26 April 2024, Friday

ചവറ്റുകുട്ടയില്‍ നിന്നുള്ള കഥകള്‍

Janayugom Webdesk
October 26, 2021 9:00 pm

ആദ്യത്തെ പെല്ലറ്റ് എന്റെ ഇടതു കണ്ണിലാണ് തുളച്ചു കയറിയത്. കണ്ണിൽ നിന്നും ചൂടുപിടിച്ച രക്തം ഒലിച്ചിറങ്ങി, നെഞ്ചിലൂടെ ഹൃദയത്തിന്റെ സ്ഥാനത്ത് പടർന്നു. ശരീരം മുഴുവൻ തുളച്ചു കയറിയ പെല്ലെറ്റുകൾ എന്നെ ഭൂമിയിലേക്കെടുത്തെറിഞ്ഞു. ഞാൻ മരണത്തിലേക്കുള്ള യാത്രയിലായിക്കഴിഞ്ഞിരുന്നു .

കണ്ണിൽ നിന്നും ഒഴുകിയ രക്തം പറഞ്ഞ കഥ

ഞാനും ഉമ്മയും കൂടി കടയിൽ സാധങ്ങൾ വാങ്ങാൻ വന്നതായിരുന്നു . മിട്ടായിക്ക് വേണ്ടി വാശി പിടിച്ചു കൊണ്ടിരുന്ന ഞാൻ കൈമുട്ടിൽ ഒരു തണുപ്പനുഭവപ്പെട്ടപ്പോളാണ് കരച്ചിൽ നിറുത്തി തിരിഞ്ഞു നോക്കിയത് . തന്റെ നീണ്ട തോക്കിൽ പെല്ലറ്റ്സ് നിറക്കുന്ന ഒരു പട്ടാളക്കാരൻ . അയാളുടെ നീണ്ട തോക്കിൻകുഴൽ ഉരസി കൈമുട്ടിലനുഭവപ്പെട്ട തണുപ്പ് എന്റെ ശരീരത്തിലുടനീളം പടർന്നു കയറി . അന്നാണെന്റെ ഓർമ്മയിൽ ഞാനാദ്യമായി ഒരു തോക്കു കാണുന്നത് . സ്കൂളിൽ ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിക്കുമ്പോൾ ’ ജി ’ ഫോർ ‘ഗൺ’ എന്ന് പറഞ്ഞു തന്ന സുഹൃത്തിന്റെ മുഖം ഞാനിന്നുമോർക്കുന്നു .

ഒന്നാമത്തെ പെല്ലറ്റ് പറഞ്ഞ കഥ

ഞാനായിരുന്നു അവന്റെ ഇടതു കണ്ണിൽ തുളച്ചു കയറിയ ആ പെല്ലറ്റ് . ഞാൻ ശാന്തമായ ഒരു മലഞ്ചെരുവിൽ ഏകാന്തത ആസ്വദിച്ചു കഴിയുകയായിരുന്നു . നിങ്ങളാണെന്നെ ഈ രൂപത്തിലാക്കി ആ യുവാവിന്റെ ഇടതു കണ്ണിൽ തുളച്ചു കയറാൻ എന്നെ നിര്ബന്ധിതയാക്കിയത് . ഈ യുവാവിനെ എനിക്കറിയാം . കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ഒരു സന്ധ്യക്ക്‌ ഒരു കടയുടെ മുൻപിൽ എന്റെ ഊഴവും കാത്തു, തിര നിറച്ചു കൊണ്ടിരുന്ന ഒരു പട്ടാളക്കാരന്റെ പെല്ലറ് കൂടിനകത്തിരിക്കുമ്പോൾ ഞാനിവനെ കണ്ടിട്ടുണ്ട്. കൊച്ചു പയ്യനായിരുന്ന അവൻ എന്നെയും എന്നെ വഹിച്ചിരുന്ന പട്ടാളക്കാരനെയും കണ്ടു പേടിച്ചു. എനിക്ക് ചിരി വന്നു പോയി. എന്നെ നിർമ്മിക്കുന്നതിന്റെ അടിസ്ഥാന ആശയത്തെ ഭയതോടെയല്ലാതെ എങ്ങിനെയാണ് മനസിലാക്കാൻ കഴിയുക. എങ്കിലും ഞാൻ ആഗ്രഹിക്കാറുണ്ട്, ഒരു കുട്ടിയുടെ കൈയ്യിലെ കളിപ്പാട്ടമാകാൻ.

രണ്ടാമത്തെ പെല്ലറ്റ് പറഞ്ഞത് കഥ .

ഞാനാണവന്റെ നിഷ്കളങ്കമായ ഹൃദയം തുളച്ചു കയറിയ ആ പെല്ലറ്റ് .ഞാനെന്റെ ഊഴവും കാത്തു ഒരുപാട് നഗരങ്ങളിലൂടെ അലഞ്ഞിട്ടുണ്ട്. മലകളും പുഴകളും കാടുകളും ഞാൻ കണ്ടു. നിഷ്കളങ്കരായ മനുഷ്യർ ഭയതോടെയും അതിനെത്തുടർന്നുണ്ടാകുന്ന ബഹുമാനത്തോടെയും ഞങ്ങളെ കാണുമ്പോൾ തല താഴ്ത്തി നിൽക്കും. എന്നിരുന്നാലും ഇവന്റെ മുഖം ഞാനോർക്കുന്നു. ഇവനെ വീണ്ടും കണ്ടുമുട്ടുമെന്നു എനിക്ക് തോന്നിയിരുന്നു. അനിയന്ത്രിതമായ , തടുത്തു നിർത്താൻ കഴിയാത്ത ഉൾവിളി.
ഞാനിവനെ മുൻപ് കണ്ടിട്ടുള്ളത് കൽക്കട്ട എന്ന മഹാനഗരത്തിന്റെ വെളിമ്പ്രദേശത്തുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ ഒരു പട്ടാളക്കാരന്റെ പോക്കറ്റിൽ കിടക്കുമ്പോഴായിരുന്നു . വഴി ചോദിച്ചു വന്ന ഈ യുവാവിനോട് പേര് ചോദിച്ചതിന് ശേഷം അവനോടയാൾ ചോദിച്ചത് ഞാനോർക്കുന്നു .
” ബെയ്ൻചൂദ് , പാക്കിസ്ഥാൻ സെയ്‌ ഹേയ് ക്യാ.… ??? ”

ഹൃദയത്തിൽ നിന്നുമൊഴുകിയ രക്തം പറഞ്ഞ കഥ .

” ബെയ്ൻചൂദ് , പാക്കിസ്ഥാൻ സെയ് ഹേയ് ക്യാ.… ??? ”
ആ വാക്കുകളുടെ അർത്ഥമെനിക്കറിയാം .

ബാബയുടെ നിഗൂഢമായ അപ്രത്യക്ഷമാകലിനെ തുടർന്ന് ഉമ്മയെയും സഹോദരിയെയും കൂട്ടി ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിലെ മഹാനഗരങ്ങളിലൊന്നായ കൽക്കട്ടയിൽ ഒരു ജോലി കണ്ടെത്തി ജീവിക്കുകയായിരുന്നു . പട്ടാളക്കാരനെ ആക്രമിച്ചതിന് എനിക്ക് അഞ്ചു വർഷത്തേക്ക് ജയിൽ ശിക്ഷ വിധിച്ചു. രാജ്യദ്രോഹക്കുറ്റം വരെ എന്റെ തലയിൽ കെട്ടി വെക്കാനുള്ള ശ്രമം നടന്നു. എനിക്കായി സംസാരിച്ച ഉമ്മയും അവർ ജയിലിലടക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. അഞ്ചു വർഷത്തെ ശിക്ഷ കാലാവധി കഴിഞ്ഞു ഇന്നലെയാണ് ഞാൻ പുറത്തിറങ്ങിയത് . ഞാൻ ജയിലിലായിരുന്ന സമയം ഉമ്മയും സഹോദരിയും നാട്ടിലേക്ക് തിരിച്ചു പോയിരുന്നു . അവരെ കാണാൻ ഞാൻ എന്റെ ജന്മനാട്ടിലേക്ക് നീണ്ട എട്ടു വർഷങ്ങൾക്കു ശേഷം വണ്ടി കയറി . ഉമ്മയും ഞാനും നടക്കാറുള്ള തെരുവ് വീഥികളിലൂടെ ഞാൻ നടന്നു . വഴിയുടെ ഇരു വശവും കുന്നു കൂടി കിടന്നിരുന്ന മഞ്ഞിൽ തെരുവ് വിളക്കുകളുടെ മഞ്ഞ പ്രകാശം പ്രതിഫലിച്ചു . വർഷങ്ങൾക്കു മുൻപ് വൈകുന്നേരങ്ങളിൽ ഞാനും സഹോദരിയും വെള്ളം എടുക്കാൻ വരുമ്പോൾ വിശ്രമിക്കാനായി ഇരിക്കാറുള്ള മരം അവിടെ ചിതലരിച്ചു അവശേഷിച്ചിരുന്നു.
ആരാധനാലായങ്ങളിൽ വാങ്കു വിളി മുഴങ്ങി. മഗ്രീബ് സമയം.
വഴിയുടെ അങ്ങേയരുകിൽ ഞാനവരെ കണ്ടു. എന്റെ ഉമ്മയും അനിയത്തിയും, കാലങ്ങൾക്കു ശേഷം. അവരുടെ മുഖത്തു മാംസപേശികൾ വലിഞ്ഞു മുറുകി. കണ്ണുകളിൽ അനന്തമായ കാരുണ്യവും ചുണ്ടുകളിൽ പ്രാർത്ഥനയുമായി അവർ എന്നെ നോക്കി.
കരുണാമയനായ ദൈവമേ, എന്നെ ഇനി ഇവരിൽ നിന്നും മറച്ചു പിടിക്കരുതേ.., എന്നെ ഇവരുമായി ഒന്നിച്ചു നിർത്തണമെന്ന് ആകാശത്തേക്ക് നോക്കി ഞാൻ പറഞ്ഞു. നിരന്നു നിന്നിരുന്ന പട്ടാളക്കാരുടെയും മുദ്രാവാക്യങ്ങളെയും പ്രതിഷേധ ശബ്ദങ്ങളെയും താണ്ടി ഞാൻ അവരുടെ അടുത്തേക്ക് നടക്കുമ്പോഴായിരുന്നു , ഉഗ്രമായ സ്ഫോടനവും അതിനെത്തുടർന്ന് ഒരു പെല്ലറ്റ് എന്റെ ഇടതു കണ്ണിൽ തുളച്ചു കയറിയതും.

ഞാൻ ഒരു ചവറ്റുകൊട്ട

എന്നിൽ നിക്ഷേപിക്കപ്പെട്ട ഈ യുവാവിന്റെ ശരീരത്തിൽ തുളച്ചു കയറിയ അറുപത്തിനാല് പെല്ലറ്റ്സിന്റെയും രക്തക്കറകളുടെയും അനുഭവങ്ങൾ കേൾക്കുന്നതിന് വേണ്ടി , നാലു വർഷങ്ങൾക്കു മുൻപ് ദില്ലിയിലെ ഒരു തെരുവിൽ നിന്നും കയറ്റുമതി ചെയ്യപ്പെട്ടു കാശ്മീർ സിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ വലതു ഭാഗത്തെ രണ്ടാമത്തെ തൂണിന്റെ ഇരുണ്ട മൂലയിൽ ഞാൻ കാത്തിരിക്കുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.