22 November 2024, Friday
KSFE Galaxy Chits Banner 2

ഹന്നത്ത് കണ്ട പാവാട

വിജിഷ വിജയൻ
December 1, 2021 7:03 pm

മേഴ്‌സിയിലെ ജോലിക്കാലം സ്വാതന്ത്ര്യത്തിന്റേത് കൂടിയായിരുന്നു .പ്രിൻസിപ്പൽ മുഹമ്മദ്‌ മാഷിന്റെ റൂമിലേക്ക് കയറിചെല്ലുമ്പോഴേക്കും ടീച്ചറേ പിഎസ്|സി പഠിക്കണമെന്ന ശാസന. ഹന്നത്തിന്റെ കൂടെയുള്ള ചെമ്മാട് അങ്ങാടിനടത്തം. സ്വന്തക്കാരായ സഹപ്രവർത്തകർ, കൂട്ടുകാരായ കുട്ടികൾ, ഇടയ്ക്കുള്ള സാഹിത്യസംബന്ധമായ യാത്രകൾ. മറ്റു ടീച്ചർമാരെ അപേക്ഷിച്ച് എന്റെ അവധി ദിവസങ്ങൾ കൂടുതലായിട്ടുപോലും ആ സ്‌ഥാപനം എന്നെ അലോസരപ്പെടുത്തിയില്ല. അത് തന്നെയാവാം പിന്നീടുള്ള യാത്രകളിൽ തിരിഞ്ഞു നോക്കുമ്പോൾ മേഴ്‌സി കോളജ് ഏറെ പ്രിയപ്പെട്ടതാകുന്നത്. പിജി കഴിഞ്ഞ സമയത്താണ് ഞാനവിടെ ജോയിൻ ചെയ്യുന്നത്. പിപിടിടിസി ക്ലാസ്സിലെ പല കുട്ടികളും എന്റെ മുതിർന്നവരായിരുന്നു. എന്നിട്ടും വലിയൊരാത്മബന്ധം എനിക്കവിടെ ഉണ്ടാക്കാൻ കഴിഞ്ഞത് എങ്ങനെയാണെന്ന് ഇപ്പോഴും അറിയില്ല.
ഹന്നത്തിനെ തന്നതും മേഴ്‌സിയാണ്. “പേര് മാത്രേ ഉള്ളു മിസ്സേ, ഫീസ് വാങ്ങുമ്പോൾ കാരുണ്യമൊന്നുമില്ലെ“ന്നു കുട്ടികൾ ഇടക്ക് തമാശിക്കും. ഫീസ് വാങ്ങുമ്പോൾ മാത്രം ഹന്നത്തിന്റെ മറ്റൊരു മുഖം നമുക്ക് കാണാൻ കഴിയും. വളരെ കുറച്ച് സൗഹൃദങ്ങളുള്ള എന്റെ മനസ്സിലേക്ക് വളരെ പെട്ടന്ന് അവൾ കയറിക്കൂടി. മെല്ലെ അവളുടെ സ്വകാര്യതകളിലേക്കും , സങ്കടങ്ങളിലേക്കും കൂട്ടു കൂടി. വളരെ പ്രാകൃതമായ പല വിചാരങ്ങളുമുള്ളവർക്കിടയിൽ അവൾ കാണാത്ത കുറേ ലോകങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് തിയേറ്റർ. അവളുടെ കുടുംബത്തിലെ സ്ത്രീകളാരും തിയേറ്ററിൽ നിന്നും സിനിമ കണ്ടിട്ടില്ല . സിനിമ കണ്ടാൽ മലക്കുകൾ നന്മതിന്മകൾ തൂക്കുമ്പോൾ അത് തിന്മയായി മാറി നരകത്തിൽ എത്തുമെന്നാണ് അവളുടെ വിശ്വാസം. പക്ഷെ അവൾക്കൊരു തിയ്യേറ്ററിന്റെ അകം കാണാൻ വല്ലാത്ത മോഹമുണ്ടായിരുന്നു.
ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക എന്നതാണ് ഒരു കൂട്ടുകാരിയുടെ കടമ എന്നതിൽ തൂങ്ങിപ്പിടിച്ച് ഞാനവളെ സിനിമ കാണിക്കാൻ മുൻകയ്യെടുത്തു. ഒരു ജൂലൈ മാസം. പൃഥ്വിരാജിന്റെ പുതിയ സിനിമ ‘പാവാട’ തകർത്തോടുന്ന സമയം. പാവാട കാണിക്കാമെന്നു ഞാനവൾക്ക് വാക്ക് കൊടുത്തു.അവൾക്ക് സന്തോഷത്തോടൊപ്പം സന്താപവും, കാരണം നാട്ടിലെ ആരെങ്കിലും കണ്ടാൽ വലിയ പ്രശ്നമാകും എന്നത് തന്നെ. പരപ്പനങ്ങാടി ജയകേരളയും, പ്രയാഗും, പല്ലവിയും പൊട്ടിപ്പാളീസ് തീയേറ്ററുകൾക്ക് ഖ്യാതി കേൾക്കാൻ തുടങ്ങിയതിനാൽ ആദ്യത്തെ തിയേറ്റർ കാഴ്ച ആർ പി മാളിൽ നിന്നാക്കിയാലോ എന്ന് ആദ്യം വിചാരിച്ചു. തൽക്കാലം നമുക്ക് നാട്ടിൽ നിന്ന് കാണാമെന്നു അവൾ പറഞ്ഞു. പല്ലവിയിലാണ് പാവാടയുള്ളത്. എത്ര ലൈറ്റ് ഓഫ്‌ ആക്കിയാലും പിൻനിരയിലെ മുകളിലുള്ള വെളിച്ചം കെടാത്ത, അറ്റം കരണ്ടും, സ്പോഞ്ച് പൊളിച്ചും അലങ്കോലമായ കസേരകളുമുള്ള പല്ലവിയിൽ പോകാതെ താനൂർ പിവിഎസിലെ നല്ല എ സി ഹാളിൽ അവളെ കൊണ്ടുപോകാമെന്നു വെച്ചു. നൂൺ ഷോയ്ക്ക് എടുത്ത ടിക്കറ്റിന്റെ പൈസ കണ്ട് ഹന്നത്ത് തലയിൽ കൈ വെച്ചു. “ഇത് മിസ്സേ മൂന്ന് നല്ല ഫുൾ ബിരിയാണിയുടെ പൈസയായല്ലോ. ” “ബിരിയാണി തിന്നാൽ അനക്ക് സിനിമ കാണാനൊക്കുമോ? “എന്ന് ഞാൻ തിരിച്ചടിച്ചു.

വാതിൽക്കാരൻ ടിക്കറ്റ് കീറിയെടുത്ത്‍ പാതി തന്നപ്പോൾ അവളയാളെ അത്ഭുതത്തോടെ നോക്കി. ഞാനവളെ അകത്തേക്ക് കൈപിടിച്ച് വലിച്ചു.പെട്ടന്ന് ലൈറ്റ് പോയി. അവളുറക്കെ “അള്ളോ ” ഒറ്റ അലർച്ച. ആളുകൾ പരസ്പരം നോക്കി. ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ വേഗം സീറ്റിൽ ഇരുന്നു. അടുത്ത നിമിഷം അവൾ എഴുന്നേറ്റു. “എന്തേ? ” “ങ്ങളും സുധ്യേട്ടനും എവിടെയാ ഇരിക്കാറ് ? ” “ബാൽക്കണി ബാൽക്കണി ബാൽക്കണി, സത്യം പറഞ്ഞാ ഹന്നത്തെ എനിക്കിഷ്ടം മുന്നിൽ ഇരിക്കുന്നതാ അവിടെയാണ് തമാശിച്ച് ചിരിക്കണ, വേണേൽ അപ്പുറത്തുള്ളവന്റെ തോളേൽ തട്ടി സിനിമ ആസ്വദിക്കുന്ന, ആവശ്യം വന്നാൽ ആർത്തു വിളിക്കണ ഫാൻസുകാർ ഉണ്ടാവുക.മ്മക്ക് ഇവിടിരിക്കാം.” “എനിക്കതൊക്കെ പേടിയാ മ്മക്ക് വാതിലിന്റെ അടുത്ത് ഇരിക്കാം. ” എനിക്കാണേൽ വാതിലിന്റെ അടുത്തിരിക്കുക ഒട്ടും ഇഷ്ടമല്ല. വേണ്ടപ്പെട്ടവർക്ക് വിട്ടുകൊടുക്കുന്നതാണ് വീറും വാശിയുമെന്നത് എന്റെ നിയമസംഹിതയാകയാൽ ഞാനവളുടെ നിർബന്ധത്തിന് വഴങ്ങി.

സിനിമ തുടങ്ങി.“ലൈഫ്‌ ഓഫ് എ ഡ്രങ്കാഡ്, ഇറ്റ്സ് ലൈക്‌ ആൻ എംപ്റ്റി ബോട്ടിൽ ” എന്ന അനൂപ്മേനോന്റെ ശബ്ദമുള്ള പാവാടയുടെ ട്രെയിലർ ഓർമ്മ വന്നു. ‘പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, കേരളത്തിലെ ബാറായ ബാറുകളൊക്കെ പൂട്ടിപ്പോകുന്നതിനു മുൻപാണ് ഈ കഥ നടക്കുന്നത് ’ എന്ന് എഴുതി കാണിച്ചു.ഹന്നത്ത് എന്നെ തോണ്ടി.“ഇത് കള്ള് സിനിമയാ? ” “അല്ല നല്ലതാന്നാ എല്ലാരും പറഞ്ഞത്.” അടുത്ത എഴുത്ത്, “എന്നെ കുടിയനെന്നു വിളിക്കരുത് കാരണം, ഞാൻ കുടിച്ചതിലെത്രയോ കൂടുതലാണ് ഞാൻ കുടിച്ചിട്ടുള്ള കണ്ണീര് ‑ഫൈസ് അഹമ്മദ്‌ ഫൈസ്. “ഇതൊറപ്പാ, കുടി സിനിമ തന്നെ ” “അല്ലടോ മ്മക്ക് കാണാം തുടങ്ങിയില്ലല്ലോ “ഞാൻ ആശ്വസിപ്പിച്ചു. അടുത്ത ദൃശ്യത്തിൽ കുറേ പൂമ്പാറ്റകൾ പറന്നു പോയി.മണിയൻപിള്ള രാജു പ്രൊഡക്ഷൻ. മഞ്ഞ വൃത്തത്തിലൂടെ ഒരു പുള്ളിമുണ്ട് പാറി വന്ന് ഉണങ്ങാനിട്ട അഴയിലൂടെ പാഞ്ഞു പോയി. കഥ ബിപിൻ ചന്ദ്രൻ, ഷിബിൻ ഫ്രാൻസിസ് എന്ന് കണ്ടു. ബിപിൻ ചന്ദ്രൻ പരിചിതമായൊരു പേര്. റോസ് നിറത്തിൽ വയലറ്റും മഞ്ഞയും അക്ഷരങ്ങൾ മിന്നിത്തെളിഞ്ഞു. “ഈ എഴുതിക്കാട്ടൽ അടിച്ച് വിടാൻ പറ്റില്ലേ? ” ഹന്നത്തിന്റെ ചോദ്യം.അടുത്തുള്ള കറുത്ത് തടിച്ച് ഐ എം വിജയന്റെ പോലുള്ളൊരാൾ ആക്കി ചിരിച്ചു.

സിനിമ തുടങ്ങുന്നത് പുഴവക്കിലെ കള്ള്ഷാപ്പിലാണ്. കള്ള് കുടിച്ച് നമസ്കാരം പറഞ്ഞു കഥ തുടങ്ങുന്ന കാഥികൻ. “വലിയ സിനിമയിൽ ശ്രീനിവാസനും, രഞ്ജിത്തുമൊക്കെ കഥ പറയും പോലെയാണെ“ന്ന് അയാൾ തന്നെ പറയുന്നു. “കടം പറഞ്ഞിട്ടാണേലും എരന്നിട്ടാണേലും എല്ലാ ദിവസവും കുടിക്കും അത് തന്നെയാ പാമ്പിന്റെയും പാവാടയുടെയും കഥ പറയാൻ ഏറ്റവും നല്ല യോഗ്യതയെന്ന് പറഞ്ഞയാൾ അട്ടഹസിക്കുമ്പോൾ ഹന്നത്ത് പിച്ചി. “ബാ മ്മക്ക് പോവാ, തണുക്കുന്നു,എ സി ഓഫ്‌ ആക്കാൻ പറ്റുമോ ” ഞാനവളുടെ വാ പൊത്തി. ശേഷം കാണുന്നത് സിഗരറ്റ് കുറ്റിയാണ്. മെല്ലെ മെല്ലെ ക്യാമറ അനൂപ്മേനോനിലേക്ക് എത്തിച്ചേരുന്നു. എനിക്കല്പം ആശ്വാസമായി ഇഷ്ടമുള്ളൊരു നടനാണ് അനൂപ് മേനോൻ. കണ്ണ് ചുവന്ന് മദ്യക്കുപ്പികൾക്കിടയിലൂടെ അയാൾ നടന്ന് നീങ്ങുന്നു. “ദാഹിക്കുന്നു പിള്ളേച്ചാ ” എന്ന വാചകത്തിന് പിള്ളേച്ചൻ നെടുമുടിവേണു അസ്സലൊരു മറുപടി പറയുന്നു. “ആ ദാഹിക്കും ഇല്ലേൽ ടാങ്കർ ലോറിയിൽ ഡീസൽ അടിക്കുന്നമാതിരി അടിച്ച് കേറ്റുമ്പോ ശ്രദ്ധിക്കണമായിരുന്നു രാവിലെ ദാഹവും പരവേശവുമൊക്കെ ഉണ്ടാവുമെന്ന്.രാവിലെ ടിവി ശീർഷാസനത്തിൽ, ഫ്രിഡ്ജ് ദേണ്ടെ പത്മനാഭസ്വാമിയെപ്പോലെ അനന്തശയനത്തിൽ” ആളുകൾ കൂട്ടച്ചിരിയും, ആഹ്ലാദപ്രകടനവും.
“മുട്ട പറഞ്ഞ സാധനമുണ്ടല്ലോ അത് കണ്ടുപിടിച്ചവനെ തന്തക്ക് വിളിക്കണം ” എന്ന് വീണ്ടും നെടുമുടിവേണു കമന്റ് പാസാക്കുമ്പോൾ “തന്തയ്ക്കല്ല തന്തേടെ തന്തയ്ക്ക് വിളിക്കണം“എന്നാരോ ഉറക്കെ പറഞ്ഞു. കയ്യടികൾ ഉയർന്നു. ഹന്നത്ത് വിറച്ചു. “വാ എഴുന്നേൽക്ക് പോവാം, നിക്ക് പേടിയാകുന്നു ”

അപ്പോഴേക്കും ബാറിൽ ബാബു ജോസഫ് ‘ടു ബി ഓർ നോട്ട് ടു ബി’ എന്ന ഹാംലെറ്റ് വാചകം തുടങ്ങുന്നു.മണിയൻപിള്ള രാജു ചിരിക്കുന്നു. ശേഷം തെറി ഒഴുകാൻ തുടങ്ങി. അതിനിടയിൽ ടിവിയിൽ കുതിരവട്ടം ‘പപ്പു പാവാട വേണം മേലാട വേണം ’ പാടാൻ തുടങ്ങുന്നതും ബാബു ജോസഫ് പാവാടയാവുന്നതും ഒരുമിച്ചാണ്. ശേഷം അടിപിടി. ഹന്നത്തിന് ക്ഷമ നശിച്ചു. “ഇത് കുടിയും, വലിയും, തെറിയും മാത്രമുള്ള സിനിമയാണ് മതി പോവാം ” ഞാനവളെ പിടിച്ചിരുത്തി.ഒന്നൂടെ നോക്കീട്ട് വീണ്ടും കള്ള് കുടിയാണെങ്കിൽ പോകാം എന്ന് വാക്ക് കൊടുത്തു.

ഏതോ ഒരു വീടിന് മുൻപിൽ കാർ നിർത്തി അടച്ചിട്ട ജാലകത്തിലേക്ക് കല്ലെറിയുന്ന പാവാട ബാബു. “കറക്റ്റ് കൊണ്ടു, ചില്ലുമേടയിലേക്ക് ഇനിയുമീ മനുഷ്യപുത്രനെക്കൊണ്ട് കല്ലെറിയിക്കരുത്.” ലൈറ്റിട്ട് ജാലകപ്പൊളി തുറന്നു. പ്രണയം മണത്തു.പ്രണയിനി വന്നില്ല. പാട്ടും വന്നില്ല. “നാളെയും വരും, ചാവുന്നത് വരെ വരും നീ ചത്താൽ നിന്റെ ശവക്കുഴിയിൽ വന്ന് ഞാൻ ചീത്ത വിളിക്കും, ഇനി ഞാനാണ് ചാവുന്നതെങ്കിൽ നിന്റെ സ്വപ്നങ്ങളിൽ വരും.ഐ വിൽ കം ബാക്ക്” എന്ത് നല്ല പ്രേമലേഖനം. കള്ള് കുടിച്ച് ഫിറ്റായ കാമുകനോട് നെടുമുടിവേണു കാർ ഓടിക്കരുതെന്നു നിർബന്ധം പിടിച്ചു. “ഇത് എന്റെ വണ്ടി, ഈ സീറ്റേൽ വെച്ചത് എന്റെ കുണ്ടി ഇത് രണ്ടും കൊണ്ട് വീട്ടിലോട്ട് ചെല്ലാൻ എനിക്കറിയാം ”

“അയ്യേ എന്ത് തോന്ന്യാസമാ ഇതൊക്കെ ഇങ്ങനത്തെ വൃത്തികെട്ട സിനിമക്കാണോ ന്നെ കൊണ്ടു വന്നത്. വിജിഷാമിസ്സേ മോശമായിപ്പോയി.” അടുത്തുള്ള ഐ എം വിജയൻ ഒന്നൂടെ നോക്കി. എനിക്ക് പേടിയായി.ഞങ്ങള് രണ്ടാളും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തോരാണെന്നു ഏകദേശം അയാൾ മനസ്സിലാക്കിക്കാണും.ആയതിനാൽ ഞാനൊരു സേഫ്റ്റിപിൻ സജ്ജമാക്കി വെച്ചു. ഈ സിനിമ പൃഥ്വിരാജിന്റെതാണെന്നു പറഞ്ഞല്ലേ ന്നെ കൊണ്ടന്നത്, ഇതൊരു വയസ്സന്റെതാണല്ലോ” “വയസ്സനോ, ഇത് അനൂപ് മേനോനാണ് ” “ഏത് മേനോനായാലും തല നരച്ചാൽ വയസ്സനായില്ലേ ” എന്തേലും എടുത്തിട്ട് എന്റെ തല തല്ലിപ്പൊട്ടിക്കാൻ എനിക്ക് തോന്നി. ഒപ്പിടാൻ കൈ വിറയ്ക്കുന്ന പാവാട ബാബു വിറയ്ക്കുന്ന കൈകൾ ഒരു തുണിയിൽ കെട്ടി വലിച്ച് ഗ്ലാസ്സിൽ നിന്നും മദ്യം കഴിക്കുന്നത് കണ്ടപ്പോൾ ഹന്നത്തെന്റെ കൈ പിടിച്ച് വീണ്ടും വലിച്ചു. “വാ മതി ”
“നിൽക്ക് പൃഥ്വിരാജ് വരട്ടെ.” “പൃഥ്വിരാജും കള്ള് കുടിയാണേൽ ഞാൻ ഒരു നിമിഷം ഇവിടിരിക്കില്ല ട്ടാ ” “ഒകെ , അപ്പൊ മ്മക്ക് പോവാം ” ഞാൻ സമ്മതിച്ചു. “ഒന്ന് മിണ്ടാതിരിക്കാൻ പറ്റുമോ, കൊറേ നേരമായി സ്വൈര്യം തരാതെ സംസാരം. ഇത്ര അധികം പറയാനുണ്ടേൽ വല്ല ബീച്ചിലും പൊയ്ക്കൂടേ ” മുന്നിലിരിക്കുന്ന ചേച്ചി കണ്ണുരുട്ടി ചോദിച്ചു. നാണം കെട്ടു. ഫുള്ളിനുള്ള കാശ് മടിക്ക് കുത്തി വാങ്ങി ഗാന്ധിജയന്തിക്ക് കള്ള് കിട്ടാത്തതിനാൽ ചീർപ്പ് വാങ്ങി കാറ് തുറന്ന് എന്തോ പൈപ്പ് കട്ടെടുത്ത് തെങ്ങേൽ കേറി കള്ള് മോന്തുന്ന പൃഥ്വിരാജിന്റെ പാമ്പ് ജോയ് യും, വെളക്കൂതി രാജനെന്ന ഷറഫുദീനും കൂടിയായപ്പോൾ സിനിമകാണൽ  സ്വാഹ.

രക്തമെടുക്കാൻ ബെഡിൽ കയറി തിരിഞ്ഞു കിടക്കുന്ന പാമ്പ് ജോയിയെക്കണ്ട് ആളുകൾ ആർപ്പുവിളിച്ചു. ഹന്നത്ത് എഴുന്നേറ്റു നിന്നു.“ഞാൻ പോവാണ്, പുറത്തു നിൽക്കാം, ങ്ങള് കണ്ടിട്ട് വന്നാ മതി.” ഞാനും എഴുന്നേറ്റു. സാമ്പിള് ഷോറൂമിൽ നിന്നെടുത്ത സ്‌ഥിതിക്ക് ഒറിജിനൽ ഗോഡൗണിൽ നിന്നായിരിക്കും “എന്ന് പറഞ്ഞു മിയയെ കള്ളലക്ഷണത്തിൽ നോക്കുന്ന പൃഥ്വിരാജ്, വീണ്ടും പ്രണയം. “കാണുന്നില്ലേൽ ഇറങ്ങിപ്പോടീ” എന്ന് പിന്നിൽനിന്നാരൊക്കെയോ വിളിച്ചു പറയുന്നു.ഞങ്ങൾ രണ്ടാളും നിൽക്കുന്ന കാരണം അവർക്ക് സിനിമ കാണുന്നില്ല എന്നതാണ് പ്രശ്നം. വിളക്കൂതി രാജൻ കള്ളൊഴിച്ച് പോയിന്റ്പറയാൻ  തുടങ്ങി “പ്രേമം ന്ന് പറഞ്ഞാൽ ഷഡ്ഢിയിടാതെ ലുങ്കിക്കകത്ത് ബിയർബോട്ടിൽ വെക്കണ അവസ്‌ഥയാണ്, റിസ്കാ ” എല്ലാവരും ചിരിച്ചു, ഹന്നത്ത് മാത്രം ചിരിച്ചില്ല. കരയാൻ ഒരുങ്ങുന്ന മുഖം. “ഞാനേതായാലും റിസ്‌കെടുക്കാൻ തീരുമാനിച്ചു.” എന്ന പാമ്പ്‌ജോയ് വചനം കേട്ടെങ്കിലും ഇനിയുമൊരു റിസ്ക് എടുക്കാൻ വയ്യാതെ ഇന്റർവെൽ പോലുമെത്താത്ത സിനിമ ബാക്കിയിട്ട് ഞാനും അവളോടൊപ്പം ഇറങ്ങി. കാശും അഭിമാനവും നഷ്ടപ്പെട്ട് തിരിച്ചു വരുമ്പോൾ, ഇനി നിന്നെ ഒരിക്കലും സിനിമയ്ക്ക് കൊണ്ടുപോവില്ലെന്ന് അവളോട് പറയും മുൻപേ, “ഇനി മേലാൽ എന്നെ ഉച്ചയ്ക്കും ഇരുട്ടത്ത് സിനിമ കാണുന്ന ഈ സ്‌ഥലത്തേക്ക്‌ കൊണ്ടു വരരുതെ“ന്ന് അവളുടെ താക്കീത്. എനിക്ക് ചിരി വന്നു. ആർ പി മാളിൽ നിന്ന് പ്ലാറ്റിനം ടിക്കറ്റൊ മറ്റോ എടുത്ത് കാണിക്കുകയായിരുന്നെങ്കിൽ പെട്ടു പോയേനെ. എന്നാലും ജനാല തുറന്നിട്ടും മുഖം കാണിക്കാതെ ഒളിച്ചു നിന്ന് തെറി സ്‌ഥിരമായി കേൾക്കുന്നവളെ കാണാൻ എനിക്ക് കൊതിയുണ്ടായിരുന്നു. ആരായിരിക്കുമവൾ? അവസാനിക്കും മുൻപേ ഗതി മാറി മറ്റൊന്നാകുന്നതാണല്ലോ ഏതൊരു നല്ല  കഥയുടെയും വിജയരഹസ്യം..

you may also like this video;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.