26 April 2024, Friday

തീവണ്ടി യാത്രികരുടെ ദുരിതത്തിന് ശാശ്വത പരിഹാരം വേണം

Janayugom Webdesk
March 10, 2023 5:00 am

സംസ്ഥാനത്തെ തീവണ്ടി യാത്രക്കാരുടെ ദുരിതത്തിന് അറുതിയാകുന്നില്ല. അറ്റകുറ്റപ്പണിയുടെയും മറ്റും പേരില്‍ പൊടുന്നനെ തീവണ്ടികള്‍ റദ്ദാക്കുന്ന സമീപനം ഓരോ മാസവും ആവര്‍ത്തിക്കുകയാണ്. ഈ വര്‍ഷം പിറന്നതിനു ശേഷം അറ്റകുറ്റപ്പണികളുടെ പേരില്‍ മൂന്നുതവണയാണ് വിവിധ തീവണ്ടികള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്. എല്ലാ മാസവും ഈ രീതി അവലംബിക്കുകയാണ് റെയില്‍വേ അധികൃതര്‍. ഇന്നലെ നല്കിയിരിക്കുന്ന അറിയിപ്പനുസരിച്ച് ഈ മാസം 31 വരെ കൊല്ലം മുതൽ തൃശൂർ വരെ തീവണ്ടികള്‍ക്ക് നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ജനശതാബ്ദി, എറണാകുളം ജങ്‌ഷൻ‑ഷൊർണൂർ ജങ്‌ഷൻ മെമു, എറണാകുളം ജങ്‌ഷൻ‑ഗുരുവായൂർ എക്‌സ്‌പ്രസ്‌ എന്നിവ മാര്‍ച്ച് 26നും കണ്ണൂർ‑തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ് 27നും റദ്ദാക്കി. കൊല്ലം-എറണാകുളം മെമു ഒമ്പത്, 13, 17, 19 തീയതികളില്‍ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ റദ്ദാക്കി.

കായംകുളത്തുനിന്നാണ്‌ പുറപ്പെടുക. 16306 കണ്ണൂർ- എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ 26ന്‌ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 12623എംജിആർ ചെന്നൈ സെൻട്രൽ‑തിരുവനന്തപുരം സെൻട്രൽ മെയിൽ 26ന്‌ തൃശൂർ വരെ മാത്രം. 12624 തിരുവനന്തപുരം സെൻട്രൽ‑എംജിആർ ചെന്നൈ സെൻട്രൽ മെയിൽ 26ന്‌ തൃശൂരിൽനിന്ന് പുറപ്പെടും. 16325 നിലമ്പൂർ റോഡ്‌-കോട്ടയം എക്‌സ്‌പ്രസ്‌ 12 മുതൽ 31 വരെ എറണാകുളം ടൗൺ വരെയാകും സർവീസ്‌. 19, 26 തീയതികളിൽ സർവീസ്‌ പതിവുപോലെ കോട്ടയംവരെയുണ്ടാകും. 06441 എറണാകുളം ജങ്‌ഷൻ‑കൊല്ലം ജങ്‌ഷൻ മെമു ഒമ്പത്‌ മുതൽ 31 വരെ കായംകുളം ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും. ബുധനാഴ്‌ചകളിൽ പതിവുപോലെയാകും സർവീസ്‌. 161227 ചെന്നൈ എഗ്‌മൂർ‑ഗുരുവായൂർ എക്‌സ്‌പ്രസ്‌ 15 മുതൽ 30 മിനിറ്റുവരെയും 22114 കൊച്ചുവേളി-ലോക്‌മാന്യ തിലക്‌ ഒമ്പതിന്‌ കോട്ടയത്തിനും മുളന്തുരുത്തി‌ക്കുമിടയിൽ ഒരുമണിക്കൂറും വൈകും. റെയില്‍വേയുടെ കഴിഞ്ഞ ദിവസത്തെ അറിയിപ്പ് അതേപടി ചേര്‍ത്തിരിക്കുകയാണ് ഇവിടെ. അതിന് കാരണം ഇത് ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന പ്രയാസം എത്രത്തോളം ദുരിതപൂര്‍ണമായിരിക്കുമെന്ന് വ്യക്തമാക്കാനാണ്.


ഇതുകൂടി വായിക്കൂ: വെറുംവാക്കുകള്‍ കൊണ്ട് അന്നം മുട്ടിക്കരുത്


ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടുന്നവര്‍ തൃശൂരിലിറങ്ങി മറ്റ് സംവിധാനങ്ങള്‍ തേടണം. ഇതിന് സമാനമായി തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കോ മറ്റിടങ്ങളിലേക്കോ പോകാനിരുന്നവര്‍ തൃശൂരിലെത്തിവേണം തീവണ്ടിയില്‍ കയറേണ്ടത്. അങ്ങനെ യാത്രക്കാരെ പരമാവധി ദുരിതത്തിലാക്കുന്ന വിധത്തിലാണ് റദ്ദാക്കലും ക്രമീകരണങ്ങളും നടത്തിയിരിക്കുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാര്‍ പകല്‍ വേളയില്‍ ഹ്രസ്വയാത്രയ്ക്കായി ഉപയോഗിക്കുന്നവയാണ് ഈ തീവണ്ടികളെന്ന പ്രത്യേകതയുമുണ്ട്. ഉച്ചയ്ക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് അര്‍ധരാത്രിയോടെ കണ്ണൂരിലും പുലര്‍ച്ചെ അവിടെ നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്തുമെത്തുന്ന ജനശതാബ്ദി എക്‌സ്‌പ്രസ് അതിലൊന്നാണ്. റദ്ദാക്കുകയോ ഭാഗികമായി സര്‍വീസ് നടത്തുകയോ ചെയ്യുന്ന എല്ലാ തീവണ്ടികളും ഇതുപോലെ പകല്‍ യാത്രയ്ക്ക് ഉപയോഗിക്കപ്പെടുന്നതാണ്. പെട്രോളിനും ഡീസലിനും വില കയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സേവന മേഖലയിലും മറ്റ് മേഖലകളിലും ജോലിയെടുക്കുന്ന സാധാരണക്കാര്‍ തീവണ്ടി യാത്രയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്, പ്രത്യേകിച്ച് എറണാകുളം പോലുള്ള വാണിജ്യ വ്യവസായ നഗരങ്ങളിലേക്ക്. അത്തരക്കാരെയാണ് ഈ നിയന്ത്രണം പ്രധാനമായും ബാധിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പത്തു തവണയെങ്കിലും ഇത്തരത്തില്‍ നിയന്ത്രണങ്ങളും റദ്ദാക്കലുമുണ്ടായിട്ടുണ്ട്. പകരം സംവിധാനങ്ങള്‍ ഒരുക്കാതെയുള്ള ഇത്തരം നടപടി യാത്രക്കാരോട് ചെയ്യുന്ന ദ്രോഹമാണ്. കെഎസ്‍ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുമെന്ന് അറിയിക്കാറുണ്ടെങ്കിലും വേണ്ടത്ര ബസുകള്‍ ലഭ്യമല്ലെന്നതിനാല്‍ അത് ഫലപ്രദമാകാറില്ല.

അതുകൊണ്ട് കെഎസ്‍ആര്‍ടിസിക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സാവകാശം നല്കി ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് റെയില്‍വേ ശ്രദ്ധിക്കണം. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അത്യാവശ്യം തന്നെയാണ്. പക്ഷേ അത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാകുന്നത് റെയില്‍വേ പിന്തുടരുന്ന നയത്തിന്റെ ഫലമാണ്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയെന്ന സമീപനം അതില്‍ പ്രധാനമാണ്. ദൈനംദിന ജോലികള്‍ നിര്‍വഹിക്കുവാന്‍ പോലും ജീവനക്കാരില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഏറ്റവും ഒടുവില്‍ വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടി അനുസരിച്ച് സി ഗ്രേഡിലുള്ള 14,75,623ല്‍ 3.11 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. 18,881 ഗസറ്റഡ് തസ്തികയില്‍ 3,018 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. മഹാഭൂരിപക്ഷം ഒഴിവുകളും സാങ്കേതിക, അടിസ്ഥാന തസ്തികകളാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അവരാണ് അറ്റകുറ്റപ്പണികളുള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ജീവനക്കാരുടെ അഭാവമാണ് യഥാസമയം പ്രവൃത്തി നടത്തുന്നതിന് തടസമുണ്ടാക്കുകയും കാലതാമസത്തിന് കാരണമാകുകയും ചെയ്യുന്നത്. അതുകൊണ്ട് ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചാല്‍ത്തന്നെ ഒരുപരിധിവരെ യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കാത്ത വിധത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് സാധിക്കുന്നതാണ്. അതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നത് ഈ ദുരിത പരിഹാരത്തിന് അത്യാവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.