22 December 2024, Sunday
KSFE Galaxy Chits Banner 2

എളുപ്പത്തില്‍ ദഹിക്കാത്ത വിശപ്പ് സൂചിക

പ്രൊഫ കെ അരവിന്ദാക്ഷന്‍
November 3, 2021 5:15 am

ഗോളവിശപ്പിന്റെ സൂചികയില്‍ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്സില്‍ 101 വരെ എത്തിച്ചതോടെ വളരെ മോശപ്പെട്ട സ്ഥാനമാണ് ഇന്ത്യക്കുള്ളതെന്നോര്‍ത്ത് ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്. ഇത്തരമൊരു വികാരപ്രകടനം നടത്തുന്നവരെ ‘ദി ഹിന്ദു’ ദിനപത്രത്തിലെ സാമൂഹ്യകാര്യ വിഭാഗത്തിന്റെ എഡിറ്റര്‍ ജി സമ്പത്ത് ആക്ഷേപഹാസ്യ രൂപത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത് പ്രതിദിനം നാലുനേരം ഭക്ഷണം — ഫോര്‍ മീല്‍സ് എ ഡേ — കഴിക്കുന്നവരായിട്ടാണ് 2021 ഒക്ടോബര്‍ 24 ലെ വാരാന്തപ്പതിപ്പില്‍ ‘ഇന്‍ ഡൈജിസ്റ്റിബിള്‍ ഹങ്കര്‍ ഇന്‍ഡെക്സ്’ എന്ന തലവാചകമാണ് ലേഖകന്‍ തന്റെ രചനക്കു നല്കിയിരിക്കുന്നത്. എളുപ്പത്തില്‍ ദഹിക്കാത്ത വിശപ്പ് സൂചിക പ്രതിദിനം നാലുവട്ടം ഭക്ഷണം കഴിക്കുന്ന ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് നിരവധി വര്‍ഷം അമിതമായ തോതില്‍ ഭക്ഷണം അകത്താക്കിയതിനെ തുടര്‍ന്ന് ഗുരുതരമായ ഉദരരോഗം ബാധിച്ചിരിക്കാനാണ് സാധ്യതകള്‍ ഏറെയുള്ളതെന്ന് ലേഖകന്‍ സൂചിപ്പിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം വിശപ്പ് എന്ന വികാരം കുടുംബ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ഭക്ഷണ ക്രമീകരണം സ്വീകരിക്കേണ്ടിവന്നപ്പോള്‍ അനുഭവപ്പെട്ടതായിരിക്കാമെന്നാണ് അനുമാനിക്കേണ്ടതെന്നും ഫലിതരൂപേണ സമ്പത്ത് അഭിപ്രായപ്പെടുന്നു. ചെലവേറിയ ഭക്ഷണമായ പിസ ഉപേക്ഷിക്കേണ്ടിവന്നതിലുള്ള നിരാശയും ഈ വിഭാഗക്കാര്‍ക്ക് ഉണ്ടായിരിക്കാം. ഇക്കൂട്ടരില്‍ ചിലരെങ്കിലും ഒരു ആചാരമെന്ന നിലയില്‍ ഇടക്കിടെ നടത്തുന്ന നിരാഹാര വ്രതാനുഷ്ഠാനം പ്രതിഛായ മാനേജ്മെന്റ് ലാക്കാക്കിയാകാനും സാധ്യതകളേറെയാണ്. അവര്‍ ആര്‍ത്തിയോടെ അകത്താക്കുന്ന ഓരോ കലോറി അമിതാഹാരവും ഇന്ത്യയില്‍ യഥാര്‍ത്ഥത്തിലുള്ള പട്ടിണിക്കിരയായി നരകയാതന അനുഭവിച്ചുവരുന്നവരില്‍ നിന്നും തട്ടിയെടുക്കുന്നതാണ് എന്നും ഇത്തരക്കാര്‍ കോടികളാണുള്ളതെന്നും ആഗോള പട്ടിണി സൂചികയിലെ വിവരങ്ങള്‍ പറയുന്നു. ഈ യാഥാര്‍ത്ഥ്യം ഇനിയെങ്കിലും അംഗീകരിക്കാന്‍ അവര്‍ തയാറാവുന്നതിനു പകരം ഈ സ്ഥിതിവിശേഷത്തിനിടയാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാരിനു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തുവരുന്നതെന്നോര്‍ക്കുക.

ചുരുക്കത്തില്‍ ആഗോള പട്ടിണി സൂചിക ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, നമ്മുടെ രാജ്യത്ത് വെറുമൊരു ന്യൂനപക്ഷം വരുന്ന സമ്പന്ന വര്‍ഗത്തിനാണ്, ഭൂരിഭാഗം ജനതയേയും മുഴു പട്ടിണിക്കാരോ, അര്‍ധപട്ടിണിക്കാരോ ആക്കി മാറ്റുന്നതിനുള്ള ഉത്തരവാദിത്തം അര്‍പ്പിതമായിട്ടുള്ളതെന്നാണ്. ഈ യാഥാര്‍ത്ഥ്യം നാം ആദ്യമായി അംഗീകരിക്കണം. രണ്ടാമത് ഇന്ത്യ പട്ടിണി സൂചികയുടെ കാര്യത്തില്‍ മറ്റു 15 രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് എന്നതാണ് ഈ വിവരം ഒരു വിധത്തില്‍ സ്വാഗതാര്‍ഹം തന്നെ. ഇന്ത്യന്‍ ജനതയേക്കാളേറെ പട്ടിണിക്കാരായുള്ളത് പാപ്പുവന്യൂഗിനി, ഛാഡ്, ബുറുണ്ടി, ഹെയ്നി, മുസഗാസ്ക്കര്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളാണ്. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 101-ാം സ്ഥാനത്ത് എത്തി എന്നതുകൊണ്ട് ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല എന്നാണ് ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് നമ്മുടെ ഏതാനും നിയമപണ്ഡിത വേഷധാരികള്‍ പറയുന്നത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, പട്ടിണി സൂചികയില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താന്‍ ഒട്ടേറെ പട്ടിണിപ്പെടേണ്ടിവരും എന്നാണ് ഇവര്‍ വിവക്ഷിക്കുന്നത്. നാം ഏതായാലും സോമാലിയയേക്കാള്‍‍ മെച്ചപ്പെട്ട പദവി നിലനിര്‍ത്തുന്നതില്‍ വിജയിക്കുകയല്ലെ? അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഭരണാധികാരികള്‍ പ്രശംസയര്‍ഹിക്കുന്നുണ്ടത്രെ! ആനന്ദലബ്ധിക്കിനി എന്തുവേണം?

ആഗോള പട്ടിണി സൂചിക സംബന്ധമായ വാര്‍ത്ത പുറത്തുവന്നതിനുശേഷം കേള്‍ക്കാനായ മൂന്നാമതൊരു പ്രതികരണമുണ്ട്. എന്താണിതെന്നോ? ഇത്രയൊക്കെ ആയിട്ടും ഇന്ത്യയുടെ പദവി 116 ല്‍ എത്തിയിട്ടില്ലല്ലോ. ഈ കണ്ടെത്തലില്‍ നാം ആശ്വസിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്ന് സംശയിക്കുന്നവരുമുണ്ട്. മാത്രമല്ല, ആഗോള പട്ടിണി സൂചിക കണ്ടെത്താന്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന രീതി ശാസ്ത്രം ശുദ്ധമേ അസംബന്ധമാണെന്നാണ് നമ്മുടെ ഭരണാധികാരികള്‍ അവകാശപ്പെടുന്നത്. സര്‍വെ നടത്തുന്നതിനായി ഇതിനിറങ്ങിത്തിരിച്ചവര്‍ സ്വീകരിച്ച മാര്‍ഗം ജനങ്ങള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ആയിരുന്നു. ഇതില്‍ ഒറ്റനോട്ടത്തില്‍ അപാകതയൊന്നുമില്ല. എന്നാല്‍, പട്ടിണി സൂചികയിലെ വിവരങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവര്‍, ഇത്തരമൊരു രീതി ശാസ്ത്രത്തിലൂടെ അട്ടിമറി നടന്നിട്ടുണ്ടെന്നാണ്. അങ്ങനെയാണ് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളാണ് ജനസംഖ്യയുടെ ഭൂരിഭാഗവുമെന്ന നിഗമനത്തിലെത്തിയതും നമ്മുടെ സ്ഥാനം 101 ല്‍ എത്തിനില്കുന്നതും എന്നതാണ് വാദം. ഈ പദവിയിലെത്താന്‍ രണ്ടു കാരണങ്ങള്‍ ഉണ്ടാകാം. ഒന്ന്, അഭിപ്രായ സര്‍വെയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും തങ്ങള്‍ പട്ടിണിക്കാരാണെന്ന് തുറന്നുപറഞ്ഞിരിക്കാം. അല്ലെങ്കില്‍, അവരില്‍ ഭൂരിഭാഗവും മേലില്‍ ഭക്ഷണം കഴിക്കാന്‍ തയാറല്ല എന്ന അഭിപ്രായം രേഖപ്പെടുത്തിയിരിക്കാനും ഇടയുണ്ട്. ഈ രണ്ട് അഭിപ്രായ പ്രകടനങ്ങളില്‍ ഏതായാലും അവ രേഖപ്പെടുത്തുന്നവരെല്ലാം പട്ടിണി സൂചികയുടെ ഭാഗമാക്കപ്പെടാതിരിക്കില്ലല്ലോ. ഈ വിധത്തിലും പട്ടിണിക്കാരുടെ എണ്ണം വര്‍ധിക്കാം. ചുരുക്കത്തില്‍ കാതലായൊരു വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു അഭിപ്രായ വോട്ടെടുപ്പു പ്രക്രിയയില്‍ അവ്യക്തത നിലനില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇത്തരമൊരു രീതിശാസ്ത്രത്തെ വിമര്‍ശിക്കുന്നവര്‍ വിളിച്ചുപറയുന്നത്.

 


ഇതുംകൂടി വായിക്കാം;തലതിരിഞ്ഞ അനുപാതം


 

ഈ വിധത്തിലൊരു വാദഗതി ഉന്നയിക്കുന്നതിലെ അര്‍ത്ഥശൂന്യത വെളിവാക്കാന്‍ ലേഖകന്‍ രസകരമായൊരു ഉദാഹരണം നല്കുന്നുണ്ട്. ആഗോള പട്ടിണി സൂചിക തയാറാക്കുന്നവര്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ ഉച്ചകഴിഞ്ഞ് 1.30ന് ഉച്ചഭക്ഷണത്തിന് തയാറെടുക്കുന്ന അവസരത്തില്‍ ടെലഫോണിലൂടെ ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുന്നു എന്ന് കരുതുക. ചോദ്യമിതാണ് — താങ്കള്‍ക്ക് വിശക്കുന്നുണ്ടോ? കൃത്യമായ മറുപടി ഉടനെ കിട്ടുന്നു — ‘നിശ്ചയമായും’. ഈ ടെലഫോണ്‍ സംഭാഷണം അവസാനിപ്പിച്ച ഏതാനും മിനിറ്റുകള്‍ക്കകം ലേഖകന്റെ ഈ സുഹൃത്ത് ഒരു ‘ത്രീ ‑കോഴ്സ് ലഞ്ച്’ കഴിക്കുകയാണ്. വിഭവസമൃദ്ധമായൊരു സസ്യഭക്ഷണം പുഴുക്കലരി ചോറ്, സാമ്പാര്‍, രസം, തൈര്, മുരിങ്ങാക്കായും വെണ്ടക്കായും ചേനയും നേന്ത്രക്കായും ചേര്‍ത്ത് തയ്യാറാക്കിയ അവിയല്‍, പപ്പടം വിവിധതരം അച്ചാറുകല്‍ തുടങ്ങിയവ ഒരു തൂശനിലയില്‍ വിളമ്പി വയറു നിറയ്ക്കുന്നു എന്ന് കരുതുക. ഇത്തരമൊരു ടെലഫോണ്‍ അന്വേഷണം 40 മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു സര്‍വെ നടത്തുന്നവര്‍ ഈ വ്യക്തിയോട് സമാനമായ സാഹചര്യങ്ങളിലുള്ള ആയിരക്കണക്കിന് മറ്റുള്ളവരോടും നടത്തിയിരുന്നതെങ്കില്‍ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ആദ്യത്തെ 10 ല്‍ ഇടം കണ്ടെത്തുമായിരുന്നില്ലേ?

നാല്, നിരവധി ഇന്ത്യക്കാര്‍ ഒരു ജീവിതശൈലി എന്ന രൂപത്തിലാണത്രെ പട്ടിണി കിടക്കുന്നത്. ഈ വാദഗതിയുമായി ബന്ധപ്പെട്ട് ലേഖകന്‍ സമ്പത്ത് ഒരു മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ വാക്കുകളാണ് ഉദ്ധരിക്കുന്നത്. ‘ഇന്ത്യയിലെ പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും സൗന്ദര്യബോധമുള്ളവരാണ്. ആരോഗ്യബോധമുള്ളവരല്ല’. അവര്‍ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് ഉയരുമെന്ന് ഭയപ്പെട്ട് അധികം ഭക്ഷണം കഴിക്കുന്ന പതിവില്ല. നിരവധി ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നത് വിശപ്പാണ് മിതമായ ഭക്ഷണം പോലും വര്‍ജ്ജിക്കുന്നതിലൂടെ പ്രകടമാക്കപ്പെടുന്ന അനന്തര ഫലങ്ങള്‍ എന്നാണ് സാഹചര്യം ഈവിധത്തിലാണെങ്കില്‍ ഉയരാനിടയുള്ള ഒരു ചോദ്യമുണ്ട്. സൗന്ദര്യ സംരക്ഷണ കാരണങ്ങളാല്‍ ഇന്ത്യയിലെ ജനങ്ങള്‍ സ്വന്തം ഇഷ്ടാനുസരണം പട്ടിണികിടക്കുന്നതില്‍ സര്‍ക്കാരിനെ എന്തിനു പഴിക്കണം? ഇതാണ് പ്രസ്തുത ചോദ്യം. അഞ്ച്, വിശക്കുന്ന കലാകാരന്മാര്‍ എന്നൊരു വിഭാഗമാളുകള്‍ നമ്മുടെ നാട്ടിലുമുണ്ട്. ആഗോളതലത്തില്‍ 2011 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് ഇന്ത്യയില്‍ ഈ വിഭാഗത്തിലുള്ളവര്‍ 560.72 മില്യൻ പേര്‍ ആണത്രേ. ഇവര്‍ എങ്ങനെ ഇങ്ങനെയായി എന്നതിനും വിശദീകരണമുണ്ട്. ഇക്കൂട്ടരാണ് ഫ്രാന്‍സ് കാഫ്‌കയുടെ ആഗോള ചരിത്രപ്രസിദ്ധി നേടിയ “എ ഹങ്കര്‍ ആര്‍ട്ടിസ്റ്റ്” എന്ന ചെറുകഥയുടെ വായനക്കാര്‍ മാത്രമല്ല, കാഫ്‌കയുടെ അന്ധമായ അനുകരണപ്രിയരുമായത്.
വിശപ്പു കലാകാരന്മാര്‍ ലക്ഷ്യമിടുന്നത്, വിശപ്പ് എന്ന വികാരത്തെ ഒരു തൊഴിലായി രൂപപ്പെടുത്തിയെടുക്കാനാണ്. എന്നാല്‍, മറ്റൊരു വിഭാഗം വിശപ്പുകലാകാരന്മാരുമുണ്ട്. അവരുടെ ലക്ഷ്യം വിശപ്പിനെ പ്രൊഫഷണല്‍ ആക്കാനല്ല മറിച്ച് വിശപ്പിനെ വ്യക്തിത്വമായൊരു തലത്തില്‍ നിലനിര്‍ത്താനാണ്. തികച്ചും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷണം കിട്ടാത്തതിനെ തുടര്‍ന്നാണ് അവര്‍ പട്ടിണി കിടക്കേണ്ടതായി വരുന്നതെന്നും കരുതാവുന്നതാണ്. ഈ വിഭാഗക്കാര്‍ പൊതുവെ ഭക്ഷണ പ്രേമികളായിരിക്കും. കലാകാരന്മാര്‍ക്കിടയിലും പ്രൊഫഷണല്‍ അല്ലാത്ത നിരവധി കലാപ്രേമികളെയും കലാ ആരാധകരെയും നമുക്ക് കാണാന്‍ കഴിയുമല്ലോ.

 


ഇതുംകൂടി വായിക്കാം; തീവ്രഹിന്ദുത്വം വയറുനിറയ്ക്കില്ല


 

ഇപ്പോള്‍ നാം ഏര്‍പ്പെട്ടിരിക്കുന്ന ചര്‍ച്ച പ്രൊഫഷണല്‍ അല്ലാത്തവരുടെ ഭക്ഷണ ശീലങ്ങള്‍ സംബന്ധിച്ചായതിനാല്‍ ലേഖകന്‍ സമ്പത്ത് തന്റെ സ്വതസിദ്ധമായ ആക്ഷേപഹാസ്യ വിശകലന ശൈലിയുടെ ഭാഗമായി തന്റെ പെണ്‍സുഹൃത്തിനോടൊപ്പം അത്താഴത്തിന് ഇറങ്ങിത്തിരിക്കുന്ന ഹതഭാഗ്യനായൊരു യുവാവിന്റെ അവശതകളാണ് വിവരിക്കുന്നത്. അത്യന്തം വിശപ്പ് അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഈ യുവാവും യുവതിയും ഒരു റസ്റ്റോറന്റില്‍ എത്തുന്നതിലും ഭക്ഷണത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഒന്നും തന്നെ ഭക്ഷിക്കാതെ പുറത്തിറങ്ങിപ്പോകുന്നതിന്റെയും നേര്‍ചിത്രമാണ് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. വിവാദത്തിന് തുടക്കം കുറിക്കുന്നത് യുവാവല്ല, പെണ്‍സുഹൃത്താണ്. ആ പെണ്‍കുട്ടി മെനുകാര്‍ഡുമായി സമീപിക്കുന്ന വെയ്റ്ററെ അതിദീര്‍ഘമായൊരു ചോദ്യം ചെയ്യലിനും വിചാരണയ്ക്കും വിധേയമാക്കുന്നതോടെയാണ് പ്രശ്നത്തിനുള്ള തുടക്കമാവുന്നത്. കയ്യില്‍ കിട്ടിയ മെനുകാര്‍ഡില്‍ നിന്നും ഏതെങ്കിലും ഓര്‍ഡര്‍ ചെയ്യുന്നതിനു പകരം ആ പെണ്‍കുട്ടി ‘എക്സ്’ എന്ന ഇനം ‘വൈ’, ‘ഇസഡ്’ എന്നീ കറിക്കൂട്ടുകള്‍ ഒഴിവാക്കിയും ‘എ’ എന്ന എരിവ് ഇത് കൂട്ടുചേര്‍ത്ത് ‘ബി’ എന്ന പച്ചക്കറി വിഭവം ‘ബി’ യുമായി ചേര്‍ക്കുക എന്നതോടൊപ്പം അതുവഴി തയാറാക്കപ്പെടുന്ന ഭക്ഷ്യ ഉല്പന്നം പാകം ചെയ്തതിനുശേഷം ഏറെ കട്ടിയുള്ളതോ മൃദുവായോ അല്ലാത്ത വിധത്തില്‍ ലഭ്യമാക്കാമോ എന്ന് ഒരേ സ്വരത്തില്‍ ചോദ്യം ചോദിക്കുന്നതോടൊപ്പം അന്തംവിട്ടുനിന്ന വെയ്റ്ററിന്റെ മുന്നില്‍ നിന്നും ഇരുന്ന സീറ്റില്‍ നിന്ന് പൊടുന്നനെ പുറത്തേക്കോടുന്ന ആരെയും അമ്പരപ്പിക്കുന്നൊരു സംഭവ പരമ്പരയാണ് അരങ്ങത്ത് സരസമായി അവതരിപ്പിക്കുന്നത്. പാവം വെയ്റ്റര്‍ ഇതെല്ലാം കേട്ടുനില്ക്കാനല്ലാതെ ഒന്നും ഉരിയാടാനാവാതെ നിസഹായനായി നിലകൊള്ളുകയുമാണ് ചെയ്യുന്നത്. ഈ യുവതിയുടെ ഭക്ഷണാവശ്യങ്ങള്‍ അത്രയേറെ സങ്കീര്‍ണമായതിന്റെ ഫലമായി ഒന്നുകില്‍ പൊട്ടിക്കരയുകയോ അല്ലെങ്കില്‍ നിശബ്ദനായി യുവ അതിഥികളെ സാമാന്യ മര്യാദയുടെ പേരില്‍ പുറംവാതില്‍ വരെ അനുഗമിക്കുകയോ ചെയ്തിരിക്കാം.

ഈ പ്രക്രിയ അന്ന് വൈകിട്ട് മൂന്നോ നാലോ വട്ടം സംഭവിച്ചിരിക്കാനും ഇടയുണ്ട്. അങ്ങനെ ആ പെണ്‍കുട്ടി അന്നേ ദിവസം ഭക്ഷണം കഴിക്കില്ലെന്ന തന്റെ ലക്ഷ്യം സ്വന്തം പ്രവര്‍ത്തിയിലൂടെ നേടുകയും ചെയ്തപ്പോള്‍ അവളുടെ സുഹൃത്ത് വിശപ്പ് അസഹനീയമായതിനെ തുടര്‍ന്ന് യാതൊരു വിധ ഗത്യന്തരവുമില്ലാതെ അവളുമായുള്ള ബന്ധം ഉപേക്ഷിക്കുക മാത്രമല്ല, തൊട്ടടുത്തുള്ള മദ്യഷോപ്പില്‍ അഭയം തേടുകയും ചെയ്തിട്ടുണ്ടാകാമെന്നാണ് ലേഖകന്‍ എത്തിച്ചേരുന്ന ന്യായമായ നിഗമനം. ഈ ഘട്ടത്തിലാണ് വിശപ്പ് സൂചികമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വോട്ടെടുപ്പിനായി ഈ യുവാവിന് ഒരു ഫോണ്‍ കോള്‍ കിട്ടുന്നതെന്ന് സങ്കല്പിക്കുക. അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ എന്തായിരിക്കും ആ യുവാവിന്റെ പ്രതികരണം എന്ന് നമുക്കൊക്കെ ഊഹിക്കാവുന്നതേയുള്ളു. ഏതായാലും ഒരു കാര്യം വ്യക്തമാണ്. അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് വിശപ്പിന്റെ സൂചിക എന്തെന്ന് കണ്ടെത്താനാണ് ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കുക എങ്കില്‍ ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഫലം ആവര്‍ത്തിക്കപ്പെടുമെന്നു തന്നെ ഉറപ്പാക്കാന്‍ പ്രയാസമില്ല. അതേ അവസരത്തില്‍ ഇന്ത്യയില്‍ നിലവിലുള്ള ദാരിദ്ര്യത്തിന്റെയും പോഷകാഹാരക്കുറവിന്റെയും ചിത്രം യാഥാര്‍ത്ഥ്യം പ്രതിഫലിപ്പിക്കുന്നില്ലെന്നും ഹങ്കര്‍ ഇന്‍ഡെക്സ് തയാറാക്കുന്നതിന് സ്വീകരിച്ച രീതിശാസ്ത്രമാണ് ഇതിനു കാരണമെന്നും വാദിച്ചതുകൊണ്ട് കാര്യമില്ല. യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു തന്ത്രം മാത്രമാണിത്.

ആരൊക്കെ എന്തൊക്കെ ഒളിക്കാനും മറച്ചുവയ്ക്കാനും ശ്രമിച്ചാലും ഇന്ത്യയില്‍ കോവിഡ് 19 എന്ന മഹാമാരിയുടെ ആദ്യതരംഗം ആരംഭിക്കുന്നതിനു മുമ്പുതന്നെ ദാരിദ്ര്യം ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നതാണ്. ഇതാര്‍ക്കും നിഷേധിക്കാന്‍ കഴിയുന്നതുമല്ല. 2020 ല്‍ കോവിഡ്കാല ലോക്ഡൗണിന് മുമ്പുതന്നെ നടന്ന  അവലോകനങ്ങള്‍, സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) എന്ന ഏജന്‍സിയുടേതടക്കം അഭിപ്രായ വോട്ടെടുപ്പിലൂടെ കണ്ടെത്തിയത് പട്ടിണി ഇന്ത്യയില്‍ ഒരു യാഥാര്‍ത്ഥ്യമാണ് എന്നുതന്നെയായിരുന്നു. വോട്ടെടുപ്പിനോട് പ്രതികരിച്ചവരില്‍ 60 ശതമാനത്തിന്റെയും അഭിപ്രായവും ഇതുതന്നെയായിരുന്നു. ഈ സ്ഥിതി വിശേഷമാണ് ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയില്‍ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്സ് സര്‍വെ വിവരങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്. വിശപ്പ് എന്ന വികാരം ഒരിക്കലും ദഹിപ്പിക്കാന്‍ കഴിയില്ല തന്നെ. അതിന് പരിഹാരം കണ്ടെത്തിയേ തീരു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.