20 January 2025, Monday
KSFE Galaxy Chits Banner 2

കെജ്‌രിവാളിന്റെ ജാമ്യവും അന്വേഷണ ഏജൻസികളുടെ അടിമപ്പണിയും

Janayugom Webdesk
September 7, 2024 5:00 am

ദ്യനയക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി വിധി പറയുന്നതിന് മാറ്റിവച്ചിരിക്കുകയാണ്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ് കെജ്‌രിവാൾ ഇപ്പോഴും ജയിലിൽ തുടരാനിടയായ ഡൽഹി മദ്യ നയക്കേസ്. എഎപി സർക്കാർ എക്സൈസ് നയം പരിഷ്കരിച്ചതിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്നും നയത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് ഉടമകൾക്ക് 2022ൽ അനാവശ്യ ആനുകൂല്യങ്ങൾ നൽകിയെന്നുമായിരുന്നു ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളുടെ ആരോപണം. അതേസമയം ആരോപണമുയർന്നതിന്റെ പേരില്‍ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടർന്ന് നയം തന്നെ റദ്ദാക്കിയിരുന്നു. ഈ വിഷയത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, നേതാക്കളായ സഞ്ജയ് സിങ്, വിജയ് നായർ, ബിആർഎസ് നേതാവ് കെ കവിത ഉൾപ്പെടെ പ്രമുഖരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. ഇതിൽ കെജ്‌രിവാൾ ഒഴികെയുള്ളവർക്ക് വിവിധ ഘട്ടങ്ങളിലായി ജാമ്യം ലഭിക്കുകയും ചെയ്തു. അന്വേഷണ ഏജൻസികളുടെ നടപടിക്രമങ്ങളിലെ പാളിച്ചകളും വിചാരണയില്ലാതെ തടവിലിടുന്നതും സംബന്ധിച്ച് നിരവധി തവണ സുപ്രീം കോടതിയിൽ നിന്നും രൂക്ഷമായ വിമർശനങ്ങളും പരാമർശങ്ങളും നിരീക്ഷണങ്ങളും ഉണ്ടായിരുന്നുവെങ്കിലും ശത്രുതാ മനോഭാവത്തോടെയുള്ള സമീപനങ്ങൾ തുടരുന്നുവെന്നതിൽ നിന്ന് അവർക്ക് കേന്ദ്ര അധികാരികളിൽ നിന്ന് നേരിടേണ്ടിവരുന്ന സമ്മർദങ്ങളും പ്രലോഭനങ്ങളും വ്യക്തമാണ്. കഴിഞ്ഞ മാർച്ച് 21ന് കെജ്‌രിവാളിനെ ആദ്യം അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റായിരുന്നു. കള്ളപ്പണം വെളുപ്പിക്കലായിരുന്നു കുറ്റം. ഈ കേസിൽ അദ്ദേഹത്തിന്, ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇടക്കാലജാമ്യം ലഭിച്ചു. സ്ഥിരജാമ്യം അനുവദിക്കുന്നതിനുള്ള ഹർജി പരിഗണനയിലുമായിരുന്നു. ഇടക്കാലജാമ്യം അനുവദിച്ച സാഹചര്യത്തിൽ സ്ഥിരജാമ്യത്തിനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കിയ അധികാര കേന്ദ്രങ്ങൾ ജൂൺ 16ന് ധൃതിപിടിച്ച് സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസില്‍ കെജ്‌രിവാളിനെ ഉൾപ്പെടുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അതുകൊണ്ടുതന്നെ ഇഡി കേസിൽ സുപ്രീം കോടതി ജൂലൈ 12ന് ജാമ്യം അനുവദിച്ചുവെങ്കിലും കെജ്‌രിവാൾ ജയിലിൽ തുടരുകയാണ്.


കേന്ദ്ര ഏജൻസികൾ അഥവാ കൂട്ടിലടച്ച തത്തകൾ


സമാന നിലപാട് ത­ന്നെയാണ് ഇതേ കേ­സിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടും കേന്ദ്ര ഏജൻസികൾ സ്വീകരിച്ചത്. അഴിമതിക്കേസിന്റെ പേരിൽ 2023 ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ഒരു മാസത്തിന് ശേഷം ഇഡിയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഈ വിധിയിൽ ഏജൻസികളുടെ നടപടികളെ കോടതി നിശിതമായി വിമർശിക്കുകയുണ്ടായി. വേഗത്തിലുള്ള വിചാരണ അവകാശമാണെന്ന് വ്യക്തമാക്കിയാണ് 17 മാസത്തോളം ജയിൽവാസം അനുഭവിക്കേണ്ടിവന്ന സിസോദിയയ്ക്ക് ജാമ്യം അനുവദിച്ചത്. സിസോദിയയും കവിതയും മറ്റുള്ളവരും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും സിബിഐ കേസിന്റെ പേരിൽ ജയിലിൽ തുടരുന്ന കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയാണ് പരമോന്നതകോടതി വിധി പറയുന്നതിന് മാറ്റിയിരിക്കുന്നത്. ഹർജി പരിഗണിച്ച വേളയിൽ ഇഡി കേസിൽ കസ്റ്റഡിയിൽ ആയിരിക്കെ സിബിഐ അറസ്റ്റ് ചെയ്തതിനെ കോടതി വിമർശിച്ചു. ഒരാൾ കസ്റ്റഡിയിലായിരിക്കുമ്പോൾ വീണ്ടും അറസ്റ്റ് ചെയ്യണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി ക്രിമിനൽ നടപടി ക്രമത്തിൽ ചിലതുണ്ടെന്ന് സിബിഐയെ ഓർമ്മിപ്പിക്കുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്നതുൾപ്പെടെ ദുർബലമായ വാദമാണ് ജാമ്യത്തെ എതിർത്ത് സിബിഐ മുന്നോട്ടുവച്ചത്. അതേസമയം സിബിഐ കേസിൽ നാലും ഇഡി കേസിൽ ഒമ്പതും കുറ്റപത്രങ്ങൾ സമർപ്പിച്ചതിനാൽ തെളിവുകൾ കോടതിക്ക് മുമ്പാകെ നിൽക്കുമ്പോൾ എങ്ങനെയാണ് വ്യക്തിക്ക് അത് നശിപ്പിക്കുവാൻ സാധിക്കുകയെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ ചോദ്യത്തിന് പ്രസക്തിയുണ്ട്. ഇത്തരം ചോദ്യങ്ങൾ വിവിധ കോടതികളിൽ മറ്റു രീതികളിൽ ഉന്നയിക്കപ്പെട്ടതുമാണ്.


കേന്ദ്ര അന്വേഷണ ഏജൻസികളും ഇലക്ടറൽ ബോണ്ട് അഴിമതിയും


കേസുകളിൽ കുറ്റാരോപിതരാകുന്നവര്‍ക്ക് കോടതികൾ അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ തുടങ്ങിയാൽ, അത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാകുമെന്ന് നേരത്തെ മറ്റൊരു കേസിൽ കോടതി നിരീക്ഷണമുണ്ടായതാണ്. ഇഡി കേസിൽ കെജ്‌രിവാളിന് ജാമ്യം നൽകുമ്പോൾ അറസ്റ്റിനുള്ള അധികാരം അനിയന്ത്രിതമല്ലെന്നും അറസ്റ്റിന് മുമ്പ് അതിന്റെ ആവശ്യകത പൊലീസ് പരിഗണിക്കണമെന്നും കോടതി പറഞ്ഞിരുന്നു. കെജ്‌രിവാളിന്റെ കാര്യത്തിൽ സുപ്രീം കോടതിയുടെ മാറ്റിവയ്ക്കപ്പെട്ട വിധി എന്തായിരുന്നാലും അന്വേഷണ ഏജൻസികളുടെ പക്ഷപാതിത്തം കൂടുതൽക്കൂടുതൽ തെളിഞ്ഞുവരികയാണ് അവരുടെ ഓരോ നടപടികളിലൂടെയും. നിരവധി തവണ ഇത് ബോധ്യപ്പെടുത്തുന്ന വിമർശനങ്ങളും വിധിപ്രസ്താവങ്ങളും സമുന്നത കോടതിയിൽ നിന്നുൾപ്പെടെ ഉണ്ടായെങ്കിലും അന്വേഷണ ഏജൻസികൾ തങ്ങളുടെ അടിമപ്പണി നാണമില്ലാതെ തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.