28 April 2024, Sunday

കൊറഗത്തീ

രാധാകൃഷ്ണൻ പെരുമ്പള
October 20, 2021 10:13 am

കയറ്റം

നെക്കരക്കോളണിയുടെ
പിന്നാമ്പുറത്തു കൂടി
പുല്ലാഞ്ഞിക്കാടു തേടി
കുന്നു കയറുകയായിരുന്നു, ഞാൻ
അപ്പോൾ ദൂരെ നിന്നും
അക്കരെ കുന്നിൻ ചെരിവിലൂടെ
നിന്‍റെ വരവ് കണ്ടു.

നീ എന്നെത്തന്നെ
തേടി  വരികയാണെന്ന് തെല്ലൊരതിശയത്തോടെ
ഞാൻ ഉറപ്പിച്ചു.

നിന്നെ ഒന്ന് കണ്ടുകിട്ടാൻ
എത്രയോ കാലമായി ഞാൻ ആഗ്രഹിക്കുകയായിരുന്നു

എന്റെ പലായനങ്ങളുടെ
നാളുകളിലൊക്കെ നിന്നെ
പ്രതീക്ഷിച്ചിരുന്നു, ഞാൻ.

പക്ഷെ അന്നൊന്നും
അതുണ്ടായില്ല

പലപ്പോഴും ഞാൻ,
നീ വന്നെത്തിയെന്ന
സ്വപ്നംകണ്ട്
വെറുതെ ഉറക്കമുണർന്നു.

പക്ഷെ ഇവിടെ ഞാൻ
നിന്നെ പ്രതീക്ഷിച്ചിരുന്നതല്ല,
ഇനിയൊരിക്കലും നിന്നെ
കാണാനാവുകയില്ലെന്ന്
എങ്ങനെയോ
കരുതിയിരുന്നു, ഞാൻ,

അത്രമാത്രം കടുത്ത
നിരാശയിലും
ഒറ്റപ്പെടലിലും
വീണു കഴിഞ്ഞിരുന്നു ഞാൻ,

നിന്റെ സാന്നിദ്ധ്യമുള്ള
ഇടങ്ങളിൽ നിന്നും
ഞാൻ അറിയാതെ
അകന്നു കഴിഞ്ഞതായി
എനിക്ക് തോന്നിയിരുന്നു

എല്ലാറ്റിൽ  നിന്നും
സ്വയമേവ പിൻവലിഞ്ഞ്
എന്റേതായ തുരുത്തിൽ
ഒതുങ്ങിപ്പോയിരുന്നു, ഞാൻ.

സത്യത്തിൽ
ഇന്നു ഞാൻ
വട്ടി മെടയാനുള്ള
വള്ളികൾക്കായി
പുല്ലാഞ്ഞിക്കാടു തേടി
കുന്നുകയറുകയായിരുന്നു.

ആദിവാസിക്കൊറഗനായ ഞാൻ
കുലത്തൊഴിലല്ലാതെ
മറ്റെന്തു ചെയ്യാനാണ് !

എന്റെ പൂർവ്വികരുടെ
എണ്ണമറ്റ തലമുറകൾ
ചെയ്തു വന്ന തൊഴിൽ…

അപ്പനപ്പൂപ്പന്മാർ
കാട്ടുവള്ളികൾ കൊണ്ട് കുട്ടയും
വട്ടിയും ഉണ്ടാക്കി ജീവിച്ചു
ആ പണി പോലും കിട്ടാത്ത
എന്റെ തലമുറക്ക്
എച്ചിൽ മാത്രം വിധി.

 

ഡ്രോപ് ഔട്ട്

 

എന്റെ വംശം ഗതിയറ്റ്
ചത്തു തീർന്നുകൊണ്ടിരിക്കുന്നു. ജീവിതം പ്രതിസന്ധിയിലായ
ഞങ്ങൾക്ക്
ഒന്നിനും വലിയ കോപ്പില്ല
പഠിപ്പു മുഴുമിക്കാനാവുന്നില്ല
പഠിച്ചാലും
എന്തെങ്കിലുമാകാമെന്ന
പ്രതീക്ഷയുമില്ല.

സ്ക്കൂളിൽ ഞാൻ
നന്നായി പഠിച്ചു.
എൻ്റെ താല്പര്യം കണ്ട്
അവിടത്തെ
ചില മാഷന്മാർ എന്നെ
കോളേജിൽ പഠിക്കാൻ
സഹായിച്ചു.

തുടർ പഠനത്തിന്
സർവ്വകലാശാലയിൽ
പോകാൻ ഉപദേശിച്ചു.

സർവ്വകലാശാലയിൽ
ഗവേഷണത്തിനു പോയ
ഞാൻ, പക്ഷെ
നിലയില്ലാതെ പെട്ടുപോയി.

ഉപചാരങ്ങൾ
വശമില്ലാത്തവനായി ഇണക്കമില്ലാത്തവനായി.
വഴക്കമില്ലാത്തവനായി
നിറമില്ലാത്തവനായി
വൃത്തിയില്ലാത്തവനായി
തികച്ചും ഒറ്റപ്പെട്ടു,
കൊഴിഞ്ഞു പോവാൻ
വിധിക്കപ്പെട്ടവനായി.

എന്നെപ്പോലെ കാണപ്പെട്ട
എന്റെ സുഹൃത്തുക്കൾ
അവിടെനിന്നും
ഒന്നൊന്നായി
അപ്രത്യക്ഷമായിരുന്നു.
ചിലർ ആത്മഹത്യചെയ്തു,
ചിലർ ദുരൂഹമായി മരിച്ചു.

അപ്പോഴൊക്കെ നിന്നെ
ഞാൻ സ്വപനം കണ്ടു
ഒരിണയായും തുണയായും നീയുണ്ടാകണമെന്നാശിച്ചു.

അവിടെയെവിടെയെങ്കിലും
നീയുണ്ടാകുമെന്നും
വൈകാതെ  എത്തിച്ചേരുമെന്നും
ഞാൻ പ്രതീക്ഷിച്ചിരുന്നു
പക്ഷെ നീ വന്നില്ല.

സർവകലാശാലയിൽ ഗവേഷണത്തിനെത്തിച്ചേർന്ന
ആദ്യത്തെയും അവസാനത്തെയും കൊറഗനാണ് ഞാൻ.
അതൊരു തികഞ്ഞ
അപരാധം പോലെയായിപ്പോയി.,
എനിക്കു ചേരാത്ത സ്ഥലമെന്ന് അവിടുത്തെ ചുവരുകൾ
പറഞ്ഞു കൊണ്ടിരുന്നു.

പിടിച്ചു നിൽക്കാനുള്ള
ഓരോ ശ്രമവും
പാളിക്കൊണ്ടിരുന്നു.
എന്നെപ്പോലൊരാൾ
അവിടെ പാടില്ലെന്ന്
ആർക്കൊക്കെയോ ഉറപ്പിക്കേണ്ടതുണ്ടായിരുന്നു

അവിടെ നിന്നാൽ  ഞാൻ
മരിച്ചു പോകും, അല്ലെങ്കിൽ
കൊല്ലപ്പെടുമെന്നു തോന്നി.

അവിടെ നിന്നും ഞാൻ
ആരോടും പറയാതെ ഇറങ്ങി
ഇങ്ങോട്ടു തിരിച്ചു വന്നു,

എന്റെ അനാഥമായ ഊരിലേക്ക് കാട്ടുവഴിയിലേക്ക്
തെയ്യത്തറയിലേക്ക്

ഇവിടെ ഞാൻ സ്വസ്ഥനാണ്.
പക്ഷെ എന്നെക്കൊണ്ട്
ഇവിടെയുള്ളവർ
അസ്വസ്ഥരായിരിക്കുന്നു.

എന്നെ അന്വേഷിച്ച്
പലരും വരുന്നു
കാക്കിയിലും മഫ്ടിയിലും.
കോളനിയിൽ
എന്റെ വീട്ടിൽ ഞാൻ
അടച്ചു പൂട്ടി
കുത്തിയിരിക്കുമ്പോൾ
ഞാൻ അട്ടിമറി ആസൂത്രണം
ചെയ്യുന്നുവെന്ന്
അവർ സംശയിക്കുന്നു.

പണിയൊന്നുമില്ലാത്ത നേരം
ഞാൻ പഴയ പുസ്തകങ്ങൾ
മറിച്ചു നോക്കുമ്പോൾ
പോലീസ് വന്ന് എന്റെ
തീവ്രവാദ ലഘുലേഖ പരതുന്നു.
ചോദ്യം ചെയ്യുന്നു.
ഭീഷണിപ്പെടുത്തുന്നു.

എന്നെ നാട്ടിലും ജീവിക്കാൻ
വിടണമെന്ന്
അവർക്ക് ഉദ്ദേശ്യമില്ല,
പക്ഷെ ഇവിടം വിട്ടു പോകാൻ
എനിക്കാവുന്നില്ല.

കൊറഗത്തി

എന്റെ അവസാനത്തെ
അഭയ സങ്കേതമായ,
ഇവിടേക്കാണ് നീയിപ്പോൾ വന്നെത്തിയിരിക്കുന്നത്.

എന്റെ തന്നെ നിറവും
എന്റെ തന്നെ വംശ
ചിഹ്നങ്ങളുമുള്ള
കൊറഗത്തീ,
നിനക്കും ഇവിടം
തന്നെയല്ലോ അഭയം.

മാനം കറുത്തു തൂങ്ങി
നില്പുണ്ടിപ്പോഴും.
മഴ ഉടനെ തന്നെ
പെയ്യുമെന്നു തോന്നുന്നു.

കുന്നിൻ ചെരിവിലെ
മരങ്ങൾക്കിടയിലൂടെ
കാറ്റു പതിയെ
വീശുന്നുണ്ട്.

ദൂരെ, സൂര്യവെളിച്ചത്തിൽ
ആകാശച്ചെരിവിലൂടെയെന്നവണ്ണം
കുന്നിറങ്ങുന്ന
നിന്നെ കാണാനാവുന്നുണ്ട്

കാറ്റിന്റെ അലകളിൽ
നിൻ്റെ ഉടുപ്പുകൾ
ഉലഞ്ഞു പാറി കൊണ്ടിരിക്കുന്നു.
വെയിലിൽ നിന്റെ കറുപ്പഴക്
തിളങ്ങുന്നുണ്ട്
നിനക്ക് ചിറകുകൾ ഉണ്ടെന്നും
നീ പറന്നു വരികയാണെന്നും
വിശ്വസിക്കാൻ
ഞാൻ ഇഷ്ടപ്പെട്ടു.

ഇവിടെ കുറ്റിക്കാടുകൾക്കിടയിൽ
ചില അനക്കങ്ങൾ
കേൾക്കുന്നുണ്ട്
തീർച്ചയായും അത്
വന്യജീവികളുടേതല്ല
എന്നെ ആരൊക്കെയോ പിന്തുടരുന്നുണ്ടെന്നു
തോന്നുന്നു.

അപകടം മണത്ത ഞാൻ
ഇടവഴിയിലൂടെ ഓടിയിറങ്ങി.
മറ്റാരു വഴിയിലൂടെ
നീയും വരുന്നത് ഞാൻ കണ്ടു.

 

തടങ്കൽ പാളയം

വിശാലമായ മൈതാനത്താണ്
ഞാൻ എത്തിച്ചേർന്നത്
നീയും വൈകാതെ എത്തിച്ചേർന്നു.
അതൊരു തുറന്ന
തടങ്കൽ പാളയമായി
തോന്നിപ്പിച്ചു.

നേരത്തേ എത്തിച്ചേർന്ന
ഒട്ടേറെപ്പേരെ
നമ്മൾ അവിടെ കണ്ടു.
സർവ്വകലാശാലയിലും
തെരുവിലും വെച്ചു
പരിചയപ്പെട്ടിരുന്നവർ
പലരേയും തിരിച്ചറിഞ്ഞു
കലാശാലകളിൽനിന്നും
എന്നെപ്പോലെ
അകന്നു മാറി വന്നവർ
പാഠ്യ പദ്ധതികളിൽ നിന്നും
കൊഴിഞ്ഞൊഴിഞ്ഞു പോയവർ
മുഖ്യധാരയിൽ നിന്നും
നിഷ്കാസിതരായവർ
വ്യവസ്ഥകളെ ചോദ്യം ചെയ്ത് പ്രതിചേർക്കപ്പെട്ടവർ

പൗരത്വം നിഷേധിക്കപ്പെട്ട്
വിദേശികളെന്ന് കുറിയിടപ്പെട്ട
മുസ്ലിങ്ങൾ, ആദിവാസികൾ,
ക്രിസ്ത്യാനികൾ,
ആദർശത്താൽ വേട്ടയാടപ്പെട്ട
കമ്മ്യൂണിസ്റ്റുകാർ…

പലരും അഭിവാദ്യം ചെയ്തു. ഇവരൊക്കെ
എങ്ങനെ ഇവിടെയെത്തി ?എന്നെപ്പോലെ തന്നെ
ഏതോ വഴിക്ക്
ഓടിപ്പിടഞ്ഞെത്തിയതാണോ,
അതോ പിടികൂടപ്പെട്ട്
വലിച്ചിഴച്ച്
കൊണ്ടുവന്നു തള്ളിയതോ!

അദൃശ്യർ

കമ്പിവേലികളാൽ ചുറ്റപ്പെട്ട
അവിടെ നിന്നും രക്ഷപ്പെടുക
അസാധ്യമായി തോന്നി.

തുറന്ന സ്ഥലമാണെങ്കിലും
പകൽ വെളിച്ചത്തിലാണെങ്കിലും
നിന്നെ അവർ
ഗൗനിച്ചതായി കണ്ടില്ല.
നീ എങ്ങനെ അവരിൽനിന്നും
മറഞ്ഞു നിൽക്കുന്നു ?

നീ അവർക്ക്
അദൃശ്യയാണെന്ന് തോന്നി,
അത് എനിക്ക്
ആശ്വാസകരമായി.

എന്നെ മറ്റുള്ളവരോടൊപ്പം
ഫയറിങ് സ്ക്വാഡിനു മുന്നിൽ
നിരത്തി നിർത്തിയ നേരം
നീയും എന്റെ സമീപത്തു
വന്നു നിന്നു.

നീ വന്നു ചേർന്നപ്പോൾ
പരിസരമാകെ മാറിപ്പോയി.
നിന്റെ സ്പർശനമേറ്റതോടെ
എനിക്കും ചിറകുകളുണ്ടായി.

അവർ തുരുതുരേ
നിറയൊഴിക്കാൻ തുടങ്ങി,

വെടിയുണ്ടകൾക്കിടയിലൂടെ
നീ നടന്നു തുടങ്ങിയപ്പോൾ
ഞാനും പിന്തുടർന്നു.

വെടിയുണ്ടകൾ
നമ്മുടെ ഉടലിലൂടെ
കടന്നു പോയി
പക്ഷെ, നമ്മൾ വീണുപോയില്ല.

പലരും ആർത്തനാദമുയർത്തി
വീഴുന്നതു കണ്ടു.
“എന്റെ കൈ പിടിക്കൂ…”
ഞാൻ എന്റെ തൊട്ടു മുന്നിലുള്ള സുഹൃത്തിനോടു പറഞ്ഞു.
അയാൾ ശ്രദ്ധിച്ചതായി തോന്നിയില്ല.

ഞാനും അദൃശ്യനായിപ്പോയോ !
ആ അറിവിൽ
ഞാൻ നടുക്കം കൊണ്ടു.

 

തുറസ്സ്

നമ്മൾ കൈ കോർത്ത്
നടന്നു നീങ്ങി.
പിന്നെ ചിറകുകൾ വിടർത്തി
പറന്നു തുടങ്ങി.
അതിരുകൾ മാഞ്ഞു പോയി
പുതിയ തുറസ്സുകളുണ്ടായി
നമ്മൾ കാലങ്ങളിലൂടെ
കടന്നു പോയി

ഭൂതകാലത്തിലേക്ക്‌
വഴി തിരിഞ്ഞു.
പോയ നൂറ്റാണ്ടുകളിലേക്ക്
അവയുടെ ഇരുണ്ട
തുറസ്സുകളിലൂടെ
നമ്മൾ സന്ദർശിച്ചു.

നിന്റെ കണ്ണുകളുടെ തിളക്കം
അവിടമാകെ
പ്രകാശപൂരിതമാക്കി.

ചരിത്രം അവിടെ’
മ്യൂസിയങ്ങളിലെന്നപോലെ
വിറങ്ങലിച്ചു നിന്നു
ഹിംസയും മർദ്ദനവും
ഇരകളുടെ ഫോസിലുകളിൽ
തിണർത്തു പൊട്ടിനിന്നു.

ആദിമമായ  പ്രണയത്തിന്റെയും അനുകമ്പയുടെയും
ബലികളുടെയും
മരവിച്ച ഇലകളും പൂക്കളും
ഒരു ഹെർബേറിയത്തിൽ
നിന്നെന്ന പോലെ
നീയെനിക്കു കാണിച്ചു തന്നു.

നമ്മൾ പിന്നെയും
മുന്നോട്ടു പോയി
ആദിമമായ ഉറവകളിലേക്ക്
ഗോത്രസ്മൃതികളിലേക്ക്
തെയ്യത്തറകളിലേക്ക്…

അവിടെ ഞാൻ എന്നെക്കണ്ടു
എന്റെ വംശത്തിന്റെ
വിശ്വരൂപത്തിൽ.

തെയ്യം

ഞാൻ ശരിക്കും
കൊറഗ തനിയനായിരുന്നു
ജാതി നിമിത്തമായി
മരിക്കേണ്ടിവന്ന
അനേകരിൽ ഒരാൾ.
രക്തസാക്ഷിയായ ഞാൻ
ഗോത്രസ്മൃതികളിൽ
തെയ്യമായി.

അച്ഛനമ്മമാരില്ലാതെ
അനാഥനായിരുന്ന ഞാൻ
ഒരു വൈദ്യത്തിയുടെ
സംരക്ഷണയിൽ വളർന്നു.
എന്റെ പോറ്റമ്മയുടെ ആജ്ഞയനുസരിച്ചു ഞാൻ  തെയ്യക്കോപ്പുമായി
അവരുടെ തറവാട്ടിലെത്തി.

കളിയാട്ടത്തിന് കോപ്പുകൾ
കൊണ്ടു പോയ ഞാൻ
കണ്ടു കൊതി സഹിക്കാതെ
അവിടത്തെ
മരത്തിൽകയറി
മാതളനാരങ്ങ
പറിച്ചതു  മാത്രം
ഓർമയുണ്ട്.

ഞാൻ അന്ന്
അദൃശ്യനായി,
എന്നെ പിന്നീട്
ജീവനോടെ
ആരും കണ്ടിട്ടില്ല.

അങ്ങനെ ഞാൻ
തെയ്യമായി.
ആലയിലെ
കന്നുകാലികളുടെയും
തൊട്ടിലിലെ
പൈതങ്ങൾക്കും
സംരക്ഷണമത്രേ
എന്റെ ദൈവ നിയോഗം.

വർണ്ണച്ചമയങ്ങളില്ലാത്ത
തെയ്യം ഞാൻ

തലയിൽ ഒരു തൊപ്പിപ്പാള
അരയിൽ ഒരു പട്ട,
കയ്യിൽ വടി,
ആശ്രിതരുടെ
ആപൽ ബാന്ധു, ഞാൻ

മേലാളരുടെ തറവാട്ടിലാണ്
ഞാൻ തെയ്യമായി
കളിയാടുന്നതെങ്കിലും
എനിക്ക് അകത്തു പ്രവേശനമില്ല.

കള്ളും ചാരായവും
വീടിനു പുറത്ത് വെച്ച്
എനിക്ക് നിവേദ്യം.
എനിക്കായി വിളക്കുതെളിക്കില്ല,
അതു നിഷിദ്ധം.

നിലാവാണ് എനിക്ക്
വിളക്കു കൊളുത്തുക
അതില്ലെങ്കിൽ നക്ഷത്രങ്ങൾ

തെയ്യമാകുമ്പോഴും ഞാൻ
അധഃകൃതൻ തന്നെ.

 

ചതിയുടെ ചരിത്രം

നീ എങ്ങോട്ടാണ്
ഇനിയുമെന്നെ
നയിക്കുന്നത് !

തെയ്യത്തറയിൽ നിന്നും നമ്മൾ
പിന്നെയും പോവുകയാണ്.
നദികൾ കടന്നു പോകുന്നു
പർവതങ്ങൾ കടന്നു പോകുന്നു
ചരിത്രത്തിന്റെ
പശിമയുള്ള മണ്ണിലൂടെ
നമ്മൾ പറന്നു പറന്നു
പോവുകയാണ്

പോകെപ്പോകെ
ചരിത്രത്തിന്റെ
അടരുകളിൽ നിന്നും
അജ്ഞാതമായ
ഒരുകാലം
ഉയർന്നു വരുന്നു.

നമ്മൾ കാണുന്നു.
കൊറഗരുടെ യശസ്‌കാലം
അവരുടെ
അധികാരത്തിന്റെ
ചെമ്മൺ കോട്ടകൾ

കൊറഗർ നാടുഭരിച്ച
ചരിത്ര കാലം
ആളുകൾക്കിപ്പോൾ  അവിശ്വസനീയമെങ്കിലും
സത്യമായ ഒരു കാലം

നമ്മുടെ പൂർവികർ
അതിനും പോന്നവരായിരുന്നു
നമ്മുടെ പൂർവികർ
നാട് പരിപാലിച്ചു
ഏവരെയും തുല്യരായി കണ്ടു
മനുഷ്യർക്കിടയിൽ ഉച്ചനീചത്വമൊഴിവാക്കി
അവർ ആരെയും
കൊന്നില്ല കൊല്ലിച്ചില്ല
എന്നിട്ടും അവർക്കു
അധികാരം നഷ്ടപ്പെട്ടു

നേരിട്ട് യുദ്ധത്തിൽ
തോല്പിക്കാനാവാത്ത
ശത്രുക്കൾ
അവരെ
ചതിച്ചുകൊന്നു
അധികാരം പിടിച്ചെടുത്തു

ദശകങ്ങളോളം
തുളുനാട്ടിലെ
കൊറഗ രാജാവായിരുന്ന
ഹുബാഷികനെ
വിരുന്നിനു വിളിച്ചു
ചതിച്ചു കൊന്നു

കദംബരുടെ
സവർണ സൈന്യം
കൊറഗരെ മുഴുവനും
വംശഹത്യ ചെയ്തു.

ജീവൻ രക്ഷിക്കാൻ
നമ്മുടെ പൂർവ്വികർ
കാടുകയറി.

അതിൽപിന്നെ
നമ്മുടെ വംശം
സ്വാതന്ത്ര്യത്തോടെ
നാട്ടുവെളിച്ചം കണ്ടിട്ടില്ല
സ്വസ്ഥതയറിഞ്ഞിട്ടില്ല.

സവർണരുടെ
അധികാര ശക്തികൾ
അതിനു സമ്മതിച്ചില്ല
ഓരോ തവണ നമ്മൾ
തല പൊക്കുമ്പോഴും
അവർ അടിച്ചു താഴ്ത്തി.

 

വെടിത്തുള വീണ ഉടലുകൾ

തിക്താനുഭവങ്ങളിൽ
തകർന്നു വീണവൻ, ഞാൻ.

നീയാണെന്നെ ഇളക്കി മറിച്ചത്.
ഇപ്പോഴും നിന്‍റെ കണ്ണുകളിൽ
തിളക്കം കാണുന്നു
ഈ ശൂന്യതയിലും
നിന്നിൽ വെളിച്ചം നിറക്കുന്നത്
ഏതു പ്രതീക്ഷയാണ്‌ ?

എല്ലാ വെളിച്ചങ്ങളെയും
തല്ലിക്കെടുത്തുന്ന
ഈ ഇരുണ്ടകാലത്തും
വെടിത്തുളകൾ വീണ
കറുത്ത ശരീരങ്ങളുമായി
ഏതു നക്ഷത്രത്തിന്റെ
ഉദയമാണ്
നമുക്ക്  കാത്തു
നിൽക്കാനുള്ളത് !

ഇനിയും ഉണ്ടാകുമെന്നാണോ
ഹുബാഷികന്റെ പടയോട്ടം?

പാതി ബോധത്തിൽ
കണ്ണ് തുറക്കുമ്പോൾ
ഈ തടങ്കൽ പാളയത്തിൽ
വെടിയേറ്റ് വീണു ഞരങ്ങുന്ന
നമ്മുടെ കറുത്ത ഉടലുകൾ

ഒന്നുമുണ്ടാകില്ല
വെടിത്തുളകൾ വീണ
നമ്മുടെ ദേഹങ്ങൾ
ഇവിടെ ഉപേക്ഷിക്കപ്പെടും

നമ്മൾ ഇവിടെത്തന്നെ
വീണഴുകും
പുഴുക്കൾ നമ്മെ
ഭക്ഷണമാക്കും.

അല്ലെങ്കിൽ അവർ
കൂട്ടിയിട്ട് കത്തിച്ചു
ചാമ്പലാക്കും.

മറ്റെന്തുണ്ടാകാനാണ് !
നീയെന്താണു
കരുതുന്നത്?

നമ്മൾ മഴയായി
പെയ്യുമെന്നോ,
പുതിയ വിത്തുകളെ കിളിർപ്പിക്കുമെന്നോ,

പൂവുകള്‍ക്ക് വര്‍ണവും
പൂമ്പാറ്റകള്‍ക്കു
ചിറകുമേകുമെന്നോ !

വസന്തത്തിന്റെ അടയാളങ്ങൾ
ദൃശ്യമാകുന്ന  പ്രഭാതങ്ങളിലേക്ക്
ദൃഷ്ടിയുറപ്പിക്കുകയെന്നോ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.