28 April 2024, Sunday

കാതലുള്ള ധിക്കാരി

പി എ വാസുദേവൻ
കാഴ്ച
January 13, 2024 4:15 am

ഡോ. എം കുഞ്ഞാമന്‍ അന്തരിച്ചപ്പോള്‍ ഞാന്‍ വിദേശത്തായിരുന്നു. അതുകൊണ്ട് കുഞ്ഞാമനെ അവസാനമായൊന്നു കാണാമെന്ന മോഹം നടന്നില്ല. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, കുഞ്ഞാമന്‍ വിളിച്ചിരുന്നു. ഞങ്ങള്‍ക്കിടയില്‍ ‘വിളിയുദ്ധം’ ഇടയ്ക്ക് നടക്കാറുണ്ട്. പലതും പറയും; എന്തും പറയാം. കുഞ്ഞാമന് പറയാനുള്ളത് അയാളുടെ ബോധ്യങ്ങളായിരുന്നു. ബോധ്യങ്ങള്‍ കണിശവും ഹ്രസ്വവുമായിരുന്നു. ‘വാക്കു‘കളുടെ മനുഷ്യനായിരുന്നില്ല അദ്ദേഹം. കുറുക്കിയ ഭാഷയായിരുന്നു. ഏറെ വഹിച്ചുവരുന്ന ഭാഷ. വാചാലമല്ലാത്ത വാചകങ്ങള്‍. കുഞ്ഞാമന്‍ മരിച്ചിട്ട് നാളുകളായി. ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ വെെകിയത് സ്ഥലത്തില്ലാത്തതുകൊണ്ടാണ്. വെെകിയെങ്കിലും എഴുതണമെന്ന് നിര്‍ബന്ധം തോന്നി. ഡോ. എം കുഞ്ഞാമനാവുന്നതിന് മുമ്പുള്ള പരിചയമാണ് ഞങ്ങളുടേത്. കുഞ്ഞാമന്‍ വിക്ടോറിയ കോളജില്‍ പഠിക്കുന്ന കാലത്ത് എന്റെ ക്ലാസിലുണ്ടായിരുന്നു. അധികം മിണ്ടാതിരുന്ന അയാള്‍ക്ക്, എപ്പോഴും എന്തൊക്കെയോ പറയാനുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. മിണ്ടാത്തവനെ അറിയലും അധ്യാപകന്റെ ബാധ്യതയാണല്ലോ. ഞാന്‍ അന്ന് പാലക്കാട്ടെ ഒരു ലോഡ്ജിലായിരുന്നു താമസം. പല വെെകുന്നേരങ്ങളിലും നടത്തങ്ങളില്‍ ഇയാളെ കൂട്ടും. കുട്ടിക്കാല ദുരിതകഥകള്‍ പലതും എന്നോട് വിശദമായി പറയും. തഴയപ്പെട്ട ഒരു വര്‍ഗത്തിലെ തീര്‍ത്തും ദരിദ്രനായൊരു കുട്ടിയുടെ കഥകള്‍, അക്കാലത്ത് പുതുമയുള്ളതായിരുന്നില്ല. പക്ഷെ കുഞ്ഞാമന്‍ ആ ദുരിതങ്ങളെയും അപമാനങ്ങളെയും തന്റെ മൂശയിലിട്ട് ഊതിക്കാച്ചി രൂപപ്പെടുത്തുന്നതായി അന്നേ തോന്നിയിരുന്നു. ഇയാള്‍ ഇതിനെ തന്റെ പ്രതിഭകൊണ്ട് ഊതിക്കാച്ചി തിളക്കിയെടുക്കും എന്നത് എനിക്ക് സന്തോഷം തോന്നിയ കാര്യമായിരുന്നു.

 


ഇതുകൂടി വായിക്കൂ:വിവേകവാണി എന്ന ദിവ്യ ഔഷധം


കുഞ്ഞാമന്‍ ഒരു പൊതു ആക്ടിവിസ്റ്റല്ല. പക്ഷെ പൊതുപ്രതിഷേധങ്ങള്‍ക്കു വേണ്ട അക്കാദമിക് ചേരുവകള്‍ നല്‍കാന്‍ അയാള്‍ക്കാവുമായിരുന്നു. അതിനുവേണ്ട സിദ്ധാന്തങ്ങള്‍ മാത്രമല്ല, ആത്മവീര്യവും അനുഭവങ്ങളും ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നു. അതദ്ദേഹം ജീവിച്ചുകാട്ടി. കുഞ്ഞാമന്‍ സ്വന്തം വര്‍ഗക്കാര്‍ക്കായി എന്ത് ചെയ്തു എന്ന് പലരും ചോദിച്ചിരുന്നു. എനിക്കും തോന്നിയിരുന്നു. കുഞ്ഞാമന്റെ ‘എതിര്’ എന്ന ആത്മകഥാക്കുറിപ്പുകള്‍ക്ക് ഒരു പഠനമെഴുതി, ഞാന്‍ പ്രസിദ്ധം ചെയ്തപ്പോള്‍ അതില്‍ ഇതും ചേര്‍ത്തിരുന്നു. അത് വായിച്ച ശേഷമുള്ള വിളിയില്‍‍ അദ്ദേഹം അതംഗീകരിച്ചു. ഒരു വ്യക്തിക്ക് നന്നായി ചെയ്യാവുന്നത് ചെയ്യുന്നതാണല്ലോ ശരി എന്നായിരുന്നു മറുപടി. തന്റെ പഠനങ്ങളിലൂടെയും എതിര്‍പ്പുകളിലൂടെയും അത് തെളിയിച്ചു. ‘എതിരി’ നു നല്‍കിയ അക്കാദമിക് പുരസ്കാരം നിരസിച്ചു. നിരസിക്കലും ആക്ടിവിസമാണ്. കുഞ്ഞാമനെ പലര്‍ക്കും ഇഷ്ടപ്പെടാന്‍ കഴിയില്ല. അയാളുടെ ജീവിതവും ചിന്തകളും ഉള്‍ക്കൊണ്ടാലേ അതിനാവൂ. ചിലരൊക്കെ ചില്ലറ സ്ഥാനവാഗ്ദാനങ്ങളുമായി അയാളെ ചാക്കിലാക്കാന്‍ നോക്കിയിരുന്നു. അതൊക്കെയും അദ്ദേഹം നിരസിച്ചു. ഒരു ത്യാഗിയാവാനായിരുന്നില്ല, തന്റെ രോഷം കെടുത്തുന്ന, അതുവഴി തന്റെ കര്‍മ്മശേഷി തളര്‍ത്തുന്ന ഒന്നിനും നിന്നുകൊടുത്തുകൂടാ എന്നതായിരുന്നു നിശ്ചയം. വെെസ് ചാന്‍സലര്‍ പദം മുതല്‍ പലതും വച്ചുനീട്ടി. അതൊക്കെ ‘ട്രാപ്പു‘കളാണെന്നറിയാമായിരുന്നു. ഒരുപക്ഷെ തന്റെ കളം കൃത്യമായറിയാവുന്നതുകൊണ്ടാണ് കുഞ്ഞാമന്‍ അതുചെയ്തത്. ‘ചാവേര്‍‘കള്‍ക്ക് അന്ത്യം കൃത്യമായറിയാമായിരുന്നു. അന്തിമമായി താനൊരു ക്ലാസ്‌റൂം ഇക്കോണമിസ്റ്റ് ആണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

ഒരുപാട് കീഴാളപഠനങ്ങള്‍ നടത്തി. മാത്രമല്ല കീഴാളപഠനങ്ങളെ നവീകരിച്ചു. ഒരു താഴ്ത്തട്ടുകാരന് രാഷ്ട്രീയ, സാമൂഹിക അധികാരക്രമങ്ങളെ മറികടക്കാനാവില്ലെന്നദ്ദേഹം ആവര്‍ത്തിച്ചു. ഇടത്-വലത് അക്കാദമികള്‍ക്കും പൊതുനേതാക്കള്‍ക്കും കുഞ്ഞാമന്‍ അസ്വീകാര്യനായത് അങ്ങനെയാണ്. അവരുടെ സ്വീകരണമുറികളില്‍ താന്‍ വഴുതിപ്പോവുമോ എന്ന ഭയവുമുണ്ടായിരുന്നു. അതൊക്കെ ‘എതിര്’ എന്ന പുസ്തകത്തിലുണ്ട്. വായിച്ചറിയണം. ഒരുപക്ഷെ അന്നത്തെ ആ അവസ്ഥ, പിന്നാക്ക സമുദായത്തിലെ ഒരു കുട്ടി ഇന്നനുഭവിക്കുന്നുണ്ടാവില്ല; കേരളത്തിലെങ്കിലും. ഒരിക്കലെങ്കിലും അതനുഭവിക്കാത്തവര്‍ക്ക് അത് കഥ മാത്രമാവും. ഓര്‍ക്കാനാവാത്ത അപമാനങ്ങള്‍. ജാതിവിളിച്ച് ചെകിട്ടത്തടിച്ച അധ്യാപകന്‍. കഞ്ഞി കുടിക്കാന്‍ മാത്രം സ്കൂളില്‍ വരുന്നവനെന്ന അധിക്ഷേപം. കോളജ് പഠനകാലത്ത് അല്പം അടുപ്പം തോന്നിയ പെണ്‍കുട്ടി, ‘ദാറ്റ് ബെഗ്ഗര്‍’ എന്ന് വിശേഷിപ്പിച്ച സംഭവം. ആത്മാവിന്റെ ഉണങ്ങാത്ത മുറിപ്പാടുകളിലായിരുന്നു കുഞ്ഞാമന്‍. കുഞ്ഞാമന്റെ നിലപാടുകള്‍ അയാളുടെ ജീവിതം നല്‍കിയ കരുത്തില്‍ നിന്നുയര്‍ന്നതായിരുന്നു. അനുരഞ്ജനങ്ങള്‍ കോമാളിത്തമാണെന്നും പല നേട്ടങ്ങളും പരിഹാസ്യമാണെന്നുമൊക്കെ ജീവിതം നല്‍കിയ പാഠങ്ങളായിരുന്നു. അതില്‍നിന്ന് പഠിച്ച്, ഒരു അക്കാദമിക് അടിത്തറയുണ്ടാക്കുകയും അതിനുമേല്‍ തന്റെ ജീവിതം സ്ഥാപിക്കുകയും ചെയ്തു. അപൂര്‍വമായൊരു ആരൂഢത്തിലായിരുന്നു ആ പ്രതിഷ്ഠ. സംസാരങ്ങളിലൊക്കെ സൗമ്യനായിരുന്നപ്പോഴും ഭാഷയുടെ മുനകള്‍ നാലുപാടും നീണ്ടിരുന്നു. തിരസ്കരിക്കാന്‍ സാധിച്ചാല്‍ പലതില്‍ നിന്നും മുക്തിയാവുന്നു. അവസാനംവരെ സ്വയംവരിച്ച ഒരു ഒറ്റപ്പെടലുണ്ടായിരുന്നു. പഠിത്തം കഴിഞ്ഞിറങ്ങുന്ന സമയത്തും ചില ദിവസങ്ങളില്‍ എന്റെ കൂടെയുണ്ടായിരുന്നു.

 


ഇതുകൂടി വായിക്കൂ: വര്‍ധിക്കുന്ന തൊഴിലില്ലായ്മയുടെ വര്‍ത്തമാനം


 

എംഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ ഇന്ന് പഴയകഥ പറയരുതെന്ന് ഞാന്‍ ശാസിച്ചു പറഞ്ഞു. അതത്ര വേഗം മായില്ലെന്ന് കുഞ്ഞാമനറിയാമായിരുന്നു. അതിന്റെ ദുഃഖം എന്റെ അറിവിലില്ലാത്തതുകൊണ്ടാണ് ഞാനത് പറഞ്ഞത്. ആ ദുരിതം അവസാനം വരെ പിന്തുടര്‍ന്നു. ഒന്നാം റാങ്കുകാരനായിട്ടും നിയമനം വന്നില്ല. തുല്‍ജാപൂരിലെ പ്രശസ്തമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായി ചേര്‍ന്നപ്പോഴും ശാപം ജാതി തന്നെയായിരുന്നു. പക്ഷെ തന്റെ ധിഷണയും ധിക്കാരവും അന്ന് അനുഗ്രഹമായി. മണ്ണിയമ്പത്തൂര്‍ കുഞ്ഞാമന്‍ എന്ന അയ്യപ്പന്റെയും ചെറോണയുടെയും മകന്‍ വേറൊരു ജനുസായിരുന്നു. സ്നേഹവും ധിക്കാരവും അപൂര്‍വമായേ ഒത്തുചേരാറുള്ളു. ഒരിക്കലും കെെവിടാത്ത സഹജീവിസ്നേഹം കൂട്ടിനുണ്ടായിരുന്നു. പ്രസക്തമായൊരു ചോദ്യം ഉയര്‍ന്നുവന്നേക്കാം; കുഞ്ഞാമന്‍ തോറ്റ വ്യക്തിയാണോ. സാമാന്യം നീണ്ട, നിരവധി തിളക്കങ്ങളുള്ള ഒരു ജീവിതം അവസാനിക്കേണ്ടതെങ്ങനെയെന്ന് സ്വയം തീരുമാനിക്കുകയായിരുന്നു. കുഞ്ഞാമന്‍ തോറ്റതിന് ഒരു തെളിവുമില്ല. എന്തെങ്കിലും നേടാന്‍ പാടുപെട്ട് കഴിയാതിരുന്നാലല്ലേ തോല്‍വി. അതൊന്നുമുണ്ടായിട്ടില്ല. പിന്നെ നമ്മുടെ മാനകീകൃത മൂല്യനിര്‍ണയങ്ങള്‍ പലപ്പോഴും പരിഹാസ്യമാണ്. ആ പരിഹാസങ്ങള്‍ക്ക് കുഞ്ഞാമന്‍ നിന്നുകൊടുത്തില്ലെന്ന് മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.