങ്ങളുടെയും വില അനുദിനം ഉയരുകയാണ്. ഇന്ത്യയിലെ കാര്‍ഷിക‑ഗ്രാമീണ മേഖല മറ്റൊരു കാലത്തും ഇല്ലാത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നു. ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ് കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയണമെങ്കില്‍ അവരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തണം. സ്വാമിനാഥന്‍ കമ്മിഷന്‍ ന്യായമായ വില നിശ്ചയിക്കുന്നതിന് വ്യക്തമായ ഉപദേശം നല്‍കിയിരുന്നു. അധ്വാനം ഉള്‍പ്പെടെ ഉല്പാദന ചെലവ് കണക്കാക്കി അതിന്റെ പകുതി കൂടി ചേര്‍ത്ത് വില നിശ്ചയിച്ച്, കാര്‍ഷിക ഉല്പന്നങ്ങള്‍ സംഭരിക്കണമെന്നാണ് സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. അതെല്ലാം ഗവണ്‍മെന്റ് പൂര്‍ണമായും തള്ളിക്കളഞ്ഞു. കാര്‍ഷിക മേഖലയും വ്യാവസായിക മേഖലയും ദേശീയ‑അന്തര്‍ദേശീയ കോര്‍പറേറ്റുകള്‍ക്ക് കെെമാറുന്നതിനുള്ള നീക്കങ്ങള്‍ രാജ്യത്ത് ത്വരിതഗതിയില്‍ നടപ്പിലാക്കുന്നു. പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങളും തൊഴില്‍ കോഡുകളും കേന്ദ്ര ബജറ്റും ഗവണ്‍മെന്റിന്റെ പ്രഖ്യാപനങ്ങളും അതാണ് വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും അവസരം കിട്ടുമ്പോള്‍ വീണ്ടും കൊണ്ടുവരും എന്ന് ഇതിനകംതന്നെ ഭരണാധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖല മറ്റൊരു കാലത്തും നേരിടാത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് രാസവളത്തിന്റെയും മണ്ണെണ്ണ, പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയ നടപടികള്‍ ആണിത്. രാജ്യത്തെ 140 കോടിയിലധികം ജനങ്ങളില്‍ 84 കോടിയിലധികം കാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നതും വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത സാധനങ്ങള്‍ ലഭ്യമാകുന്നതും പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതും കാര്‍ഷിക മേഖലയാണ്. ഇതൊന്നും പരിഗണിക്കതെയുള്ള നടപടികളാണ് കേന്ദ്ര ഗവണ്‍മെന്റ് കെെക്കൊള്ളുന്നത്. രാസ, ജെെവവളങ്ങളുടെയും വിത്ത് നടീല്‍ വസ്തുക്കള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുടെ വില കുത്തനെ വര്‍ധിപ്പിച്ചു. രാജ്യത്ത് കൃഷിക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പൊട്ടാസ്യം, എന്‍പികെ വളങ്ങളുടെ വില വര്‍ധിപ്പിച്ചത് കര്‍ഷകന്റെ നടു ഒടിക്കുന്നതാണ്. വളങ്ങള്‍ നിര്‍മ്മിക്കുന്നത് ദേശീയ‑അന്താരാഷ്ട്ര കുത്തക കമ്പനികളാണ്. രാജ്യത്തെ കര്‍ഷകരെ ഊറ്റിക്കുടിച്ച് അവര്‍ ലാഭം വര്‍ധിപ്പിക്കുകയാണ്. 50 കിലോ പൊട്ടാസ്യത്തിന് 950 രൂപയില്‍ നിന്നും 1700 രൂപയായിട്ടാണ് വില വര്‍ധിപ്പിച്ചത്. പൊട്ടാസ്യം ഉള്‍പ്പെടുന്ന കൂട്ടുവളങ്ങള്‍ക്കും വില വലിയതോതില്‍ വര്‍ധിച്ചു.


ഇതുകൂടി വായിക്കാം; ഇന്ത്യൻ ആസൂത്രണ വികസനത്തിന്റെ ഗതിവിഗതികൾ


നെല്‍കൃഷിക്കാര്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന അമോണിയം ഫോസ്‌ഫറസിന്റെ വില 50 കിലോയ്ക്ക് 1200 രൂപയില്‍ നിന്നും 1700 രൂപയായും കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മറ്റൊരു വളമായ ഫാക്ടംഫോസിന് 50 കിലോക്ക് 1050 രൂപയില്‍ നിന്നും 1490 രൂപയായും വര്‍ധിപ്പിച്ചു. തെങ്ങ് കൃഷിക്ക് കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വളമായ കോക്കനട്ട് മിസ്ച്ചറിന് 50 കിലോയുടെ വില 805 രൂപയില്‍ നിന്നും 1115 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. എന്‍പികെ (18–9‑18) ന്റെ വില 50 കിലോക്ക് 940 രൂപയില്‍ നിന്നും 1200 രൂപയായും വര്‍ധനവുണ്ടായി. മഴയെയും ജലാശയങ്ങളെയും ആശ്രയിച്ചാണ് രാജ്യത്ത് വലിയ വിഭാഗം കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. ജലാശയങ്ങളില്‍ നിന്നും മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് അവര്‍ വെള്ളം പമ്പ് ചെയ്യുന്നു. വെെദ്യുതി എത്തിയിട്ടില്ലാത്ത പ്രദേശത്തെ കര്‍ഷകര്‍ മണ്ണെണ്ണ, ഡീസല്‍, ട്രോള്‍ എന്നിവയാണ് വെള്ളം പമ്പ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്. കര്‍ഷകരുടെ ഉല്പന്നങ്ങള്‍, മാര്‍ക്കറ്റില്‍ എത്തിക്കുന്നതിനും കൃഷി സ്ഥലത്ത് വളങ്ങളും നടീല്‍ വസ്തുക്കളും എത്തിക്കുന്നതിനും കൃഷിസ്ഥലങ്ങള്‍ ഉഴുതുമറിക്കുന്നതും മറ്റ് കൃഷിപ്പണികള്‍ക്കും ട്രാക്ടറുകളും മറ്റ് കാര്‍ഷിക ഉപകരണങ്ങളും ഉപയോഗിക്കുന്നു. അതെല്ലാം പ്രവര്‍ത്തിപ്പിക്കുന്നതിനായി ഡീസല്‍, മണ്ണെണ്ണ, പെട്രോള്‍ എന്നീ ഇന്ധനങ്ങള്‍ ഉപയോഗിക്കണം. പെട്രോളിന്റെ വില ലിറ്ററാണ് 115 രൂപയും ഡീസലിന് 102 രൂപയായും വര്‍ധിച്ചു. 2022 മാര്‍ച്ച് 22ന് പെട്രോളിന് 107.23 രൂപയും ഡീസലിന് 94.33 രൂപയും ആയിരുന്നു വില. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ അഞ്ച് വരെയുള്ള 14 ദിവസങ്ങളിലായി 12 തവണയാണ് വില വര്‍ധിപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ത്തിവച്ചിരുന്ന വിലവര്‍ധനവ് മാര്‍ച്ച് 22 മുതല്‍ വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയിരുന്നു. മാര്‍ച്ച് 22ന് ക്രൂഡോയിലിന്റെ വില ബാരലിന് 115.48 ഡോളറായിരുന്നത് ഏപ്രില്‍ അഞ്ചാം തീയതിയില്‍ 103.70 ഡോളറായി കുറഞ്ഞു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ രാജ്യത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ വില ദിവസംതോറും വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി ഉല്പന്നങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അവകാശം കുത്തകകള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. ക്രൂഡോയിലിന്റെ വില കുറയുമ്പോഴും എണ്ണക്കമ്പനികള്‍, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ വില കുറയ്ക്കുവാനല്ല എല്ലാ ദിവസവും വര്‍ധിപ്പിക്കുവാനാണ് തയാറായത്. കേന്ദ്ര ഗവണ്‍മെന്റ് ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നു. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധന രാജ്യത്ത് വലിയ തോതില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റമുണ്ടാക്കി. വാതകവിലയും ഈ കാലയളവില്‍ വര്‍ധിപ്പിച്ചു. വാണിജ്യവാതകത്തിന്റെ വില ഏപ്രില്‍ ഒ­ന്നി­ന് 250 രൂപയാണ് (19 കിലോ) വര്‍ധിപ്പിച്ചത്. ഡ­ല്‍ഹിയിലെ വാണിജ്യവാതകത്തിന്റെ വില (19 കിലോ) 2253 രൂപയായിട്ട് ഉയര്‍ന്നു. ഗാര്‍ഹിക പാചക വാതക വി­ല ഉള്‍പ്പെടെ വര്‍ധിപ്പിക്കുവാനുള്ള നീക്കങ്ങളാണ് ഇ­പ്പോള്‍ നടക്കുന്നത്.


ഇതുകൂടി വായിക്കാം; “മരിക്കസാധാരണം, ഈ വിശപ്പില്‍ ദഹിക്കലോ…”


സിഎന്‍ജിയുടെ വി­ല 72 രൂപയില്‍ നിന്നും 80 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. മണ്ണെണ്ണയുടെ വില ലിറ്ററിന് 22 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചു. മണ്ണെണ്ണ വില 81 രൂപയായി ഇതോടെ ഉയര്‍ന്നു. മണ്ണെണ്ണ വില ഇനിയും വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിന് അനുവദിച്ചിരുന്ന മണ്ണെണ്ണയുടെ ക്വാട്ട പകുതിയോളം വെട്ടിക്കുറയ്ക്കുവാനുള്ള നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിച്ചത്. ഇതോടെ മത്സ്യത്തൊഴിലാളികള്‍ ഏറെ ദുരിതത്തിലായി. മത്സ്യബന്ധനത്തിനായി അവര്‍ പ്രധാനമായും ഉപയോഗിക്കുന്നത് മണ്ണെണ്ണയാണ്. പെട്രോളിയം, ഡീസല്‍ മണ്ണെണ്ണ വില വര്‍ധിപ്പിക്കുന്നതോടൊപ്പം വിവിധ മേഖലകളിലും വില വര്‍ധിപ്പിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് നടപടികള്‍ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്. ജീവന്‍ രക്ഷാ മരുന്നുകളുടെ വില 10.8 ശതമാനമാണ് വര്‍ധിപ്പിച്ചത്. മരുന്നുകളുടെ വില പ്രാദേശികതലത്തില്‍ 25 ശതമാനം വരെ വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സിമന്റ്, സ്റ്റീല്‍, വിലവര്‍ധനവ് കെട്ടിട നിര്‍മ്മാണ മേഖലയിലാണ് പ്രതിസന്ധി ഉണ്ടാക്കിയത്. 2021 മാര്‍ച്ചില്‍ ഒരു കിലോ സ്റ്റീലിന്റെ വില 48 രൂപയായിരുന്നത് 2022 മാര്‍ച്ച് മാസത്തില്‍ 96 രൂപയായി. നൂറ് ശതമാനമാണ് വര്‍ധനവ്. ഒരു കിലോ കമ്പിയുടെ വില 68 രൂപയില്‍ നിന്നും 86 രൂപയായും ഒരു കിലോ അലൂമിനിയത്തിന്റെ വില 350 രൂപയില്‍ നിന്നും 750 രൂപയായും (114 ശതമാനം) സിമന്റ് ഒരു ചാക്കിന് 340 രൂപയില്‍ നിന്നും 450 രൂപയായും ഒരു റോള്‍ ഇലക്ട്രിക്കല്‍ വയറിന് 89 രൂപയില്‍ നിന്നും 114 രൂപയായും പിവിസി പെെപ്പിന് 1263 രൂപയില്‍ നിന്നും 1518 രൂപയായും വര്‍ധിപ്പിച്ചു. ജനജീവിതത്തെ ദുഃസഹമാക്കുന്നതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടികള്‍. ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണ നയങ്ങള്‍ അതിവേഗതയില്‍ നടപ്പിലാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളുമായി കേന്ദ്രഗവണ്‍മെന്റ് മുന്നോട്ടുപോവുകയാണ്. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ പൂര്‍ണമായും വിസ്മരിച്ചുകൊണ്ടുള്ള നയങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്. മോഡി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ശക്തമായ പ്രക്ഷോഭം രാജ്യത്ത് ഉടനീളം വളര്‍ന്നുവരികയാണ്. 2022 മാര്‍ച്ച് 28, 29 തീയതികളില്‍ നടന്ന പൊതു പണിമുടക്കും ലോകശ്രദ്ധ ആര്‍ജിച്ച ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന കര്‍ഷകപ്രക്ഷോഭവും യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, വനിതകള്‍ തുടങ്ങി വിവിധ വിഭാഗം ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങളും അതിന്റെ ഭാഗമാണ്. കടുത്ത വിലവര്‍ധനവ് സൃഷ്ടിക്കുന്ന കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നാല് മുതല്‍ 10 വരെ ഒരാഴ്ചക്കാലം രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് ഇതിനകം ആഹ്വാനം ചെയ്തിട്ടുണ്ട്. മാര്‍ച്ച് നാല് മുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിന് രാജ്യത്തിലെ ജനങ്ങള്‍ മുന്നോട്ടുവരികയാണ്. മതേതര-ജനാധിപത്യ ഇടതുശക്തികളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു പോകുക എന്നതാണ് ഈ കാലഘട്ടത്തിലെ പ്രധാന കടമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.