27 April 2024, Saturday

പാഠം പഠിക്കാത്ത പഠിതാക്കൾ…

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
November 24, 2021 6:00 am

ഞാൻ ഒരു ക്രെെസ്തവനാണ്. ഞങ്ങളുടെ വിശ്വാസസംഹിതയിൽ പല കാര്യങ്ങളുടെയും അടിസ്ഥാനം പഴയ നിയമം എന്ന് ഞങ്ങളും അതിന്റെ ശരിയായ ഉടമസ്ഥർ ‘താനഖ്’ എന്നും വിളിക്കുന്ന ബൈബിളിലെ വേദഭാഗമാണ്. അതനുസരിച്ച് ഈ ഭൂഗോളത്തിലെ സകല മനുഷ്യരും ഒരൊറ്റ മാതാപിതാക്കളിൽ നിന്നുള്ളവരാണ്. നരവംശശാസ്ത്ര നിയമം അനുസരിച്ച് വളരെ സങ്കീർണമായ പരിണാമഘട്ടങ്ങൾ കടന്ന് ലക്ഷക്കണക്കിന് വർഷങ്ങൾക്കപ്പുറത്ത് ഹോമോ ഇറക്ടസ് (നിവർന്ന വർഗം) എന്ന പൊതു മുൻഗാമികളിൽ നിന്നും ആഫ്രിക്കയിൽ സംഭവിച്ച പരിണാമമാണ് മനുഷ്യവർഗത്തിന്റെ മൂലം. അതും കഴിഞ്ഞ് ഹോമോസാപ്പിയൻസ് വരെ നീളുന്ന പരിണാമത്തിലൂടെയാണ് ഇന്ന് കാണുന്ന മനുഷ്യവംശത്തിന്റെ അടിത്തറ ഉണ്ടായത് എന്നാണ് ശാസ്ത്രീയമായ കണ്ടെത്തൽ. ചുരുക്കത്തിൽ മനുഷ്യൻ പ്രാഥമികമായി ഒരൊറ്റ മൂലത്തിൽ നിന്നുള്ളതാണ്. ഇവിടെ തീർച്ചയായും ഇതര മതങ്ങൾക്ക് ഇക്കാര്യത്തിലെ തനതായ വിശദീകരണങ്ങൾ ഉണ്ടാകാം. പക്ഷെ മനുഷ്യവംശത്തിന് ഏക സ്രോതസ്സ് എന്ന ശാസ്ത്രീയമായ നിലപാടാണ് പൊതുവായി സ്വീകരിക്കപ്പെടുന്നത്. ഇങ്ങനെ ഉണ്ടായ മനുഷ്യനാണ് കാലഗതിയിൽ വിവിധ ഇടങ്ങളിലേക്ക് കുടിയേറി തനതും വ്യത്യസ്തവുമായ രൂപഭാവങ്ങളിലേക്ക് മാറിയത്. പക്ഷെ ഖേദകരമായ കാര്യം ആ പഴയ ഹോമോസാപ്പിയൻസ് എന്ന അവസ്ഥയിൽ നിന്നും സാംസ്കാരികമായും, വിദ്യാഭ്യാസപരമായും ശാസ്ത്ര സാങ്കേതിക പരമായും കാലഗതിയിൽ ഏറെ മുന്നേറിയ മനുഷ്യൻ പക്ഷെ വേണ്ടത്ര വിവേകി ആകാതെ മനുഷ്യരെ ഇന്നും നിറത്തിന്റെയും വംശത്തിന്റെയും, ജീവിക്കുന്ന നാടിന്റെയും ഒക്കെ അടിസ്ഥാനത്തിൽ ഉച്ചനീചത്വത്തോടെ വിലയിരുത്തുകയും ഇടപെടുകയും ചെയ്യുന്നു എന്നതാണ്. ഇതുമൂലം മനുഷ്യൻ മനുഷ്യനെ അടിമയാക്കുകയും പൊതുവായ അവകാശങ്ങൾക്കും തത്വങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും നിരക്കാത്തവിധം നിഷേധിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഇത് ഒറ്റവാക്കിൽ പറഞ്ഞാൽ സ്വത്വ നിഷേധമാണ്, അതുകൊണ്ടുതന്നെ നാശകരവുമാണ്. ഇങ്ങനെ ഒരാമുഖം നൽകാൻ കാരണം അപ്പാർതെെഡ് സൗത്താഫ്രിക്കയുടെ അവസാനത്തെ പ്രസിഡന്റ് എഫ് ഡബ്ലിയു ഡിക്ലർക്കിന്റെ മരണവാർത്തയാണ്. 2021 നവംബർ 11 -ാം തീയതി കേപ്‌ടൗണിനടുത്തുള്ള തന്റെ ഭവനത്തിൽ വച്ച് 85-ാം വയസിൽ അദ്ദേഹം നിര്യാതനായി എന്ന വാർത്ത സമ്മിശ്ര പ്രതികരണമാണ് ഉയർത്തിയത്. ഒരുവശത്ത് 1989 ഓഗസ്റ്റ് 15 മുതൽ 1994 മെയ് ഒമ്പതു വരെയുള്ള അഞ്ചു വർഷം വർണവിവേചന രാജ്യത്തിന്റെ തലയാളായ പ്രസിഡന്റ് എന്ന നിലയിൽ അത്ര ആരാധ്യനല്ലാത്ത വ്യക്തി. മറുവശത്ത് താൻ ഏതുതരത്തിലുള്ള ഭരണശൈലിയുടെ പ്രതിനിധി ആയിരുന്നോ ആ വിവേചന ശൈലിയെ നിർത്തലാക്കാൻ മുൻകൈ എടുത്തയാളും ഈ വ്യവസ്ഥക്കെതിരെ നടന്ന സമരത്തിന്റെ മുന്നണിപ്പോരാളി ആയിരുന്ന നെൽസൺ മണ്ടേലയെ തടവിൽ നിന്നും മോചിപ്പിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായ നാഷണൽ യൂണിറ്റി സർക്കാരിൽ ഡെപ്യൂട്ടി പ്രസിഡന്റുമായ മഹൽവ്യക്തിയും എന്ന നിലയിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആരാധ്യനായ മനുഷ്യൻ.

 


ഇതുകൂടി വായിക്കാം; നിയമം തന്നെ രാജ്യദ്രോഹമായാല്‍ പൗരന് നീതി ലഭിക്കുന്നതെങ്ങനെ?


 

1948 ൽ ഭരണത്തിൽ വന്ന നാഷണൽ പാർട്ടിയുടെ ലേബലിൽ പ്രധാനമന്ത്രി ആയി ചുമതല ഏറ്റ ദാനിയേൽ ഫ്രാങ്കോ മലൻ, രണ്ടാംലോക മഹായുദ്ധത്താൽ ഉണ്ടായ കെടുതികളിൽ നിന്നും നാടിനെ വീണ്ടെടുക്കുവാൻ എന്ന ഭാവത്തിൽ അപ്പാർതെെഡ് അഥവാ വ്യവച്ഛേദം എന്ന ആശയം നടപ്പാക്കണം എന്ന പ്രഖ്യാപനത്തോടെയാണ് തന്റെ ഭരണം ആരംഭിച്ചത്. ഇദ്ദേഹത്തിനും മുൻപ് പ്രധാനമന്ത്രി ആയിരുന്ന ഹെൻഡ്രി ഫ്രഞ്ച് വെർവോഡിന്റെ (1958–1966) തലയിൽ ഉദിച്ച ആശയമായിരുന്നു ഇത്. തികഞ്ഞ ഏകാധിപത്യവാദിയും വെള്ളക്കാരുടെ അപ്രമാദിത്വത്തിൽ വിശ്വസിച്ചിരുന്ന ആളുമായിരുന്നു ഇയാൾ. സമൂഹത്തെ വംശത്തിന്റെ അടിസ്ഥാനത്തിൽ, വെള്ളക്കാർ, കറുത്തവർ, നിറമുള്ളവർ, ഇന്ത്യക്കാർ എന്നിങ്ങനെ നാലായി തിരിക്കുകയും അതിൽ ഓരോ വിഭാഗത്തിന്റെയും അവകാശങ്ങളിൽ ഏറ്റക്കുറച്ചിൽ നിർണയിക്കുകയും ചെയ്തപ്പോൾ ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ അടിച്ചമർത്തലിന്റെയും പാർശ്വവൽക്കരണത്തിന്റെയും ഇന്ത്യൻ ശൈലിയുടെ പകർപ്പാവുകയായിരുന്നു അത്. നമ്മുടെ രാജ്യത്ത് ഇന്ന് നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമംപോലെ തന്നെ. വർണവിവേചന തത്വം അനുസരിച്ച് വെള്ളക്കാർ സർവ സ്വതന്ത്രർ, നിറമുള്ളവരും ഇന്ത്യക്കാരും പരിമിതാവകാശമുള്ളവർ, കറുത്തവർ, അതവരുടെ രാജ്യമായിരുന്നു എങ്കിലും അടിമകൾ. ഇവിടെ മതത്തിന്റെയും, തൊഴിൽ മേഖലയുടെയും ഒക്കെ അടിസ്ഥാനത്തിലായിരുന്നു എങ്കിൽ അവിടെ ത്വക്കിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് മാത്രം. അങ്ങിനെ കോളനിവാഴ്ചയുടെ പുതിയ കരാളമുഖം ഈ ആധുനിക യുഗത്തിൽ ഇവിടെയും തുറക്കപ്പെട്ടു. ഹെൻഡ്രിക്ക് ശേഷം അധികാരത്തിൽ വന്നവരെല്ലാം വിവിധങ്ങളായ നിയമനിർമ്മാണത്തിലൂടെ ഈ വ്യവസ്ഥ കൂടുതൽ കർക്കശവും അടിമത്തപരവും ഉച്ചനീചത്തപരവും ആക്കിക്കൊണ്ടേയിരുന്നു. വ്യക്തികൾക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കുകയും അതിലൂടെ അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കുകയും ചെയ്തു. വർണ്ണവിവേചനത്തിന്റെയും അതുമൂലം മനുഷ്യർക്കുണ്ടായ ദുരിതജീവിതത്തിന്റെയും അവശേഷിപ്പുകൾ സ്വാതന്ത്ര്യാനന്തരവും ഞാൻ 2010 ൽ ഒരു കോൺഫറൻസിൽ സംബന്ധിക്കുന്നതിന് ജോഹന്നാസ്ബർഗ്ഗ് സന്ദർശിക്കുമ്പോൾ വ്യക്തമായി കാണാമായിരുന്നു. കറുത്തവരെ കൂട്ടമായി താമസിപ്പിച്ചിരുന്നിടം, കാലിത്തൊഴുത്തിനെക്കാൾ ശോചനീയാവസ്ഥയിലാണ് കാണപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് എഫ് ഡബ്ല്യു ഡിക്ലർക്ക് 1989 ൽ രാജ്യത്തിന്റെ പ്രസിഡന്റായി വരുന്നത്. പ്രസിഡന്റായിരുന്ന പി ഡബ്ല്യു ബോത്തയുടെ നിര്യാണത്തെ തുടർന്ന് ആദ്യം ആക്ടിങ് പ്രസിഡന്റും പിന്നീട് പ്രസിഡന്റുമായ ഡി ക്ലർക്ക് തുടക്കത്തിൽ വർണവിവേചനത്തിന്റെ കടുത്ത പിന്തുണക്കാരനായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളിൽ നേതൃനിരയിലുണ്ടായിരുന്ന ബിഷപ് ഡസ്‌മോണ്ട് ടുട്ടു പ്രതിരോധം തുടരേണ്ടതുണ്ട് എന്ന സൂചനയോടെ, “ഈ മാറ്റം അടിസ്ഥാനപരമായ മാറ്റമല്ല, മറ്റൊരു കസേരകളി മാത്രം” എന്നാണ് അഭിപ്രായപ്പെട്ടത്.

പക്ഷെ ഡിക്ലർക്ക് വ്യത്യസ്തനാണ് എന്ന് തെളിയിക്കുകയായിരുന്നു. പ്രതിഷേധങ്ങളെയൊ സമരങ്ങളെയൊ നിരോധിക്കാൻ അദ്ദേഹം ഒരുമ്പെട്ടില്ല. ബിഷപ്പ് ടുട്ടു പ്രഖ്യാപിച്ച കേപ്‌ടൗണിലെ പ്രതിഷേധ റാലി നിരോധിക്കണം എന്ന ഉപദേശത്തിനെതിരെ, അത് നടക്കട്ടെ, തടഞ്ഞ് കൂടുതൽ പ്രശ്നമുണ്ടാക്കേണ്ടതില്ല എന്നായിരുന്നു ഡിക്ലർക്കിന്റെ തീരുമാനം. മുപ്പതിനായിരത്തിലധികം പേർ സംബന്ധിച്ച റാലിയുടെ അനുരണനങ്ങൾ മറ്റ് പട്ടണങ്ങളിലും ഉണ്ടായി. പ്രവാസത്തിലായിരുന്ന സമര നേതാക്കളുമായി സംഭാഷണത്തിനും അദ്ദേഹം ക്രമീകരണങ്ങൾ ചെയ്തു. നെൽസൺ മണ്ടേലയെ ജയിലിൽ സന്ദർശിച്ച് ഒരു ഭരണമാറ്റ സാധ്യതയെക്കുറിച്ച് അദ്ദേഹം ദീർഘമായി സംസാരിച്ചു. 1990 ഫെബ്രുവരി രണ്ടാം തീയതി പാർലമെന്റിൽ നടത്തിയ തന്റെ പ്രസംഗത്തിൽ, “ചരിത്രം എന്റെമേൽ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്” എന്ന് ഡിക്ലർക്ക് പ്രഖ്യാപിച്ചു. ഇതെക്കുറിച്ച് ബിഷപ് ടുട്ടു, “ഇത് ഗംഭീരം, ഇദ്ദേഹത്തിന് അഭിവാദ്യം, അഭിവാദ്യം” എന്നാണ് പ്രതികരിച്ചത്. 1990 ഫെബ്രുവരി 11-ാം തീയതി മുപ്പത്തൊന്നു വർഷത്തെ കാരാഗൃഹവാസം അവസാനിച്ച് നെൽസൺ മണ്ടേല വിമോചിതനായി. തന്റെ മരണത്തിനു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട ഡിക്ലർക്കിന്റെ വീഡിയോ സന്ദേശത്തിൽ, “വർണവിവേചനത്താൽ സൗത്താഫ്രിക്കയിലെ കറുത്തവർക്കും, നിറമുള്ളവർക്കും ഇന്ത്യക്കാർക്കും നേരിടേണ്ടിവന്ന മുറിവുകൾക്കും, അപമാനത്തിനും, കഷ്ടനഷ്ടങ്ങൾക്കും ഞാൻ മുൻവിധികളില്ലാതെ ക്ഷമ ചോദിക്കുന്നു” എന്ന് പറഞ്ഞിരിക്കുന്നു. ഈ വീഡിയോ വ്യാജമാണ് എന്ന് ചിലർ പറയുന്നുണ്ട് എങ്കിലും മനുഷ്യത്വരഹിതമായ വർണവിവേചനവ്യവസ്ഥ ഇല്ലാതാക്കുന്നതിന് അദ്ദേഹം കാണിച്ച ദൃഢനിശ്ചയംതന്നെ ഒരു ക്ഷമാപണക്കുറിപ്പായി അംഗീകരിക്കാവുന്നതാണ്.

 


ഇതുകൂടി വായിക്കാം;  അടിസ്ഥാനങ്ങളിലെ വ്യതിയാനം


 

നമ്മുടെ പ്രധാനമന്ത്രി നവംബർ 19-ാം തീയതി, ഭാരതത്തിലെ കർഷകരുടെ ജീവിതവും അധ്വാനവും കോർപറേറ്റുകൾക്ക് അടിയറവച്ചുകൊണ്ടുണ്ടാക്കിയ, പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നു എന്നും കർഷകർക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞ് നടത്തിയ പ്രഖ്യാപനം ഇതിന് സമാനമായ പ്രവൃത്തിയായി ചില ശുദ്ധാത്മാക്കൾ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ ഇവ തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നതാണ് സത്യം. ഡിക്ലർക്കിന്റെത്, അദ്ദേഹം പറഞ്ഞതുപോലെ, ചരിത്രത്തിന്റെ ഗതിയിൽ ഉണ്ടായ മാറ്റത്തെ ഉൾക്കൊണ്ടുകൊണ്ട് നടത്തിയ പരിഷ്ക്കാരം എങ്കിൽ, നരേന്ദ്രമോഡിയുടെത് കഴിഞ്ഞ ഇടക്കാല തെരഞ്ഞെടുപ്പുകളിൽ ജനം പ്രതികരിച്ചതുകണ്ട്, ഇനി വരുന്ന നിയമസഭാ പൊതു തെരഞ്ഞെടുപ്പുകളെ ലക്ഷ്യമാക്കി ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ നടത്തിയ ഗിമിക്കുകളിലൊന്നാണ്. അതുകൊണ്ടാണ് കർഷകർ ഈ കരിനിയമങ്ങൾ പാർലമെന്റിന്റെ തീരുമാനം വഴി പിൻവലിക്കുന്നതുവരെ സമരരംഗത്ത് തുടരാൻ തീരുമാനിച്ചത്. ഞങ്ങൾ മോഡിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കുന്നില്ല, പാർലമെന്റ് തീരുമാനം വരട്ടെ അപ്പോൾ ആലോചിക്കാം എന്നാണവർ പറയുന്നത്. ഒരു രാജ്യത്തെ പ്രധാനമന്ത്രിക്കു ലഭിക്കാവുന്ന ഏറ്റവും ലജ്ജാകരമായ, അപമാനകരമായ മറുപടിയാണിത്, ഞങ്ങൾക്ക് താങ്കളിൽ വിശ്വാസമില്ല എന്നാണ് സന്ദേശം. ആമുഖത്തിലെ ചോദ്യത്തിലേക്ക് തിരികെ വരട്ടെ. സൗത്താഫ്രിക്കയിലെ വർണവിവേചനം നടപ്പാക്കിയ ക്രെെസ്തവവിശ്വാസികളായ, പ്രാഥമികമായി അവരുടെ ഒരേ ഹോമോസാപ്പിയൻ വർഗത്തിന്റെ പിൻതലമുറക്കാരായ വെള്ളക്കാർ നടപ്പാക്കിയ വിവേചനനയം സ്വന്തം വർഗത്തിനും പൈതൃകത്തിനും എതിരായ അതിക്രമമായിരുന്നു. അത് തിരുത്താൻ ധൈര്യം കാണിച്ച സൗത്താഫ്രിക്കയുടെ മുൻ പ്രസിഡന്റ് എഫ് ഡബ്ല്യു ഡിക്ലർക്കിന്റെ മരണത്തിൽ ആദരാഞ്ജലികൾ. എന്നാൽ ചരിത്രം മുന്നോട്ട് പോകുമ്പോഴും മനുഷ്യവർഗം കൂടുതൽ സംസ്കൃതരാകുന്നു എന്നഭിമാനിക്കുമ്പോഴും, “വസുധൈവ കുടുംബകം’ എന്നത് ആത്മീയ തത്വമായി പ്രഖ്യാപിക്കുന്ന ഈ രാജ്യത്തെ അധികാരിവർഗം എന്തുകൊണ്ട് ചരിത്രം പഠിക്കുമ്പോഴും ചരിത്രത്തിൽ നിന്നും പഠിക്കാതിരിക്കുന്നു എന്ന ചോദ്യം അവശേഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.